ആ മുറികൾ ……അവരുടേതാണ് !
ആ മുറികൾ ……
ഒരിക്കൽ വെളിച്ചത്താൽ ശോഭിച്ചിരുന്നു .
ഒരിക്കലവിടം വൃത്തിയും വെടിപ്പുമായിരുന്നു.
എന്നാലിന്ന്?….
ആകെ മാറിപ്പോയി…
ആ അലമാരകൾ……
അലക്ഷ്യമായി തുറന്നുകിടക്കുന്നു .
തുണികൾ വലിച്ചുവാരിയിട്ടിരിക്കുന്നു .
അലമാരയ്ക്കകത്തൊരറ്റത്ത്
സൂക്ഷിച്ചുവച്ചിരിക്കുന്നതൊന്നുമാത്രം….
ചിതാഭസ്മം…..!
അവരുടെ… ശോഭയേറിയ ഓർമ്മകളുടെ ,
മധുരിക്കും സ്വപ്നങ്ങളുടെ ,
വെണ്മയേറിയ ഭാവിചിന്തകളുടെ ,
കത്തിയെരിഞ്ഞ ചിതാഭസ്മം….!!
ആ ബുക്കുകൾ…
ടേബ്ളിൽ തുറന്നുകിടക്കുന്നു .
അതിലെ പേജുകളിൽ കുത്തിവരച്ചിട്ടിരിക്കുന്നു .
അവർ സ്നേഹിച്ചിരുന്നവരൊക്കെ
കുത്തിവരച്ചിട്ട പേജുകൾ…!
ആ വേസ്റ്റ്ബാസ്കറ്റുകൾ..!
അതിൽ നിറയെ അവരുടെ
ട്രോഫികളും സർട്ടിഫിക്കറ്റുകളും…!!
അവയെ അലങ്കരിച്ചുകൊണ്ട്
അവർ എഴുതിതെറ്റിച്ച് ചുരുട്ടിയെറിഞ്ഞ
“അവസാനകുറിപ്പുകൾ”…!!!
ആ മുഖംമൂടികൾ…..!
മറ്റു മനുഷ്യരുടെ മുന്നിൽ നിൽക്കുവാൻ..
അവർ അവർക്കായി മെനഞ്ഞെടുത്ത
ചിരിക്കുന്ന മുഖംമൂടികൾ…!!
അശയിൽനിന്നും തറയിൽവീണു
പൊട്ടിക്കിടക്കുന്നു…
ആ മുറികളിൽ…!
ഉയർന്ന വോൾട്ടേജ് താങ്ങാനാവാതെ
ഒടുവിൽ പൊട്ടിത്തെറിച്ച ബൾബുകൾ..!!
അന്ധകാരത്തേ ക്ഷണിച്ചിരുത്തിയിരിക്കുന്നു…..
ആ മുറികളിൽ…!
പതിവില്ലാതെ സീലിങ്ഫാനുകൾ ,
ഭാരം ചുമന്നു….
അവരുടെ ഭാരം…..!!
വിലാപകാവ്യം പാടിയെത്തിയ കാറ്റ് ,
അവരുടെ കാതുകളിൽ മൊഴിഞ്ഞു:-
“ഇങ്ങനെ തീരുവാനായിരുന്നുവോ…
നിങ്ങളുടെ ജന്മം? “
അവരപ്പോൾ മറുപടിയോതി….
“ഞങ്ങളെ കേൾക്കുവാൻ
കാതുകളില്ലീലോകത്തിന്…!
ഞങ്ങളേ അറിയുവാൻ
മനസ്സില്ലീലോകത്തിന്….!!
ഞങ്ങളേ നോവിക്കുവാൻ മാത്രമേ
ഈ ലോകത്തിനറിയൂ….
ഞങ്ങൾക്കുമവകാശമില്ലേ
ഈ വിഷാദത്തിൽ നിന്നൊരു വിരാമം “
രാഹുൽ എം.എസ്.