മുറ്റത്തെ തെങ്ങിൽ നിന്നും,
ഒരു പഴുത്തോല
മരണ രോദനം പാടി :
“കിലികിലി ഡും ”
ഒറ്റക്കാലൻ പന്തലിൽ
കണ്ണുംനട്ടമ്മൂമ്മ പാടി :
“അമ്മ കല്ലിലും, മുള്ളിലും,
മക്കൾ കല്ല്യാണ പന്തലിൽ ! ”
പിടഞ്ഞമർന്ന പഴുത്തോലയ്ക്ക്നേരെ –
വിരൽചൂണ്ടിയമ്മൂമ്മ :
“ആ , ഓല വലിച്ചോണ്ടുവ ”
കുശവൻ്റെ കയ്യിലെ
കളിമണ്ണു പോൽ
വെട്ടിഎടുത്ത മടനിനാൽ,
കാളവണ്ടി തീർത്തു കൊണ്ട്
പിന്നെയുമമ്മൂമ്മ :
” പൗത്തോല പോലൊരുനാൾ ഞാനും,
ജീവിത തെങ്ങിൽ നിന്നും :
കിലികിലി ഡും !
പിന്നെ ഞാൻ
നിങ്ങൾ വലിച്ചു കളിക്കുന്ന
മടൽകാളവണ്ടി മാത്രം’
– എ. ബെണ്ടിച്ചാൽ