റൈറ്റ്, ‘അപ്പൊ ഗുഷ് നൈറ്റ് സാറേ ‘എന്നും പറഞ്ഞ് ബ്രിണ്ണൻ കൂട്ടുകാരനോട് കാർ മുന്നോട്ട് എടുക്കാൻ പറഞ്ഞു. സമയം രാത്രി മണി ഏഴ്. നെല്ലിയാമ്പതിക്ക് ഒരു വൺ ഡേ ട്രിപ്പ് പോയ അഞ്ചു സുഹൃത്തുക്കളായിരുന്നു 1950 മോഡൽ വാൻ ഗാർഡ് കാറിൽ. ഇലക്ട്രീഷ്യൻ, ഗോൾഡ് കവറിങ് ആഭരണങ്ങൾ വിൽക്കുന്ന ആൾ, വെൽഡർ, ലെയ്‌ത് വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നവൻ, മെക്കാനിക് ഇവർ അഞ്ചു സുഹൃത്തുക്കളും കൂടി തൃശ്ശൂർക്ക് തിരിച്ചു വരുന്ന വഴിക്ക് നെന്മാറ വച്ച് പോലീസ് തടഞ്ഞു.
‘ബുക്കും പേപ്പറും ഒക്കെ ഉണ്ടോടാ’ എന്ന് പോലീസ് ചോദിച്ചു ഉണ്ടെന്നും പറഞ്ഞ് പൊയ്ക്കോളാൻ പറഞ്ഞപ്പോഴാണ് ബ്രിണ്ണൻ്റെ ഈ ഗുഷ് നൈറ്റ് കമൻറ്. പോ, പോ, എന്നും പറഞ്ഞ് പോലീസുകാർ വഴിയിൽ നിന്നും മാറി നിന്നു. കഷ്ടകാലത്തിനു വണ്ടി ഒന്ന് കുതിച്ചിട്ട് കിതച്ചിട്ട് എന്ന പോലെ നിന്നു പോയി. പിന്നെയും പിന്നെയും ഡ്രൈവർ ശ്രമിച്ചിട്ടും വണ്ടി അനങ്ങുന്നില്ല. പോലീസുകാർ വീണ്ടും ഇവരുടെ അടുത്തെത്തി. എല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി.
“രണ്ടുപേർ മദ്യപിച്ചിട്ട് ഉണ്ടല്ലോ? നിങ്ങൾ അവിടെ മാറി നിൽക്ക്”. എന്ന് പോലീസ്. ഗുഷ് നൈറ്റ് പറഞ്ഞ ആളുടെ കാലാണെങ്കിൽ നിലത്തുറക്കുന്നില്ല. ഷർട്ട് ഊരി കൈയിൽ വച്ചിരിക്കുകയാണ് ഉഷ്ണം കാരണം. പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങി.
ഈ വണ്ടി വർക്ക്ഷോപ്പിൽ പണിയാൻ കൊണ്ടുവന്ന ഒരു പാടശേഖര ഉടമയുടെതായിരുന്നു. അമിത ഉയരം കാരണം ‘ജിറാഫ് കുര്യൻ’എന്നു വിളിപ്പേരുള്ള കുര്യൻ്റെ ആണ് വണ്ടി. രണ്ടുമാസമായി സ്പെയർപാർട്സുകൾ കിട്ടാതെ ഈ മെക്കാനിക്കൻ്റെ വർക്ഷോപ്പിൽ ആയിരുന്നു. ഈയിടെ കോയമ്പത്തൂർ നിന്ന് ചില സ്പെയർപാർട്സുകൾ ഒക്കെ കിട്ടി അതൊക്ക ഫിറ്റ് ചെയ്തു ഒരു ടെസ്റ്റ് ഡ്രൈവിന് പുറപ്പെട്ടതായിരുന്നു അഞ്ചു സുഹൃത്തുക്കൾ കൂടി ജിറാഫിൻ്റെ സമ്മതത്തോടെ തന്നെ. ആർ.സി. ബുക്ക് പരിശോധിച്ചപ്പോൾ അത് ഒറിജിനൽ അല്ല കോപ്പിയാണ്. ഇൻഷുറൻസ്, ടാക്സ് ഒന്നും അടച്ചിട്ടില്ല.
“എല്ലാവരും മാറി നിൽക്ക്” എന്നും പറഞ്ഞ് വണ്ടി വിശദമായി പരിശോധിക്കാൻ തുടങ്ങി പോലീസ്. ഡിക്കിയിൽ മഴു, പിക്കാസ്,പാര……..കുറെ കാർഷിക ആയുധങ്ങൾ. പിന്നെ മെക്കാനിക്ക് വണ്ടിയിൽ പണിതതിൻ്റെ കുറെ സാധനങ്ങൾ, പിന്നെ രണ്ടു ചാക്ക് നിറയെ ഓറഞ്ച്. ആ കാലഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്ന് ചില മോഷ്ടാക്കൾ ഇതുപോലെ മാരകായുധങ്ങളുമായി വണ്ടികളിൽ വന്ന് വീടുകളൊക്കെ കുത്തിത്തുറന്ന് മോഷണം നടത്തി തിരിച്ചു പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു. എല്ലാവരും കൂടി വണ്ടി ഉന്തി സ്റ്റാർട്ടാക്കി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെട്ടു പോലീസ്. അവിടെ പോയി വിശദമായി ചോദ്യം ചെയ്യൽ തുടങ്ങാമെന്ന് പോലീസ്.
അപ്പോഴാണ് ഇവർ പറയുന്നത് രാവിലെ അഞ്ചു പേരും കൂടി നെല്ലിയാമ്പതിയിൽ പോയി വെറും രണ്ട് മണിക്കൂർ എടുക്കേണ്ട സ്ഥാനത്ത് നാലു മണിക്കൂർ കൊണ്ടാണ് നെല്ലിയാമ്പതിയിൽ എത്തിയത്. ഇടയ്ക്കിടെ വണ്ടി നിർത്തി പെട്രോൾ കാറിൻറെ പുട്ടുകുറ്റി പോലിരിക്കുന്ന ചൂടായ കോയിലിൽ തോർത്ത് വെള്ളത്തിൽ പിഴിഞ്ഞ് ചുറ്റി വയ്ക്കും. പിന്നെ റേഡിയേറ്ററിൽ കൂടെക്കൂടെ വെള്ളമൊഴിക്കും. അങ്ങനെ നിർത്തി കൊട്ടിയാണ് അങ്ങോട്ടുമിങ്ങോട്ടും ഒക്കെ വന്നത്. പിന്നെ സ്നേഹത്തോടെ കൊടുത്ത സ്മാൾന് പകരമായി നെല്ലിയാമ്പതിയിലെ വാച്ച്മാൻ തന്ന ഓറഞ്ച് ആണ് ചാക്കിൽ. ഡിക്കിയിൽ കിടക്കുന്നത് ജിറാഫിൻ്റെ പണി ഉപകരണങ്ങളും. അല്ലാതെ ഞങ്ങൾ ഒരു മോഷണത്തിനും വന്നവരല്ല എന്ന് എല്ലാവരും കരഞ്ഞു പറഞ്ഞു. അഞ്ചു പേരുടെയും അഡ്രസ്സ് എഴുതിയെടുത്ത് തിരികെ ബസ്സിൽ പൊയ്ക്കോളാൻ അനുവദിച്ചു പോലീസ്. നാളെ പോയി ബുക്കും പേപ്പറും ഹാജരാക്കിയിട്ടു ഡ്രൈവറോട് വണ്ടി കൊണ്ടു പൊക്കൊളു എന്നും പറഞ്ഞു.
അപ്പോൾ നമ്മുടെ ബ്രിണണൻ കാല് നിലത്തു ഉറക്കുന്നില്ലെങ്കിലും പോലീസിനെ നന്നായി ഒന്ന് തൊഴുതു. “ഒരാൾ മാത്രം വരണോ അതോ സാറിന് ഞങ്ങളെ അഞ്ചുപേരെയും ഒന്നിച്ചു കാണണമോ?” എന്നു പരിഹസിച്ചു ഒരു ചോദ്യം. അതോടെ പോലീസിൻറെ വിധം മാറി. അതെ നാളെ അഞ്ചുപേരും ഒന്നിച്ച് വരണമെന്ന് പറഞ്ഞു.
അങ്ങനെ അഞ്ചു പേരും കൂടി തിരികെ ബസിൽ തൃശൂരിലെത്തി. പിറ്റേ ദിവസം ഒരാൾ ജിറാഫ് കുരിയൻറെ വീട്ടിൽ പോയി ആർ.സി. ബുക്ക് വാങ്ങാൻ, ഒരാൾ ടാക്സ് അടയ്ക്കാൻ, അങ്ങനെ അഞ്ചുപേരും അഞ്ചു വഴിക്ക് തലങ്ങും വിലങ്ങും ഓടി എല്ലാ പേപ്പറുകളും ശരിയാക്കി. നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ പോകാം എന്ന് തീരുമാനമായി. അപ്പോഴാണ് വെൽഡറുടെ അമ്മ” എൻറെ മകനെ ഞാൻ വിടില്ല എനിക്ക് അവൻ മാത്രമേയുള്ളൂ. നിങ്ങളൊക്കെ വലിയ ആൾബലവും സ്വാധീനമുള്ളവരാണ് നിങ്ങൾ നാലുപേരും കൂടി മാത്രം പോയാൽ മതി എന്ന്.” അതും ബ്രിണ്ണൻ്റെ ഒരു ഒന്നൊന്നര തൊഴലും പരിഹാസവും കാരണം കിട്ടിയ എട്ടിൻറെ പണി ആയിരുന്നു. പിന്നെ എല്ലാവരും കൂടി ജിറാഫ് കുര്യൻ്റെ വീട്ടിലേക്ക് പോയി അയാളെ കൊണ്ട് കൂടി പറയിപ്പിച്ചു അമ്മയെ ഒരു വിധം സമാധാനിപ്പിച്ച് സമ്മതിപ്പിച്ചു എല്ലാവരും കൂടി പോലീസ് സ്റ്റേഷനിൽ പോയി. അഞ്ചുപേരെയും കുറിച്ച് പോലീസ് ഇതിനോടകം അന്വേഷിക്കുകയും വലിയ കുഴപ്പക്കാരല്ല ഇവർ എന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു.
ആ നാട്ടിലെ പ്രമുഖനായിരുന്ന ജിറാഫിനെ കണ്ടപ്പോൾ പോലീസ് പറഞ്ഞു. ഞാൻ ആദ്യം കൈകാണിച്ച് പൊയ്ക്കോളാൻ പറഞ്ഞതാണ്. അപ്പോഴാണ് അതിലൊരുത്തൻ്റെ ഗുഷ് നൈറ്റ്. അതോടെയാണ് കാര്യങ്ങൾ തകിടം മറി ഞ്ഞത്.
അന്നു മുതൽ ബ്രിണ്ണൻ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു. ആവശ്യമില്ലാതെ സംസാരിക്കില്ല.
“മൗനം വിദ്വാനു ഭൂഷണം”! പ്രത്യേകിച്ചും സ്മാൾ ഉണ്ടെങ്കിൽ. കൈവിട്ട ആയുധവും വാ വിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല.
– മേരി ജോസി മലയിൽ തിരുവനന്തപുരം