“കണ്ടാൽ ഇരക്കുന്ന മനുഷ്യരുണ്ടോ കക്കാൻ മടിക്കുന്നു തരം വരുമ്പോൾ”. എന്നൊരു പഴഞ്ചൊല്ലുണ്ട്.
ശാന്തമ്മ 10 വർഷത്തിലേറെയായി വീട്ടു ജോലി ചെയ്യുന്നത് ഒരു പട്ടാളക്കാരൻ്റെ വീട്ടിലാണ്. പട്ടാളത്തിൽ നിന്ന് വിരമിച്ച കുടുംബനാഥൻ ബിസിനസ് സ്ഥലത്തേക്കും സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്കും രണ്ടു പെൺമക്കൾ സ്കൂളിലേക്കും പോയിക്കഴിഞ്ഞാൽ അവർ പിന്നെ വീട്ടിൽ തിരികെയെത്തുന്നത് വൈകുന്നേരം ആയിരിക്കും. ശാന്തമ്മയുടെ ജോലിയിലുള്ള ആത്മാർത്ഥത പ്രശംസനീയമാണ്. കൃത്യനിഷ്ഠയോടെ എല്ലാ വീട്ടുജോലികളും ചെയ്യും. നല്ല സൂപ്പർ ആയി പാചകം ചെയ്യും. ആർക്കും ഒരു പരാതിയ്ക്കും ഇടം കൊടുക്കാറില്ല. ഒറ്റ ദിവസം പോലും മുടങ്ങില്ല. ശാന്തമ്മ ചോദിക്കുന്നതിനു മുമ്പേ, ഒരു കാര്യം ആഗ്രഹിക്കുന്നതിനു മുമ്പേ ശാന്തമ്മയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കും മഞ്ജിമ. കാരണം ഒരു ദിവസം ശാന്തമ്മ വന്നില്ലെങ്കിൽ ആ വീടിൻ്റെ താളം ആകെ തെറ്റും. അങ്ങനെയിരിക്കുമ്പോൾ ശാന്തമ്മ ഒരു ദിവസം പറഞ്ഞു. “ചേച്ചി, എൻ്റെ മോള് പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവൾക്ക് ചേച്ചിയെ പോലെ സർക്കാർ ഉദ്യോഗസ്ഥ ആവണം എന്നാണ് ആഗ്രഹം. പക്ഷേ വീട്ടിലാണെങ്കിൽ പഠിക്കാൻ ഒരു സൗകര്യവുമില്ല.അമ്മായിയമ്മ രാത്രി പത്തര മണി വരെ ടിവി സീരിയലുകൾ ഉറക്കെ വയ്ക്കും. ഇവളുടെ ഇളയത്തങ്ങളുടെ അടിപിടി കോലാഹലങ്ങൾ വേറെ.”
പരാതികൾ ഒക്കെ കേട്ടപ്പോൾ മഞ്ജിമ പറഞ്ഞു. “ശാന്തമ്മ, ഒരു കാര്യം ചെയ്യ്. മോൾക്ക് സ്റ്റഡിലീവ് തുടങ്ങുമ്പോൾ അവളോട് ഇവിടെ താമസത്തിന് വരാൻ പറ. ഇവിടെ ഏതായാലും 4 ബെഡ്റൂം ഉണ്ടല്ലോ? ഒരു റൂം അവൾ ഉപയോഗിച്ചോട്ടേ, സ്വസ്ഥമായി ഇരുന്ന് പഠിച്ചു പരീക്ഷ കഴിഞ്ഞിട്ട് അവൾ തിരികെ വീട്ടിലേക്ക് പോകട്ടെ എന്ന്.” പിറ്റേദിവസം തന്നെ തുണിയും പുസ്തകവുമായി ശാന്തമ്മയുടെ മകൾ ആ റൂമിൽ താമസിക്കാൻ എത്തി. അമ്മ രാവിലെ വന്ന് ജോലി ചെയ്ത് വൈകുന്നേരം തിരികെ പോകും.
നിഷ്കളങ്കയായ പെൺകുട്ടി പഠിച്ചൊക്കെ കഴിയുമ്പോൾ മഞ്ജിമയുടെ മക്കളുമായി കൂട്ടു കൂടി അവരുമായി വളരെ വേഗം ചങ്ങാത്തത്തിലായി. അപ്പോഴാണ് മകൾ പറയുന്നത്.”എൻ്റെ അച്ഛൻ ഉച്ചയ്ക്ക് തന്നെ തെങ്ങുകയറ്റം ഒക്കെ കഴിഞ്ഞ് ഇവിടെ എത്തും. ഞങ്ങൾ മൂന്നു പേരും കൂടി ചോറുണ്ട് അച്ഛൻ ഫ്രിഡ്ജ് തുറന്ന് നിങ്ങളുടെ അച്ഛൻ്റെ ബ്രാണ്ടി, വിസ്കി എന്നും എടുത്ത് കുടിച്ച് അതിൽ വെള്ളം നിറച്ചു വച്ച് പിന്നാമ്പുറത്തു പോയി കിടന്നുറങ്ങും. വൈകുന്നേരം കെട്ടിറങ്ങുമ്പോൾ അച്ഛൻ വീട്ടിലേക്ക് തിരികെ പോകും എന്ന്. കോളനിയുടെ ഒരറ്റത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു വീടാണിത്. ഉച്ചകഴിയുമ്പോൾ അമ്മയ്ക്ക് തനിച്ചിരിക്കാൻ ഭയം ആയതുകൊണ്ടാണ് അച്ഛൻ വന്ന് കൂട്ടിരിക്കുന്നതത്രേ. “ കുറച്ച് ഇതുപോലുള്ള കാര്യങ്ങൾ ഒക്കെ മഞ്ജിമ അറിഞ്ഞെങ്കിലും ശാന്തമ്മയുടെ സേവനം ഓർത്ത് ഒന്നും കാര്യമായി എടുത്തില്ല. പരീക്ഷ കഴിഞ്ഞ് മകൾ എല്ലാവരോടും യാത്ര പറഞ്ഞു പോയി.
റിസൾട്ട് വന്നപ്പോൾ മകൾക്ക് നല്ല മാർക്ക്. സന്തോഷംകൊണ്ട് മതിമറന്ന മഞ്ജിമ അപ്പോൾതന്നെ സ്വർണക്കടയിൽ പോയി ഒരു കമ്മൽ സമ്മാനമായി വാങ്ങി, ഒരു സർപ്രൈസ് ആയി കുടുംബത്തോടെ എല്ലാവരും കൂടി മകളെ അഭിനന്ദിക്കാൻ ശാന്തമ്മയുടെ വീട്ടിൽ പോയി. അപ്രതീക്ഷിതമായി എല്ലാവരെയും കൂടി കണ്ടപ്പോൾ ശാന്തമ്മ പകച്ചു. ഈ കുടുംബവും അന്തംവിട്ടുപോയി. കാരണം ശാന്തമ്മയുടെ വീട്ടിലെ കർട്ടൻ തൊട്ട് ബെഡ്ഷീറ്റ്, പാത്രങ്ങൾ, ഗ്ലാസ്സുകൾ, ബക്കറ്റ്… ..………എന്തിനു പറയുന്നു എല്ലാം നല്ല കണ്ടു പരിചയമുള്ള സാധനങ്ങൾ. സന്തോഷത്തോടെ സമ്മാനവും കൊടുത്തെങ്കിലും തളർന്ന മനസ്സുമായി ആണ് മഞ്ജിമ തിരിച്ചെത്തിയത്. പെട്ടെന്ന് തന്നെ ശാന്തമ്മയുടെ വീട്ടിൽ കണ്ട സാധനങ്ങളൊക്കെ ഇവരുടെ വീട്ടിൽ ഉണ്ടോയെന്ന് നോക്കി. ഒന്നുമില്ല. മുട്ടുവേദന കാരണം മുകളിലെ മുറികളിൽ ഒന്നും മഞ്ജിമ കയറാറേയില്ല. വീടിൻ്റെ പാലുകാച്ച് സമയത്ത് കിട്ടിയിരുന്ന അറുപതോളം സമ്മാനങ്ങൾ പൊതി പോലും പൊട്ടിക്കാതെ മുകളിലെ മുറിയിലെ വാർഡ്ഡ്രോബിൽ സൂക്ഷിച്ചിരുന്നു. അവിടുത്തെ അലമാരികളും വാർഡ്രോബും ഒക്കെ ശൂന്യം. ശാന്തമ്മയുടെ മകൾ മഞ്ജിമയുടെ മക്കളോട് പറഞ്ഞിരുന്നു എല്ലാദിവസവും അച്ഛൻ വരുമ്പോൾ രണ്ട് ഷോപ്പിംഗ് ബാഗ് നിറയെ സാധനവുമായാണ് വരിക എന്ന്. എല്ലാം ഈ സ്നേഹമയിയായ അമ്മ കൊടുത്തയക്കുന്നതാണ് അല്ലേയെന്ന്. അന്നേ മഞ്ജിമയ്ക്ക് സംശയം തോന്നിയിരുന്നു. ബാക്കി വരുന്ന ഭക്ഷണം കൊടുത്തയക്കാറുണ്ട്. പിറ്റേ ദിവസം കൃത്യമായി പാത്രം തിരികെ കൊണ്ടുവരും. പിന്നെ മക്കൾക്ക് പാകമാകാത്ത ഡ്രസ്സ് ഒക്കെ ശാന്തമ്മയ്ക്ക് കൊടുക്കും. അല്ലാതെ ഈ കുട്ടി എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് മനസ്സിലായിരുന്നില്ല.
വീട്ടിലേക്ക് ഒരേ അളവിൽ തയ്പ്പിച്ച രണ്ട് സെറ്റ് കർട്ടനിൽ വിശേഷ അവസരങ്ങളിൽ ഇടാൻ വച്ചിരുന്ന കർട്ടൻ ശാന്തമ്മയുടെ വീട്ടിൽ എത്തിക്കഴിഞ്ഞിരുന്നു. അവരുടെ കൊച്ചു ജനാലക്ക് പാകത്തിന് ഭംഗിയായി അത് വെട്ടി തയ്ച്ചിരുന്നു.
ഇത്രയും ആത്മാർത്ഥമായി താൻ സ്നേഹിച്ച ശാന്തമ്മ തന്നോട് ചെയ്ത നെറികേട് സഹപ്രവർത്തകരുമായി പങ്കുവച്ചപ്പോൾ അവർക്ക് പറയാൻ ഉണ്ടായിരുന്നത് ഇതിലും മോശപ്പെട്ട കാര്യങ്ങൾ ആയിരുന്നു. മഞ്ജിമയുടെ ഉറ്റസുഹൃത്ത് പറയുകയാണ്. “ഞാൻ ജോലിക്കാരിക്ക് ശമ്പളം കൊടുത്തു കഴിഞ്ഞാൽ ഉടനെ അവൾ എൻ്റെ മകൾക്ക് കമ്മലും മാലയും ഒക്കെ വാങ്ങി കൊടുക്കും. മകൾ ഇത് ഇട്ടു കാണാനുള്ള ആഗ്രഹം കൊണ്ടാണ് എന്നാണ് പറഞ്ഞിരുന്നത്.” കുറെനാൾ കഴിഞ്ഞപ്പോൾ ആണ് മനസ്സിലാകുന്നത് മകളുടെ സ്വർണ്ണക്കമ്മൽ കളവു പോയിരുന്നു എന്ന്. പിന്നെ മോഷ്ടിക്കാൻ ഉദ്ദേശിച്ച സാധനം ഒരാഴ്ചയോളം എല്ലാവരുടെയും ശ്രദ്ധയിൽ നിന്ന് മാറ്റിയിടും. അതിനിടയിൽ അന്വേഷണം വന്നാൽ “ഇതാ ഇവിടെ ഇരിപ്പുണ്ടല്ലോ”, എന്നും പറഞ്ഞു കൊണ്ടു കൊടുക്കും. അന്വേഷിച്ചില്ലെങ്കിലോ എടുത്തോണ്ടു പോകും. ഒരാൾക്ക് പറയാനുണ്ടായിരുന്നത് ബാങ്ക് ലോക്കറിൻ്റെ താക്കോൽ വരെ മോഷ്ടിച്ചു കൊണ്ടു പോയ ആളെ പറ്റി ആയിരുന്നു. ഇങ്ങനെയുള്ള കഥകളൊക്കെ കേട്ടപ്പോൾ മഞ്ജിമ ശാന്തമ്മയെ പറഞ്ഞു വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി. “സ്വർണമോ പണമോ ഒന്നും ശാന്തമ്മ അപഹരിച്ചില്ലല്ലോ. അങ്ങനെ ആശ്വാസിക്കാം. ഇനി നമുക്കെല്ലാവർക്കും കൂടുതൽ ശ്രദ്ധിക്കാം. “ അങ്ങനെ ഒരു തീരുമാനത്തിലെത്തി കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന്.
യാതൊരു ഭാവവ്യത്യാസവും കൂടാതെ ശാന്തമ്മ പിറ്റേന്ന് മുതൽ ജോലിക്ക് വരികയും ചെയ്തു. മഞ്ജിമ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ ശാന്തമ്മയുടെ സേവനം തുടർന്നു. മോഷണം ഒരു കലയാണ് എന്ന മട്ടാണ് ഇക്കൂട്ടർക്ക്.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.