അവൻ ജനൽ തുറന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.
നേരെ എതിർ വശത്തുള്ള കോട്ടേജിൻ്റെ മുന്നിൽ ഒരു കറുത്ത കാർ വന്നു നിന്നു. അതിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി ആ കോട്ടേജിലേക്ക് കയറി പോയി. നല്ല പരിചയമുള്ള മുഖം പക്ഷേ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. പിറ്റേന്ന് ഗാർഡനിൽ ഇരിക്കുമ്പോൾ ആ സ്ത്രീ ഷോപ്പിംഗ് കഴിഞ്ഞ് കാറിൽ വന്നിറങ്ങി. അപ്പോഴാണ് ആ മുഖം വ്യക്തമായി കണ്ടത്. അവൻ പഠിച്ചിരുന്ന കോളേജിൽ ഫസ്റ്റ് ഇയറിന് പഠിച്ചിരുന്ന രാജി! അവൻ അവളെ കുറേ വർഷങ്ങൾക്ക് ശേഷം കാണുകയായിരുന്നു.അവൻ യാന്ത്രികമായി ആ കോട്ടേജിലേക്ക് കയറി വാതിലിൽ മുട്ടി. വാതിൽ തുറന്ന രാജി അവനെ കണ്ടപ്പോൾ വിഷ്ണു ഏട്ടൻ! അവർ ഒന്നും പറയാതെ മുഖത്തോട് മുഖം നോക്കി നിന്നു.
വരൂ,
അവൻ അകത്തേക്ക് കയറി.
ഇരിക്കൂ,
അവൻ ഇരുന്നു.
നിശബ്ദത തളം കെട്ടി നിന്നു എങ്ങനെ തുടങ്ങണം എന്നറിയാതെ രണ്ടു പേരും വിമ്മിഷ്ടപ്പെട്ടു.
രാജി ഇവിടെ?
ഇടക്കൊക്കെ ഞാൻ ഇവിടെ വന്നു നിൽക്കാറുണ്ട്.
തനിച്ചാണോ?
അതെ,
ഹസ്ബന്റ്?
അതിന് മറുപടി പറയാതെ
വിഷ്ണു ഏട്ടൻ ഫാമിലിയുമായിട്ടാണോ?
അല്ല,
ഒഫീഷ്യൽ ടൂറാണോ?
അല്ല.
രാജിക്ക് നാളെ പുറത്തേക്കൊന്ന് ഇറങ്ങാൻ കഴിയുമോ?
ഇറങ്ങാം.
പിറ്റേന്ന് അവർ രണ്ടു പേരും കടൽ തീരത്തിലൂടെ മൗനമായി നടന്നു. കുട്ടികൾ മണൽത്തിട്ടയിലൂടെ ഓടി കളിക്കുന്നു. കമിതാക്കൾ സല്ലപിക്കുന്നു. ചിലർ കടൽ തിരയിൽ കളിക്കുന്നു. രാജിയും വിഷ്ണുവും ഒരു സിമന്റ് ബെഞ്ചിൽ കടലിന് അഭിമുഖമായി ഇരുന്നു.രക്തവർണ്ണമുള്ള സൂര്യൻ കടലിനെ ചുംബിച്ചു. കടലിൻ്റെ കവിൾത്തടം ചുവന്നു തുടുത്തു കടൽ ശാന്തമായി. തണുത്തകാറ്റ് വന്ന് അവരെ തഴുകി നിന്നു. ദൂരെ ഏതോ ഒരു മരത്തിൻ്റെ ചില്ലയിലിരുന്ന് ഇണക്കിളികൾ കുറുകുന്നു .
ഒരു പയ്യൻ കഴുത്തിൽ ക്യാമറയും തൂക്കി അവരുടെ അടുത്തേക്ക് വന്നു.
സാർ,
ഒരു ഫോട്ടോ എടുത്തോട്ടേ? അമ്പത് രൂപ തന്നാൽ മതി.
ജീവിക്കാൻ വേണ്ടി എന്തെല്ലാം വേഷങ്ങൾ കെട്ടണം. വിശപ്പാണ് മനുഷ്യൻ്റെ ഏറ്റവും വലിയ മാരകരോഗം.
ശരി, എടുത്തോളൂ.
അവൻ വലിയ ഫോട്ടോ ഗ്രാഫറെ പോലെ സ്വല്പം ചേർന്നിരിക്കു സാർ,
അവർ ചേർന്നിരുന്നു.ഫോട്ടോ എടുത്തിട്ട് അപ്പോൾത്തന്നെ ഫോട്ടോ കയ്യിൽ കൊടുത്തു. രൂപ വാങ്ങി പോക്കറ്റിൽ ഇട്ട് അടുത്ത ഊഴവും നോക്കി അവൻ പോയി. അവർ ആ ഫോട്ടോ നോക്കി വെറുതെ ഇരുന്നു.
രാജിയുടെ ഹസ്ബന്റ്?
മരിച്ചു.
എപ്പോൾ?
രണ്ടു വർഷം മുൻപ്.
മക്കൾ?
ഒരു മോൻ. അമ്മയുടെ കൂടെയാണ്.
രാജി ജോലിക്ക് പോകുന്നുണ്ടോ?
അതെ, ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ. ലീവ് കിട്ടുമ്പോൾ വീട്ടിലേക്ക് പോകും. എല്ലാ ദു:ഖത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ഇടക്കൊക്കെ ഞാൻ ഇവിടെ വന്നു നിൽക്കുന്നത്.
ഹസ്ബന്റ് എങ്ങനെയാണ് മരിച്ചത്?
അവൾ മൗനമായിരുന്നു പിന്നെ തുടർന്നു.
കോളേജിലേക്ക് വരാനായി ഇറങ്ങുമ്പോഴാണ് അമ്മയുടെ ഫോൺ കോൾ വന്നത് അച്ഛന് സുഖമില്ല എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന് പറഞ്ഞ് ഫോൺ വെച്ചു.ഞങ്ങൾ അപ്പോൾ തന്നെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോൾ വീട് ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. കാലത്ത് എന്തോ ഒരു അസ്വസ്ഥത തോന്നി ആശുപത്രിയിൽ കൊണ്ടുപോകും വഴി മരണം സംഭവിച്ചു. അച്ഛൻ മരിച്ചപ്പോൾ അമ്മക്ക് എന്നെ ആരുടെയെങ്കിലും കൂടെ കെട്ടിച്ചു വിടണം എന്ന ഒരേ ചിന്ത. അങ്ങനെ അച്ഛൻ്റെ അകന്ന ബന്ധത്തിലുള്ള ബാലേട്ടനുമായി ഞങ്ങളുടെ വിവാഹം നടന്നു. ബാഗ്ലൂരിലെ സോഫ്റ്റ് വെയർ കമ്പനിയിലെ എച്ച്. ആർ.ആയിരുന്നു. വിവാഹം കഴിഞ്ഞ് ഞങ്ങൾ ബാംഗ്ലൂരിൽ താമസമാക്കി. വളരെ സന്തോഷപൂർണമായ ജീവിതമായിരുന്നു. ആ സമയത്താണ് കൊറോണ എന്ന മാരകരോഗം ലോകം മുഴുവനും പടർന്നു പിടിച്ചത്. ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന ബാലേട്ടന് നല്ല പനിയും തലവേദനയും ഡോക്ടറെ കണ്ടു കൊറോണ ടെസ്റ്റ് ചെയ്തു. പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു. അവിടെ നിന്നും നേരെ കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് അവർ തന്നെ കൊണ്ടു പോയി. ആ സമയത്ത് ഭയങ്കര സ്ട്രിക്ട് ആയിരുന്നു. ഞാൻ അന്ന് പൂർണ്ണ ഗർഭിണിയും. മൂന്നാല് ദിവസം കഴിഞ്ഞും ബാലേട്ടന് ഒരു കുറവും കണ്ടില്ല ബാലേട്ടനെ അഡ്മിറ്റ് ചെയ്തതിൻ്റെ നാലാം ദിവസം ഫോൺ ചെയ്തപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ബാലേട്ടൻ്റെ സംസാരത്തിൽ നിന്നും മനസ്സിലായി. അപ്പോൾ തന്നെ ആശുപത്രിയിലേക്ക് ചെന്നു. കാണാൻ സമ്മതിച്ചില്ല ഭാര്യയാണെന്നു പറഞ്ഞും അവർ വിട്ടില്ല. തിരികെ റൂമിൽ വന്നു അന്ന് വൈകുന്നേരം ആയപ്പോൾ വയറ് വേദന അനുഭവപ്പെട്ടു. ബാലേട്ടനെ വിളിച്ചു കാര്യം പറഞ്ഞു ആശുപത്രിയിലേക്ക് പോകു എന്ന് മാത്രം പറഞ്ഞു ഫോൺ കട്ടായി.
അപ്പോൾ തന്നെ എന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചെന്നു.പരിശോധിച്ചതിനു ശേഷം അഡ്മിറ്റ് ആവാൻ പറഞ്ഞു.അഡ്മിറ്റായ അന്ന് രാത്രി മോനെ പ്രസവിച്ചു. സുഖപ്രസവമായിരുന്നു അതിനാൽ അന്ന് തന്നെ റൂമിലേക്ക് മാറ്റി. ബാലേട്ടനെ വിളിച്ചപ്പോൾ സുച്ചോഫ് വീണ്ടും വീണ്ടും വിളിച്ചു നോക്കി കിട്ടാതായപ്പോൾ നേഴ്സിനോട് പറഞ്ഞു നേഴ്സ് ആശുപത്രിയിലെ നമ്പറിൽ വിളിച്ചു. പേരും അഡ്രസ്സും പറഞ്ഞു അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാൻ പറഞ്ഞു . അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഇന്ന് പുലർച്ചെ മരിച്ചു എന്ന് പറഞ്ഞു. കാണാൻ ശ്രമിച്ചു നോക്കി കൊറോണ ബാധിച്ച് മരിച്ചതു കാരണം കാണാൻ അനുവദിച്ചില്ല. ലോക്ഡൗൺ ആയത് കാരണം നാട്ടിൽ നിന്നും ആർക്കും വരാനും കഴിഞ്ഞില്ല. ഡിസ്ച്ചാർജ് ചെയ്ത ദിവസം കുഞ്ഞിനോടൊപ്പം ബാലേട്ടൻ ധരിച്ചിരുന്ന ചെയിനും മോതിരവും വാച്ചുമായിട്ടായിരുന്നു ഞാൻ റൂമിൽ വന്നു കയറിയത്. ഡോക്ടർ മലയാളി ആയതിനാൽ ഡോക്ടർ തന്നെ ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കിത്തന്നു. ലോക്ഡൗൺ കഴിഞ്ഞതിന് ശേഷം അമ്മ ഞങ്ങളെ നാട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു. അവൾ സങ്കടം ഉള്ളിലൊതുക്കി മൂകമായിരുന്നു.
എൻ്റെ കാര്യങ്ങൾ പറഞ്ഞ് ബോറടിപ്പിച്ചു അല്ലെ?
ഏയ് ഇല്ല.
വിഷ്ണു ഏട്ടൻ്റെ ഫാമിലി ഇപ്പോഴെവിടെയാണ്?
അച്ഛനും അമ്മയും കൂടെ ഉണ്ട്.
ഭാര്യയും മക്കളും?
ഇല്ല വിവാഹം കഴിച്ചിട്ടില്ല.
എന്തേ കഴിക്കാഞ്ഞത്?
അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
വീണ്ടും ആ ചോദ്യം ആവർത്തിച്ചപ്പോൾ അവൻ പറഞ്ഞു.
മനസ്സിൽ കയറിക്കൂടിയ ആളെ ഇറക്കി വിടാൻ മനസ്സ് അനുവദിച്ചില്ല.
രണ്ടു പേരും ഒന്നും പറയാതെ ഇരുന്നു.കുറച്ച് സമയത്തിന് ശേഷം
‘തന്നെ ഞാൻ കെട്ടിക്കോട്ടേ ‘?
പെട്ടെന്നുള്ള ചോദ്യം കേട്ട് അവൾ തരിച്ചിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടവൾ പറഞ്ഞു.വിഷ്ണു ഏട്ടന് എന്നോട് ഇത്രക്ക് സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ നേരത്തേ എന്നോട് പറയാമായിരുന്നില്ലേ ഈ വിവാഹം വേണ്ടെന്ന് വെക്കാമായിരുന്നല്ലോ. അന്നേരം കടലിൽ നിന്നും വലിയൊരു തിര തീരത്തിലേക്ക് അടിച്ചു കയറി സാവധാനം കടലിലേക്ക് ഇറങ്ങി ശാന്തമായി.
– കോമളം പരമേശ്വരൻ, പാലക്കാട്.