ഒരുപാട് കാലങ്ങൾക്കു ശേഷമൊരുനാൾ
തൻ പാദങ്ങൾ പതിഞ്ഞൊരാവരമ്പിലൂടെ
ചുറ്റിലും നോക്കി പതിയേ നടന്നു
ഉൾമനം വിങ്ങുമാ കാഴ്ചകൾ കണ്ടയാൾ.
ഞാനുഴുതുമറിച്ചിട്ടൊരു പാടമിന്നില്ല
നിറകതിരാടും വയലുകളില്ല
കതിർകൊത്തിപ്പറക്കും കിളികളുമില്ല
നിറകുടം ചുമക്കും കല്പവൃക്ഷമില്ല
ചെങ്കുലപേറും കവുങ്ങിൻ തോട്ടമില്ല
ഫലവൃക്ഷങ്ങളേതുമില്ല
നടന്നുനടന്നയാൾ പടിപ്പുര വാതിൽക്കൽ ചെന്നു നിന്നു.
തമ്പ്രാനേ… ഇടറി വിളിച്ചയാൾ
പ്രതിധ്വനിച്ചതെല്ലാതെ ആ വിളിയാരും കേട്ടതില്ല
വിറയാർന്ന കൈകളാൽ വാതിൽ പതിയേതുറന്നു
ഉണ്ണികളോടിക്കളിച്ചൊരാ തിരുമുറ്റം പാഴ്ച്ചെടികളാൽ മൂടിനില്പൂ.
നടുമുറ്റത്തുണ്ടൊരു തുളസിത്തറ വേരറ്റു വീണൊരു തറവാടിൻ പ്രതീകമായ്
അതിൽ വേരറ്റു നില്കുന്നൊരു തുളസിച്ചെടി.
ഒന്നിച്ചു നിർത്തിയ തറവാടിൻ വേരുകളെ ഒന്നൊന്നായി ശിഥിലമാക്കി.
ഇനിയില്ലയീ കൂട്ടുകുടുംബത്തിൻ മഹിമയും സ്നേഹവും കരുതലും.
എല്ലാം ശോഷിപ്പുകൾതൻ ശേഷിപ്പുകളായ് നില്പൂ.
വേരറ്റു വീണൊരു തറവാടിൻ മുറ്റത്തു നിന്നയാൾ
കണ്ണീരോടെ പതിയേ പടിയിറങ്ങി.
– കോമളം പരമേശ്വരൻ, പാലക്കാട്.