കടൽക്കാറ്റു കൊണ്ട് സന്ധ്യയുടെ ആകാശക്കാഴ്ചകൾ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. നീലക്കടൽ ചെമ്പട്ട് ഞൊറിവെച്ച് ഉടുക്കുന്നു. പടിഞ്ഞാറെ ചക്രവാളത്തിൽ സൂര്യൻ അഗ്നി ഗോളമായി ജ്വലിക്കുന്നു പ്രകൃതീദേവി അന്തിക്കഞ്ഞിക്ക് തീ കൂട്ടുന്ന പോലെ. കടലിൽ നിന്നും വന്ന കാറ്റ് തീരത്ത് കിടക്കുന്ന പുസ്തകത്തിൻ്റെ താളുകളെ പടപടാന്ന ശബ്ദമുണ്ടാക്കി . ആരെങ്കിലും മറന്നു വെച്ച് പോയതായിരിക്കും. പുസ്തകം എടുത്ത് വെറുതെ ഒന്നു മറിച്ചു നോക്കി. ആദ്യത്തെ പേജിൽ സ്ത്രീയുടെ അവ്യക്തമായ കുറേ രേഖാചിത്രങ്ങൾ. അടുത്ത താളുകളിൽ സ്ത്രീയുടെ രൂപഭംഗി പ്രകൃതിയോടു ചേർത്തിണക്കിക്കൊണ്ടുള്ള മനോഹരമായ കവിതകൾ. അടുത്ത പേജിൽ അവളോടുള്ള പ്രണയം തുളുമ്പുന്ന സുന്ദരമായ ഒരു പ്രണയകാവ്യം.പിന്നീടുള്ള താളുകളിൽ കഥയാണോ ജീവിതമാണൊ എന്ന ശങ്ക തോന്നി.വായിച്ച് സമയം പോയതറിഞ്ഞില്ല പുസ്തകം മടക്കി ബാഗിലിട്ട് വീട്ടിലേക്ക് മടങ്ങി.രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല ആ പുസ്തകത്തിൽ എന്തായിരിക്കും എഴുതിയിരിക്കുന്നതെന്നറിയാനുള്ള ആകാംക്ഷ. കിടക്കയിൽ നിന്നും എണീറ്റ് പുസ്തകം എടുത്ത് വായ്ക്കാൻ തുടങ്ങി.
തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ക്ലർക്ക് പോസ്റ്റിലേക്കുള്ള അപ്പോയിന്റ്മെന്റ് ഓർഡർ കിട്ടി. ഒരാഴ്ചയ്ക്കകം ജോയിൻ ചെയ്തു ഒരു മെൻസ് ഹോസ്റ്റലിൽ താമസം ആരംഭിച്ചു. നല്ല കൂട്ടുകാർ നല്ല ഭക്ഷണം ജോളി ലൈഫ്. വൈകുന്നേരങ്ങളിൽ പാർക്കിലോ ശംഖ് മുഖം ബീച്ചിലൊ ചെന്നിരിക്കും. അപ്പോഴാണ് സ്വപ്നക്കൂടു തുറന്ന് ചിന്തകൾ മനസ്സിലേക്ക് വരുന്നത്. അപ്പോൾ എന്തെങ്കിലും എഴുതുവാനുള്ള മോഹം ഉദിക്കും. ഒരു ദിവസം ശംഖ് മുഖം ബീച്ചിലെ കൽമണ്ഡപത്തിലിരുന്ന് ഒരു കവിത രചിച്ചു കൊണ്ടിരുന്നു. അഡ്രസ്സ് എഴുതി കവറിലാക്കി. മാസികയിലേക്ക് അയച്ചു കൊടുക്കേണ്ട കവിതയായിരുന്നു അത്.പെട്ടെന്നൊരു കാറ്റ് വന്ന് ആ കവറിനെ പറപ്പിച്ചു കൊണ്ട് പോയി. കുറെ പിന്നാലെ ഓടി എവിടെ പോയതെന്നറിയാതെ ചുറ്റും തിരഞ്ഞു കാണാതായപ്പോൾ റൂമിലേക്ക് നടന്നു. ഒരു ദിവസം ഓഫീസ് അഡ്രസ്സിൽ കത്തും മാസികയും വന്നു. കത്തിൽ ഫ്രം അഡ്രസ്സ് ഇല്ലായിരുന്നു. മാസിക തുറന്നു നോക്കിയപ്പോൾ അതിൽ കാറ്റത്ത് പോയ കവിത അച്ചടിച്ചു വന്നിരിക്കുന്നു. സന്തോഷം തോന്നി കത്തെടുത്തു വായിച്ചു. ഒരു നിമിത്തം പോലെ എൻ്റെ കയ്യിലാണ് താങ്കളുടെ കവിത പറന്നെത്തിയത്. നല്ല കവിത എഴുത്ത് തുടരുക എന്ന്, മൃദുല. ഇത്രമാത്രമെ ആ കത്തിൽ ഉണ്ടായിരുന്നുള്ളു. കാലം കാത്തു വെക്കുന്ന ചില ബന്ധങ്ങൾ ഉണ്ട് .അത് എത്ര കാലം ചെന്നാലും ചുറ്റിത്തിരിഞ്ഞ് എത്തേണ്ടിടത്തു തന്നെ എത്തിച്ചേരും.
മാസികയിൽ വരുന്ന രചനകളെക്കുറിച്ച് അഭിപ്രായങ്ങൾ കത്തിലൂടെ അറിയിക്കുമായിരുന്നു. മൃദുല ആരാണെന്നോ എവിടെയാണെന്നോ അറിയാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഉള്ളിൻ്റെയുള്ളിൽ ഒരു പ്രത്യേക സ്നേഹം ഉടലെടുത്തു. മനസ്സിന് ഒരു ഉന്മേഷവും ഉണർവ്വും ആ കത്തിലൂടെ അനുഭവിച്ചു. പിന്നീട് എഴുതുന്ന കവിതകളെല്ലാം പ്രണയ വരികളായിരുന്നു. അതിൽ അവർ ആനന്ദിക്കുന്നുണ്ടെന്ന് തോന്നി. നീലാകാശത്തിലെ പൂർണ്ണ ചന്ദ്രനെ നോക്കി കവികളും കലാകാരന്മാരും അവരവരുടെ മനോധർമ്മം അനുസരിച്ച് ബിംബമാക്കി വർണ്ണിക്കാറുണ്ട് എന്നാൽ നിറപുഞ്ചിരിയോടെ പൂനിലാവ് പൊഴിച്ച് നിർവ്വികാരമായ് നിൽക്കുകയാണെന്ന സത്യം അറിഞ്ഞു കൊണ്ട് തന്നെ അവർ ഭാവനയിലൂടെ സഞ്ചരിക്കുന്നു. ഉണ്ട് ഇല്ല എന്നീ രണ്ടു വാക്കുകൾക്ക് ഇടയിലായിരിക്കാം ചില സത്യങ്ങൾ ഒളിഞ്ഞിരിക്കുക. നാട്ടിലേക്ക് മാറ്റം കിട്ടി വന്നതിനു ശേഷം കത്തുകൾ കിട്ടാതായി. ഏകാന്ത യാമങ്ങളിൽ മൃദുലയെക്കുറിച്ചുള്ള ചിന്ത മനസ്സിനെ നൊമ്പരപ്പെടുത്തി. എന്നെങ്കിലും ഒരുനാൾ എവിടെ വെച്ചെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ തേടി കൊണ്ടിരിക്കുന്നു…….
പ്രതീക്ഷ നഷ്ടപ്പെട്ടതു കൊണ്ടായിരിക്കാം ഈ പുസ്തകം ബീച്ചിൽ അയാൾ ഉപേക്ഷിച്ച് പോയത്.
– കോമളം പരമേശ്വരൻ പാലക്കാട്