മേലേ മാനത്തമ്പിളിയിന്ന്
മേഘത്തിൻമറ ചൂടീടുമ്പോൾ
താരഗണത്തിൻ നൊമ്പരങ്ങൾ
ഹൃദിമോഹനമാം ദ്യുതി ചിന്തിടുന്നു.
നീലവിഹായസ്സിൻ നറുപുഷ്പമായ്
പാതിരാപ്പുള്ളുകൾ പാറുമ്പോൾ
ഓലത്തലപ്പുകൾ മാടിവിളിക്കുന്നു
പോരുക മാരുതയീവഴിയേ…
തെയ്യന്നം തക തിത്തിന്നം തക
തിന്താരോ തക തിമിതൃന്തോ…
ഓണത്തിൻ വരവായി പറഞ്ഞു
പാറിനടക്കും പൂത്തുമ്പീ
നറുംസ്നേഹത്തിൻ മധു തൂവി-
ത്തുളുമ്പും കാശിത്തുമ്പയും മുക്കുറ്റീം
കാവതി തന്നുടെ കണ്ണുകൾ
പറ്റാതോടിയൊളിക്കുന്നു കാക്കപ്പൂ…
കൌമാരത്തിൻ നാണവുമായി…
ചോന്നു തുടുത്തൊരു ചെത്തിപ്പൂ
തെയ്യന്നം തക തിത്തിന്നം തക
തിന്താരോ തക തിമൃതിന്തോ…
ഊഞ്ഞാലിൻ മൃദുമർമ്മരമോടെ
മൂവാണ്ടൻ മാവുലയുമ്പോൾ
ദൂരെകാണ്മൂ വാഴക്കച്ചിയിൽ
ഭൂതഗണങ്ങൾ ചോഴിയുമായ്
തീരാജീവിതമോഹവുമായൊരു
മുത്തിയോ നൽകഥ ചൊല്ലൂന്നൂ
കാലനെവെല്ലാൻ കഥകളിലൂടെ
ആടിയും പാടിയും പൊൻമുത്തി
തെയ്യന്നം തക തിത്തിന്നം തക
തെയ്യാരോ തക തിമൃതിന്തോ…
കറ്റമെതിച്ചുകഴിയുമാമുറ്റത്ത്
പായകൾ മെല്ലെ ചുരുളുമ്പോൾ
ഓണപ്പാട്ടുകൾ പാടിവരുന്നാ
കൂട്ടരെ നിങ്ങൾ കണ്ടീലേ
നല്ലൊരു മാബലി വാണൊരു നാട്ടിൻ
നന്മകളെല്ലാം ഓർമ്മിക്കാൻ
ഓണപ്പാട്ടുകൾ പാടീട്ടിന്നു
ഓണസദ്യയതുണ്ടീടാം.
തെയ്യന്നം തക തിത്തിന്നം തക
തിന്താരോ തക തിമൃതിന്തോ…