അന്ധകാരത്തിൻ വലയിൽ
വീഴ്ത്താനൊരുങ്ങിയ
ലഹരിയുടെ വരവിന്നതിക്രമങ്ങൾ..
മാറുന്ന ചിന്തയും കുഴയുന്ന മേനിയും
നഷ്ടവിവേകത്തിൻ പെരുമാറ്റവും.
സൗഹൃദമുണ്ടോ അറിയുന്നതില്ല
സാഹോദര്യമെന്നതും മറന്നുപോയ്.
ഏതോ മായയിൽ പറന്നു നടക്കുന്ന
ഭ്രാന്തമാം ചിന്തയും കോലങ്ങളും .
കവരുന്നു, ഉള്ളിലെ അതിപ്രസരങ്ങളും
വീണ്ടെടുക്കാൻ തുടങ്ങുന്ന വെപ്രാളവും.
വിദ്യാലയത്തിനു മുന്നിലും
ചുറ്റിത്തിരയുന്ന മാഫിയാ
ലക്ഷ്യം കുരുന്നു തന്നെ.
തിന്മയെ വളം വച്ചു വളർത്തി
യാലോ നാടിൻ്റെ ദുർഗതി മാറ്റിടേണം.
പിഴയ്ക്കുന്ന ജീവിതതാളമല്ലോയിതു
കാപട്യത്തിൻ്റെ ആവരണവും.
തലകുത്തിമറിയുന്ന ആസക്തിയും .
ബന്ധത്തെ മറന്ന പെരുമാറ്റവും
ആരെയിതു കഷ്ടം പറഞ്ഞിടേണം
വളർത്തു ദോഷമെന്നോ
കയറിട്ടു വലിച്ച ഇടവഴിത്താരയിലെ
റാഞ്ചിപ്പറക്കുന്ന മാഫിയെയോ ?
അറിയുവാനേറെയുണ്ടറിവിൻ്റെ പാഠങ്ങൾ
ബലിയാടാക്കുന്ന തലമുറയെ
മുളയിലെ നുള്ളുന്ന
ക്രൂരതയ്ക്ക് മേൽ തിരിച്ചറിവേകണം
ഉന്മൂലമാക്കണം ബോധത്തിൻ
വഴികൾ തെളിച്ചിടേണം.
സ്വാതന്ത്ര്യമോടെ വളരേണ്ടവർ
നാളെയുടെ പ്രതീക്ഷയായ് ജ്വലിക്കേണ്ടവർ –
ഭാസുരലോകം പടുത്തുയർത്താൻ
ഇന്നിൻ കുരുന്നുകളല്ലേ
നാളത്തെ വക്താക്കൾ.