മതവെറിക്കൂത്തുകളറ്റിടേണം
മതിലുകൾ പാടേ തകർത്തിടേണം
മനസ്സിലെ തിന്മയേ പോക്കിടേണം
മരുവതിൽ വാഴണം മർത്യനായീ
അപരാധ വാക്കുകൾ ചൊല്ലിടല്ലേ
അപരൻ്റെ മൂർത്തിയെ തീണ്ടിടല്ലേ
അമരത്തു വാഴുന്ന കേമരെല്ലാം
അണികൾക്കു ശാന്തി പകർന്നിടേണം
എരിതീയിൽ എണ്ണ ചൊരിഞ്ഞിടല്ലേ
എരിവോടെ ഘോഷം നടത്തിടല്ലേ
എതിരുള്ള ചിത്തം നശിച്ചിടേണം
എളിമത്വ മാനസം ശ്രേഷ്ഠമല്ലോ
പുരമതിൽ വാഴുന്നൊരീശനന്ന്
പരമതിൽ വാണിടാനന്നു ചൊല്ലി
പലവിധം ചൊല്ലി പിരിഞ്ഞിടല്ലേ
പകയറ്റ ഭൂമിയായ്തീർത്തിടേണം
മതവർഗ്ഗ വാദങ്ങളറ്റിടേണം
മനുഷ്യത്വമുള്ളിൽ വളർത്തിടേണം
മനുഷ്യൻ്റെ നന്മയെതറ്റിടുന്ന
മതമെന്ന ഭ്രാന്തിനെ പൂട്ടിടേണം
മതമെന്ന മദ്യമോ മത്തരാക്കും
മനുഷ്യൻ്റെ കണ്ണിനെ അന്ധരാക്കും
മരുവിൻ്റെ പാഠങ്ങളന്യമാകും
മലിനങ്ങളാകവേ ചെയ്തു കൂട്ടും
ഇനിയേറെ കാലം പുലർന്നിടേണ്ടേ
ഇനിയേറെ ജന്മങ്ങളെത്തിടേണ്ടേ
ഇനിയേറെ സൂര്യൻ ഉദിച്ചിടേണ്ടേ
ഇരുളിൻ്റെ ശക്തിയെ വെന്നിടേണം
– ജോൺസൺ എഴുമറ്റൂർ