ഷൈല വാച്ചിലേക്ക് നോക്കി സമയം വൈകുന്നേരം ഏഴ് മണിയോടടുത്തു. രാവിലെ 10 മണി മുതൽ ഓപ്പറേഷൻ തിയേറ്ററിന് മുന്നിലും ഉച്ച കഴിഞ്ഞു പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിന് മുന്നിലും ഇട്ടിരിക്കുന്ന കസേരകളിൽ തൂങ്ങി പിടിച്ചുള്ള ഇരിപ്പായിരുന്നു. ഹസ്ബൻഡിന് ഒരു മേജർ സർജറി. സർജറിയുടെ ഡേറ്റ് വീട്ടിൽ അറിയിച്ചപ്പോൾ തന്നെ മൂന്നു ദിവസം മുമ്പേ അച്ഛനും അമ്മയും എന്ത് സഹായത്തിനും റെഡി ആയിട്ടുള്ള ഡ്രൈവർ വിദ്യാധരനും വീട്ടിലെത്തി. അച്ഛൻറെ ഓഫീസിലെ സഹപ്രവർത്തകരും ഭർത്താവിൻ്റെ സഹപ്രവർത്തകരും ബ്ലഡ് കൊടുക്കാൻ സന്നദ്ധരായിട്ടുള്ളവരും ആശുപത്രിയിൽ അന്നേ ദിവസം ഹാജർ.
എല്ലാവരോടും സംസാരിച്ചിരുന്നത് കൊണ്ട് യാതൊരു ടെൻഷനും തോന്നിയില്ല. ഇടയ്ക്കിടെ സർജറി വാർഡിൽ നിന്ന് ഇറങ്ങിവരുന്ന നഴ്സുമാരിൽ നിന്ന് രോഗിയുടെ വിവരം അറിയുന്നുണ്ടായിരുന്നു. അച്ഛൻ സുഹൃത്തുക്കളുമായി രാഷ്ട്രീയം ചർച്ച ചെയ്യുന്നു. അമ്മ ബന്ധുക്കളുമായി ഈ ഡോക്ടറുടെ കൈപ്പുണ്യത്തെ കുറിച്ച് സംസാരിക്കുന്നു. ഇടയ്ക്കിടെ എല്ലാവരും മാറി മാറി കാൻറീനിൽ പോയി ചൂട് വടയും മസാല ദോശയും കാപ്പിയും ചായയും ഒക്കെ അകത്താക്കി വന്ന് കൂടുതൽ ഊർജ്ജസ്വലതയോടെ കേരളത്തിലെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് അവരവരുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുന്നു. സന്ദർശനസമയം അവസാനിച്ചതോടെ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ബാക്കി നാളെ ആകാം എന്ന് പറഞ്ഞ് ചർച്ചയ്ക്ക് വിരാമമിട്ടു. രാത്രി എട്ട് മണിയോടെ നേഴ്സ് വന്ന് ഇവിടെ കസേരകളിൽ ആരും ഇരിക്കേണ്ട ആവശ്യമില്ല നിങ്ങൾക്ക് റൂം ഉണ്ടല്ലോ അവിടെ പോയി റസ്റ്റ് എടുത്തോളൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതാത് ഫ്ലോറിലെ നഴ്സുമാർ നിങ്ങളെ അറിയിക്കും അപ്പോൾ വന്നാൽ മതി എന്ന് പറഞ്ഞത് അനുസരിച്ച് ഷൈലയും അമ്മയും റൂമിലേക്കും അച്ഛനും ഡ്രൈവർ വിദ്യാധരനും വീട്ടിലേക്കും പോകാൻ തുടങ്ങിയപ്പോഴാണ് കസേരയിൽ ഒരു ഇളം നീല സാരി ധരിച്ച സ്ത്രീ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. കുറേ സമയമായി അവർ വലിയൊരു ബാഗ് മടിയിൽ വെച്ച് കണ്ണീരോടെ ഇരിക്കുന്നത് കണ്ടിരുന്നെങ്കിലും തൻറെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തിരക്ക് കാരണം അവരെ ഒന്ന് പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. അവരുടെ അടുത്ത് ചെന്ന് ഷൈല കുശലം ചോദിച്ചു. ഭർത്താവിന് ഒരു മൈനർ സർജറി കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കിടക്കുകയാണെന്ന് പറഞ്ഞു. രാവിലെ ചെയ്യാനിരുന്ന സർജറി ചെയ്തു വന്നപ്പോൾ വൈകുന്നേരം 4 മണി കഴിഞ്ഞു. റൂം ഒന്നും എടുക്കേണ്ട ആവശ്യമില്ല രാവിലെ വന്ന് സർജറി കഴിഞ്ഞ് മൂന്നാല് മണിക്കൂർ കഴിഞ്ഞു പോകാം എന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്. പക്ഷേ അടിയന്തരമായി ഡോക്ടർക്ക് മറ്റൊരു സർജറി കൂടി ചെയ്യേണ്ടി വന്നതുകൊണ്ട് പറഞ്ഞ സമയത്ത് ഒന്നും ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഇന്ന് രാത്രി ഇവിടെ ഇരുന്നു നേരം വെളുപ്പിക്കണം. രാവിലെ ഡോക്ടർ വന്നു കണ്ടു ഡിസ്ചാർജ് ചെയ്യും. അവരുടെ അവസ്ഥ കണ്ട് ഷൈലയ്ക്ക് കഷ്ടം തോന്നി. ആ ഇടനാഴികയിൽ ഇപ്പോൾ ആരുമില്ലാതായി. ആശുപത്രിയുടെ ഗേറ്റിനടുത്ത് ഘടാഘടികന്മാർമാരായ യൂണിഫോമിട്ട രണ്ട് സെക്യൂരിറ്റികൾ മാത്രമുണ്ട്. ഇവിടെ എങ്ങനെ ഒറ്റയ്ക്കിരുന്ന് നേരം വെളുപ്പിക്കും? എന്തേ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൂടെ കൂട്ടാതിരുന്നത് എന്ന തൻറെ ചോദ്യത്തിന് ഒരു കരച്ചിൽ ആയിരുന്നു മറുപടി. അന്യജാതിയിൽ പെട്ട ഒരാളെ പ്രേമ വിവാഹം ചെയ്തത് കൊണ്ട് രണ്ടു വീട്ടിൽ നിന്നും പുറത്തായി. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മക്കളെ തന്നെ അയൽവക്കത്തെ ഒരു വീട്ടിൽ ഏൽപ്പിച്ചിട്ട് ആണ് ഇവിടെ വന്നിരിക്കുന്നത്. ഇതിൽ കൂടുതൽ അവരെ എങ്ങനെയാണ് ബുദ്ധിമുട്ടിക്കുക? എല്ലാം കേട്ടപ്പോൾ സങ്കടമായി. മാത്രമല്ല സംസാരത്തിനിടയിൽ അവർ പറഞ്ഞു ഷൈലയെ അവർ കോളേജിൽ വച്ച് കണ്ടിട്ടുണ്ടെന്ന്. അവർ ഷൈലയുടെ ജൂനിയറായി അവിടെ പഠിച്ചിരുന്നുവത്രേ! തനിക്ക് ഒരു ഓർമയും കിട്ടിയില്ല. ഏതായാലും ഷൈല റൂമിൽ വന്നു അമ്മയോട് വിവരങ്ങളൊക്കെ പറഞ്ഞു. നമുക്ക് രണ്ടു പേർക്കുംകൂടി രോഗിക്ക് കിടക്കാനുള്ള ബെഡിൽ കിടക്കാം. അവർ ദിവാനിൽ കിടന്നോട്ടെ. നമുക്ക് നഷ്ടം ഇല്ലാത്ത ഒരു ഉപകാരം ചെയ്തേക്കാം എന്ന്. അമ്മ കുറച്ചു സമയം ഇരുന്ന് ആലോചിച്ചു എന്നിട്ട് ഷൈലയോട് ചോദിച്ചു ആ കുട്ടിക്ക് നിന്നെ അറിയാം എന്ന് പറയുന്നു നിനക്ക് ആ കുട്ടിയെ ഓർമ്മയുണ്ടോ എന്ന്? “തൻറെ അരണ ബുദ്ധി അമ്മയ്ക്ക് അറിയാമല്ലോ കൂടെ പഠിച്ചിരുന്നവരെ തന്നെ തനിക്ക് ഓർമ്മയില്ല പിന്നെയാ ജൂനിയറായി പഠിച്ച ഒരു കുട്ടിയെ ഓർക്കുന്നത്. എന്തായാലും അമ്മ ഷൈലയെ തിരികെ വിട്ടില്ല. യാതൊരു മുൻ പരിചയവും ഇല്ലാത്ത ഒരാളെ നമ്മുടെ റൂമിനകത്ത് പിടിച്ചു കിടത്തി വെറുതെ അപകടങ്ങൾ ക്ഷണിച്ചു വരുത്തേണ്ട എന്ന്. അമ്മയുടെ വാക്ക് ധിക്കരിക്കാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് ഷൈല റൂം കുറ്റിയിട്ട് കിടന്നു.മനസ്സിൽ കുറ്റബോധം തോന്നിയെങ്കിലും കട്ടിൽ കണ്ടതേ രണ്ടു പേരും ഉറക്കം പിടിച്ചു.
ഡോറിലെ മുട്ട് കേട്ട് സ്ഥല കാല ബോധം പോലുമില്ലാതെ ഉറങ്ങിപ്പോയ ഷൈല ഉണർന്നു. അമ്മയുടെ കൂർക്കംവലി താളനിബദ്ധമായി അപ്പോഴും കേൾക്കാം. വാച്ചിൽ സമയം നോക്കിയപ്പോൾ മണി അഞ്ച് ഡോർ തുറന്നപ്പോൾ ഡെലിവറി ബോയ് ബ്ലാക്ക് കോഫി ഇന്നലെ തന്നെ പറഞ്ഞിരുന്നില്ലേ, അതുകൊണ്ടു വന്നതാണ് എന്ന്. ഫ്ലാസ്ക് വാങ്ങി മേശപ്പുറത്ത് വെച്ച് പ്രാഥമിക കാര്യങ്ങൾക്കായി വാഷ് റൂമിലേക്ക് കയറി. അപ്പോൾ ഡോറിൽ അടുത്ത കൊട്ട്. മുട്ടും തട്ടും കേട്ട് അമ്മ ഉണർന്ന് ഡോറിൻ്റെ കുറ്റി എടുത്തപ്പോൾ മുറി തൂക്കാനും തുടക്കാനുള്ള സ്റ്റാഫ് ആണ്. ഡോക്ടർ 7 മണിക്ക് എത്തും. അതിനുമുമ്പ് എല്ലാ മുറികളും തൂത്തു തുടച്ചിരിക്കണമത്രെ. അമ്മ, ഇനി ഡോർ അടക്കേണ്ട ഇപ്പോൾ പുറകിന് പുറകിന് രോഗിയ്ക്ക് രാവിലെ കൊടുക്കേണ്ട മരുന്നു നിരത്തിയ ട്രോളിയും ഉന്തികൊണ്ട് നഴ്സുമാര്‍, ഡസ്ട്ബിൻ വേസ്റ്റ് എടുക്കുന്നവർ, വാഷ്റൂം വൃത്തിയാക്കുന്നവർ, ജനലഴി ഡെറ്റോൾ വച്ച് തുടയ്ക്കുന്നവർ, ബെഡ്ഷീറ്റും തലയിണകവറും മാറ്റുന്നവർ, അങ്ങനെ വരിവരിയായി ആൾക്കാർ എത്തുമെന്ന്. ഏതായാലും ഉണർന്നല്ലോ എന്ന് കരുതി അമ്മ ഇരുന്ന് ബെഡ് കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷൈല കുളി കഴിഞ്ഞ് ഇറങ്ങി വന്ന് അമ്മയോട് പറഞ്ഞത്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൻ്റെ മുൻപിൽ പോയി അവിടുത്തെ വിശേഷങ്ങൾ അറിഞ്ഞ് വരാമെന്ന്. അവിടെ ചെന്ന് അവിടുന്ന് ഇറങ്ങി വരുന്ന നഴ്സിനോട് വിവരം തിരക്കിയപ്പോൾ യാതൊരു വിശേഷവും ഇല്ല. ആൾ നല്ല മയക്കത്തിലാണ്. ഏഴുമണിക്ക് ഡോക്ടർ വരുമ്പോഴേക്കേ മയക്കം വിടുകയുള്ളൂ. മിക്കവാറും ഒമ്പതുമണിയോടെ റൂമിലേക്ക് മാറ്റും എന്ന്. അപ്പോഴാണ് തൻ്റെ ജൂനിയറായി പഠിച്ചു എന്ന് പറഞ്ഞ ആ കുട്ടിയെ അവിടെ കണ്ടില്ലല്ലോ എന്ന് ഓർത്തത്. അവർ കോമൺ വാഷ് റൂമിലോ കാന്റീനിലോ പോയതായിരിക്കാം എന്ന് കരുതി കുറച്ചു സമയം അവിടെ വെയിറ്റ് ചെയ്തിരുന്നു. എന്നിട്ട് കാണാഞ്ഞപ്പോൾ ഷൈല നഴ്സിനോട് വിവരം തിരക്കി. ഇന്നലെ ഒരു മൈനർ സർജറി കഴിഞ്ഞ ആൾ അകത്ത് കിടപ്പില്ലേ, അയാളുടെ ഭാര്യ ഇന്നലെ രാത്രി മുഴുവൻ ഈ കസേരയിൽ ഇരുന്നുറങ്ങുന്നുണ്ടായിരുന്നില്ലേ, അവരെ കണ്ടോ എന്ന് ചോദിച്ചു. അപ്പോൾ ആ നേഴ്സ് പറഞ്ഞ മറുപടി ഷൈലയെ അത്ഭുതപ്പെടുത്തി. മൂന്നു രോഗികളാണ് ഇതിനകത്ത് കിടക്കുന്നത്.എല്ലാം മേജർ സർജറിക്കാരാണ്.മാത്രമല്ല നമ്മുടെ ഡോക്ടർ ഉച്ചകഴിഞ്ഞ് ഒരു സർജറിയും ചെയ്യില്ല എന്ന്. ഇതിൻറെ നിജസ്ഥിതി ഒന്ന് അറിയണമല്ലോ എന്ന് കരുതി ഷൈല അപ്പോൾതന്നെ സെക്യൂരിറ്റിക്കാരുടെ അടുത്തേക്ക് നീങ്ങി.
നിങ്ങൾ 24 മണിക്കൂർ ഡ്യൂട്ടിക്കാർ അല്ലേ, ഇവിടെ രാത്രി മുഴുവൻ ഒരു നീലസാരി ഉടുത്തിരുന്ന സ്ത്രീ ഇരുന്നത് കണ്ടിരുന്നില്ലേ എന്ന് ചോദിച്ചു. മൊബൈലും സിസിടിവിയും ഒന്നുമില്ലാത്ത കാലമല്ലേ?
സന്ദർശന സമയം കഴിയുമ്പോൾ തങ്ങൾ കെട്ടിടം മുഴുവൻ റോന്തു ചുറ്റാൻ ഇറങ്ങുമ്പോൾ അവർ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു. നിങ്ങളുടെ റൂം നമ്പർ പറഞ്ഞിട്ട് അവരുടെ ബന്ധുവാണ് എന്നാണ് ആദ്യം അവർ പറഞ്ഞത്. ഇവിടെ ആരെയും ഇരിക്കാൻ അനുവദിക്കില്ല ഒന്നുകിൽ അവരുടെ റൂമിലേക്ക് കയറി പോകുക. അല്ലെങ്കിൽ പുറത്തേക്കിറങ്ങുക എന്ന് കർശനമായി പറഞ്ഞപ്പോൾ കുറച്ചുനേരം അവിടെ തർക്കിച്ചു നിന്നു. നിങ്ങൾ അവരെ വിളിച്ചോണ്ട് പോകാൻ വരും എന്ന് പറഞ്ഞായിരുന്നു കാത്തിരിപ്പ്. സമയം എട്ടര ആയതോടെ ഞാൻ ഇറക്കി വിട്ട് ആശുപത്രിയുടെ ഗേറ്റ് കൊളുത്തിട്ടുവെന്ന്. നമ്മൾ ഇത് ഇന്നും ഇന്നലെയും തുടങ്ങിയജോലി അല്ലല്ലോ?
അയ്യോ! അമ്പടി കള്ളി! തനിക്ക് അവരെ അറിയുകപോലുമില്ല. തൻറെ ബന്ധു അല്ല എന്ന് ഒറ്റശ്വാസത്തിൽ ഷൈല മറുപടി പറഞ്ഞു. പ്രതീക്ഷിച്ച മറുപടി തന്നെ കേട്ടതിനാൽ നിർവികാരതയോടെ സെക്യൂരിറ്റിക്കാരൻ നടന്നുനീങ്ങി.എന്തെല്ലാം വേഷങ്ങൾ? “ഉദരം നിമിത്തം ബഹുകൃതവേഷം”. മൂത്തവർ ചൊല്ലും വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവമല്ലേ നടന്നത്? തൻറെ കോളേജ് മേറ്റിന് ചേതമില്ലാത്ത ഒരുപകാരം ചെയ്യാൻ സമ്മതിക്കാതിരുന്ന അമ്മയോട് തനിക്ക് ആദ്യം അമർഷമാണ് തോന്നിയത്. പിന്നെ എതിർത്താലും തർക്കിച്ചാലും കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് വേഗം അനുസരിച്ചതായിരുന്നു. അല്ലായിരുന്നെങ്കിൽ സർജറി കഴിഞ്ഞു വരുന്ന ഹസ്ബൻഡിന് അതിനേക്കാൾ വേദന കൊടുക്കുന്ന ഒരു സംഭവം കൂടി പറയാൻ ഉണ്ടായേനെ. ദയതോന്നി അവരെ റൂമിൽ വിളിച്ചു കയറ്റിയിരുന്നെങ്കിലോ? ദൈവമേ! തനിക്ക് ആലോചിക്കാൻ പോലും വയ്യ.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.