പിജി പഠനം കഴിഞ്ഞ് വീട്ടിലെത്തിയതും ഞാൻ ആകെ പറഞ്ഞത് ഇതാണ്… ഉടനെയൊന്നും ഒരു ജോലിയ്ക്കായി ശ്രമിക്കുന്നില്ല. ഒരാറുമാസത്തേയ്ക്ക് എന്നെ ഒന്നിനും നിർബന്ധിക്കരുത്! അതുവരെ പല സാഹചര്യങ്ങൾ കൊണ്ടും ചെയ്യാൻ പറ്റാത്ത, എനിക്ക് അത്രയും ഇഷ്ടമുള്ള, ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകഴിഞ്ഞേ ബാക്കി എന്തും ഉള്ളൂ!
22 വയസ്സ് എന്നത് എൻ്റെ മാത്രമല്ല, ഓരോരുത്തരുടെയും ജീവിതത്തിലെ സുപ്രധാന വഴിതിരിവാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ പ്രായത്തിൽ, മായാതെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന, ഒത്തിരി സന്തോഷത്തോടെ എന്നെന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന തരത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണം. അന്നേ മനസ്സിൽ പതിയുന്ന ചില നല്ല കാര്യങ്ങൾക്ക്, നമ്മുടെ മുഴുവൻ ജീവിതകാലത്തേയും പോസിറ്റീവായി സ്വാധീനിക്കാൻ തക്കവണ്ണം ശക്തിയുണ്ട്.
മുൻകൂട്ടി പ്ലാൻ ചെയ്താൽ നമ്മൾ ഉദ്ദേശിക്കുന്നപോലെ പല കാര്യങ്ങളും നടക്കില്ല എന്ന് പറയാറുണ്ട്. അത് എൻ്റെ കാര്യത്തിലാണെങ്കിൽ വളരെ വളരെ ശരിയുമാണ്. അതുകൊണ്ടുതന്നെ പിറ്റേന്ന് മുതൽ എന്തൊക്കെ ചെയ്യണം എന്നതിനെപ്പറ്റി യാതൊരു രൂപരേഖയും തയ്യാറാക്കാൻ ഞാൻ മിനക്കെട്ടില്ല. ചില നേരങ്ങളിൽ നമ്മൾ പ്രത്യേകിച്ച് ഒന്നുംതന്നെ ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. നമ്മുടെ മനസ്സിനെ എപ്പോഴും കൺട്രോൾ ചെയ്യാതെ, ഇടയ്ക്കൊക്കെ അതിനെ ഫ്രീയായി വിടുക!
മൂന്ന് നാല് ദിവസങ്ങൾ അങ്ങനെ പോയി… അടുത്ത ദിവസം എൻ്റെ ഫോണിലേക്ക് ഫ്രണ്ട് ഗായത്രിയുടെ കോൾ. ” നീ എന്ത് ചെയ്യുന്നു?” “ഇപ്പൊ ഈ സെക്കൻഡിൽ പ്രത്യേകിച്ചൊന്നും ചെയ്യാതെ ഇരിക്കുന്നു. ഒരു യാത്ര പോയാൽ കൊള്ളാമെന്നുണ്ട്.” ഞാൻ പറഞ്ഞു. യാത്ര?? അവളുടെ സ്വരത്തിൽ ആശ്ചര്യം! “അതേ, പക്ഷെ ആദ്യത്തെ യാത്ര എങ്ങോട്ടെന്ന് തീരുമാനിച്ചില്ല. സാധാരണ ഒട്ടുമിക്ക ആളുകളും പോകുന്നപോലെ വാഗമൺ, മൂന്നാർ, മൈസൂർ, കുളു- മണാലി… അതൊന്നും എൻ്റെ ചിന്തയിലേയില്ല. അങ്ങനെ അധികമാരും പോകാത്ത ഒരിടത്തേയ്ക്ക് ആവണം എൻ്റെ ആദ്യയാത്ര…” ഞാൻ പറഞ്ഞുനിർത്തി. “ഞങ്ങൾ ഒരു ഫാമിലി ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്. Next week! അതിന് നീ പോരുന്നുണ്ടോ എന്ന് ചോദിക്കാനാണ് വിളിച്ചത്.” അവൾ ചിരിച്ചു. “എങ്ങോട്ടേയ്‌ക്കാണ്?” പതിവ് യാത്രാ സ്ഥലങ്ങളുടെ പേരുകളിൽ ഏതെങ്കിലും ഒന്നായിരിക്കും എന്ന് ഞാനൂഹിച്ചു.
“രാമേശ്വരം.” അവൾ പറഞ്ഞു. “അപ്പൊ തീർത്ഥയാത്രയാണോ?” ഞാൻ ചോദിച്ചു. “അച്ഛനാണ് ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്… രാമേശ്വരം, പറ്റിയാൽ ധനുഷ്കോടി!” ഗായത്രിയുടെ മറുപടിയിൽ, എൻ്റെയുള്ളിൽ ഒരു വ്യത്യസ്തമായ വൈബ് ‘ഓൺ’ ആയത് ഞാനറിഞ്ഞു! ധനുഷ്കോടി! വെറൈറ്റി ഉണ്ട്! ആദ്യത്തെ യാത്ര പോകാൻ പറ്റിയ സ്ഥലം! എൻ്റെ മനസ്സുണർന്നു.
“എടീ, ഞാൻ റെഡി! പക്ഷെ, വീട്ടിൽ സമ്മതിച്ചാൽ മാത്രം!’ വീട്ടിൽ നിന്നുള്ള സമ്മതം മിക്കവാറും സംശയത്തിൻ്റെ നിഴലിൽ ആവുമല്ലോ എന്ന ചിന്തയോടെ ഞാൻ പറഞ്ഞു. എന്നാൽ എൻ്റെ ആ സംശയത്തെ ദൂരീകരിച്ചുകൊണ്ട് അച്ഛനുമമ്മയും സമ്മതിച്ചു!
അങ്ങനെ ആ ദിവസമെത്തി… നീണ്ടയാത്രയ്ക്കൊടുവിൽ ഞങ്ങൾ രാമേശ്വരത്ത് എത്തിച്ചേർന്നു. ഗോപൻ അങ്കിളിൻ്റെ (ഗായത്രിയുടെ അച്ഛൻ) പ്ലാൻ അനുസരിച്ച് രാമനാഥക്ഷേത്രം, വിഭീക്ഷണൻ്റെ ക്ഷേത്രം (വിഭീക്ഷണൻ്റെ പേരിലുള്ള ഏകക്ഷേത്രം. ലങ്കാധിപതി രാവണനെ വധിച്ച ശേഷം, ഇളയസഹോദരൻ വിഭീക്ഷണനെ ശ്രീരാമൻ പട്ടാഭിഷേകം ചെയ്ത് ലങ്കയുടെ രാജാവായി വാഴിച്ചത് അവിടെ വച്ചെന്ന് ഐതിഹ്യം.) അങ്ങനെ ഓരോന്നായി കണ്ടു. ഏകദേശം രണ്ട് മണിക്കൂർ അവിടെയാകെ ചുറ്റിക്കറങ്ങി ഞങ്ങളുടെ യാത്ര രാമേശ്വരം ബീച്ചിൽ അവസാനിച്ചു.
ഇനി ധനുഷ്കോടി ആണ്. രാമേശ്വരത്ത് നിന്ന് ഒരു 40-45 മിനിറ്റ്സ്. സീതയെ രക്ഷിക്കാൻ ശ്രീരാമൻ്റെ നിർദേശപ്രകാരം, ലങ്കയിലേക്ക് ഹനുമാൻ പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്ന ‘രാമസേതു’ അഥവാ ‘ആഡംസ് ബ്രിഡ്ജ്’ (ഇന്ത്യയുടെ ഏറ്റവും അവസാനത്തെ കരഭാഗം) അവിടെ നിന്നും ആരംഭിക്കുന്നു. ഏകദേശം 25 km ദൂരം, ശ്രീലങ്കയിലേയ്ക്ക്. ധനുഷ്കോടി എത്തിയപ്പോഴേക്കും ഗായത്രിയ്ക്ക് ചെറിയ പനി പോലെ… യാത്രയുടേതാവാം. ആകെയൊരു തളർച്ച. ഒരു മനംപിരട്ടൽ. അതുകൊണ്ട് രാമസേതുവിലൂടെയുള്ള യാത്ര ഞങ്ങൾ വേണ്ടെന്നു വച്ചു.
രാമസേതുവിലൂടെ ഇടയ്ക്കിടെ ഓട്ടോ/ ടാക്സികൾ ആളുകളെ കയറ്റി, പോയും വന്നുകൊണ്ടുമിരിക്കുന്നു. 5 km ദൂരമാണ് പോകാൻ പറ്റുക. അത് കഴിഞ്ഞാൽ ആ ചെറിയ റോഡിൻ്റെ ഇരുവശത്തുനിന്നും വെള്ളം കയറുന്നതിനാൽ യാത്ര പറ്റില്ല. പോലീസിൻ്റെ സ്പെഷ്യൽ ഇൻസ്ട്രക്ഷൻ അനുസരിച്ചുള്ള യാത്ര മാത്രം. രാമസേതുവിന് ഇടത് ബംഗാൾ ഉൾക്കടൽ. വലത് ഇന്ത്യൻ മഹാസമുദ്രം. ഓട്ടോയ്ക്ക് ചാർജ് കൂടുതൽ ആണ്…500 രൂപ! ധനുഷ്കോടിയിലെ ബീച്ചിൽ നിന്നുകൊണ്ട്, പ്രതീക്ഷയറ്റ്, കണ്ണെത്താദൂരത്തേയ്ക്ക് നീണ്ടുകിടക്കുന്ന ആ പാതയിലേയ്ക്ക് ഞാൻ കണ്ണയച്ചു.
പെട്ടെന്നാണ് ഞങ്ങളുടെ തൊട്ടുപിന്നിലായി ഒരു തുറന്നജീപ്പ് വന്നുനിന്നത്. അതിൽ ഡ്രൈവറും മറ്റൊരു യാത്രികനും മാത്രം.
“If anyone interested, please come, U r always welcome!”
ആ യാത്രികൻ വിളിച്ചുപറഞ്ഞു. പലരെയും പല വണ്ടിക്കാരും അങ്ങനെ വിളിക്കുന്നുണ്ട്. എൻ്റെ കണ്ണുകൾ ആ ജീപ്പിൽ തന്നെ തറച്ചുനിന്നു.
“ഒരുപാട് ആഗ്രഹിച്ചു വന്നതല്ലേ, മോൾക്ക് പോണം എന്നുണ്ടോ?” പുറകിൽ നിന്ന് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗീതാന്റിയുടെ (ഗായത്രിയുടെ അമ്മ) ശബ്ദം! ഞാൻ പ്രതീക്ഷയോടെ അതെ എന്നയർത്ഥത്തിൽ പതുക്കെ തലയാട്ടി. ഗീതാന്റി അയാളോട് സംസാരിച്ചു. Fare ഉൾപ്പെടെ. “Fare നെപ്പറ്റി bother ചെയ്യേണ്ട… നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വന്നോളൂ.” അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “പേടിക്കണ്ട, ഞങ്ങൾ ഇവിടെയുണ്ട്. പോയിട്ട് വാ.” ഗീതാന്റിയുടെ വാക്കുകൾ എന്നിൽ സന്തോഷം നിറഞ്ഞുതുളുമ്പിച്ചു.
ഞാൻ ജീപ്പിൻ്റെ പുറകിലെ സീറ്റിൽ ഇരുന്നു. ആ രണ്ടുപേർ… തീർത്തും അപരിചിതർ… അവരെപ്പറ്റിയാണ് ഇനി പറയാനുള്ളത്. ജീപ്പിൻ്റെ ഡ്രൈവർ, ഫൈസി. അവന് ഏകദേശം 25 വയസ്സ് അടുപ്പിച്ച് പ്രായം തോന്നിച്ചു. ഒട്ടുമിക്ക ഭാഷകളും അറിയാം, മലയാളമൊഴിച്ച്! മറ്റെയാൾ, മിലൻ ധവാൻ. ഹരിയാന സ്വദേശി. ബാംഗ്ലൂരിൽ ഇൻഫോസിസിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിന് 40 ന് മുകളിൽ പ്രായമുണ്ടെന്ന് ഞാനൂഹിച്ചു. ഹിന്ദിയും ഇംഗ്ലീഷും അറിയാം. പകുതി ഹിന്ദിയിലും പകുതി ഇംഗ്ലീഷിലുമായി അദ്ദേഹം എന്നോട് സംസാരിച്ചു.
“Are you at first time?” അദ്ദേഹം ചോദിച്ചു. “Yes Sir, this is my very first journey in life!” ഞാൻ തലയാട്ടിക്കൊണ്ട് പറഞ്ഞു. “അരേ ബേട്ടി, that’s really nice! ആദ്യയാത്രയ്ക്ക് ഇതിനേക്കാൾ നല്ലൊരു സ്ഥലം വേറെയില്ല. Your selection is brilliant!” അദ്ദേഹം പറഞ്ഞു. “ഞാനിത് അഞ്ചാം തവണയാണ്. ഇടയ്ക്ക് ജോലിതിരക്കിൽനിന്ന് അവധിയെടുത്ത് ഞാനിവിടെ വരും. ഈ ഫൈസിയുണ്ടല്ലോ, ഇവൻ ഇവിടെ രാമേശ്വരത്താണ്. എൻ്റെ ആദ്യയാത്രയിലാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഇവിടെ വരുമ്പോൾ ഇവനെ വിളിക്കും. എപ്പോൾ വിളിച്ചാലും ഇവനും ഇവൻ്റെ ജീപ്പും റെഡി.” ഫൈസി അതുകേട്ട് ചിരിച്ചു.
വളരെ സന്തോഷത്തോടെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. വീടിനെകുറിച്ച്, ഫാമിലിയെക്കുറിച്ചെല്ലാം വാതോരാതെ… “ഇതാണെൻ്റെ ഫാമിലി.” അദ്ദേഹം ഫോൺ പുറകിലേയ്ക്കായി നീട്ടി…എനിക്ക് കാണത്തക്കവിധം. ഫോണിൻ്റെ സ്ക്രീനിൽ സുന്ദരിയായ ഒരു സ്ത്രീയും കുസൃതികണ്ണുകളോടെ രണ്ടു കുട്ടികളും… “ഇത് മനീഷ. എൻ്റെ പ്രിയപത്നി… മോൾടെ പേര് മൻപ്രീത്… മോൻ, മോഹിത്!” പത്ത് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും നാലോ അഞ്ചോ വയസ്സുള്ള ഒരു കൊച്ചുപയ്യനും നിറഞ്ഞ ചിരിയോടെ സ്‌ക്രീനിൽ. “എന്നെ അവർ ‘ഡാഡു’ എന്നാണ് വിളിക്കുന്നത്.” അദ്ദേഹം പറഞ്ഞു.
3 കിലോമീറ്ററോളം ഞങ്ങൾ പോയി എന്ന് തോന്നുന്നു. അങ്ങേയറ്റം വരെ പോകാതെ പല വണ്ടികളും തിരികെ വരുന്നത് കാണാം. ഞങ്ങൾ കുറേക്കൂടി മുന്നോട്ട് പോയി. ഏറെക്കുറെ അടുത്തെത്തിയെന്ന് ഞാൻ ഊഹിച്ചു. കാരണം, ഇരുഭാഗത്തുനിന്നും വെള്ളം റോഡിലേക്ക് കയറുന്നുണ്ടായിരുന്നു. ചെറിയ തിരകൾ. ഫൈസി അവിടെ വണ്ടി നിർത്തി. ഇനി മുന്നിലേക്ക് പോകാൻ പറ്റില്ല. ഞങ്ങൾ അവിടെ ആ മണ്ണിൽ ഇറങ്ങിനിന്നു. വെള്ളം പാദങ്ങളെ നനച്ചുകൊണ്ട് ഒഴുകിപോകുന്നു. “ഇവിടെ അധികം ആഴമില്ല, കുറച്ചുകൂടി നടന്നാൽ ആഴം കൂടിക്കൂടി വരുന്നത് എക്സ്പീരിയൻസ് ചെയ്യാം!” അദ്ദേഹം പറഞ്ഞു. ആ വീതി കുറഞ്ഞ പാതയുടെ വലത്‌വശം ചേർന്ന് ഞങ്ങൾ കുറച്ച് നടന്നു. വലത്‌ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രമാണ്. അവിടെ വെള്ളത്തിന് നീലനിറമാണ്. ഇടത് ബംഗാൾ ഉൾക്കടൽ. അവിടുത്തെ വെള്ളം നേരിയ പച്ചനിറത്തിൽ തിളങ്ങുന്നു! ” “നേരെ നോക്കൂ, ബേട്ടി… രണ്ടു സമുദ്രങ്ങളും കൂടിച്ചേർന്ന് ഒന്നാകുന്ന ആ പോയിന്റ് കണ്ടോ? അതാണ് മഹാസംഗമസ്ഥാനം!” അദ്ദേഹം പറഞ്ഞുനിർത്തി.
ഞാനാകെ ഉത്സവതിമിർപ്പിലായിരുന്നു. കണ്ണുകളിൽ അതുവരെ കാണാത്ത കാഴ്ചകളുടെ വിസ്മയം! കാതുകളിൽ സമുദ്രങ്ങളുടെ ഇരമ്പം! ഏത് മഹാത്ഭുതത്തിൻ്റെ തൊട്ടുമുൻപിലാണ് ഞാൻ എത്തിച്ചേർന്നതെന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല! “ബേട്ടി, ശ്രദ്ധിച്ചുനോക്ക്.” അദ്ദേഹം ഞങ്ങൾ നടക്കുന്ന പാതയിലേയ്ക്ക് വിരൽചൂണ്ടി. ആ റോഡ് കവിഞ്ഞൊഴുകുന്ന വെള്ളത്തിന് നീലയും പച്ചയും കലർന്ന ഒരു നേർത്ത സിയൻ നിറം!
“Indian ocean is considered as male and Bay of bangal, as female.” നമ്മൾ ഇങ്ങോട്ട് പോരുമ്പോൾ രണ്ട് സൈഡിൽ നിന്നും വീശിയടിച്ചു കൊണ്ടിരുന്ന കാറ്റ് ശ്രദ്ധിച്ചിരുന്നോ? ബംഗാൾ ഉൾക്കടലിനെ അപേക്ഷിച്ച് ഇന്ത്യൻ സമുദ്രത്തിൽ നിന്നുള്ള കാറ്റിന് തണുപ്പ് ഇത്തിരി കുറവാണ്. അതായത്, നമ്മുടെ ലെഫ്റ്റ് സൈഡിൽ തണുപ്പ് കൂടുതലും റൈറ്റ് സൈഡിൽ തണുപ്പിത്തിരി കുറഞ്ഞും അനുഭവപ്പെടുന്നു. Did you feel it? ” അദ്ദേഹം ചോദിച്ചു. ഞാൻ ആ കാറ്റിൻ്റെ തണുപ്പിനെ ഓർത്തെടുക്കാൻ ശ്രമിച്ചു. “തിരിച്ചുപോകുമ്പോൾ ശ്രദ്ധിച്ചോളൂ. U can feel the difference!” അദ്ദേഹം പറഞ്ഞു.
പാന്റ്സിൻ്റെ പോക്കറ്റിൽ നിന്നും മൂന്നുകുപ്പികൾ എടുത്തിട്ട് അദ്ദേഹം അവിടെ ആ മണ്ണിൽ കുനിഞ്ഞിരുന്നു. ഞാനും ഫൈസിയും അദ്ദേഹത്തോടൊപ്പം വെള്ളമൊഴുകിക്കൊണ്ടിരിക്കുന്ന ആ മണ്ണിൽ മുട്ടുകുത്തിയിരുന്നു. ഹോമിയോ മരുന്ന് കിട്ടുന്ന കുപ്പികളെക്കാൾ വലിപ്പമുള്ള കുപ്പികൾ. അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നത്? ഞാൻ അദ്ദേഹത്തെ സാകൂതം നോക്കി. രണ്ടു കുപ്പികളിലായി അദ്ദേഹം രണ്ടു സമുദ്രങ്ങളിലെ വെള്ളം നിറച്ചു. മൂന്നാമത്തേതിൽ റോഡിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളവും. “നോക്കൂ ബേട്ടി, ആദ്യത്തെ കുപ്പിയിലെ വെള്ളം കണ്ടോ?” നീലനിറം. രണ്ടാമത്തെയും മൂന്നാമത്തെയും കുപ്പികളിൽ പച്ച, സിയൻ നിറങ്ങൾ. എൻ്റെ കണ്ണുകളിൽ സന്തോഷതരികൾ!
എഴോ എട്ടോ വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടെ മനസ്സെന്നിൽ പൊടുന്നനെ പ്രവർത്തനക്ഷമമായത് ഞാനറിഞ്ഞു. “ഞാൻ ഓരോ തവണയും വന്നിട്ട് പോകുമ്പോൾ കുപ്പികളിൽ ഇങ്ങനെ നിറയ്ക്കും! വീട്ടിൽ പോകുമ്പോൾ അവർക്ക് കൊടുക്കാനായി! നീല മോഹിതിന്, പച്ച മൻപ്രീതിന്, ഈ സിയൻ നിറമുള്ളത് എനിക്കും മനീഷയ്ക്കും!” അദ്ദേഹം അത് പറഞ്ഞ് പൊട്ടിച്ചിരിച്ചു.
അദ്ദേഹം പതിയെ എഴുന്നേറ്റു. കൂടെ ഞങ്ങളും. കുറച്ച് മുന്നിലേക്ക് നടന്നിട്ട് അദ്ദേഹം ഇന്ത്യൻ മഹാസമുദ്രത്തിന് അഭിമുഖമായി നിന്നു, കണ്ണുകളടച്ച്! “ഇതാണ് പാരഡൈസ്! ഞാൻ ജോലിസംബന്ധമായി പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടെ ബീച്ചിലും ഒക്കെ. എന്നാൽ ഇതുപോലെ മാന്ത്രികതയുള്ള മറ്റൊരു സ്ഥലം വേറെ എവിടെയും കണ്ടിട്ടില്ല!” അദ്ദേഹം പറഞ്ഞു.
ഞാൻ ഫൈസിയെ നോക്കി. ഞങ്ങൾ നിൽക്കുന്നതിൻ്റെ 3-4 അടി പുറകിലായി ബംഗാൾ ഉൾക്കടലിന് നേരെ നോക്കിയാണ് അവൻ നിൽക്കുന്നത്. അവിടെ നിന്നു വീശുന്ന തണുത്തകാറ്റിൽ അവനും എല്ലാം മറന്നുനിൽക്കുകയാണ്!
ഞാൻ ഇത്തിരി മുൻപിലേക്ക് നീങ്ങി. നേരെ മുന്നിൽ, ദൂരെ ആ മഹാസംഗമത്തിന് സാക്ഷിയായി എൻ്റെ വിസ്മയം തുളുമ്പുന്ന കണ്ണുകൾ! അടുത്ത പത്തോ പന്ത്രണ്ടോ മിനിട്ടുകളിൽ ഞങ്ങളുടെ സംസാരം മുറിഞ്ഞു. കാറ്റിൻ്റെയും തിരയടിച്ചു കയറുന്ന വെള്ളത്തിൻ്റെയും ശബ്ദമൊഴിച്ചുനിർത്തിയാൽ മഹാനിശബ്ദത! ആത്മാവ് തൊട്ടറിയുന്ന അവസ്ഥ എന്നൊന്നുണ്ടെങ്കിൽ അത് ആദ്യമായി അനുഭവിച്ചത് ആ നിമിഷമായിരുന്നു എന്ന് ഞാനോർക്കുന്നു… ആ നിമിഷങ്ങളിൽ ഞങ്ങളുടെ ആത്മാക്കളും പരസ്പരം തൊട്ടറിഞ്ഞിരിക്കാം.
സമയം കടന്നുപോയി. അദ്ദേഹംതന്നെ ഞങ്ങളുടെ ഇടയിൽ തളംകെട്ടിനിന്ന ആ മനോഹരനിമിഷങ്ങൾ പകർന്നു തന്ന നിശബ്ദതയെ ഭഞ്ജിച്ചു. “ബേട്ടി, നമുക്ക് തിരികെ പോയാലോ?” ആഗ്രഹമില്ലാഞ്ഞിട്ടും ഞാൻ മെല്ലെ തലയാട്ടി. “ഫൈസി!” അദ്ദേഹം വിളിച്ചു. “Yes Boss, I am ready!” അവൻ മറുപടി പറഞ്ഞു. ഞങ്ങൾ തിരിച്ചുനടന്നു. “നമ്മൾ മൂന്നുപേരും മാത്രം അവിടെ, ആ നിശബ്ദതയിൽ അങ്ങനെ! വല്ലാത്ത അനുഭവം, അല്ലെ?” എൻ്റെ വിസ്മയത്തിരി കെടാതെ ഞാൻ. “നമ്മൾ മാത്രമല്ല, അവിടെ വേറെ രണ്ടുപേർ കൂടി ഉണ്ടായിരുന്നു!” അദ്ദേഹം ചിരിയോടെ പറഞ്ഞു. “വേറെ ആരൊക്കെ?” അതിശയത്തോടെ ഞാനദ്ദേഹത്തെ നോക്കി. “റോഡിലേക്ക് കയറിയ ആ ചെറിയ ഞണ്ടും, പിന്നെ ഒഴുകിവന്ന ആ ആൽഗയും!” അദ്ദേഹം അത് പറഞ്ഞ് പൊട്ടിച്ചിരിച്ചു! ഞാനും ഫൈസിയും ആ ചിരിയിൽ പങ്കുചേർന്നു.
ഒരിക്കലും മായാത്ത അനുഭവങ്ങൾ തന്ന ആ യാത്രയുടെ മടക്കത്തിൽ, ജീപ്പിൽ വച്ച് അദ്ദേഹം ബാഗിൽ നിന്നും വേറെയും മൂന്ന് കുപ്പികൾ കൂടി എടുത്ത് അവയിൽ ഓരോ ജലവും പകർന്നു തന്നു. “ഇത് ബേട്ടിയ്ക്ക്! ആ മഹാനിശബ്ദതയുടെ ഓർമയ്ക്ക്!” അദ്ദേഹം പറഞ്ഞു. ഞാൻ, ഞാൻ അദ്ദേഹത്തിന് എന്താണ് കൊടുക്കുക? ഫൈസിയ്ക്കോ? എൻ്റെ കൈയിൽ ഒന്നുമില്ലല്ലോ!
എൻ്റെ മനസ്സ് വായിച്ചിട്ടെന്നപോലെ അദ്ദേഹം പറഞ്ഞു. “സ്വന്തമായി ഒന്നും തന്നെയില്ല, നമ്മൾ ഒന്നുമല്ല എന്ന തോന്നലാണ് അവിടെ നിന്നും നമുക്ക് കിട്ടുന്നത്! അഹങ്കാരവും, ദേഷ്യവും അസൂയയും വെറുപ്പും വിദ്വേഷവും ഒന്നുമില്ലാത്ത ‘വെറും ഞാൻ’ ആയി നമ്മൾ മാറുന്ന ഇടം! മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മളെ ബോധപൂർവം മാറ്റുന്ന ഇടം! അതാണ് ആ മഹാത്ഭുതം! ഭൂമിയിലെ സ്വർഗം! മനസ്സിനെ ശുദ്ധീകരിച്ചുകൊണ്ട്, ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ട് ഓരോരുത്തരും ജീവിതത്തിൽ ഇവിടെ നിന്നും ഒരു പുതിയ യാത്ര ആരംഭിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്!” അദ്ദേഹം പറഞ്ഞുനിർത്തി. സത്യം!! ഞാൻ അദ്ദേഹത്തെ നോക്കി വെറുതെ മന്ദഹസിച്ചു.
(സമർപ്പണം : ഒരിക്കലും മറക്കാത്ത ആ രണ്ട് ‘അപരിചിതർ’ ക്ക്!)