“വിഷു ബംബർ 12 കോടി കിട്ടിയ ഭാഗ്യവാൻ അജ്ഞാതനായി തുടരും.” ഇന്നത്തെ ഈ പത്രവാർത്ത എന്നെ ഏറെ സന്തോഷിപ്പിച്ചു. കാരണം തിരുവോണം ബംബർ 25 കോടി രൂപ ലഭിച്ച ഞങ്ങളുടെ നാട്ടുകാരൻ ഓട്ടോ ഡ്രൈവർ അനുഭവിച്ച കഷ്ടപ്പാട് സമൂഹമാധ്യമങ്ങളിലും ടിവിയിലും നമ്മൾ വേണ്ടുവോളം കണ്ടതാണല്ലോ? ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന് ആയിരത്തിൽ കൂടുതൽ ശത്രുക്കൾ. സ്വന്തം വീട്ടിൽ പോലും കയറാൻ പറ്റാതെ ഒരു കള്ളനെ പോലെ പലയിടങ്ങളിൽ ഒളിച്ചു താമസിക്കുക. മകന് അസുഖം വന്നിട്ട് ഡോക്ടറെ കാണിക്കാൻ പോലും പറ്റാതെ ഭാര്യ. വീടിനുചുറ്റും നാട്ടുകാരുടെ കാവൽ. ഇതൊക്കെ കണ്ടും കേട്ടും ആയിരിക്കും വിഷു ബംബർ കോടിപതി ഇങ്ങനെ ഒരു കടുത്ത തീരുമാനം എടുത്തിട്ടുണ്ടാകുക എന്ന് കരുതുന്നു. ഇത് എന്നെ പത്തമ്പത് വർഷം മുമ്പ് നടന്ന ഒരു സംഭവത്തിലേക്ക് കൂടി കൂട്ടിക്കൊണ്ടുപോയി. പറഞ്ഞും അറിഞ്ഞും കേട്ട കഥയാണ്.
നാട്ടിൽ ജീവിക്കാൻ യാതൊരു നിവൃത്തിയുമില്ലാതെ കള്ളവണ്ടി കയറി ഡൽഹിയിൽ എത്തിയതായിരുന്നു ശശിധരൻ. കുറച്ചുനാൾ അലഞ്ഞെങ്കിലും റെയിൽവേയിൽ ചെറിയൊരു ജോലി തരപ്പെട്ടു. വിവാഹിതനായി മൂന്നാലു മക്കളുമായി ഉള്ളതുകൊണ്ട് ഓണം പോലെ സന്തോഷമായി റെയിൽവേ അനുവദിച്ച ചെറിയ ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു. അടുത്തടുത്തുള്ള റെയിൽവേ കോട്ടേഴ്സ്കളിൽ സഹപ്രവർത്തകരൊക്കെ കുടുംബമായി താമസിക്കുന്നുണ്ടെങ്കിലും അവരിൽ മലയാളികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാലും എല്ലാവരും ഓണം,വിഷു, ഹോളി,നവരാത്രി…….. അങ്ങനെ എല്ലാ ഉത്സവങ്ങളും അവർ ഒന്നിച്ച് ആഘോഷിച്ച് ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. അവിടേക്കാണ് പുതിയതായി വലിയ പ്രാരാബ്ധങ്ങൾ ഒന്നുമില്ലാത്ത ഒരു ബാച്ചിലർ മലയാളി പയ്യൻ ജോലിയായി കടന്നുവന്നത്.പേര് ശ്യാം. അവൻറെ സംസാരവും മര്യാദയോടെ ഉള്ള പെരുമാറ്റവും എല്ലാവരെയും ആകർഷിച്ചു. എല്ലാ വീട്ടുകാർക്കും അവൻ അവരുടെ സ്വന്തം ഭയ്യ ആയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ എല്ലാവർക്കും ശ്യാമിനോട് ഇഷ്ടം . ആ വീടുകളിൽ എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കിയാൽ അവർ ശ്യാമിനത് കൊടുത്തിരിക്കും. ശ്യാംമും തിരിച്ച് അതുപോലെ തന്നെ. ശമ്പളം കിട്ടുന്ന ദിവസം മറ്റ് അധികചെലവുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് കുട്ടികളെയൊക്കെ കൂട്ടികൊണ്ട് സിനിമയ്ക്ക് പോവുക, പാർക്കിൽ കൊണ്ടുപോവുക, നല്ല ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുക്കുക, അവധി ദിവസങ്ങളിൽ ദീദിമാർക്ക് എന്തെങ്കിലുമൊക്കെ സഹായം ചെയ്തു കൊടുക്കുക…. അങ്ങനെയങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണി. രണ്ടു വർഷം കൂടി കഴിഞ്ഞാൽ നിന്നെ ഞങ്ങൾ പെണ്ണ് കെട്ടിക്കും എന്നും പറഞ്ഞ് ദീദിമാരൊക്ക അവരുടെ ബന്ധത്തിൽ പെട്ട ലഡ്കികളെയൊക്കെ ഇവനെ കൊണ്ട് കാണിക്കാറുണ്ടായിരുന്നു. അങ്ങനെ എന്തിനു പറയുന്നു ആർക്കും ശ്യാമിനെ പറ്റി ഒരു എതിരഭിപ്രായവും ഇല്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ശശിധരൻ “എനിക്ക് ലോട്ടറി അടിച്ചു. ഒരു ലക്ഷം രൂപയുടെ” എന്നും പറഞ്ഞ് വീട്ടിലേക്ക് വരുന്നത്. ശശിധരൻ പതിനഞ്ചാം വയസ്സിൽ കേരളത്തിൽ നിന്ന് കള്ള വണ്ടി കയറുമ്പോൾ വലിയൊരു കാശുകാരൻ ആയിട്ടേ ഞാനിനി നാട്ടിലേക്ക് മടങ്ങു എന്ന ഒരു പ്രതിജ്ഞയെടുത്തിരുന്നു. പത്തിരുപത് വർഷമായി കേരളവുമായി യാതൊരു ബന്ധവും ഇല്ല. പക്ഷേ നാട് ശശിധരൻ്റെ മനസ്സിൽ എന്നും കത്തിപ്പടർന്നു നിന്നിരുന്നു. എന്നെങ്കിലുമൊരിക്കൽ അങ്ങോട്ട് പോകണമെന്ന് തന്നെ ഉറപ്പിച്ച് തന്നെയായിരുന്നു ജീവിച്ചിരുന്നത്. തൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതോർത്ത് ശശിധരന് സന്തോഷംകൊണ്ട് ഉറക്കം തന്നെ വന്നില്ല. ജോലി രാജിവെച്ച് അത്യാവശ്യമുള്ള കടംവീട്ടി നാട്ടിൽ ചെന്ന് കുറച്ച് അധികം ഭൂമി വാങ്ങി അവിടെ കൃഷി ചെയ്ത് ജീവിക്കാമെന്ന് പ്ലാൻ ചെയ്ത് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ലോട്ടറി അടിച്ച കാശ് കിട്ടുന്നതിനു മുമ്പ് തന്നെ സഹപ്രവർത്തകർക്ക് ഒക്കെ ചെറിയൊരു പാർട്ടി നടത്തി നാട്ടിൽ പോകുന്ന കാര്യം എല്ലാവരോടും പങ്കുവച്ചു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞു. എല്ലാ വീടുകളിലും ശശിധരൻ്റെ കാര്യമായിരുന്നു ചർച്ച ചെയ്തിരുന്നത്. പലരും ശശിധരൻ ലോട്ടറി എടുത്ത ആളുടെ കയ്യിൽ നിന്ന് തന്നെ എന്തുവന്നാലും എല്ലാ മാസവും ഇനി ലോട്ടറി എടുക്കണം എന്നൊക്കെ തീരുമാനിച്ചുറപ്പിച്ചു.
ഒരു ദിവസം രാവിലെ കുട്ടികൾ സ്കൂളിലേക്കും ശശിധരൻ ഓഫീസിലേക്കും പോയതിനു പുറകെ പെട്ടെന്ന് ശ്യാം ശശിധരൻ്റെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു “ചേച്ചി, ആ ലോട്ടറി ടിക്കറ്റ് ഇങ്ങ് എടുക്ക്, ഞങ്ങൾ ഓഫീസിൽ നിന്ന് എല്ലാവരും കൂടി പൈസ വാങ്ങാൻ പോവുകയാണ്. എന്നോട് വീട്ടിൽ ചെന്നിട്ട് ടിക്കറ്റ് എടുത്തു കൊണ്ടു വരാൻ പറഞ്ഞു ശശി സാർ”.
രണ്ടാമതൊന്നാലോചിക്കാതെ ശശിയുടെ ഭാര്യ ടിക്കറ്റ് ശ്യാമിനെ ഏൽപ്പിച്ചു.ഓഫീസിൽ നിന്ന് വൈകുന്നേരം ശശിധരൻ വന്നപ്പോഴാണ് ഭാര്യ സത്യാവസ്ഥ അറിയുന്നത്. ഇവിടെ നടന്ന സംഭവങ്ങൾ ഒക്കെ വിശദീകരിച്ചപ്പോൾ അയാൾ അത്ഭുതസ്തബ്ധനായി.
പിറ്റേദിവസം പോകാൻ ആയിട്ടാണ് അവർ എല്ലാവരും കൂടി പ്ലാൻ ചെയ്തിരുന്നത്. മാത്രമല്ല ശ്യാം അന്നേദിവസം ഓഫീസിൽ വന്നിട്ടേയില്ലായിരുന്നു. ചതി പറ്റി എന്ന് മനസ്സിലാക്കിയ ശശിധരൻ അടുത്ത സുഹൃത്തുക്കളോട് ഒക്കെ കാര്യം പറഞ്ഞു. എല്ലാവരും തലങ്ങുംവിലങ്ങും ശ്യാമിനെ അന്വേഷിച്ചു. പിന്നെ ശ്യാമിനെ ആരും കണ്ടിട്ടില്ല. ഭാഗ്യക്കുറി വകുപ്പിൻറെ ഓഫീസിൽ ടിക്കറ്റുമായി ശ്യാം എത്തി ഏജൻസി കമ്മിഷനും നികുതിയും കഴിച്ചുള്ള പൈസ കൈപ്പറ്റി മടങ്ങിയതായി അറിഞ്ഞു. ടിക്കറ്റും ആയി വരുന്ന ആൾക്ക് പൈസ കൊടുക്കുക അതാണ് ഞങ്ങളുടെ ഡ്യൂട്ടി എന്നും പറഞ്ഞ് അവരും കൈ മലർത്തി. ഹതാശരായി എല്ലാവരും മടങ്ങി. അറിയാവുന്ന ഭാഷയിൽ സുഹൃത്തുക്കൾ ‘നമുക്ക് വിധിച്ചത് മലകൾക്ക് അപ്പുറത്ത് നിന്ന് ആയാലും ലഭിക്കും. വിധിച്ചിട്ടില്ലാത്തത് നമ്മുടെ ചുണ്ടുകൾക്കിടയിൽ എത്തിയാലും നഷ്ടപ്പെടും’ എന്നൊക്കെ പറഞ്ഞ് ശശിധരനേയും കുടുംബത്തെയും ആശ്വസിപ്പിച്ചു. ജോലി രാജിവയ്ക്കാഞ്ഞത് ഭാഗ്യമായില്ലേ, ഇങ്ങനെ ഒരു ലോട്ടറി അടിച്ചിട്ടില്ല എന്ന് കരുതാം എന്നൊക്കെ പറഞ്ഞ് നെടുവീർപ്പിട്ടു കൊണ്ട് എല്ലാവരും പോയി കിടന്നു. പക്ഷേ അടുത്ത പ്രഭാതം പൊട്ടി വിടർന്നത് നടുക്കുന്ന വാർത്തയുമായിട്ടാണ്.
കുറ്റബോധം കൊണ്ട് ദുഃഖം സഹിക്കാനാകാതെ ശശിധരൻ്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഇടിവെട്ടിയവനെ പാമ്പ് കൂടി കടിച്ചാൽ ഉള്ള അവസ്ഥ! പൊലീസും, കേസും, ചോദ്യം ചെയ്യലും, പോസ്റ്റുമോർട്ടവും…..
ശശിധരനും കൗമാരപ്രായം പോലും എത്താത്ത നാലു കുഞ്ഞുങ്ങളും………ശ്യാം ഇതൊക്കെ അറിഞ്ഞിട്ടുണ്ടോ എന്ന് പോലും അറിഞ്ഞുകൂടാ. ഇങ്ങനെ ഒരു ലോട്ടറി അടിക്കാതെയിരുന്നെങ്കിൽ ആ കുടുംബം സമാധാനമായി ജീവിച്ചു പോകുമായിരുന്നില്ലേ? അകാലത്തിൽ അമ്മ നഷ്ടപ്പെട്ട നാലുമക്കൾ…..
ഏതായാലും ഈ വിഷു ബംബർ കോടി ഭാഗ്യവാൻ്റെ തീരുമാനം ശ്ലാഘനീയം എന്ന് പറയാതെ വയ്യ! കഴിഞ്ഞവർഷം മുതൽ ലോട്ടറി അടിക്കുന്ന ഭാഗ്യവാന്മാർക്ക് പണം എങ്ങനെ നന്നായി ഉപയോഗിക്കാം എന്നതിനെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ക്ലാസിൽ നിന്ന് കിട്ടിയ അറിവ് ആണോ ഈ ഭാഗ്യവാനെ മാറി ചിന്തിപ്പിക്കാൻ ഇടയാക്കിയതെന്ന് അറിഞ്ഞുകൂടാ.എന്തായാലും ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ ഒരേറു കൊടുത്ത മിടുക്കൻ.
സർക്കാരിൻറെ ബോധവൽക്കരണ ക്ലാസുകൾ എല്ലാ ഭാഗ്യവാന്മാർക്കും പ്രയോജനപ്പെടട്ടെ എന്ന് ആശംസിച്ചുകൊണ്ട്! നന്ദി! നമസ്കാരം!
– മേരി ജോസി മലയിൽ, തിരുവനന്തപുരം.