പൊൻപ്രഭാതം പൊൻപ്രഭ തൂകി,
കിഴക്കേ ചക്രവാളാമ്പരത്തിൽ-
അർക്കനും ചെമ്മേ ഉദിച്ചുയർന്നീടവേ.
കളകളമൊഴുകും ചെറു അരുവിയി-
ലൊരു നീർക്കുമിളയൊരുയിലയിലേറി –
വർണ്ണം വിതറി മന്ദം മന്ദം ഒഴുകി വരവേ,
കാണായ് ഉഷസ്സിൻ വർണ്ണമോടെ പ്രകൃതിയെ-
ധവളിമയേറും നീർക്കുമിളയിൽ തിളക്കമോടേ.
നിമിഷാർദ്ധമാം ജീവിതപ്രയാണത്തിലും –
പ്രകൃതിയെപ്പോലും തന്നിലേക്കാവാഹിക്കും
നീർക്കുമിളതൻ ജീവിതമെത്ര മഹനീയം….
മനുജരാം നമ്മൾ സംവത്സരങ്ങൾ ജീവി-
ച്ചീടുന്നീ ഭൂവിൽ, കണ്ട് പഠിക്കേണം നീർക്കുമിള –
തൻ ജീവിത പാഠം, ഉൾക്കൊള്ളേണം….
കാലമെത്ര ജീവിച്ചിടുമിനിയും ഈ ഭൂവിലെന്ന് –
ചിന്തിച്ചീടരുതൊരിക്കലും, ജീവിച്ച കാല-
മെങ്ങിനെ ജീവിച്ചു എന്നതായിരിക്കണം,
നമ്മുടെ ചിന്തയും ഉൾക്കാഴ്ച്ചയും…….