നാം പലതരം ജോലികൾ ചെയ്യുന്നു. അപ്പോൾ സമയക്കുറവ് തോന്നാം. തിരക്കും അനുഭവപ്പെട്ടേക്കാം. എങ്കിലും മനസ്സറിഞ്ഞും ഏകാഗ്രതയോടെയും ജോലി ചെയ്യണം. അപ്പോഴാണ് നമ്മുടെ സമയം നല്ല രീതിയിൽ ഉപയോഗിക്കപ്പെടുന്നത്.
ജീവിതത്തിൻറെ ഉള്ളിലേക്ക് ഇറങ്ങി ഇഴകീറി ഓരോന്നും നാം പഠിക്കേണ്ട. നാം ജീവിക്കുകയാണ് വേണ്ടത്. ജീവിതത്തെ അപഗ്രഥിച്ച് പഠിക്കാനുള്ള ശ്രമം ജീവിതത്തെത്തന്നെ ആയാസകരമാക്കുന്നു. ആശങ്കയുണ്ടാക്കുന്നു. അതൊരു ശീലമായി മാറുന്നു. അപ്പോൾ സന്തോഷം നഷ്ടപ്പെടും.
നടക്കാനുള്ളത് സംഭവിച്ചിരിക്കും. ആശങ്ക കൊണ്ട് അതിനെ തടുക്കാനാവില്ല. ആശങ്കപ്പെടണോ വേണ്ടയോ എന്ന് നാം തീരുമാനിക്കണം. വേദനകൾ ജീവിതത്തിൽ കടന്നു വരാം. എന്നാൽ അവയെ പഴിചാരി എന്നും ദുഃഖിച്ചിരിക്കണമോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം.
എന്തുകൊണ്ട് നല്ല മനുഷ്യർക്ക് ദുഃഖം ഉണ്ടാകുന്നു? ഉത്തരം ലളിതമാണ്. പ്രകൃതിയിലെ വജ്റത്തെ ഉരച്ചാൽ ആണ് നല്ല വജ്രം ആകുന്നത്. അതുപോലെതന്നെ ജീവിതത്തിലും സംഭവിക്കുന്നു. പരീക്ഷണങ്ങൾ നമ്മെ ശക്തരാക്കാനാണ്. അല്ലാതെ ലോല ഹൃദയമുള്ളവർ ആക്കാനല്ല. ജീവിത പരീക്ഷണങ്ങൾ ആദ്യം നമ്മെ പരീക്ഷിക്കുന്നു. പുതിയ പാഠങ്ങൾ നൽകുന്നു. ആ പുതിയ പാഠങ്ങളിൽ നിന്നും നാം എന്തും നേരിടാനുള്ള മനക്കരുത്ത് നേടുന്നു. പരീക്ഷണങ്ങളിൽ കൂടി കടന്നുപോകുന്നില്ലെങ്കിൽ നാം ഒന്നും പഠിക്കുന്നില്ല.
– ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.