ശ്രീനിവാസൻറെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ ‘മിഥുനം’ എന്ന ചിത്രമാണ് എൻറെ ഇഷ്ട കോമഡി പടം. ഹാസ്യസാമ്രാട്ടുകളായ ജഗതിയും ഇന്നസെന്റും മത്സരിച്ചഭിനയിച്ച ചിത്രം.’ഊണ് കഴിക്കുന്നതാണ് ഒരിക്കലും മടുക്കാത്ത പരിപാടി’ എന്ന് ഇന്നസെൻറ് ഈ സിനിമയിൽ പറയുന്നതുപോലെ ഒരിക്കലും മടുക്കാത്ത ഞാൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയത്രേ ഇത്. വെറും ചിരിക്കുമപ്പുറം നമ്മുടെ സർക്കാർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത, അഴിമതി, നിരുത്തരവാദിത്വപരമായ പെരുമാറ്റം……. ..ഇതൊക്കെ നർമത്തിൽ ചാലിച്ച് തുറന്നു കാണിക്കുന്ന ഒരു ആക്ഷേപഹാസ്യ സിനിമ കൂടിയാണിത്.
ഒരു ബിസ്കറ്റ് ഫാക്ടറി ആരംഭിക്കാൻ ആഗ്രഹിക്കുന്ന മോഹൻലാലിന് കേരളത്തിലെ ഓഫീസുകളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, ചുവപ്പുനാട ഭരണക്രമം കൊണ്ട് ഇവിടെ കുടിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ ബദ്ധപ്പാടുകൾ…… എല്ലാം നന്നായി വരച്ചു കാണിച്ചിരിക്കുന്നു. 30 വർഷം മുമ്പ് ഇറങ്ങിയ സിനിമയായിട്ടു പോലും അതിപ്പോഴും കാലോചിതം എന്ന് തന്നെ നിസ്സംശയം പറയാം. കാരണം കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലയെന്നതു തന്നെ.
ഒരു പ്രത്യേക സാഹചര്യത്തിൽ തൻറെ പ്രണയിനിയെ ഉത്തമ സുഹൃത്തായ ശ്രീനിവാസന്റെ സഹായത്തോടെ പായിൽ പൊതിഞ്ഞു കെട്ടി തട്ടി കൊണ്ട് വരേണ്ടി വന്നു മോഹൻലാലിന്. വിവരവും വിദ്യാഭ്യാസവും ഉള്ള ഹെഡ്മാസ്റ്റർ പദവിയിൽ നിന്ന് വിരമിച്ച അച്ഛൻ തിക്കുറിശ്ശി ക്ഷമിച്ച് അവരെ വീട്ടിലേക്ക് നിലവിളക്ക് കൊളുത്തി സ്വീകരിക്കുന്നു.
പ്രണയിച്ചിരുന്ന സമയത്ത് മോഹൻലാൽ എഴുതിയിരുന്ന പ്രേമലേഖനങ്ങൾ ഒക്കെ നിധിപോലെ സൂക്ഷിച്ച് അതിൽ എഴുതിയിരിക്കുന്നത് ഓരോന്നും യാഥാർഥ്യമാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഉർവശി. താൻ സ്വപ്നം കണ്ട ജീവിതം എവിടെ? കുടുംബ ജീവിതത്തിലെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ ഉർവശി കുഴങ്ങുന്നു. വിവാഹം കഴിഞ്ഞതോടെ എരിതീയിലേക്ക് എണ്ണ പകർന്നതുപോലെ പാവം ലാലിൻറെ പ്രശ്നങ്ങൾകൂടി എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല.
ആരെയും അറിയിക്കാതെ രണ്ടു പേരും രജിസ്റ്റർ വിവാഹിതരായതു കൊണ്ട് മോഹൻലാൽ തന്നെ മുൻകൈ എടുത്ത് പിണക്കം മാറ്റാനായി ബന്ധുക്കളോട് മാപ്പുപറഞ്ഞു കൂട്ടിക്കൊണ്ടുവന്ന് എല്ലാവരും കൂടിയുള്ള ഊട്ടിയിലേക്കുള്ള ഹണിമൂൺ യാത്രയും രസകരം തന്നെ. ആസ്മ രോഗിയായ അമ്മാവൻ ശങ്കരാടി ഊട്ടിയിൽ എത്തിയതോടെ തണുത്തുവിറച്ച് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ട് ‘ അപ്പൂപ്പൻ മരിക്കാൻ പോവുകയാണോ ‘എന്ന ചോദ്യവും “പോടാ” എന്ന ശങ്കരാടിയുടെ മറുപടിയും കേട്ടാൽ ചിരിക്കാത്തവർ പോലും ചിരിച്ചു പോകും. സോഡാ മിക്സ് ചെയ്ത് വീട്ടിൽ നിന്നേ എടുത്തത് ഭാഗ്യമായി എന്ന ഇന്നസെൻറ് ഡയലോഗ് മദ്യപാനികളെയും സുഖിപ്പിച്ചു.
ഇതിനൊക്കെ മേമ്പൊടിയായി അളിയൻമാരായ ഇന്നസെന്റും ജഗതിയും തമ്മിലുള്ള വഴക്കും അടിപിടിയും ബഹളങ്ങളും…… കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായി ഒരു ‘അലുവ കഷണം’ തന്നെ ധാരാളം എന്ന് കേരളസമൂഹത്തിന് നർമ്മത്തിൽ ചാലിച്ച് കാട്ടിക്കൊടുത്ത പ്രിയദർശൻ -ശ്രീനിവാസൻ കൂട്ടുകെട്ടിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കഞ്ഞി കുടിച്ചു കൊണ്ടിരിക്കുന്ന മുത്തച്ഛനെ മടുപ്പിച്ചു എഴുന്നേൽപ്പിച്ചു വിടുന്നവിധം ഇന്നസെന്റിന്റെ മകൻറെ ‘അലുവതാ’ എന്ന ചോദ്യവും അതിനെ തുടർന്ന് പാതിരാത്രിയിൽ നാലു കാലിൽ വരുന്ന തണ്ണി വണ്ടി അച്ഛനെ എരി കയറ്റുന്ന അവൻറെ അമ്മയും രാത്രിക്ക് രാത്രി പൗരുഷം തെളിയിക്കാൻ അളിയൻറെ മുതുകിന് പെരുമ്പറ കൊട്ടുന്ന ഇന്നസെന്റും. ഒടുവിൽ കഥാനായകൻ തൊഴുകൈയോടെ ‘ദയവുചെയ്ത് അളിയൻ ഈ വീട്ടിൽ ഇനി അലുവ വാങ്ങിക്കൊണ്ട് വരരുത്’ എന്ന് പറയുന്ന രംഗം –30 വർഷങ്ങൾക്കിപ്പുറവും ഒരു തിരശ്ശീലയിൽ എന്നപോലെ മലയാളികളുടെ മനസ്സിൽ തെളിഞ്ഞുവരുന്ന ഈ നർമ്മ രംഗങ്ങളും ചിരിയും ചിന്തയും ഒരുപോലെ ഉണർത്തുന്ന ഈ ആശയവും ആർക്ക് മറക്കാനാകും?
മോഹൻലാലിന് ഉർവശിയോട് സ്നേഹം കൂടുതൽ തോന്നാനും താൻ ഉദ്ദേശിച്ച തരത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ജോലിക്കാരി മീന ഉർവശിയുടെ സഹായത്തിനെത്തുന്നത്. ചില തകിടുകൾ മന്ത്രവാദിയെ കൊണ്ട് ജപിപ്പിച്ചു കൊടുത്തത് മൺകുടത്തിൽ ആക്കി രണ്ടുപേരും ചേർന്ന് വീടിനുമുന്നിൽ കുഴിച്ചിട്ടു. കളിക്കുന്നതിനിടയിൽ അത് കുട്ടികൾക്ക് കിട്ടി.ജഗതിയെ അവിടുന്ന് ഓടിക്കാൻ ഇന്നസെന്‍റ് ചെയ്തെന്നു സംശയം തോന്നി, അവസാനം ബാധ ഒഴിപ്പിക്കാൻ ഉള്ള ആളായി നെടുമുടി വേണുവിന്റെ വരവ്. ചിരിച്ചു കുടലു മറിഞ്ഞു.
ഇലക്ട്രിസിറ്റി ബോർഡിലെ ജോലി നഷ്ടപ്പെട്ട ഇന്നസെന്റിനു അമ്മാവൻറെ നിർദ്ദേശപ്രകാരം മോഹൻലാലിൻറെ കമ്പനിയിൽ ജോലി കൊടുക്കുന്നു. തരികിട പണികൾ മാത്രം വശമുള്ള ഇന്നസെൻറ് ആകട്ടെ അനിയൻറെ ആ കമ്പനിയിലെ റോ മെറ്റീരിയൽസ് വിറ്റ് കാശാക്കി കമ്പനിയിൽ കള്ളൻ കയറി എന്ന് പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നു. ആ സമയത്താണ് പലപ്രാവശ്യം വിളിച്ചിട്ടും കമ്പനിയിൽ ഇലെക്ട്രിസിറ്റി സാങ്ഷൻ കൊടുക്കാനുള്ള ഉദ്യോഗസ്ഥനായ സൂപ്രണ്ടിങ് എഞ്ചിനീയർ സി.ഐ. പോൾ എത്തുന്നത്. കയ്യും കാലും പിടിച്ച് കൂട്ടിക്കൊണ്ടുവന്ന സർക്കാർ ഉദ്യോഗസ്ഥനെ സൽക്കരിക്കാനുള്ള ബിരിയാണിയൊക്കെ ഇന്നസെൻറ് തന്നെ അകത്താക്കി അടിച്ചു പൂസായി ചുമരിൽ ആഞ്ഞിടിച്ചു പച്ചതെറികൾ പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടാണ് സി.ഐ. പോളിന്റെ വരവ്! ഇലക്ട്രിസിറ്റി ബോർഡിലെ തന്നെ സസ്പെൻഷനിലായ ഇന്നസെന്റിനെ ഇവിടെ കണ്ടു ഇയാൾ എന്താണ് ഇവിടെ എന്ന് ചോദിക്കുന്നു.സ്വിച്ചുകൾക്കു ഐ.എസ്.ഐ. മുദ്ര ഇല്ല, ഫാക്ടറിയിൽനിന്ന് വേസ്റ്റ് പുഴയിലേക്ക് ഒഴുക്കാൻ പറ്റില്ല……… അങ്ങനെ ഓരോ നിസ്സാര കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ഒപ്പിടാൻ വിസമ്മതിക്കുന്നു. ആ ഉദ്യോഗസ്ഥനോട് “ഒപ്പിടടാ പട്ടി, ചെറ്റ, നായിൻറെ മോനെ” എന്ന് പറഞ്ഞ് തല്ലാൻ ശ്രമിക്കുന്നതും, ഇത് കണ്ട് വണ്ടി എടുക്കടാ എന്ന് അലറി കൊണ്ടുള്ള സി.ഐ. പോളിന്റെ ഓട്ടവും ഒരിക്കലും മറക്കാൻ കഴിയില്ല.
ഇലക്ട്രിസിറ്റി എൻജിനീയറെ വധിക്കാൻ ശ്രമിച്ചില്ലേ എന്ന് പറഞ്ഞ് ഇന്നസെന്റിനെ അളിയൻ ജഗതി അറസ്റ്റ് ചെയ്യുന്നതും കഥയുടെ മറ്റൊരു വഴിത്തിരിവ്. മോഹൻലാലിൻറെ ഉത്തമ സുഹൃത്ത് ശ്രീനിവാസൻ അദ്ദേഹത്തിൻറെ തന്നെ സഹോദരിയെയും കൊണ്ട് ഒളിച്ചോടുന്നു. എല്ലാംകൂടി ആയപ്പോൾ തകർന്നു തരിപ്പണമായി മോഹൻലാൽ. വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും ഭാര്യയുടെ പരാതികളും കേട്ട് മടുത്ത ഒരു ദിവസം അയാൾ പൊട്ടിത്തെറിക്കുന്നു. രണ്ട് ഉദ്യോഗസ്ഥർക്കും കൈക്കൂലി തരാമെന്ന് പറഞ്ഞ് ഫാക്ടറിയിൽ വിളിച്ചുവരുത്തി മദ്യസൽക്കാരം നടത്തി അവസാനം ‘മര്യാദയ്ക്ക് ഒപ്പിട്ടോ, ഈ ഫാക്ടറിക്ക് ചുറ്റും ഞാൻ മണ്ണെണ്ണയൊഴിച്ചിരിക്കുക
യാണ്. ഒന്നുകിൽ ഒപ്പിടുക. അല്ലെങ്കിൽ നമ്മൾ എല്ലാവരും ഒന്നിച്ച് കത്തി ചാമ്പലാകും എന്ന് പറഞ്ഞ് തീപ്പെട്ടി ഉരച്ച് കാണിച്ച് ഭീഷണിപ്പെടുത്തി. രക്ഷയില്ലാതെ സി.ഐ. പോളും സഹപ്രവർത്തകനും ഫാക്ടറിക്ക് ഇലെക്ട്രിസിറ്റി കണക്ഷൻ കൊടുക്കാനുള്ള അപേക്ഷയിൽ ഒപ്പുവെച്ചു മടങ്ങുന്നു. തൊട്ടാവാടിയായ ഭാര്യ തന്റെ തെറ്റ് മനസ്സിലാക്കി തിരിച്ചു വന്ന് രണ്ടുപേരും ഊട്ടിയിലേക്ക് അവരുടെ മധുവിധുവിനായി പോകുന്നിടത്ത് സിനിമ അവസാനിക്കുന്നു. എം.ജി. ശ്രീകുമാറും സുജാതയും ചിത്രയും ചേർന്ന് ആലപിച്ച മൂന്നാല് ഗാനങ്ങളും ഇതിന് മാറ്റുകൂട്ടുന്നു.
സാമൂഹിക പ്രസക്തിയുള്ള കുടുംബപശ്ചാത്തലത്തിൽ വിരിഞ്ഞ ഒരു ചിത്രം കൂടിയായിരുന്നു ‘മിഥുനം’ എന്നതായിരുന്നു സാധാരണ ഹാസ്യ സിനിമകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഈ സിനിമയിൽ നമുക്ക് മുന്നിലൂടെ കടന്നു പോയ, ഏതെങ്കിലുമൊക്കെ ജീവിത മുഹൂർത്തത്തിൽ നാം തന്നെ കണ്ടുമുട്ടിയിട്ടുള്ള ആളുകളെ കാണുവാൻ കഴിയും എന്നതാണ് ഇതിൻറെ പ്രത്യേകത.
വൈദ്യുതി അമൂല്യമാണ്. അത് ദുരുപയോഗപ്പെടുത്തരുത്. ഇലക്ട്രിസിറ്റി ബോർഡിലെ വിവിധ തസ്തികകൾ…..ഇത്ര യൂണിറ്റ് വൈദ്യുതി…… ഡാമിൽ ഇത്ര ക്യൂബിക് അടി വെള്ളം….. ഇതൊക്കെ കെ.എസ്ഇബിയിലെ ഉദ്യോഗസ്ഥൻ ആയ എൻറെ പിതാവിൽനിന്ന് നന്നേ ചെറുപ്പത്തിൽ തന്നെ കേട്ടിരുന്നതിനാലാകാം ഈ ദൃശ്യങ്ങളോടു എനിക്കെന്തോ മാനസികമായ അടുപ്പം തോന്നിയിരുന്നു. ഈ ചിത്രം ഇഷ്ടപ്പെടാൻ അതും ഒരു കാരണമായിരുന്നിരിക്കാം.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.