ജീവിതമൊരു ക്യാൻവാസ്,
ചായം പുരളാത്ത, ശൂന്യവും
നഗ്നവുമായ ക്യാൻവാസ്,
അതിൽ നമ്മൾ വരക്കേണ്ട
നമ്മുടെ കൈയ്യൊപ്പുള്ള,
നമ്മുടെ തന്നെ ഛായാചിത്രം,
നിയന്ത്രണങ്ങൾ ഇല്ലാത്ത
വന്യസങ്കൽപ്പങ്ങളുടെ,
കടും നിറച്ചാർത്തുകളിൽ,
നമ്മൾ വരയ്ക്കുന്ന
നമ്മുടെ ഛായാചിത്രം;
ജീവിതമൊരു പടുവൃക്ഷം,
ഉറപ്പുള്ള കാതലുള്ള വൃക്ഷം,
കൊടുങ്കാറ്റിൽ കടപുഴകാത്ത,
പേമാരിയിൽ വേരറ്റ് പോകാത്ത,
ആഴങ്ങളിൽ അടിവേരാഴ്ത്തിയ,
ആടിയുലയാത്ത പടുവൃക്ഷം;
ജീവിതമൊരു പുഴ,
നിലയ്ക്കാതെ ഒഴുകും പുഴ,
വളവുകളിലും, കൈ വഴികളിലും,
പുതിയ ഉണർവുകൾ നൽകുന്ന,
പുതിയ കാഴ്ചകൾ നൽകുന്ന,
നിലയ്ക്കാത്ത വറ്റാത്ത പുഴ;
ജീവിതമൊരു കടൽത്തീരം,
വന്നു പോയവർ ഉപേക്ഷിച്ച
പാദ മുദ്രകളെ നെഞ്ചോരം
താലോലിക്കുന്ന കടൽത്തീരം,
ആവർത്തിച്ചെത്തുന്ന തിരകളിൽ
മിനുസപ്പെട്ട വെള്ളാരം കല്ലുകളിൽ
പ്രിയപ്പെട്ടവരുടെ ഓർമ്മകൾ
കാണുന്ന വിരഹിണിയായ തീരം;
ജീവിതമൊരു നിബിഡ വനം,
ഇടതൂർന്ന ചിന്തകളുടെ കൊടുങ്കാട്,
വെളിച്ചം കടക്കാത്ത അകങ്ങളിൽ
ഒളിച്ചിരിക്കുന്ന ഭയങ്ങളുടെ സങ്കേതം,
പുറം ലോകമറിയാത്ത ചിന്തകളുടെ
ജഡം അടിഞ്ഞു മണ്ണായ നിബിഡ വനം;
ജീവിതമൊരു പഴകിയ വീഞ്ഞ്,
അവസാനിപ്പിക്കാൻ കഴിയാത്ത,
കുടിക്കും തോറും ദാഹിപ്പിക്കുന്ന,
ഞരമ്പുകളിൽ പിടിമുറുക്കുന്ന,
കയ്പ്പും മധുരവും എരിവുമുള്ള,
വീര്യം കൂടിയ പഴകിയ വീഞ്ഞ്;
ജീവിതം,
പുനരാവർത്തനങ്ങളില്ലാത്ത,
യാദൃശ്ചികതയിൽ പൂവിട്ട,
നിഗൂഢതകൾ നിറഞ്ഞ,
വിചിത്രമായൊരു പ്രഹേളിക.
– വൈശാഖ് വെങ്കിലോട്