അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ സുഹൃത്തുക്കളെ കാണാൻ എത്തിയ 21 വയസ്സുള്ള വിദ്യാർഥിനിയെയും സുഹൃത്തിനെയും രാത്രി പതിനൊന്നര മണിക്ക് സദാചാര ഗുണ്ടകൾ ചവിട്ടി വീഴ്ത്തി എന്ന പത്ര വാർത്ത വായിച്ചപ്പോൾ എനിക്ക് യാതൊരു അമ്പരപ്പും തോന്നിയില്ല. കാരണം അതിനേക്കാൾ ഭീകരമായ സംഭവമാണ് ഞാനീ താഴെ എഴുതുന്നത്.
വികസനം എത്തി നോക്കാത്ത ഗ്രാമത്തിലോ, 1930കളിലോ സംഭവിച്ച കാര്യമല്ല. കഴിഞ്ഞമാസം നഗരമധ്യത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വിധവയ്ക്ക് നേരിടേണ്ടിവന്ന സംഭവത്തിൻ്റെ നേർകാഴ്ച.
സുന്ദരിയും സുശീലയുമായ രാജേശ്വരിക്ക് വയസ്സ് 66. രണ്ട് പെൺമക്കളും ഉദ്യോഗവും ആയി ബന്ധപ്പെട്ട് വിദേശത്ത് കുടുംബമായി താമസിക്കുന്നു. ഭർത്താവിൻ്റെ മരണശേഷം ഭർത്തൃഗൃഹത്തിൽ നിന്ന് വീതം കിട്ടിയ 20 സെൻറ് സ്ഥലത്ത് ഒറ്റയ്ക്ക് ആ വീട്ടിൽ താമസിക്കുന്നു. ഭർത്താവിൻ്റെ പെൻഷനും മക്കൾ വല്ലപ്പോഴും അയച്ചു കൊടുക്കുന്ന പൈസയും കൊണ്ട് വീടും പരിസരവും വൃത്തിയായി നോക്കി തൻ്റെ കാര്യം മാത്രം ശ്രദ്ധിച്ച് അന്തസ്സായി ജീവിക്കുന്ന ഒരു പാവം വിധവ. പിന്നെ സാധാരണ വിധവകളെ പോലെ കണ്ണീർ ഒലിപ്പിച്ചോ അലസമായി വസ്ത്രധാരണം ചെയ്തോ അല്ല നടക്കുക എന്നൊരു വ്യത്യാസം മാത്രം. വിവരവും വിദ്യാഭ്യാസവും വിവേകവും ഒറ്റയ്ക്ക് ജീവിക്കാം എന്നുള്ള തന്റേടവും ഉള്ളതുകൊണ്ട് ഈ വീട്ടിൽ തനിച്ച് താമസിക്കുന്നു.
ഭർത്താവിൻ്റെ മരണത്തിനു മുമ്പേ തന്നെ കുറച്ചു തലയ്ക്ക് സ്ഥിരതയില്ലാത്ത ഒരാൾ ജോലി അന്വേഷിച്ചു വന്നിരുന്നു. പേര് പുരുഷു. ആൾ അതീവ ബുദ്ധിമാൻ അല്ല, എന്നാൽ മന്ദബുദ്ധിയും അല്ല. ഇതിനിടയിൽ എവിടെയോ ആണ് ഇയാളുടെ സ്ഥാനം. വയറുനിറയെ ഭക്ഷണം കൊടുത്താൽ ആൾ എന്ത് ജോലിയും ചെയ്യും. തോന്നുമ്പോൾ വരും തോന്നുമ്പോൾ പോകും. അതിനിടയിൽ എന്തെങ്കിലും ജോലി ചെയ്താൽ ചെയ്യും അത്രയേ ഉള്ളൂ. കഴിഞ്ഞമാസം അയാൾ രാവിലെ 10 മണി ആയപ്പോൾ എന്തെങ്കിലും ജോലി ഉണ്ടോ എന്ന് ചോദിച്ചെത്തി രാജേശ്വരിയുടെ വീട്ടിൽ. പത്തമ്പത് തേങ്ങ പൊതിക്കാൻ പറഞ്ഞു, വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ വയറുനിറയെ ചോറു കൊടുത്തു. പിന്നെ പറമ്പിലെ പുല്ല് പറിച്ച്, കരിയില അടിച്ചുകൂട്ടി തീയിട്ടു. വൈകുന്നേരം ആറുമണിയായപ്പോൾ കാശു എടുത്തു കൊടുത്ത് നാളത്തെ ഒരു ദിവസത്തെ പണി കൂടിയുണ്ട്, നേരത്തെ വരണം കേട്ടോ എന്ന് പറഞ്ഞ് രാജേശ്വരി പുരുഷുവിനെ പറഞ്ഞയച്ചു.
പതിവുപോലെ രാജേശ്വരി സ്ഥിരം തൊഴാൻ പോകാറുള്ള ക്ഷേത്രത്തിൽ ദീപാരാധന തൊഴാൻ പോയി. കുറച്ചു പച്ചക്കറിയും വാങ്ങി കാർ ഡ്രൈവ് ചെയ്തു തിരിച്ചെത്തി. ഒറ്റക്കായതു കൊണ്ടും മറ്റാരും വരാൻ സാധ്യത ഇല്ലാത്തതുകൊണ്ടും വന്ന ഉടനെ വലിയ ഗേറ്റും ചെറിയ ഗേറ്റും അകത്തു നിന്നു പൂട്ടി വീടിനകത്തു കയറി ടിവി ഓൺ ചെയ്ത് സീരിയൽ കാഴ്ച തുടങ്ങി.
രാത്രി ഒരു പത്തു മണി ആയപ്പോൾ ഉണ്ട് വലിയ ഗേറ്റിനടുത്ത് ഭയങ്കര ബഹളം കേൾക്കുന്നു. അഞ്ചാറു ചെറുപ്പക്കാർ ഒരാളെ തടഞ്ഞു വെച്ച് അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്. അപ്പോൾ തന്നെ രാജേശ്വരിയുടെ മൊബൈൽഫോണും അടിക്കാൻ തുടങ്ങി. മുമ്പിലത്തെ വീട്ടിലെ താമസക്കാരൻ രാജേശ്വരിയുടെ അഭ്യുദയകാംക്ഷിയുടെ ഫോൺ ആയിരുന്നു അത്.
അദ്ദേഹത്തെ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. തട്ടുകടക്കാരൻ തങ്കപ്പൻ, വലിയ പരോപകാരിയാണ് എന്നാണ് ഭാവം. ഒരു അന്വേഷണകുതകി. തൻ്റെ അന്വേഷണത്തിലൂടെ ഉള്ള കണ്ടെത്തലുകൾ ഉപയോഗിച്ച് ആർക്കൊക്കെ പാര പണിയാം എന്ന ചിന്താഗതിക്കാരൻ. സമ്പന്നരെയും നന്നായിട്ട് ജീവിക്കുന്നവരെയും കാണുമ്പോൾ തങ്കപ്പനും ഭാര്യയ്ക്കും ഒരുതരം ‘കൃമികടി’ തുടങ്ങും.
തങ്കപ്പൻ ഫോണിലൂടെ സംസാരിച്ചുതുടങ്ങി. “ചേച്ചി, വാതിൽ തുറന്നു പുറത്തേക്കു ഒന്ന് വന്നേ, ഇവിടെ ചേച്ചിയുടെ വീട്ടിൽ പകല് പണിക്കു നിന്ന ആളെ അഞ്ചാറു പയ്യന്മാർ കൈകാര്യം ചെയ്യുന്നു.” എന്ന്.
“ഈ രാത്രി നേരത്ത് ഞാൻ കതക് തുറന്നു പുറത്തേക്ക് വരില്ല. സംഭവം എൻ്റെ ഗേറ്റിനു പുറത്ത് അല്ലേ, അതിനു എനിക്ക് എന്ത് ചെയ്യാൻ പറ്റും? “ എന്ന് രാജേശ്വരിയുടെ മറുപടി.
“ നിങ്ങൾ അങ്ങനെ ഒഴിഞ്ഞുമാറാൻ ഒന്നും നോക്കണ്ട. ഈ പയ്യന്മാർ ഇയാളെ അടിച്ചു കൊല്ലുകയോ അല്ലെങ്കിൽ ഈ ഗേറ്റിനു സമീപം ഇയാൾ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ ഞങ്ങൾ കൂടി ഉത്തരം പറയേണ്ടി വരില്ലേ? ഈ ബുദ്ധിയില്ലാത്തവനെ ഇവിടെ പണിക്ക് നിർത്തരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ? എൻ്റെ വാക്കിന് നിങ്ങൾ വില തന്നോ? നിങ്ങളൊക്കെ വലിയ കാശുകാർ അല്ലേ? ഇപ്പോൾ എന്തായി? നിങ്ങൾ അകത്തു കയറി ഒളിച്ചിരിക്കാതെ പുറത്തു വന്നേ പറ്റൂ. “ എന്ന ഭീഷണി അടുത്തത്.
എന്തും വരട്ടെ എന്ന് കരുതി രാജേശ്വരി കതക് തുറന്ന് മുറ്റത്തു വന്നു. അപ്പോഴുണ്ട് പുരുഷു പേടിച്ചുവിറച്ച് ഗേറ്റിന്മേൽ തൂങ്ങിനിൽക്കുന്നു. ആൾ നന്നായി മദ്യപിച്ചിട്ടുണ്ട്.🍻 ഇവനെ ഭയപ്പെടുത്തുന്ന സദാചാര ഗുണ്ടകളും നന്നായി മദ്യപിച്ചിട്ടുണ്ട്. ഇവിടെ എന്തിന് വന്നു എന്നൊക്കെ ചോദിച്ച് ഗുണ്ടകൾ ഇടയ്ക്ക് പുരുഷുവിൻ്റെ കരണത്ത് ഓരോന്ന് പൊട്ടിക്കുകയും എല്ലാവരും കൂട്ടചിരി ചിരിക്കുകയും ചെയ്യുന്നുണ്ട്. കൂട്ടത്തിലൊരാൾ അവനോട് ചോദിക്കുന്നുണ്ട്. രാത്രി ചേച്ചി വിളിച്ചിട്ട് ആണോ നീ വീട്ടിൽ പോകാതെ ഇങ്ങോട്ട് തന്നെ തിരിച്ചു വന്നത് എന്ന്. അതിനൊക്കെ പുരുഷുവിൻ്റെ മറുപടി കരച്ചിലാണ്. ചേച്ചി പോലീസിനെ വിളിച്ചു പുരുഷുവിനെ ഇവിടുന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകണം എന്ന് ആവശ്യപ്പെടണമെന്ന് തങ്കപ്പൻ. എല്ലാവരുംകൂടി ഇതുതന്നെ ഒരേ സ്വരത്തിൽ പറയുന്നത് കേട്ട് രാജേശ്വരി തിരികെ വീട്ടിലെത്തി, മൊബൈലെടുത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം വിശദമായി പറഞ്ഞു.
“എനിക്ക് ഇന്ന് പകൽ പത്തമ്പത് തേങ്ങാ പൊതിച്ചു തരികയും പറമ്പ് മുഴുവൻ പുല്ലു പറിച്ച് വൃത്തിയാക്കി കരിയില കത്തിച്ച് ഉപകാരം ചെയ്ത കുറച്ച് ബുദ്ധിക്ക് സ്ഥിരതയില്ലാത്ത ഒരു മനുഷ്യൻ മദ്യപിച്ചു കഴിഞ്ഞപ്പോൾ അയാൾ തൻ്റെ സ്വന്തം വീട്ടിൽ പോകാതെ എൻ്റെ വീടിൻ്റെ ഗേറ്റിനു പുറത്തു നിൽക്കുകയാണ്. സദാചാര ഗുണ്ടകൾ അയാളെ ആക്രമിക്കുന്നുണ്ട്. സാർ ഒന്ന് വന്നാൽ നന്നായിരുന്നു. എനിക്ക് യാതൊരു പരാതിയുമില്ല. ആ മനുഷ്യനെ ഒന്ന് രക്ഷിച്ചു കൊണ്ടുപോകാണം അത്രയേ ഉള്ളൂ “. എന്ന് പറഞ്ഞു.
10 മിനിറ്റിനകം പട്രോളിംഗിൽ ഉള്ള പോലീസ് എത്തി. ജീപ്പിൻ്റെ ലൈറ്റിൻ്റെ വെളിച്ചം കണ്ടപ്പോഴേ സദാചാര ഗുണ്ടകൾ ഓടി. പോലീസുകാരനെ സ്വീകരിച്ചത് തട്ടുകടക്കാരൻ തങ്കപ്പൻ. “സാർ ഇവനെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റി കൊണ്ടു പോകണം. “
“ച്ചി, നിർത്തടാ എന്നെ പണി പഠിപ്പിക്കുന്നോ? “ എന്ന ഒരൊറ്റ പോലീസിൻ്റെ അലർച്ചയിൽ തട്ടുകടക്കാരൻ്റെ ഗ്യാസ് പോയി. ആൾ മര്യാദക്കാരനായി. “സാറേ, ഈ സ്ത്രീക്ക് ഇവിടെ ഒറ്റയ്ക്ക് താമസിക്കേണ്ട വല്ല കാര്യവുമുണ്ടോ? രണ്ട് പെൺ മക്കളുടെ കൂടെ വിദേശത്തുപോയി മാറിമാറി സുഖമായി താമസിക്കരുതോ? വെറുതെ എനിക്ക് മിനകേട് ഉണ്ടാക്കാൻ വേണ്ടിയാണ് ഇവർ ഇവിടെ താമസിക്കുന്നത്. ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ ബുദ്ധി ഇല്ലാത്തവനെ ഇവിടെ പണിക്ക് നിർത്തരുതെന്ന്. പക്ഷേ കേൾക്കില്ല. വലിയ അഹങ്കാരിയാണ്. നടക്കാവുന്ന ദൂരമേയുള്ളൂ എങ്കിലും കാറോടിച്ചേ പുറത്തു പോവുകയുള്ളൂ. ഒരു വിധവയ്‌ക്ക് വേണ്ട അച്ചടക്കം ഇല്ല. ചിലപ്പോൾ അമ്പലത്തിൽ പോയി തിരിച്ചുവരുന്നത് 7 മണിക്ക് ഒക്കെ ആണ്. പോലീസുകാരൻ എല്ലാം ക്ഷമയോടെ കേട്ടു.
സ്ഥിര ബുദ്ധിയില്ലാത്ത പുരുഷുവിൻ്റെ അടുത്തുചെന്ന് ചോദിച്ചു. ” “നീ എന്താ വീട്ടിൽ പോകാതെ ഇങ്ങോട്ട് തന്നെ തിരിച്ചു വന്നത്? “ എന്ന്.
അപ്പോൾ പുരുഷുവിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ കാശ് കിട്ടിയപ്പോൾ നന്നായി മദ്യപിച്ചു. നാളെ കുറച്ചു നേരത്തെ വരണം എന്ന് പറഞ്ഞിരുന്നല്ലോ ചേച്ചി, അതുകൊണ്ട് ഇനി വീട്ടിൽ പോയി തിരികെ വരണ്ട ഗേറ്റിന് പുറത്ത് കിടന്നുറങ്ങാം കരുതി. ഇവിടെ ആർക്കും ശല്യമുണ്ടാക്കാതെ ഉടുമുണ്ട് വിരിച്ച് കിടന്നുറങ്ങാൻ തുടങ്ങിയപ്പോഴാണ് അഞ്ചാറു പയ്യന്മാർ വന്ന് എന്നെ ചവിട്ടാനും അടിക്കാനും തുടങ്ങിയത്. “
കുടിച്ചു കഴിഞ്ഞ് വണ്ടിക്കൂലിക്കുള്ള കാശുണ്ടോ, എങ്കിൽ നേരെ വീട്ടിലേക്ക് വിട്ടോ നിന്നെ ഈ പരിസരത്തെങ്ങും കണ്ടുപോകരുത് എന്ന് പറഞ്ഞ് അയാളെ പോലീസ് പറഞ്ഞുവിട്ടു.
രാജേശ്വരി മാഡത്തിന് പരാതിയൊന്നും ഇല്ലാത്തതുകൊണ്ട് കേസ് ഒന്നും എടുക്കാൻ പറ്റില്ല എന്ന് തങ്കപ്പനോട് പറഞ്ഞതോടെ ഹതാശനായി തങ്കപ്പനും ഭാര്യയും വീട്ടിലേക്ക് മടങ്ങി.
ഈ വിധവ ചെയ്ത തെറ്റ് എന്താണ്? വിദേശത്ത് പെണ്മക്കളുടെ കൂടെ അവരുടെ വീട്ടിൽ പോയി അവർക്ക് ശല്യമായി താമസിക്കാത്തതോ? അതോ കാർ ഡ്രൈവ് ചെയ്യുന്നതോ? ആരും ജോലി കൊടുക്കാൻ തയ്യാറാകാത്ത പുരുഷുവിനെപോലെ ഉള്ള ഒരാൾക്ക് ജോലി കൊടുത്തതോ? അയാൾക്ക് ഭക്ഷണം കൊടുത്തതോ? ആരെയും ഉപദ്രവിക്കാതെ തൻ്റെ സ്വന്തം കാര്യം നോക്കി ഒറ്റയ്ക്ക് താമസിക്കുന്നതോ? ഒരാഴ്ച കഴിഞ്ഞപ്പോൾ രാജേശ്വരി അറിഞ്ഞു, പുരുഷു അവിടെ കിടക്കാൻ തുടങ്ങുന്നത് കണ്ട് തങ്കപ്പൻ സദാചാരഗുണ്ടകളെ വിളിച്ചു വരുത്തിയതാണെന്ന്. ഈ അപവാദം മക്കളെ പൊടിപ്പും തൊങ്ങലും ചേർത്ത് അറിയിച്ചു ഇവരെ ഇവിടെ നിന്ന് ഓടിച്ചാൽ ഈ പറമ്പിലെ ആദായം ഫ്രീ ആയി അടിച്ചെടുക്കാമല്ലോ? എന്തായാലും ഐഡിയ ചീറ്റി പോയി. എന്നാലും പുതിയത് എന്തെങ്കിലും വീണുകിട്ടുമോ എന്നോർത്ത് തങ്കപ്പനും ഭാര്യയും കൂടുതൽ ജാഗരൂകരായിരിക്കുന്നു.
“സ്ത്രീകൾക്ക് ഒരുക്കേണ്ടത് സുരക്ഷയാണ്. അല്ലാതെ ആണധികാര വ്യവസ്ഥയുടെ ഭാഗമായ അനാവശ്യ നിയന്ത്രണങ്ങൾ അല്ല. ലിംഗനീതി ഉറപ്പു വരുത്തുക. പൂട്ടിയിടേണ്ടത് അക്രമികളെയാണ്. “ ഹൈക്കോടതിയുടെ ഈ നിരീക്ഷണം സ്വാഗതാർഹം ആണ്!
– മേരി ജോസി മലയിൽ, തിരുവനന്തപുരം.