എന്തെടീ തെയ്യാമ്മേ ദേഹം മെലിഞ്ഞത്
പഞ്ചാരരോഗം നിനക്കുമായോ
ഇല്ലെടീ ചെല്ലമ്മേ പഞ്ചാരയൊട്ടുമേ
ദേഹം മെലിഞ്ഞത് പ്രായമല്ലേ
പോയോരു കാലത്തു ജീവിച്ച നാളുകൾ
ലേശോം മറക്കാതെ ഹൃത്തിലുണ്ട്
വിദ്യാലയങ്ങളെ സ്നേഹാലയങ്ങളായ്
തീർക്കുന്നിതെത്രയോജീവിതങ്ങൾ
ജാതീമതങ്ങളും വർഗ്ഗീയ ചിന്തയും
പാടേമറന്നവർ കൂടീടുന്നൂ
ഇഷ്ടം പറഞ്ഞവർ ഒട്ടികഴിയുന്നു
ദുഷ്ടങ്ങളില്ലാത്ത നാളിനായി
മുന്നോക്കക്കാരനും പിന്നോക്കക്കാരനും
വച്ചു വിളമ്പിടാൻ പാത്രമൊന്ന്
പട്ടിൻ്റെ മെത്തേലുറങ്ങിയ മാന്യനും
പാമരക്കൂട്ടത്തിലായിടുന്നൂ
മർത്യനെ കാണാതെ കോട്ട ചമച്ചവൻ
കൂരേൽ ചുരുണ്ടതാം കുഞ്ഞപ്പനും
രാവേറെയായിട്ടും പേശുന്നു ശേഷങ്ങൾ
കാണാതിരുന്നിട്ടിതെത്രകാലം
ചില്ലിട്ട വണ്ടിയിൽ പാറി പറന്നവർ
ചേറിൻ്റെ മക്കളെ കണ്ടതില്ല
ചോറിൻ്റെ മുമ്പിലായ് ചമ്രം പിടിച്ചവർ
തുല്യങ്ങളാകുന്നിതെന്തുകാഴ്ച
സമ്പത്തും പത്രാസും തോയം മുടിക്കുന്നു
മാധവ സ്നേഹം പുലർന്നിടുന്നു
മാന്യമായുള്ളവർ നിത്യം വരുന്നിതാ
മാനവ സ്നേഹം പുലർത്തിടാനായ്
നാശം വിതച്ചങ്ങിതെത്തുന്ന വെള്ളമോ
ദേശം മുടിച്ചങ്ങുയർന്നിടുന്നു
ശേഷം പറഞ്ഞിടാനില്ലാതെ സർവ്വവും
നാശത്തിലാകുന്നിതെത്ര കഷ്ടം
പൊക്കം ഗണിക്കുന്ന മർത്യരൊന്നോർക്കുക
മൂർത്തിക്കുതാഴെ നാം തുല്യരത്രേ
മാറ്റികളഞ്ഞിടാം മാറാപ്പു ചിന്തകൾ
മൂർത്തിക്കു പാത്രരായ് ജീവിച്ചിടാം
– ജോൺസൺ എഴുമറ്റൂർ