കൊല്ലത്തെ പ്രമുഖ വ്യാപാരി ആയിരുന്നു ധനാഢ്യനായ കറിയാച്ചൻ. ടൗണിലെ ഹൃദയഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന കറിയാച്ചൻ്റെ ഭവനം ‘മാളിക വീട്’ ‘നക്ഷത്രബംഗ്ലാവ്’ ‘ വൈറ്റ് ഹൗസ് ‘ എന്നീ പേരുകളിലൊക്കെയാണ് അന്നുകാലത്ത് അറിയപ്പെട്ടിരുന്നത്. 1940കളിലെ ഒരു അത്ഭുത കാഴ്ചയായിരുന്നു ആ വീട്. രണ്ട് ഏക്കർ സ്ഥലത്ത് തലയെടുപ്പോടെ നിൽക്കുന്ന ബംഗ്ലാവിനു ചുറ്റും ഔട്ട് ഹൌസുകളും പത്തായപ്പുരകളും ഉരപ്പുരകളും നെല്ലുകുത്തുപുരകളും നീന്തൽ കുളവും ഒക്കെ ഉണ്ടായിരുന്നു. മൂന്നോ നാലോ കാറുകൾ ഒന്നിച്ച് പാർക്ക് ചെയ്യാൻ ഉള്ള പാർക്കിംഗ് ഷെഡുകൾ. കാറുകൾ തന്നെ അപൂർവ്വമായിരുന്ന കാലമായിരുന്നു അതെന്ന് ഓർക്കണം. ’ഷവർലെയും’ ‘ഇമ്പാലയും’ അടങ്ങുന്ന വിദേശികൾ ആയിരുന്നു എല്ലാം. അവിടെ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി, കുക്ക്, കുട്ടികളെ നോക്കുന്ന ആയമാർ, ട്യൂഷൻ ടീച്ചർമാർ, ഡ്രൈവർമാർ.. ..അങ്ങനെ എല്ലാവരും അവിടെ ഔട്ട് ഹൗസിൽ തന്നെയായിരുന്നു താമസം. സമൂഹത്തിലെ ഉന്നത വ്യക്തികളും സമ്പന്നരും ഒക്കെ അവിടെ വന്നു പോകുന്നത് കാണാറുണ്ടെങ്കിലും ഇവരോട് മിണ്ടാൻ പോലും ആർക്കും ധൈര്യമില്ലായിരുന്നു. കറിയാച്ചൻ മുതലാളിയും കുടുബാംഗങ്ങളും ബന്ധുക്കളും മാത്രമാണ് ആ വീട്ടിലെ പ്രധാന ഗേറ്റ് വഴി പുറത്തിറങ്ങുക. ബാക്കിയുള്ള സ്റ്റാഫിന് സഞ്ചരിക്കാൻ പ്രത്യേകം വഴിയും ഗേറ്റും ആയിരുന്നു. കുട്ടികൾ സ്കൂളിൽ പോയിരുന്നത് ആയമാർ അടക്കം ആയിരിക്കും.ഏറ്റവും താഴ്ന്ന ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ ക്ലാസിലെ ഏറ്റവും പുറകിലത്തെ ബെഞ്ചിൽ ആയ ഇരുന്നുറങ്ങുന്നുണ്ടാകും. ഉച്ചസമയത്ത് ഡ്രൈവർ ബംഗ്ലാവിൽ നിന്ന് എത്തിക്കുന്ന ഭക്ഷണം ഈ കുട്ടികൾക്ക് വിളമ്പുന്ന ജോലി മാത്രമാണ് ആയയ്ക്ക് ഉണ്ടായിരുന്നത്.
1940 കളിൽ നിന്ന് 2021 എത്തിയപ്പോൾ ആ ബംഗ്ലാവിൻ്റെ അവസ്ഥ എന്താണെന്ന് അറിയാമോ?
ഈ ബംഗ്ലാവിൻ്റെ നേരെ മുമ്പിലെ ഒരു കൊച്ചു വീട്ടിൽ ആയിരുന്നു ജോമോൻറെ താമസം. കഷ്ടപ്പെട്ട് പഠിച്ച് ഗൾഫിൽ ഒരു ജോലി നേടി പത്തിരുപത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി കൊച്ചുവീട് ഒന്നുകൂടി പുതുക്കി ഇരുനില വീട് ആക്കി താമസിക്കുകയായിരുന്നു ജോമോൻ. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 50 ലക്ഷം രൂപ വരെ സബ്സിഡിയോടെ വായ്പ ലഭിക്കും എന്ന് കേട്ട് എന്ത് സംരംഭമാണ് തുടങ്ങേണ്ടത് എന്നോർത്ത് തല പുകയ്ക്കുകയായിരുന്നു അദ്ദേഹം.
ജോമോൻറെ കൗമാര മനസ്സിലെ ഒരു കൗതുക കാഴ്ചയായിരുന്നു ഈ നക്ഷത്രബംഗ്ലാവ്. അവിടേക്ക് ഒഴുകി വന്നിരുന്ന കാറുകളും വെള്ള പെയിൻറ് അടിച്ച ബംഗ്ലാവ് അവരുടെ തന്നെ കുടുംബാംഗങ്ങളുടെ വിവാഹ ആഘോഷങ്ങൾക്ക് അനുബന്ധമായി വൈദ്യുത ദീപാലങ്കാരത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നതും ഒക്കെ ഒരു തെളിഞ്ഞ ഓർമ്മയായി ഇന്നും ജോമോൻ്റെ മനസ്സിലുണ്ട്. ഇപ്പോൾ ഈ ബംഗ്ലാവിൽ ആരും താമസമില്ല. പഴയ പ്രൗഢി ഒക്കെ അതുപോലെതന്നെ ഉണ്ടെങ്കിലും രാത്രി 7 മണി ആകുന്നതോടെ ഒരു ജാഥയ്ക്ക് ഉള്ള ആൾക്കാർ അങ്ങോട്ട് മെയിൻ ഗേറ്റ് വഴി കയറി പോകുന്നത് കാണാം ദിവസവും. നേരം വെളുക്കുന്നതോടെ എല്ലാവരും സ്ഥലം വിടുകയും ചെയ്യും. എന്താണ് ഇവിടെ നടക്കുന്നത് എന്നറിയാൻ ജോമോന് കൗതുകം തോന്നി. ആ ബംഗ്ലാവിൽ ഇപ്പോൾ ഒരു സെക്യൂരിറ്റി മാത്രമാണ് താമസം. അദ്ദേഹത്തെ കണ്ട് കുശലം ഒക്കെ പറഞ്ഞു. ഈ ബംഗ്ലാവിലെ പെൺമക്കളൊക്കെ വിവാഹം കഴിഞ്ഞ് ഇപ്പോൾ വിദേശത്താണ്. ആൺ മക്കളിൽ ഒരാൾ ബാംഗ്ലൂരും മറ്റൊരാൾ വിദേശത്തും. അവർക്ക് ആർക്കും നാട്ടിൽ വരുന്നത് പോലും ഇഷ്ടമല്ല. തൊണ്ണൂറുകളോടെ കറി യാച്ചനും ഭാര്യയും ഒക്കെ മരിച്ചു. അതുവരെ മക്കളുടെ വരവും പോക്കും ഒക്കെ ഉണ്ടായിരുന്നു. വീട് 2 ആൺമക്കൾ കൂടി ഒരുമിച്ച് എല്ലാം പൂട്ടി താക്കോൽ അവരുടെ കൈവശമാണ്. ഔട്ട് ഓഫീസിലെ ഒരു വീട്ടിൽ ഈ സെക്യൂരിറ്റി താമസിക്കുന്നു. ഈ വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഇത് വാങ്ങിക്കാൻ കപ്പാസിറ്റി ഉള്ളവർ ആ നാട്ടിൽ ഇല്ല എന്നതാണ് വാസ്തവം. പലരും റിസോർട്ട് ആക്കാനും ഹോട്ടൽ ആക്കാനും ഒക്കെ നോക്കുന്നുണ്ട്. പക്ഷേ ഇതുവരെ ഒന്നും നടന്നിട്ടില്ല.
അങ്ങനേയിരുന്നപ്പോഴാണ് സെക്യൂരിറ്റിയുടെ തലയിൽ ഒരു ഐഡിയ മിന്നിയത്. ഇപ്പോൾ പഴയപോലെ കടത്തിണ്ണകളിലും ചന്തയിലും ബസ്‌സ്റ്റാന്റിലും ഒന്നും ആരെയും കിടന്നുറങ്ങാൻ അനുവദിക്കില്ല പോലീസ്. ഉടനെ തന്നെ പിടിച്ചു കൊണ്ടുപോകും. ദൂരദേശത്തുനിന്നും വന്ന് ഫുട്പാത്തിൽ ചില്ലറ കച്ചവടം ചെയ്ത് ജീവിക്കുന്നവർ തുണി, ചെരിപ്പ്, ബാഗ്, ടെറാക്കോട്ട ചട്ടികൾ അങ്ങനെ അങ്ങനെ ……….. സമൂഹത്തിൻ്റെ ഏറ്റവും താഴെ തട്ടിൽ നിൽക്കുന്നവർ, അവർക്ക് ഒരു ലോഡ്ജിൽ മുറി എടുക്കാനുള്ള പങ്ങൊന്നും കാണില്ല. സാധനങ്ങൾ മുഴുവൻ വിറ്റു തീരാതെ അവരുടെ സ്വന്തം നാട്ടിൽ പോയിട്ടും കാര്യമില്ല. അവരെ ചെന്ന് കണ്ട് ക്യാൻവാസ് ചെയ്യും ഈ സെക്യൂരിറ്റി. അവരാണ് ഈ രാത്രികളിൽ ജാഥയായി വരുന്നത്. ഔട്ട് ഹൗസ്കളിലും വരാന്തകളിലും കുറെ പായും തലയണയും വാങ്ങി വച്ചിട്ടുണ്ട്. ഒരു പായും തലയണയും വിരിക്കാൻ സ്ഥലം കൊടുക്കുന്നതിന് ഒരാളുടെ പക്കൽ നിന്ന് 50 രൂപ വാങ്ങും. എങ്ങനെയുണ്ട് നമ്മുടെ സെക്യൂരിറ്റി ചേട്ടൻറെ ബുദ്ധി? രാവിലെ കുളിക്കാനും നനയ്ക്കാനും നീന്തി തുടിക്കാനും എല്ലാം ഉള്ള സൗകര്യം അവിടെയുണ്ട്. ഇതിൽ കൂടുതൽ എന്ത് വേണം? മുന്തിയ ഹോട്ടലിൽ മുറിയെടുത്താൽ പോലും നീന്തൽ കുളത്തിൽ നീന്താനുമൊന്നും പറ്റില്ല. ഒരു ദിവസം 60 പേരുണ്ടെങ്കിൽ രാത്രി 3000 രൂപ സെക്യൂരിറ്റിയുടെ കയ്യിൽ ഇരിക്കും. ഒരു മാസം ആകുമ്പോൾ ഒരു ലക്ഷത്തിൽ താഴെ വരുമാനം. ഇതിൽ കൂടുതൽ ലാഭമുള്ള ബിസിനസ് മറ്റേതുണ്ട്?
ഈ വിവരങ്ങളൊക്കെ അറിഞ്ഞ നാട്ടുകാരിൽ പലരും കഷ്ടപ്പെട്ട് കമ്പ്യൂട്ടർ ഒക്കെ പഠിച്ച് ഇ-മെയിലായി ഇവിടെ നടക്കുന്ന ലീലാവിലാസങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് വിദേശത്തും ബാംഗ്ലൂരും ഉള്ള ആൺമക്കളെ അറിയിച്ചെങ്കിലും അവരൊന്നും അത് വേണ്ടത്ര ഗൗനിച്ചില്ല. “അത് സാരമില്ല, അവിടെ ഒരു ആളനക്കം ഉണ്ടാകുമല്ലോ, പിന്നെ അവിടെ ആ സെക്യൂരിറ്റിക്ക് തനിച്ചു കിടക്കാൻ ഭയം വേണ്ടല്ലോ എന്നാണ്” അവർ പറഞ്ഞത്.
ദുബായിൽ പോയി എല്ലു വെള്ളമാക്കി പണിയെടുത്ത് കാശുണ്ടാക്കിയ തനിക്ക് ഈ ബുദ്ധി തോന്നിയില്ലല്ലോ എന്ന് ഓർത്തു ജോമോന് സങ്കടം തോന്നി.സ്റ്റാർട്ട്അപ്പ് ബിസിനസുകാർ ഒക്കെ കണ്ടു പഠിക്കട്ടെ നമ്മുടെ സെക്യൂരിറ്റി ചേട്ടൻറെ ഈ പുതിയ സംരംഭം. സ്റ്റാർട്ട് അപ്പ് കൾക്കായി തൃശൂർ മാനേജ്മെന്റ് അസ്സോസിയഷൻ (TMA) സ്പോൺസർ ചെയ്യുന്ന ഇത്തവണത്തെ അവാർഡ് നമ്മുടെ സെക്യൂരിറ്റി ചേട്ടൻ അടിച്ചെടുക്കുമോ? കാത്തിരുന്നു കാണാം.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.