ആ മഹാക്ഷേത്രത്തിന് ചുറ്റും ആളുകളെക്കൊണ്ട് നിറഞ്ഞു. താളമേളങ്ങളും, താലപ്പൊലിയും എല്ലാം അണിനിരന്നു. പത്ര -മാധ്യമ പ്രവർത്തകർ എല്ലാം അവരവരുടെ സ്ഥാനം ഉറപ്പിച്ചു.
ക്ഷേത്രഭാരവാഹികൾ എല്ലാവരും തിരക്കിട്ട് ഓട്ടത്തിൽ ആണ്.
നിമിഷങ്ങൾക്കകം തന്നെ നിരനിരയായി മന്ത്രിയുടെ വാഹന വ്യൂഹം ക്ഷേത്രമൈതാനിയിൽ എത്തിച്ചേർന്നു.
മന്ത്രിയും, അകമ്പടിക്കാരുമെല്ലാം വാഹനത്തിൽ നിന്നിറങ്ങി.
ക്ഷേത്രം പ്രസിഡന്റ് എല്ലാവർക്കും നിർദ്ദേശം നൽകി.
” ആ മന്ത്രി ഇങ്ങെത്തി… മേളം തുടങ്ങിക്കോ..
മക്കളെ.. നിങ്ങളോട് പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ..
അദ്ദേഹം ഇവിടെ എത്തുമ്പോൾ താലത്തിൽ നിന്ന് പുഷ്പങ്ങൾ എടുത്ത് വിതറണം കേട്ടോ.. ”
തീരുമാനിച്ച പോലെ തന്നെ ഗംഭീര സ്വീകരണം നൽകി മന്ത്രിയെ ക്ഷേത്രത്തിൻ്റെ അകത്ത് എത്തിച്ചു.
പിന്നാലെ അവിടെ കൂടി നിന്ന ജനങ്ങളും അകത്തേക്ക് കയറി.
ഇതെല്ലാം കണ്ടു കൊണ്ട് നിർവികാരനായി ഒരു മനുഷ്യൻ അവിടെ മാറി നിൽപ്പുണ്ടായിരുന്നു.
” കാവി മുത്തച്ഛൻ എന്ന് എല്ലാവരും വിളിക്കുന്ന രാമു ആശാൻ ആയിരുന്നു ആ മനുഷ്യൻ ”
മുഷിഞ്ഞ വേഷം.. നീട്ടി വളർത്തിയ താടിയും, മുടിയും ആകെ ജട പിടിച്ചു.. മെലിഞ്ഞ ശരീരം.. യാത്ര ക്ഷീണം കൂടി ആയപ്പോൾ ആകെ അവശ രൂപം.
പെട്ടെന്ന് അവിടേക്ക് ഒരു കമ്മിറ്റിക്കാരൻ വന്നു പറഞ്ഞു.
” ഹേയ്.. നിങ്ങൾ ഇവിടെ നിന്ന് മാറി നിൽക്കു. മുഹൂർത്തം ഇപ്പോൾ ആകും. ഇവിടെ ആണ് വെടിക്കെട്ട്.. വേഗം മാറു..”
രാമുവാശാൻ മെല്ലെ എഴുന്നേറ്റ് ക്ഷേത്രത്തിൻ്റെ അരികിലേക്ക് നടന്നു.
അത് കണ്ട കമ്മിറ്റിക്കാരൻ വേഗം അദ്ദേഹത്തെ വിളിച്ചു.
” എടോ.. താൻ ഇത് എങ്ങോട്ടാ… അവിടെ ഇന്ന് നല്ലൊരു കാര്യം നടക്കേണ്.. തൻ്റെ കോലം ഇതെന്താ.. ഇതൊരു ക്ഷേത്രം ആണെന്ന് അറിഞ്ഞൂടെ.. വൃത്തി ഇല്ലാത്ത മനുഷ്യൻ ”
ആ കമ്മിറ്റിക്കാരൻ്റെ സംസാരം കേട്ട രാമുവാശാൻ ഉള്ളിൽ ഒന്നു ചിരിച്ചു. എന്നിട്ട് ആളൊഴിഞ്ഞ ഒരു സ്ഥലത്തു പോയിരുന്നു.
അപ്പോൾ ക്ഷേത്രത്തിൻ്റെ അകത്തു നിന്ന് മണിയടി ശബ്ദവും, വായ്ക്കുരവയും ഉയർന്നു..
അതോടൊപ്പം വർണാഭമായ വെടിക്കെട്ടും..
കുറച്ചു കഴിഞ്ഞു ഒരു അനൗൺസ് കേട്ടു..
” നമ്മുടെ നാടിൻ്റെ ഐശ്വര്യമായ ദേവിയുടെ പ്രതിഷ്‌ഠാ ചടങ്ങുകൾ ബഹുമാനപ്പെട്ട മന്ത്രിയുടെ
മഹനീയ സാനിധ്യത്തിൽ ക്ഷേത്രം തന്ത്രി നിർവഹിച്ചു കഴിഞ്ഞു.തുടർന്ന് നടക്കുന്ന അന്നദാനത്തിൽ എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. ”
എല്ലാം കേട്ടിരുന്ന കാവിമുത്തച്ഛൻ ഒന്ന് കൈകൂപ്പി മെല്ലെ വിളിച്ചു.
” എൻ്റെ ദേവി.. ”
അപ്പോൾ ഒരു ചെറു കാറ്റ് അദ്ദേഹത്തെ തഴുകി കടന്നു പോയി.
പേര് കേട്ട ക്ഷേത്ര കലാകാരൻമാരുടെ നാടായ ഒരു ഗ്രാമത്തിൽ ആയിരുന്നു രാമു ആശാൻ്റെ കുടിൽ.
മാതാപിതാക്കൾ ആരെന്നറിയാത്ത ഒരു അനാഥ ജന്മം ആയിരുന്നു രാമുവിന്റേത്.
ചെറുപ്പം മുതൽ തന്നെ ആ നാട്ടിലെ ക്ഷേത്രത്തിലെ കാര്യങ്ങൾ ഒക്കെ നോക്കി അവിടെ നിന്ന് കിട്ടുന്ന ഭക്ഷണവും കഴിച്ച് എവിടെ എങ്കിലും അന്തിയുറങ്ങും.
എല്ലാവർക്കും വളരെ ഇഷ്ടം ആയിരുന്നു ആ പയ്യനെ.
അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിൽ വന്ന ഒരു സന്യാസി ശ്രേഷ്ഠൻ ആണ് രാമുവിനെ ക്ഷേത്ര ശില്പങ്ങൾ ഉണ്ടാക്കുന്ന ഒരു ഗുരുവിൻ്റെ അടുക്കൽ എത്തിച്ചത്.
അന്ന് മുതൽ തന്നെ രാമു ഗുരുവിൻ്റെ അരുമ ശിഷ്യൻ ആയി മാറി.
നാളുകൾ കഴിഞ്ഞു.രാമു ഒരു യുവാവായി.
ഒരിക്കൽ ഗുരു രാമുവിനോട് പറഞ്ഞു.
” രാമു.. നീ ഇപ്പോൾ ശില്പ കലയിൽ എന്നേക്കാൾ കേമനായി മാറിക്കഴിഞ്ഞു. ഇനി നിനക്ക് ഒരു കുടുംബം വേണം. നീ ഒരു വിവാഹം കഴിക്കണം ”
” അയ്യോ.. അത് വേണ്ട ഗുരോ… ഞാൻ ഒരു അനാഥൻ ആണ്.. എനിക്ക് ഒരു പെണ്ണൊന്നും കിട്ടില്ല. ”
” അതൊന്നും നീ അറിയണ്ട.. നിനക്ക് ഒരു പെണ്ണിനെ ഞാൻ കണ്ടെത്തി തരും..
അതിന് മുൻപ്.. നിനക്കൊരു ചെറിയ വീട് വേണം.. ”
” വേണ്ട ഗുരോ.. എനിക്കെന്തിനാ വീട്.. ഈ നാട് തന്നെ എൻ്റെ വീട് അല്ലെ. ”
” ഇത് വരെ വേല ചെയ്ത കൂലി ഒന്നും നീ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. വല്ലപ്പോഴും ഞാൻ എന്തെങ്കിലും തന്നാൽ തന്നെ നീ അത് മറ്റുള്ളവർക്ക് കൊടുക്കും. അത് കൊണ്ട് ഞാൻ തന്നെ ആ പണം എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതെടുത്ത് ഒരു ചെറിയ വീട് വാങ്ങാം.. ”
അങ്ങനെ അമ്പലത്തിനോട് ചേർന്നു തന്നെ ഒരു ചെറിയ വീടും വാങ്ങി.. രാമു ഒരു വിവാഹവും കഴിച്ചു.
കാണാൻ സുന്ദരി ആയിരുന്നു രാമുവിൻ്റെ ഭാര്യ.
കല്യാണം കഴിഞ്ഞിട്ടും ഏതെങ്കിലും ശില്പത്തിൻ്റെ പണി തുടങ്ങിക്കഴിഞ്ഞാൽ അത് പൂർത്തിയാകാതെ രാമു വീട്ടിലേക്ക് പോകില്ല.
അതൊരു ശില്പം ആയി മാറും വരെ കഠിന വ്രതത്തോടെ രാമു ശില്പ ശാലയിൽ തന്നെ തുടരും.
ആദ്യമൊക്കെ ഭാര്യക്ക് ഭയങ്കര സങ്കടവും, പരാതിയും ആയിരുന്നു.
” ചേട്ടാ.. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസം അല്ലെ ആയുള്ളൂ.. അപ്പോൾ തന്നെ എന്നെ ഇങ്ങനെ തനിച്ചാക്കിയിട്ട് പോകേണ്ട കാര്യം ഉണ്ടോ..”
” ഇത് നമ്മുടെ തൊഴിൽ മാത്രം അല്ല. നമ്മൾ ഒരു ദൈവീക സൃഷ്ടിയെ ജനിപ്പിക്കുക കൂടി ആണ്. അതിൻ്റെ മഹത്വം നീ മനസിലാക്കണം. ”
” എന്നാലും എനിക്ക് ഇവിടെ ഇങ്ങനെ തനിച്ച് വയ്യ ചേട്ടാ.. ”
” നീ തനിച്ചല്ലല്ലോ.. കൂട്ട് കിടക്കാൻ ശാന്തേച്ചി വരുമല്ലോ.. ”
പിന്നെ ഇതൊരു പതിവായപ്പോൾ രാമുവിൻ്റെ ഭാര്യ ക്ക് പരാതി യും കുറഞ്ഞു വന്നു.
ഇതിനോടകം തന്നെ രാമുവിൻ്റെ കഴിവ് വളരെ പ്രസിദ്ധമായി കഴിഞ്ഞു.
ഒന്ന് രണ്ടു വർഷങ്ങൾ കൂടി കടന്നു പോയി.
ഗുരു നാഥൻ മരിച്ചു പോയി.
പിന്നീട് ആ ശില്പ ശാലയുടെ എല്ലാ ഉത്തരവാദിത്തവും രാമുവിനായി.അങ്ങനെ രാമു… രാമു ആശാൻ ആയി.
പണിതിരക്ക് മൂലം വീട്ടിലേക്ക് പോകാൻ തന്നെ കഴിയാതായി.. എന്നാലും കിട്ടുന്ന കാശ് മുഴുവനും ഭാര്യക്ക് എത്തിച്ചു കൊടുക്കും.
ഒരു ദിവസം ഒരു സുഹൃത്ത് രാമു ആശാനോട് പറഞ്ഞു.
” ആശാനേ…. ആശാൻ ഇങ്ങനെ വീട്ടിൽ പോകാതിരിക്കുന്നത് ശരിയല്ലട്ടോ.. ”
” ഞാൻ വീട്ടിൽ താമസിക്കുന്നില്ലെന്ന് മാത്രം ഉള്ളൂ.. കാശൊക്കെ അവളുടെ കയ്യിൽ കൊടുക്കുന്നുണ്ട് ”
” ഞാൻ പറഞ്ഞെന്നേയുള്ളൂ.. ആശാൻ്റെ ഭാര്യയെ കുറിച്ച് ആളുകൾ ഓരോന്നൊക്കെ പറയുന്നുണ്ട് ”
” ഇല്ലടാ.. അവൾ ഒരു പാവം ആണ്. ഒരു പരാതിയും ഇല്ലാത്ത പാവം ”
പക്ഷേ.. തൊട്ടടുത്ത ദിവസം തന്നെ അത് സംഭവിച്ചു.
” രാമു ആശാൻ്റെ ഭാര്യ വീടിനടുത്തുള്ള ഒരാളുമായി ഒളിച്ചോടി..”
അവരുടെ അത് വരെ ഉള്ള എല്ലാ സമ്പാദ്യവുമായി..
ഈ വാർത്ത അറിഞ്ഞ ആശാൻ.. ഏറെ നേരം നിശ്ചലം നിന്നു..
പിന്നെ..ഒന്ന് വിറച്ചു. കയ്യിൽ ഇരുന്ന പണി ആയുധം താഴെ വീണു..
അതോടെ.. അന്ന് അവസാനിപ്പിച്ച ആ തൊഴിൽ… വീണ്ടും ചെയ്തത് ഇപ്പോൾ ആണ്..
നീണ്ട ഒരുപാട് വർഷങ്ങൾക്ക് ശേഷം..
“എൻ്റെ ചിന്നുമോൾക്ക് വേണ്ടി ഈ ദേവി…”
അതെ.. കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി.. തൻ്റെ ഈ കൈകൊണ്ട്… ഈ മുഷിഞ്ഞ ശരീരത്തിനൊപ്പം… താൻ സൃഷ്‌ടിച്ച ദേവി വിഗ്രഹം…
അതിൻ്റെ പ്രതിഷ്ഠ ആണ് ഇപ്പോൾ ഇവിടെ നടന്നത്..
തന്നെ ആരും ക്ഷണിച്ചില്ല.. എങ്ങനെ ക്ഷണിക്കാൻ ആണ്..
അവർക്ക് താൻ ആ ശില്പം ചെയ്യാമെന്ന് ഏറ്റപ്പോൾ സന്തോഷം ആയതാണ്..
പക്ഷേ.. താൻ കണക്ക് പറഞ്ഞു കാശ് വാങ്ങിയല്ലോ…
രണ്ടു ലക്ഷം രൂപ…
എൻ്റെ ചിന്നുവിൻ്റെ കാഴ്ച ഇപ്പോൾ കിട്ടി കാണുമോ…
ചിന്നു..
രാമു ആശാൻ്റെ നാട്ടിലെ വരസ്യാരുടെ മകൾ.
അമ്മ മാല അമ്പലത്തിൽ കെട്ടുമ്പോൾ ജന്മനാ കാഴ്ച ഇല്ലാത്ത ചിന്നു അമ്മയെ സഹായിക്കുന്ന എല്ലാവർക്കും ഒരു വേദന ആണ്.
ആരോരുമില്ലാത്ത കാവിമുത്തച്ഛനെ അവൾക്ക് വലിയ ഇഷ്ടം ആണ്.
ഒരു ദിവസം ആ നാട്ടിൽ നടന്ന ഒരു നേത്ര ചികിത്സ ക്യാമ്പിൽ വച്ച് ഡോക്ടർമാർ പറഞ്ഞു..
” ചിന്നുവിൻ്റെ കാഴ്ച തിരിച്ചു കിട്ടും. ഒരു ഓപ്പറേഷൻ നടത്തിയാൽ മതി. അതിന് രണ്ടു ലക്ഷം രൂപ വേണം ”
അച്ഛനില്ലാത്ത കുട്ടിയാണ് ചിന്നു. രണ്ടു ലക്ഷം രൂപ എവിടെ കിട്ടാൻ.. അമ്മയുടെ സങ്കടം കണ്ട ചിന്നു അമ്മയെ സമാധാനിപ്പിക്കും..
ഒരു ദിവസം അവൾ മുത്തച്ഛനോട് ചോദിച്ചു..
” മുത്തച്ഛ… എനിക്ക് ഒരു രണ്ടു ലക്ഷം രൂപ തരുമോ.. എനിക്ക് കാഴ്ച കിട്ടാൻ ആണ്.. എനിക്ക് എൻ്റെ അമ്മയെയും, ഇവിടുത്തെ ദേവിയെയും, മുത്തച്ഛനെയും ഒക്കെ കാണാൻ കൊതിയാകുന്നു.. ”
അവളുടെ ആ ചോദ്യം മുത്തച്ഛനെ വല്ലാതെ ഉലച്ചു കളഞ്ഞു..
ആ സമയത്തു തന്നെ ആണ് ഈ ക്ഷേത്രം ഭാരവാഹികൾ തന്നെ തിരക്കി വന്നത്..
അങ്ങനെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു വിഗ്രഹം… ഇപ്പോൾ പ്രതിഷ്ഠ നടന്ന ഈ ദേവിയുടെ..
ഇന്ന് ചിന്നുവിൻ്റെ ഓപ്പറേഷൻ ആണ്..
ഇവിടേക്കു വരണം എന്ന് കരുതിയതല്ല.
ചിന്നു ആണ് പറഞ്ഞു വിട്ടത്.. ഈ ദേവി വിഗ്രഹം പണി കഴിയും വരെ എൻ്റെ ഒരു സഹായി ആയി അവളും കൂടെ നിന്നു.
പതിയെ പതിയെ അവൾ ഈ വിഗ്രഹത്തിൻ്റെ കൂട്ടുകാരി ആവുകയായിരുന്നു.
ചിലപ്പോൾ ഒക്കെ അവൾ ഒറ്റക്കിരുന്നു സംസാരിക്കുന്നത് കേൾക്കാം..ഓപ്പറേഷൻ നിശ്ചയിച്ച ദിവസം തന്നെ ആണ് പ്രതിഷ്ഠ എന്നറിഞ്ഞപ്പോൾ അവൾ പറഞ്ഞു..
” മുത്തച്ഛൻ പ്രതിഷ്ഠക്ക് പോകണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എൻ്റെ കാഴ്ച കിട്ടിയിട്ട് നമുക്ക് ഒന്നിച്ചു അവിടെ പോകാൻ ഉള്ളത് ആണ്.. ”
അങ്ങനെ ആണ് ഇവിടെ എത്തിയത്..
ഭക്ഷണം കഴിക്കുന്നവരുടെ തിരക്ക് ഒഴിഞ്ഞെങ്കിൽ എന്തെങ്കിലും കഴിക്കാം എന്ന് കരുതി മുത്തച്ഛൻ എണീറ്റു.
അപ്പോൾ ഭക്ഷണശാലയിൽ ആരുമില്ലായിരുന്നു.
പ്രതിഷ്ഠ കഴിഞ്ഞുള്ള പൂജക്ക് സമയം ആയി. പൂജ കഴിഞ്ഞു നട അടക്കും. എല്ലാവരും അവിടെ ആണ്.
മുത്തച്ഛൻ അവിടെ കണ്ട ഒരു കസേരയിൽ തളർന്നിരുന്നു.
അപ്പോൾ സുന്ദരിയായ ഒരു പെൺകുട്ടി അവിടേക്ക് വന്നു.
ആരും കൊതിക്കുന്ന ഓമനത്തം ഉള്ള ഒരു കുട്ടി.
അവൾ മുത്തച്ഛനോട് ചോദിച്ചു..
” മുത്തച്ഛന് വിശക്കുന്നുണ്ടോ.. ഞാൻ ഭക്ഷണം വിളമ്പി തരാം. എല്ലാവരും അകത്ത് ആണ്..”
അദ്ദേഹം എന്തെങ്കിലും പറയും മുൻപേ ആ കുട്ടി ഒരു ഇലയിൽ എല്ലാ ഭക്ഷണവും വിളമ്പി മുത്തച്ഛൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് വന്ന് അവിടെ ഇരുത്തി..
ആ കുട്ടി സ്പർശിച്ചപ്പോൾ മുത്തച്ഛൻ ഓർത്തു..
” ഈ തണുപ്പ്… ഇത്.. എന്തോ ഒരു വല്ലാത്ത ബന്ധം.. അടുപ്പം… ”
” കഴിക്കു മുത്തച്ഛ വേഗം.. ഞാൻ ഒന്ന് അകത്തേക്ക് ചെല്ലട്ടെ.. ഇപ്പോൾ പൂജ തുടങ്ങും.. ”
അതും പറഞ്ഞ് ചിരിച്ചുകൊണ്ടവൾ അകത്തേക്ക് ഓടി പോയി..
ഭക്ഷണം കഴിഞ്ഞു അവിടെ ഇരുന്ന മുത്തച്ഛൻ ക്ഷീണം കൊണ്ട് പെട്ടെന്ന് ഒന്ന് മയങ്ങിപോയി.
ആ മയക്കത്തിൽ അദ്ദേഹത്തിൻ്റെ അടുത്ത് നേരത്തെ വന്ന ആ കുട്ടി വീണ്ടും വന്നു..
” മുത്തച്ഛ.. നമ്മുടെ ചിന്നൂൻ്റെ കാഴ്ച ഇപ്പോൾ കിട്ടീട്ടോ.. മുത്തച്ഛൻ അവളേം കൂട്ടി എൻ്റെ അടുത്ത് വരണം കേട്ടോ. ഞാൻ കാത്തിരിക്കും.. ”
ഞെട്ടി കണ്ണ് തുറന്ന അദ്ദേഹം അപ്പോൾ കേട്ടത് ക്ഷേത്രത്തിൽ നിന്നുള്ള കൂട്ടമണി ആയിരുന്നു…