ലക്ഷ്യങ്ങൾക്ക് ലക്ഷണങ്ങൾ വേണം
എത്ര കൈകളിലാണു നീ ചെന്നു വീഴുന്നത്
സത്രങ്ങളില്ലാത്ത യാത്രികരാണ് നാമിപ്പോൾ
ഒരു ചെറുവഞ്ചി കാറ്റിലുലയുമ്പോൾ
നീർത്തുള്ളി വീണ ഓളങ്ങൾ
പുളകം കൊള്ളുമ്പോൾ
നാമെത്ര അകലെയാണുള്ളത്
എങ്കിലും നീ ക്ഷീണിക്കരുത്
ഒരു പകൽ പാട്ട്, ശാന്തമായ തീരങ്ങൾ
വാചാലമല്ലാത്ത സ്വാസ്ഥ്യങ്ങൾ
സുഖമുളള തണുത്തു തുടുത്ത സൂര്യൻ
വൈരുദ്ധ്യങ്ങൾ വിവശമാക്കുന്ന
നിൻ്റെ ഇരുട്ടു വഴികൾ
വഴിമാറും തീർച്ച
ക്ഷീണിക്കരുത് യാത്രക്കാരാ, ക്ഷീണിക്കരുത്
എല്ലാറ്റിനും മറുവശമുണ്ട്
എല്ലാറ്റിനും മറുപടിയുണ്ട്
നീ കേൾക്കുന്നത് നിൻ്റെ അശാന്തികൾ മാത്രമാണ്
കണ്ണീരിനെ ഇഷ്ടപ്പെടരുത്
നിന്നെ നോക്കി അതു പരിഹസിക്കും
ദൂരദേശിയായ നീ
അന്യദേശിയായി വന്നിരിക്കുകയാണ്
തിരിച്ചു പോക്കിൽ പലതും
നൊമ്പരപ്പെടുത്തിയേക്കാം
വേദനകളാണല്ലോ അറിവാകുന്നത്.
– സത്യ ഭായ്