ഉണ്ണിക്കുട്ടാ …. പൊന്നു കുട്ടാ…. മുഖം വീർപ്പിച്ച് കിടക്കാതെ എഴുന്നേൽക്കടാ. ഇന്ന് രാവിലെ സൈക്കിൾ ചവിട്ടി പഠിക്കുമ്പോൾ ചിരിച്ചത് നീ ഓർക്കുന്നില്ലേ…. അതു പോലെയൊന്ന് പൊട്ടി ചിരിക്ക്. നിനക്ക് സംസാരിക്കുവാൻ സാധിക്കുന്നില്ലേ കടിഞ്ഞാണിട്ടതാര് ?
ഞാൻ പറയുന്നത് കേൾക്കുന്നില്ലേ…. നിൻ്റെ കേൾവിയും നഷ്ടപ്പെട്ടോ?
അല്ലെങ്കിൽ മിണ്ടാതെ കിടന്നോളു. ആ കണ്ണങ്കിലും തുറക്കു. ആ വട്ടകണ്ണുകൾ ഞാനൊന്നു കാണട്ടെ.
നിന്നെ കാണുവാൻ വരുന്നവരെ കണ്ടോ ….. അവരോട് മിണ്ടുന്നില്ല. പോട്ടെ…. എന്നോടെങ്കിലും രണ്ട് വാക്ക് .
ഇന്നലെ ഓടിയും ചാടിയും കളിച്ച നിന്നെ നിശ്ചലനാക്കിയതാര്?
നിന്നെയാളുകൾ മണ്ണിനടിയിലേക്ക് കൊണ്ടു പോകുകയാണ്. എന്നോടൊപ്പം കളിക്കണമെങ്കിൽ വേഗം എഴുന്നേൽക്ക്.
നീ എഴുന്നേൽക്കുകയില്ലാ അല്ലേ. വികൃതിതരങ്ങളൊന്നും കാണിക്കാത്ത നിമിഷങ്ങൾ കൊണ്ട് പറഞ്ഞാൽ അനുസരിക്കാത്തവനായ്.
ഇനി ഒരിക്കലും നിന്നോട് ഇഷ്ടം കൂടുകയില്ല.
പൊയ്ക്കോ ….. ഞാൻ കരഞ്ഞ് പറഞ്ഞതല്ലേ. എഴുന്നേൽക്കുവാൻ നിനക്ക് വയ്യല്ലേ….
പൊയ്ക്കോ…. പൊയ്ക്കോ ….
മണ്ണിനടിയിലേയ്ക്ക് പോയ്ക്കോ ….
– ആന്റോ കവലക്കാട്ട്