അകതാരിൽ ഉണർന്നൊരു കാവ്യമേ
ഉതിരുമോ നീയെൻ തൂലികയിലൂടെ?
പാടുവാൻ പറയുവാൻ ഉണ്ടെനിക്കെങ്കിലും
വാചാലയാമന്തരം മൂകയല്ലോ ഇന്ന്
കുറിക്കണമിന്നെനിക്കെൻ്റെ ശരികളും
ഭൂമിപരപ്പിലെ വർണ്ണവിവേചനവും
വിരഹവും സ്നേഹവും ചെറു ഈഴലും
പിന്നെ വികലമാം മനസ്സിൻ സാവരവും
എഴുതുവാൻ വെമ്പുമീ അംഗുലികളിൽ
എൻ തൂലിക വീണ്ടും ചേർന്നുനിന്നു
തുറന്നോരീ താളുകളിൽ വീണിടും
എൻ കണ്ണുനീർ പോലും കരയുന്നിതാ
ഈ രാവിൻ തണുപ്പിൽ അലിഞ്ഞിറങ്ങും
ഒരു നറുകുസുമ സുഗന്ധം പോലിന്നു
മന്ദമാരുതൻ ചെപ്പിൽ വിടർന്നത്
എൻ്റെ തൂലികയിലെ കിനാവുകളല്ലോ
മമ ഹൃത്തിൽ തലോടി പ്രവഹിച്ചിടൂ
തവ ഉയിരിൻ തുടിപ്പുകൾ മെല്ലെ
ഒരാത്മരാഗത്തിൻ പല്ലവി മൂളും
കവിതകളായ് വന്നു പുൽകിയാലും
– രമ്യ വി മോഹനൻ