ഭാരതമൊരുപൂങ്കാവനം,
സത്യ, സമത്വ, സ്വാതന്ത്ര്യപൂങ്കാവനം,
മാരിവില്ലു പോലുള്ള – പൂങ്കാവനം,
മഹാത്മാജിയോളം
സൗന്ദര്യ , സുഗന്ധസൂനം ഭാരതവാടിയിലിന്നോളം വിടർന്നുവോ ?
ഇനി വിടരുമോ ?
എല്ലും, തോലുമായ – വാടിക്കിനിയതിന്നു – സാധിക്കുമോ ?
എൻ്റെ ഭാവനയാം ഗർഭാശയത്തിൽ ഒരു നവ ഗാന്ധി പുഷ്പം ജന്മമെടുക്കുന്നു.
ഇതൾ വിടർത്തുന്നു.
മുന്നിലെ കല്ലും, മുള്ളും നിറഞ്ഞ വഴി താണ്ടുന്നു.
കല്ലുകളും, മുള്ളുകളും “കറ , കറ ” ശബ്ദത്താൽ ഞെരിഞ്ഞമരുന്നു.
ഒരു പിടി മണ്ണ് വാരി – മണത്ത നവ ഗാന്ധി പുഷ്പത്തിൻ
നെടു വീർപ്പിൻ ഗന്ധം:
“ഭാരതാംബേ ….
നിൻ മുഖം കണ്ടു ഞാൻ ; പൊട്ടിക്കരയുന്നു വേദനയാൽ നിത്യവും .
തത്ത്വവും, തത്ത്വചിന്തകളുമിവിടെ ഭ്രാന്താലയങ്ങൾ തീർക്കുന്നു.
എങ്ങും , മെവിടെയും
സംഹാര താണ്ഡവങ്ങൾ ”
അന്തരീക്ഷം പ്രതിധ്വനിക്കുന്നു.
നവ ഗാന്ധിപ്പൂവ്
തൻ പൂമ്പൊടികൾ
മുന്നോട്ടാഞ്ഞെറിയുന്നു
പൂമ്പൊടികൾ
മധു മക്ഷികകൾ സന്നിഭം പറന്നു, പറന്ന്
അന്തരീക്ഷത്തിൽ
ഒരു ചോദ്യ ചിഹ്നമായ്
ജ്വലിക്കുന്നു !
– എ. ബെണ്ടിച്ചാൽ