ജീവന്റെ പാതിയായവൻ
മരണക്കയമിറങ്ങിയ ഏഴാം നാളിലാണ്,
അത്താണിയാകേണ്ടവർ ചമേലിയുടെ ഉടലാഴങ്ങൾ തേടിയെത്തിയത് !
ലഹരിയിൽ മുങ്ങിയ കാമത്തിന്റെ നാലുകൈകൾ
കശക്കിയെറിഞ്ഞത് അവളുടെ പാതിവെന്ത ഹൃദയത്തെയായിരുന്നു…!
കണ്ണീരുവറ്റിയ ആ രാത്രിയിലാണ്
ചുട്ടെരിഞ്ഞ അനുഭവങ്ങളിൽ നിന്ന് ഒരുപിടി കനലെടുത്ത് അവൾ കണ്ണിൽ ഒളിപ്പിച്ചത്!
ചിന്തകളുടെ ആലയിൽ കനൽ
എരിയാൻ തുടങ്ങിയപ്പോഴാണ്
പറക്കമുറ്റാത്ത കുഞ്ഞിനേയും കൊണ്ട് നാടിറങ്ങിയത്..!
ഗാന്ധിയുടെ നാട്ടിൽ നിന്നും ദൈവത്തിന്റെ നാട്ടിലേക്ക്..!
ഉടലുകൊതിക്കുന്ന ചെന്നായ്ക്കൾക്ക് എവിടെയും ഒരേനിറം…!
വെറിനോട്ടങ്ങൾ അവളുടെ കണ്ണിൽ
പൊള്ളി അടരാറുണ്ട്..!
പക്ഷേ…
ആർത്തിയോടെ അടുക്കുന്ന വെയിലേറുകൾക്ക്
തീയിൽ കുരുത്തവളെ ഭയമായിരുന്നു!
രാകിമിനുക്കിയ വെട്ടുകത്തി ഇരുട്ടിലവൾക്ക് കൂട്ടിരുന്നു..!
പട്ടിണിയുടെ കൈകൾ മുട്ടി വിളിച്ചിട്ടും,
ഉടയാട അഴിയാതെ
നാടോടിയായവൾ
തെരുവിൽ ചരിത്രം കുറിച്ചു!