എൺപതുകളിലെ ‘സുരേഷ് ഗോപി’യെ അനുസ്മരിപ്പിക്കും വിധം സുന്ദരനും സുമുഖനും ആയിരുന്ന 23കാരനായ സുമേഷ് അതിരാവിലെ പാറമേക്കാവ് ക്ഷേത്രത്തിൽ പോയി തൊഴുത് ചന്ദനക്കുറി അണിഞ്ഞു കാവി മുണ്ടും ഷർട്ടും ധരിച്ചു തൻറെ 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കുന്ന ടയർ റിസോളിങ്, റിപ്പയറിംഗ് കടയിലേക്ക് എത്തും. ബസ്സിൻ്റെയും ലോറിയുടെയും ടയർ റിസോൾ ചെയ്യുന്നതും പഞ്ചർ ഒട്ടിക്കുന്നതും ഒക്കെ മിക്കവാറും രാത്രികളിൽ ആയിരിക്കും. അതുകൊണ്ട് ഈ കടയിൽ 2 ഷിഫ്റ്റ് ആയിട്ടാണ് ആൾക്കാർ ജോലി ചെയ്യുന്നത്. രാത്രി മുഴുവൻ അച്ഛനും പകൽ മുഴുവനും മകനും ആണ് മേൽനോട്ടം. അതായിരുന്നു പതിവ്. തൃശ്ശൂർ നിന്നുള്ള ചേർപ്പ് – ഇരിഞ്ഞാലക്കുട റോഡ് നല്ല വീതിയുള്ള ഒന്നാന്തരം റോഡ് ആണ്. അവിടെ രണ്ട് പോക്കറ്റ് റോഡുകൾ ഉണ്ട്. ആ പോക്കറ്റ് റോഡുകളിൽ നിന്നും കയറി വരുന്ന വാഹനങ്ങളും അമിത വേഗത്തിൽ പായുന്ന പ്രൈവറ്റ് ബസ്സുകളും ആയി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നതും നാട്ടുകാർ ഓടിക്കൂടി അവർക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ കൊടുക്കുന്നതും അത്യാവശ്യമെങ്കിൽ അവരെ അതിനു തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും അവിടത്തെ ഒരു പതിവ് കാഴ്ചയാണ്. പരോപകാരിയായ് സുമേഷ് എല്ലാത്തിൻ്റെയും മുമ്പിൽ ഉണ്ടാകും. മൂന്നാല് സ്റ്റെപ്പ് കയറി ഉയരത്തിലുള്ള കടയിൽ ഇരുന്നാൽ സുമേഷിന് റോഡിലൂടെ പോകുന്ന ബസ്സുകൾ മുഴുവനും കാണാം. രാവിലെ ഒരു എട്ട്- ഒൻപത് മണിയോടെ ജോലിക്ക് പോകുന്ന പെൺകുട്ടികൾ ആയിരിക്കും ബസ് നിറയെ. ഒരു അപകട മേഖലയാണെന്ന് അറിയാവുന്നതുകൊണ്ട് സുമേഷിൻ്റെ കടയുടെ അവിടെ എത്തുമ്പോൾ ഡ്രൈവർമാർ ചെറുതായി ഒന്ന് സ്ലോ ചെയ്താണ് പോവുക. രാവിലെ തന്നെ പെൺകുട്ടികളെയൊക്കെ നോക്കി സുസ്മേരവദനനായി സുമേഷ് കണ്ണുകൊണ്ടും കൈകൊണ്ടും എല്ലാവരെയും ഒന്ന് വിഷ് ചെയ്യും. സുന്ദരനായി ഐശ്വര്യമായി നിൽക്കുന്ന സുമേഷിനെ കാണുന്നത് പെൺകുട്ടികൾക്കും ഇഷ്ടമായിരുന്നു.
ഇപ്പോഴത്തെ സൈക്കികളെ പോലുള്ള ഗോഷ്ടികൾ ഒന്നും സുമേഷിനില്ല. എല്ലാവരെയും നോക്കി പുഞ്ചിരിക്കും അത്രമാത്രം! ഒമ്പതരയോടെ സുമേഷ് ബസ്സിലേക്ക് ഉള്ള കണ്ണേറ് അവസാനിപ്പിച്ച് റോഡിലേക്ക് നോക്കിയിരിക്കും. അടുത്ത ആശുപത്രിയിലേക്കുള്ള സുന്ദരികളായ നഴ്സുമാർ, ഹെൽപ്പേഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ്…….. അവരൊക്കെ പോകുന്നത് കാണാം. അവർക്കും കണ്ണു കൊണ്ടും ആക്ഷൻ കൊണ്ടും ഗുഡ്മോർണിംഗ് വിഷ് ചെയ്യും.
‘പൂവാലൻ’, ‘വായ്നോക്കി’, അങ്ങനെ നിലവാരം കുറഞ്ഞ വാക്കുകളൊന്നും ഇദ്ദേഹത്തെ വിശദീകരിക്കാൻ ഉപയോഗിക്കാൻ പറ്റില്ല. മാത്രമല്ല അദ്ദേഹം മാന്യമായി സ്വന്തം കടയുടെ മുന്നിൽ ഇരിക്കുകയാണ്. അതിനുവേണ്ടി ആരുടെയും പുറകെ പോകുന്നില്ലല്ലോ? ഇന്നുവരെ ആരോടും മോശമായി പെരുമാറിയിട്ടുമില്ല. അതുകൊണ്ടുതന്നെ ബസ്സിൽ പോകുന്ന പെൺകുട്ടികൾ ഒക്കെ ഗ്രൂപ്പായി സുമേഷിന് ടാറ്റാ കൊടുക്കാനും തുടങ്ങി. അച്ഛനും മകനും ഇടയ്ക്ക് ഷിഫ്റ്റ് മാറുമ്പോഴാണ് ചിലപ്പോൾ അബദ്ധം പറ്റുക. പെൺകുട്ടികൾ കോറസ്സായി ബസ്സിലിരുന്ന് ഗുഡ് മോർണിംഗ് പറയുന്നത് ചിലപ്പോൾ അച്ഛനോട് ആയിരിക്കും!
സുമേഷിൻ്റെ കടയുടെ മുമ്പിൽ അപകടം പറ്റി വരുന്നവരെയൊക്കെ അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുക. അവിടെ ജോലി ചെയ്യുന്ന പെൺകുട്ടികൾ എല്ലാവരും സുമേഷിൻ്റെ പരിചയക്കാർ ആണല്ലോ? “എന്താ സുമേഷ് ചേട്ടാ വേണ്ടത്, “ എന്ന് ചോദിച്ചു പെൺകുട്ടികൾ എല്ലാവരും മത്സരിച്ച് എത്തും. എത്രയും പെട്ടെന്ന് അപകടത്തിൽ പെടുന്നവർക്ക് എല്ലാ സഹായവും ചെയ്യാൻ സുമേഷ് മുൻപന്തിയിൽ തന്നെ ഉണ്ടാകും.
ഇങ്ങനെയൊക്കെ ആണെങ്കിലും ആർക്കും പിടികൊടുക്കാതെ മുട്ടോളമെത്തുന്ന തലമുടിയും അതി സുന്ദരിയുമായ മുപ്പതു വയസ്സോളം പ്രായമുള്ള ഒരു യുവതി ആയിരുന്നു ആ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ്. സ്വതേ ഗൗരവ പ്രകൃതക്കാരി. ആരോടും കളിയും ചിരിയും തമാശയും ഒന്നുമില്ല. കൃത്യസമയത്ത് ലേഡീസ് ഹോസ്റ്റലിൽ നിന്ന് നടന്നെത്തും, ജോലി കഴിയുമ്പോൾ മടങ്ങിപ്പോകും. സഹപ്രവർത്തകരോടും വലിയ അടുപ്പം ഒന്നുമില്ല. സുന്ദരി ആയതുകൊണ്ട് സ്ത്രീസഹജമായ അസൂയ കൊണ്ടും പലരും വിമലയോട് അങ്ങോട്ട് കയറി മിണ്ടാനും പോകാറില്ല.വിമലയ്ക്കും അതിൽ പരാതിയൊന്നുമില്ല.
സുമേഷും അവിടെയുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരും തട്ടുകടയിൽ ചായ കുടിക്കാൻ വരുന്നവരും എല്ലാവരും ഈ സ്ത്രീയെ ശ്രദ്ധിച്ചിട്ടുണ്ട്.
ഒരു ദിവസം ആശുപത്രിയിലെ തൂപ്പുകാരി സുമേഷിനോട് ഒരു സഹായം ആവശ്യപ്പെട്ടു. ഈ ആശുപത്രിയിൽ ജോലിചെയ്യുന്ന വിമല എന്ന സ്ത്രീക്ക് മോൻറെ കടയുടെ പരിസരത്ത് എത്തുമ്പോൾ അവരെ ആരോ ഒരാൾ ശല്യം ചെയ്യുന്നുണ്ട്. മോൻ്റെ ഒരു കണ്ണ് വേണമെന്ന് പറഞ്ഞു. ‘രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ’ എന്ന അവസ്ഥയായിരുന്നു സുമേഷിന്. എന്തിനാ ഒരു കണ്ണ്? എൻറെ ഈ രണ്ട് കണ്ണുകളും വിമലയെ ഉപദ്രവിക്കുന്നവരെ പിടിക്കാൻ ഉള്ളതാണ് എന്ന് മനസ്സിൽ ഉറപ്പിച്ചു സുമേഷ് അപ്പോൾ തന്നെ. ‘ഇതാരാണപ്പാ’! ഞാനറിയാതെ ഈ റോഡിൽ വിമലയെ കമൻറ് അടിക്കുന്നവൻ? അത് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് കരുതി മറ്റു പല പെൺകുട്ടികൾക്കും ഉള്ള ഗുഡ്മോണിങ് പോലും വേണ്ടെന്നു വെച്ച് അന്നുമുതൽ വിമല എന്ന സുന്ദരിയെ തൻറെ നിരീക്ഷണവലയത്തിലാക്കി. അസാധാരണമായി ഒന്നും അവിടെ കണ്ടില്ല. മൂന്നാലു മാസം കടന്നു പോയി. സുമേഷ് തൂപ്പുകാരിക്ക് കൊടുത്ത വാക്കനുസരിച്ച് തൻറെ നിശബ്ദ സേവനം തുടർന്നിരുന്നു. ഒരു ദിവസം വൈകുന്നേരം നാലുമണിയോടെ ഒരാൾ മദ്യക്കുപ്പിയുമൊക്കെയായി സുമേഷിൻ്റെ കടയുടെ മുൻവശത്തുള്ള പെട്രോൾ പമ്പിൽ ഇരുന്ന് ഇടയ്ക്ക് മദ്യപിക്കുകയും എന്തൊക്കെയോ പിച്ചും പേയും ഒക്കെ പറയുന്നത് കണ്ടു. കുടുംബത്തിൽ പിറന്നവൻ ആണെന്ന് തോന്നുമെങ്കിലും കുളിച്ചിട്ടും നനഞ്ഞിട്ടും ഒരാഴ്ചയെങ്കിലും ആയിട്ടുണ്ട്. വിമല ആശുപത്രിയിൽ നിന്ന് ഇറങ്ങിയതും ഈ മനുഷ്യൻ ഓടി വന്ന് അവളുടെ മുടി പിടിച്ചു കറക്കി അടിക്കാൻ തുടങ്ങി. ‘സുമേഷ് ചേട്ടാ, ഓടിവായോ’ എന്ന ജോലിക്കാരൻ്റെ നിലവിളി കേട്ടാണ് സുമേഷ് കടയുടെ പുറകുവശത്ത് നിന്ന് ഓടിയെത്തിയത്. നാട്ടുകാരൊക്കെ ഓടിക്കൂടി, ചില ബസ്സുകളും ബ്രേക്കിട്ടു. ഓട്ടോറിക്ഷ ഡ്രൈവർമാരും തട്ടുകടയിൽ ചായ കുടിച്ചുകൊണ്ട് നിന്നവരും എല്ലാവരുംകൂടി രണ്ടുപേരെയും പിടിച്ചുമാറ്റി. കലിപൂണ്ട ഒരു വയസ്സൻ “നടുറോഡിൽ ആണോടാ നിൻറെ അഭ്യാസം”? എന്ന് ചോദിച്ചു ഈ മനുഷ്യൻറെ കരണം നോക്കി രണ്ടു പൊട്ടിച്ചു. അതിൽ കറങ്ങി വീണ അവനെ സുമേഷ് പൊക്കിയെടുത്ത് സുരേഷ് ഗോപി സ്റ്റൈലിൽ രണ്ട് വീക്ക് കൂടി കൊടുത്തു. കുറെസമയം കഴിഞ്ഞപ്പോൾ അവൻ വേച്ച് വേച്ച് എണീറ്റ് എല്ലാവരോടുമായി കൈകൂപ്പി പറഞ്ഞു. “അത് എൻറെ ഭാര്യയാണടാ,” എന്ന്.
അതൊക്കെ കേൾക്കുന്നതിനു മുമ്പേ രക്ഷകനായ സുമേഷ് വിമലയെ തൻറെ സ്വന്തം കടയിൽ ബെഞ്ചിൽ കൊണ്ടിരുത്തി വീശി കൊടുത്ത് ആശ്വസിപ്പിക്കുകയും കൂൾഡ്രിങ്ക്‌സിനു ഓർഡർ ചെയ്ത് വിമലയുടെ മാനസികനില സാധാരണ ഗതിയിലേക്ക് കൊണ്ടുവരികയും ആയിരുന്നു. അടി കൊണ്ടവൻ കുറച്ചു കഴിഞ്ഞപ്പോൾ എങ്ങോട്ടോ നടന്നു പോയി. ആൾക്കൂട്ടം പതുക്കെ പിരിഞ്ഞു. അപ്പോഴാണ് സുമേഷിൻ്റെ ജോലിക്കാരൻ പറയുന്നത്. “ചേട്ടാ, ഒരു പ്രശ്നമുണ്ട്. അത് ഈ സ്ത്രീയുടെ ഭർത്താവാണ്. രണ്ടുപേരും വഴക്കിട്ട് പിരിഞ്ഞു താമസിക്കുകയാണ്. ഇവർ ലേഡീസ് ഹോസ്റ്റലിലും, എട്ടു വയസ്സുള്ള കുട്ടി ബോർഡിങ്ങിലും”. വിമലയും അത് ശരി വെച്ചു. വിമല ഇനിയേതായാലും നടന്നു പോകണ്ട എന്ന് പറഞ്ഞു സുമേഷിൻ്റെ വിശ്വസ്തനായ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഏൽപ്പിച്ച് അതിൽ കയറ്റി വിട്ടു.
പിന്നെ വിമലയെ ആരും കണ്ടിട്ടില്ല. ജോലി രാജി വച്ചു സ്വന്തം വീട്ടിൽ പോയി എന്ന് തൂപ്പുകാരി പറഞ്ഞറിഞ്ഞു. മുന്നുനാല് വർഷം കഴിഞ്ഞു. വിമലയെ എല്ലാവരും മറന്നു.
അന്ന് സുമേഷിൻ്റെ കല്യാണം ആയിരുന്നു. പെൺകുട്ടിക്ക് ഒരേ ഒരു ആങ്ങളയെ ഉള്ളൂ. നന്ദു. അവർ കുടുംബമായി ഗൾഫിലാണ് എന്ന് പറഞ്ഞിരുന്നു. കല്യാണമണ്ഡപത്തിൽ വച്ചാണ് സുമേഷും അളിയൻ നന്ദുവും പരസ്പരം കാണുന്നത്. കല്യാണം കഴിഞ്ഞ് അച്ഛൻ ഗൾഫിൽ നിന്ന് വന്ന മകനോട് ചോദിച്ചു. “നീ ആദ്യമായിട്ടല്ലേ പയ്യനെ കാണുന്നത്, ഇഷ്ടപ്പെട്ടോ, സുരക്ഷിതമായ കൈകളിൽ അല്ലേ ഞാൻ നിൻറെ പെങ്ങളെ ഏൽപ്പിച്ചിരിക്കുന്നത് എന്ന്? “
“അതെയതെ, വളരെ സുരക്ഷിതമായ കൈകളിൽ ആണ് എൻറെ പെങ്ങളെ അച്ഛൻ ഏൽപ്പിക്കാൻ പോകുന്നതെന്ന് എന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന്”. നന്ദു.
അതെങ്ങനെ, ഇത് കേട്ട് സുമേഷും അന്ധാളിച്ചു. സുമേഷ് ആദ്യമായി അവിടെ വച്ചാണ് അളിയനെ കാണുന്നത്. നന്ദു വിമലയെ വിളിച്ചു, എന്നിട്ട് ചോദിച്ചു നാലു വർഷം മുമ്പ് ‘അരുമന’ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന വിമലയെ അറിയുമോയെന്ന്. ഒരു പാട് വണ്ണം വച്ച രണ്ടു പേരെയും സുമേഷിന് മനസ്സിലായതേയില്ല. നന്ദുവേട്ടൻ്റെ അച്ഛൻ പയ്യൻ്റെ ഫോട്ടോ അയച്ചു തന്നപ്പോൾ തന്നെ ഞങ്ങൾക്ക് ആളെ പിടികിട്ടി. ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി ഞങ്ങൾ പറയാതിരിന്നതാണ് ഇതു വരെ. നന്ദുവേട്ടനെ നടുറോഡിൽ തല്ലി ചതച്ചതിന് ചെറിയൊരു മധുരപ്രതികാരം!
“കടുത്ത മദ്യപാനി ആയിരുന്ന ഞാൻ ആ വയസ്സൻ്റെ കയ്യിൽ നിന്നും സുമേഷിൻ്റെ കയ്യിൽ നിന്നും കിട്ടിയ അടിയോടെ നന്നാവാൻ തീരുമാനിച്ചു. മദ്യപാനം നിർത്തി. വീട്ടുകാരൊക്കെ ഇടപെട്ട് ഞങ്ങളെ രണ്ടുപേരെയും വീണ്ടും ഒന്നിപ്പിച്ചു. ഇവിടെ നിൽക്കാൻ ഉള്ള നാണക്കേട് കാരണം ഗൾഫിൽ പോയി. ഇപ്പോൾ സന്തോഷമായി കുടുംബത്തോടൊപ്പം ജീവിക്കുന്നു. നിങ്ങളെപ്പറ്റി വിമല എപ്പോഴും പറയും. ടയർ കട നടത്തുന്ന സുമേഷ് ആണ് നമ്മുടെ ജീവിതം നമുക്ക് തിരിച്ചു തന്നതെന്ന്. പഴയ ഒരു കടം ബാക്കിയുണ്ട്. താൻ കളരി അഭ്യസിച്ചിട്ടുണ്ടോ? അന്ന് ഒരാഴ്ച കഷായം കുടിച്ചാണ് ഞാൻ എഴുന്നേറ്റു നിന്നത് എന്ന്!” നന്ദു ഫ്ലാഷ് ബാക്ക് പറഞ്ഞു നിർത്തിയത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ച് പെങ്ങളെ സുമേഷിൻ്റെ വീട്ടിൽ ഏൽപ്പിക്കാൻ യാത്രയായി.
“ അടി ചെയ്യും ഉപകാരം അണ്ണൻ തമ്പിയും ചെയ്യില്ല.” എന്ന് കേട്ടിട്ടില്ലേ?
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.