ഈശ്വരനെനിക്കെന്തിനീ കനൽ വിധി കനിഞ്ഞു
ഇരുൾ നിഴൽ വീണ വഴികളിൽ ഞാനിഴഞ്ഞലഞ്ഞു
ഇന്നലെകൾ ഓർമകളിൽ ഈറനണിഞ്ഞുറയുന്നു
ഇന്നും നാളെകളെൻ മുന്നിൽ മൂകമായലറുന്നു
വിഷാദ വിജന മരീചികാ മാസ്മര വനികയിൽ
അഷ്ടപാദൻ കാണാവലകൾ നെയ്യുന്നു ശിരസ്സിൽ
പ്രഖര മൗനമുരുക്കിയ ചിന്തതൻ ലാവയിൽ
ചികയുന്നു പാഴ്ജന്മത്തിൻ ചിതറിയ കനവുകൾ
ആത്മനിന്ദകൾ കുമിഞ്ഞ ചന്ദന പട്ടടയിൽ
ഭഡവാഗ്നിയിലെരിയുന്നു വ്യഥിത പാർത്ഥനായ്
പ്രതിഖ പ്രഹേളികാ പങ്കില ഭ്രമര പഥങ്ങളിൽ
ശപിതാപഹാസ്യ പുഷ്പ വൃഷ്ടികൾ തുടരുന്നു
ജനന മുഹൂർത്തങ്ങൾ അണുവിട അറിയുന്ന മാനവാ
നിനക്കറിയുമോ കല്പിതമെൻ മോക്ഷ മുഹൂർത്തം
ശ്വസിതമൂർദ്ധ്വനിൽ നിലക്കും നിശ്ചല ചേതന തൻ
ശൂന്യ യവനികയിലവതരിക്കും മൃത്ത്യുവിൻ ജനനം
കാലപാശികൻ വീശും അദൃശ്യ പാശ ലതികയിൽ
മകര മഞ്ഞിൻ മണം വിതറി വിടരുന്നു മരണം
പഥികൻ്റെ പയനങ്ങൾ മുറിയുന്നു പെരുവഴിയിൽ
പാതകളനന്തമായ് പായുന്നു പിന്നെയും….