ശ്രീകൃഷ്ണ ജയന്തിയായ ഇന്ന് രാവിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കയറി ഭഗവാനെ തൊഴുത് ഭഗവാൻ്റെ അനുഗ്രഹം വാങ്ങിയാണ് അമ്മ യാത്ര തുടങ്ങിയത്. എല്ലാ ദിവസവും ആ അമ്മ ലോട്ടറി വിൽക്കാനുള്ള യാത്ര തുടങ്ങുന്നത് ശ്രീകൃഷ്ണ ഭഗവാൻ്റെ അമ്പലത്തിൽ കയറി തൊഴുത് ഭഗവാൻ്റെ അനുഗ്രഹം വാങ്ങിയാണ്. ഭഗവാൻ തന്നെയും കുടുംബത്തെയും എന്നെങ്കിലും ഒരിക്കൽ അനുഗ്രഹിക്കും എന്ന ശുഭാപ്തി വിശ്വാസം കൈവിടാതെയാണ് അമ്മ എന്നും അമ്പലത്തിൽ തൊഴുത് ഇറങ്ങി ലോട്ടറി ടിക്കറ്റുകളുമായി യാത്ര തുടങ്ങുന്നത്.
നാളെയാണ്, നാളെയാണ്…
കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെയാണ് നാളെയാണ്..
ആ അമ്മ രാവിലെ ഇറങ്ങുന്നതാണ് ലോട്ടറികളുമായി. ഇത്തവണ ഓണം ബമ്പർ ടിക്കറ്റുകൾ വിൽക്കാൻ ആണ് ഇറങ്ങിയിരിക്കുന്നത്. രണ്ടോ മൂന്നോ ബുക്ക് ഓണം ബമ്പർ ടിക്കറ്റുമായി ആ അമ്മ രാവിലെ ഇറങ്ങും റോഡിലേക്ക്. ഉച്ചയോടു കൂടി ടിക്കറ്റുകൾ വിറ്റു തീർക്കും. ഓരോ ദിവസവും ഓരോ ദിക്കിലേക്കാണ് അമ്മ പോകുന്നത്. ഏകദേശം പന്ത്രണ്ടു മുതൽ പതിനഞ്ചു വരെ കിലോമീറ്റർ ദൂരത്തോളം കാൽനടയായി യാത്ര ചെയ്താണ് ആ അമ്മ ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നത്. അമ്മയോട് സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന കുറെ ആളുകൾ ഉണ്ട്. ലോട്ടറി വിറ്റു തീരുന്ന സ്ഥലത്തുനിന്നും തിരികെ അമ്മ ബസ്സിൽ കയറി പോരും വീട്ടിലേക്ക്.
വല്ലപ്പോഴുമൊക്കെ ചെറിയ ചെറിയ സമ്മാനങ്ങൾ ലഭിക്കുന്നതല്ലാതെ ഒരു വലിയ സമ്മാനം ഇതുവരെ കിട്ടിയിട്ടില്ല ആ അമ്മ വിറ്റ ടിക്കറ്റുകൾക്ക്. എന്നാൽ ഇത്തവണ അമ്മ വളരെ പ്രതീക്ഷയിലാണ് ഓണം ബമ്പർ ടിക്കറ്റ് വിൽക്കാൻ ഇറങ്ങിയിരിക്കുന്നത്.
‘നാളെയാണ് നാളെയാണ് കേരളസംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെയാണ് നാളെയാണ്.’
‘ഇത്തവണ ഓണം ബമ്പർ ടിക്കറ്റുകളുമായി ആണ് ഞങ്ങൾ നിങ്ങളെ സമീപിച്ചിരിക്കുന്നത്.’
‘ഒന്നാം സമ്മാനമായി ഇരുപത്തിഅഞ്ചു കോടി രൂപയാണ് ഒരാൾക്ക് നൽകുന്നത്. രണ്ടാം സമ്മാനം അഞ്ചു കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ആയി ഓരോ കോടി വീതം പത്ത് പേർക്ക് ആണ് നൽകുന്നത്. നാലാം സമ്മാനമായി ഒരു ലക്ഷം വീതം തൊണ്ണൂറ് ഭാഗ്യവാന്മാർക്കും നൽകുന്നു. കൂടാതെ അയ്യായിരം, മൂവായിരം, രണ്ടായിരം, ആയിരം എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയും ഉണ്ട് ‘.
‘ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഇങ്ങോളം അങ്ങോളം നിരവധി അനവധി അനവധി നിരവധി വലുതും ചെറുതുമായ ചെറുതും വലുതുമായ സമ്മാനങ്ങൾ നേടിക്കൊടുക്കുന്ന നേടിക്കൊടുത്തുകൊണ്ടിരിക്കുന്ന കേരളത്തിലെ നമ്പർ വൺ ഏജൻസി ജി. ഭാഗ്യാധരൻ ലോട്ടറി ഏജൻസി മുല്ലപ്പുഴ എന്ന അംഗീകൃത ഏജൻസിയുടെ വാഹനമാണ് നിങ്ങളെ സമീപിച്ചിരിക്കുന്നത്…’
റിക്കാർഡ് ചെയ്തു വച്ചിരിക്കുന്നത് കെട്ടി വെച്ചിരിക്കുന്ന മൈക്കിൽ കൂടി കേൾപ്പിച്ചുകൊണ്ട് ലോട്ടറികളുമായി സൈക്കിളുകളും കാറുകളും ആ റോഡിലൂടെ അമ്മയുടെ തലങ്ങും വിലങ്ങും കടന്നുപോകുന്നുണ്ട്.
ചിലരൊക്കെ ആ അമ്മയെ കണ്ട ഭാവം പോലും നടിക്കാതെ മൈക്ക് വച്ചു കെട്ടി ഭാഗ്യം വിറ്റു വരുന്ന വാഹനം കൈകാണിച്ചു നിർത്തി ലോട്ടറി ടിക്കറ്റ് വാങ്ങുന്നുണ്ട്.
അമ്മ തൻ്റെ നെറ്റിയിൽ നിന്നും ഒഴുകി ഇറങ്ങിയ വിയർപ്പ് കണങ്ങൾ കയ്യിൽ കരുതിയിരിക്കുന്ന തോർത്തിൻ്റെ തുമ്പു കൊണ്ട് ഒപ്പിയെടുത്ത് ആരോടെന്നില്ലാതെ പിറുപിറുത്തു.
.ജോലിക്കിടയിൽ ഒരു ദിവസം കരാറുകാരൻ്റെ നിർബന്ധപ്രകാരം ദിവസം തികയുന്നതിനു മുൻപേ വാർക്കയുടെ തട്ടുപൊളിക്കുകയും തുടർന്നുണ്ടായ അപകടത്തിൽ നട്ടെല്ല് തകർന്ന് കിടപ്പിലാകുകയും ചെയ്തതോടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ട് വന്നത്. രണ്ടു മക്കളാണ് അവർക്കുള്ളത്. രണ്ടുപേരും പഠിക്കാൻ മിടുക്കരാണ്. അവരെ നല്ല രീതിയിൽ പഠിപ്പിക്കുവാനും ഭർത്താവിൻ്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുവാനുമായാണ് ആ അമ്മ രാവിലെ മുതൽ വെയിലും മഴയും വകവക്കാതെ ഭാഗ്യം വിറ്റ് നടക്കുന്നത്.
‘ഓരോ തവണ നിങ്ങൾ ടിക്കറ്റുകൾ വാങ്ങുമ്പോഴും നിങ്ങൾക്ക് ഒരു ചെറിയ സമ്മാനം എങ്കിലും ലഭിക്കട്ടെ ലഭിക്കട്ടെ എന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുടെയും പ്രാർത്ഥന. ഈ പ്രാർത്ഥന പലപ്പോഴു അക്ഷരാർത്ഥത്തിൽ ഫലവത്താകുന്നു.
ഈ കാണുന്ന ടിക്കറ്റുകൾ. നാമ മാത്രങ്ങളായ ടിക്കറ്റുകൾ. പരിമിതങ്ങളായ ടിക്കറ്റുകൾ. ഇനിയും ഏതാനും ടിക്കറ്റുകൾ കൂടി മാത്രം ബാക്കി. ടിക്കറ്റ് വിൽപ്പന സംസ്ഥാന ജില്ലാ ട്രഷറികളിൽ പര്യവസാനിച്ചിരിക്കുന്നു. നാളെയാണ് നാളെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെയാണ് നാളെയാണ്.’
ലോട്ടറി വിൽപ്പന വാഹനങ്ങൾ പലതും പിന്നെയും ആ അമ്മയെ പിന്നിലാക്കി കടന്നുപോയിക്കൊണ്ടിരുന്നു.
തൻ്റെ കൈയിലിരിക്കുന്ന ലോട്ടറികളുമായി ആ അമ്മ നടത്തത്തിൻ്റെ വേഗത കൂട്ടി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വലിയ മനുഷ്യൻ ഓണം കഴിഞ്ഞ് തിരികെ കൊടുത്താൽ മതി എന്ന് പറഞ്ഞു കുറച്ച് പണം കൊടുത്ത് സഹായിച്ചത് കൊണ്ടാണ് ആ അമ്മയ്ക്ക് ഓണം ബമ്പറിൻ്റെ കുറെ അധികം ബുക്കുകൾ മുൻകൂട്ടി മൊത്ത വിൽപ്പന കടയിൽ നിന്നും വാങ്ങി കയ്യിൽ കരുതി വെക്കുവാൻ സാധിച്ചത്. കാരണം ഓണം ബംബർ ടിക്കറ്റുകൾ മൊത്ത വിൽപ്പന കടയിൽ നിന്നും ഏകദേശം നറുക്കെടുപ്പിന് ഒരു മാസം മുമ്പേ വിറ്റ് തീരും. അതിനാൽ ചില ചില്ലറ കച്ചവടക്കാർ ചെയ്യുന്നതുപോലെ ആദ്യം രണ്ടു ബുക്ക് ടിക്കറ്റ് എടുത്ത് അത് വിറ്റ് തീർന്നിട്ട് ആ കാശിനു പോയി അടുത്ത രണ്ടു ബുക്ക് ടിക്കറ്റ് എടുക്കാൻ ഇരുന്നാൽ കിട്ടാതെ വരും. കാരണം ബംബർ ടിക്കറ്റുകൾക്ക് എപ്പോഴും ഡിമാൻഡ് കൂടുതലാണ്. പ്രത്യേകിച്ചും ഓണം ബമ്പർ ആകുമ്പോൾ.
ഇത്തവണ ടിക്കറ്റിന് വില കൂടുതൽ ആയതിനാൽ ഷെയർ കൂടി ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
വിറ്റ് തീരുവാനുള്ള ബാക്കി ടിക്കറ്റുമായി അമ്മ വേഗത്തിൽ മുന്നോട്ട് നടന്നു. നാളെ തൻ്റെ ഭർത്താവിനെയും കൊണ്ട് മെഡിക്കൽ കോളേജിൽ പോകേണ്ട ദിവസമാണ്. വാഹന കൂലിയും മരുന്നിനുള്ള പൈസയും ഒക്കെ കണ്ടെത്തണം.
‘നാളെയാണ് നാളെയാണ് കേരള സംസ്ഥാന ലോട്ടറി ഓണം ബംബർ നറുക്കെടുപ്പ് നാളെയാണ് നാളെയാണ്. സുഹൃത്തെ അഷ്ടിക്ക് വകയില്ലാത്ത കഷ്ടവും നഷ്ടവും നിറഞ്ഞ മനുഷ്യ ജീവിതത്തിൽ അഷ്ടിക്ക് മാത്രമല്ല ശിഷ്ടായുസ്സിൽ ഇഷ്ടം പോലെ പണം സമ്പാദിക്കുവാനും വരുംകാലത്തേക്ക് സൂക്ഷിച്ച് വയ്ക്കുവാനും കേരളത്തിൻ്റെ ചൈതന്യ വാഹിനിയായ ഒരു ഓണം ബമ്പർ ടിക്കറ്റ് കരസ്ഥമാക്കൂ.’…
ലോട്ടറി വിൽപ്പന വാഹനങ്ങൾ പിന്നെയും പിന്നെയും കടന്നു പോയിക്കൊണ്ടിരുന്നു. അതനുസരിച്ച് അമ്മയുടെ നടത്തത്തിൻ്റെ വേഗതയും കൂടിക്കൊണ്ടിരുന്നു.
കയ്യിൽ കരുതിയിരുന്ന കുപ്പിവെള്ളത്തിൽ നിന്നും അമ്മ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ട്. പോകുന്ന വഴിയിൽ സ്ഥിരമായി ചായ കുടിക്കാറുള്ള ചായക്കടയിൽ നിന്നും ഇടയ്ക്ക് ഒരു കാലി ചായയും. ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയിട്ട് വേണം തൻ്റെ ഭർത്താവിന് ഊണ് വാരി കൊടുക്കുവാൻ. അതിന് ശേഷം അദ്ദേഹത്തിന് ഉള്ള മരുന്നുകളും കൊടുത്തിട്ടു വേണം തനിക്ക് രണ്ടു പറ്റു വാരി ഉണ്ട് വിശപ്പടക്കുവാൻ.
ഓണം ബംബർ വേണമെന്ന് പറഞ്ഞു വെച്ചിരുന്ന സ്ഥിരം ലോട്ടറി എടുക്കുന്ന ആളുകൾക്ക് ടിക്കറ്റ് കൊടുത്തുകൊടുത്ത് ആ അമ്മ പിന്നെയും യാത്ര തുടർന്നു.
‘നാളെയാണ് നാളെയാണ് കേരള സംസ്ഥാന ലോട്ടറിയായ ഓണം ബംബർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെയാണ് നാളെയാണ്. സുഹൃത്തേ ആർക്ക് എവിടെവച്ച് എപ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാവുക എന്ന് ആരെകൊണ്ടും പ്രവചിക്കുവാൻ സാധ്യമല്ലല്ലോ. ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ ഇവിടെവച്ച് കേവലം അഞ്ഞൂറ് രൂപ മുടക്കി വാങ്ങുന്ന ടിക്കറ്റിൽ കൂടിയാണ് നിങ്ങൾക്ക് ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാകുന്നത് എങ്കിലോ. അത് ഒരുപക്ഷേ ഒന്നാം സമ്മാനം ആണെങ്കിൽ ഇരുപത്തിഅഞ്ചു കോടി രൂപയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇനി ഒന്നാം സമ്മാനം ഇല്ലെങ്കിൽ തന്നെ നിരവധി അനവധി വലുതും ചെറുതുമായ സമ്മാനങ്ങൾ വേറെയും ഉണ്ടല്ലോ. അതുകൊണ്ട് അറച്ചു നിൽക്കാതെ മടിച്ചു നിൽക്കാതെ മുന്നോട്ട് കടന്നുവന്ന് കേവലം അഞ്ഞൂറു രൂപ മുടക്കി ഇരുപത്തി അഞ്ചു കോടി സ്വന്തമാക്കാനുള്ള ഒരു കേരള സംസ്ഥാന ഓണം ബംബർ ടിക്കറ്റ് കരസ്ഥമാക്കി നിങ്ങൾ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിൻ്റെയും ജീവിതം ഭദ്രമാക്കൂ സുരക്ഷിതമാക്കൂ. അങ്ങനെ നാടിൻ്റെ വികസനത്തിൽ കേരള സംസ്ഥാന സർക്കാരിനോടൊപ്പം നിങ്ങളും ഞങ്ങളോടൊപ്പം പങ്കാളികളാവൂ. കടന്നുവരൂ കടന്നു വരൂ. ഇതാ ഭാഗ്യ ദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു…’
ലോട്ടറി വില്പന വാഹനങ്ങൾ ഭാഗ്യത്തിൻ്റെ ശബ്ദവും മുഴക്കി പിന്നെയും അമ്മയുടെ അടുത്തു കൂടി കടന്നു പോയിക്കൊണ്ടിരുന്നു..
അമ്മയുടെ നടത്തത്തിൻ്റെ വേഗതക്കനുസരിച്ച് അകലെ നിന്നും കടന്നുപോയ വാഹനത്തിൽ നിന്നുമുള്ള ലോട്ടറിയുടെ അനൗൺസ്മെന്റ് ശബ്ദം അമ്മയുടെ കാതുകളിൽ അലയടിക്കുന്നുണ്ട്.
അമ്മയുടെ മനസ്സിൽ വേവലാതിയോട് കൂടിയുള്ള നടത്തമാണ്. കാരണം തന്നോട് ഓണം ബംബർ വാങ്ങാം എന്നു പറഞ്ഞു വെച്ചിരിക്കുന്നവർ തന്നെക്കാൾ മണിക്കൂറുകൾക്കു മുമ്പേ അവരുടെ അടുത്തെത്തുന്ന വാഹനത്തിൽ നിന്നും ടിക്കറ്റ് വാങ്ങിയാലോ. ഓണം ബമ്പറിനു വില അധികം ആയതിനാൽ ഒന്നിൽ കൂടുതൽ ടിക്കറ്റുകൾ എടുക്കുന്നവർ ചുരുക്കവും ആണ്. അതിനാൽ തന്നെ അവരുടെ അടുത്തേക്ക് എത്തുവാനുള്ള അമ്മയുടെ നടത്തത്തിൻ്റെ വേഗതയ്ക്ക് ഓട്ടത്തിൻ്റെ വേഗതയുമായി സാമ്യം തോന്നായ്ക ഇല്ല.
നടത്തവും ഓട്ടവും അല്ലാത്ത രീതിയിലുള്ള ഈ പോക്കിനിടയ്ക്കും അമ്മ അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോകുന്ന വാഹനങ്ങളിൽ ഉള്ളവരെ തൻ്റെ കയ്യിലിരിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ഉയർത്തി കാണിക്കുന്നുമുണ്ട്. ചില വണ്ടിക്കാർ നിർത്തി മേടിക്കുന്നുണ്ട്.
നറുക്കെടുപ്പിൻ്റെ തലേ രാത്രിയായ ഇന്ന് ആ അമ്മയുടെ അടുത്തേക്ക് ശ്രീകൃഷ്ണ ഭഗവാൻ എത്തി. എല്ലാ ദിവസവും രാവിലെ താൻ ശ്രീ കോവിലിനു മുന്നിൽ എത്തി ദർശിക്കാറുള്ള ഭഗവാൻ തൻ്റെ മുമ്പിൽ എത്തിയപ്പോൾ ആ അമ്മ അറിയാതെ കൈകൾ കൂപ്പി. പുഞ്ചിരിയോടുകൂടി തൻ്റെ നേരെ ഒരു ലോട്ടറി ടിക്കറ്റ് ഭഗവാൻ വെച്ചു നീട്ടുന്നതായി തോന്നി.
‘നിൻ്റെ ദുഃഖങ്ങൾക്കെല്ലാം ഒരു അറുതി വരുവാൻ പോകുന്നു.’
എന്ന ഒരു അശരീരി ശബ്ദവും കേൾക്കുന്നതായി തോന്നി. കണ്ടതും തോന്നിയതും യാഥാർത്ഥ്യമോ സ്വപ്നമോ എന്നറിയാതെ ആ അമ്മ ചാടി എഴുന്നേറ്റു. പിന്നീട് അവർക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല. കണ്ട സ്വപ്നത്തെക്കുറിച്ച് ചിന്തിച്ച് നേരം വെളുപ്പിച്ചു.
ഇന്നാണ് ഓണം ബംബർ നറുക്കെടുപ്പ്. അവശേഷിക്കുന്നത് തൻ്റെ കൈവശം ഒരു ഒറ്റ ബുക്ക് മാത്രം. നേരത്തെ പറഞ്ഞു വച്ചിരിക്കുന്നവർക്ക് കൊടുക്കുവാനായി അമ്മ രാവിലെ തന്നെ പോകുവാൻ തയ്യാറായി. പതിവുപോലെ രാവിലെ തന്നെ ഭഗവാൻ ശ്രീകൃഷ്ണൻ്റെ അടുത്തേക്ക് പോകുവാനായി അമ്പലം ലക്ഷ്യമാക്കി നടന്നു. ശ്രീ കോവിലിനു മുന്നിൽ തൊഴുകൈകളുമായി നിൽക്കുന്ന തൻ്റെ ഭക്തക്ക് ഭഗവാൻ ദർശന പുണ്യം നൽകി അനുഗ്രഹിച്ചു. ഭഗവാൻ ശ്രീ കോവിലിൽ നിന്നും ഇറങ്ങിവന്ന് തന്നെ അനുഗ്രഹിച്ചതായിട്ടാണ് അമ്മയ്ക്ക് തോന്നിയത് . അമ്മ പതിവിലും സന്തോഷത്തോടെയാണ് ഭഗവാൻ്റെ മുന്നിൽ നിന്നും മടങ്ങിയത്.
വേഗത്തിൽ നടന്ന് പറഞ്ഞിരുന്നവരുടെ എല്ലാം അടുത്തുചെന്ന് അമ്മ ടിക്കറ്റുകൾ കൈമാറി. അവസാനം ഒരു ടിക്കറ്റും മാത്രം ബാക്കിയായി. ആ ടിക്കറ്റുമായി അമ്മ മുമ്പോട്ട് നടക്കവേ ഒരു വാഹനം ആ അമ്മയുടെ അടുത്ത് വന്നു നിർത്തി. അതിൽ നിന്നും ഒരു ചെറിയ ആൺകുട്ടി ഇറങ്ങിവന്ന് അഞ്ഞൂറു രൂപ വെച്ച് നീട്ടിയിട്ട് ഒരു ഓണം ബമ്പർ ടിക്കറ്റ് തരുവാൻ ആവശ്യപ്പെട്ടു. കയ്യിൽ ബാക്കിയുള്ള ആ ഒരു ടിക്കറ്റ് സന്തോഷത്തോടെ അമ്മ ആ കുട്ടിയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു.
‘അവസാന ടിക്കറ്റ് ആണ് മോനെ. ഐശ്വര്യമായിട്ട് എടുത്താട്ടെ’.
കുട്ടി ആ ടിക്കറ്റ് കയ്യിൽ വാങ്ങിയതിനു ശേഷം കാറിലിരുന്ന തൻ്റെ അച്ഛൻ്റെ നിർദ്ദേശപ്രകാരം ആ അമ്മയുടെ കയ്യിലേക്ക് ടിക്കറ്റ് തിരികെ കൊടുത്തു.
‘ഈ ടിക്കറ്റ് ഇനി യാതൊരു കാരണവശാലും അമ്മ മറ്റൊരാൾക്ക് വിൽക്കരുത് ‘.
‘ഞാൻ അമ്മയ്ക്ക് തരുന്ന സമ്മാനം ആണ് ഈ ടിക്കറ്റ് ‘.
‘നറുക്കെടുപ്പ് കഴിയുന്നതുവരെ അമ്മ ഇത് ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക.’
തിരിച്ച് ഒരു മറുപടി പറയുവാൻ ഉള്ള സാവകാശം ലഭിക്കുന്നതിന് മുമ്പേ അവർ വേഗത്തിൽ കാർ ഓടിച്ചു പോയി. ഒന്നും മനസ്സിലാകാതെ വേഗത്തിൽ കടന്നു പോകുന്ന ആ വാഹനത്തെ നോക്കി അമ്മ അല്പ സമയം നിന്നു…
അമ്മ തിരികെ വീട്ടിലെത്തി. സംഭവിച്ച കാര്യങ്ങൾ ഭർത്താവിനോടും മക്കളോടും പങ്കുവെച്ചു. ടിക്കറ്റ് അവർ ഭദ്രമായി വച്ചു.
ഓണം ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞു.
ഫലം വന്നു. അമ്മ വിറ്റ ടിക്കറ്റുകൾക്ക് സമ്മാനം അടിച്ചിട്ടുണ്ടോ എന്ന് അറിയുവാനായി എല്ലാ ലോട്ടറി ഏജന്റ്റുമാരെയും പോലെ ആ അമ്മയും ആകാംക്ഷയോടെ ഫലം വന്ന പേപ്പറുമായി കുട്ടികളെയും കൂട്ടി ഭർത്താവിൻ്റെ സമീപം ഇരുന്ന് പേപ്പറിലേക്ക് ഉറ്റുനോക്കി . പലരെയും പോലെ അമ്മയും താഴെ ചെറിയ സമ്മാനത്തിൽ നിന്നും തുടങ്ങി മുകളിലേക്കാണ് ഫലം നോക്കിയത്. താൻ വിറ്റ ടിക്കറ്റുകൾക്ക് ചെറിയ സമ്മാനങ്ങൾ അടിച്ചിരിക്കുന്നതുകണ്ട് സന്തോഷംകൊണ്ട് അമ്മയുടെ മനം നിറഞ്ഞു.
ഫലം നോക്കി നോക്കി അമ്മ ഏറ്റവും മുകളിൽ ഒന്നാം സമ്മാനത്തിൻ്റെ നമ്പറിൻ്റെ അടുത്തേക്ക് വിരൽ എത്തിച്ചു.
അമ്മയ്ക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒന്നാം സമ്മാനം താൻ വിറ്റ ടിക്കറ്റിനാണ്. സന്തോഷം കൊണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
അപ്പനും മക്കളും ഒരേ സ്വരത്തിൽ ചോദിച്ചു.
‘അമ്മേ നമ്മുടെ ടിക്കറ്റ്എന്തിയെ’.
അമ്മ ഭദ്രമായി വെച്ചിരുന്ന ആ ടിക്കറ്റ് എടുത്ത് വേഗം ഒന്നാം സമ്മാനത്തിൻ്റെ ഫലവുമായി ഒത്തു നോക്കി. ഒന്നാം സമ്മാനം അമ്മയുടെ കൈയിൽ ഇരിക്കുന്ന ടിക്കറ്റിനു തന്നെ. മക്കൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
കിടക്കയിൽ കിടന്ന ഭർത്താവിൻ്റെ നെറുകയിൽ ചുംബിച്ചു. സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണുകളിൽ നിന്നും സന്തോഷാശ്രുകണങ്ങൾ ഒഴുകി ഇറങ്ങി.
എന്തോ ഓർത്തിട്ട് എന്ന പോലെ ആ അമ്മ വേഗം അമ്പലം ലക്ഷ്യമാക്കി വേഗത്തിൽ ഓടി. ഭഗവാൻ ശ്രീകൃഷ്ണൻ്റെ അടുത്തേക്ക്. ആൺകുട്ടിയുടെ രൂപത്തിൽ തൻ്റെ അരികിൽ വന്ന ഭഗവാനെ കണ്ട് നന്ദി പറയുവാനായി. ഭഗവാൻ്റെ കാൽപാദങ്ങളെ തൊട്ടു തൊട്ട് വന്ദിക്കുവാനായി. ആ പാദാരവിന്നങ്ങളിൽചുംബിച്ച് അശ്രുകണങ്ങൾ പൊഴിക്കുവാനായി…..
– നൈനാൻ വാകത്താനം