നാലുപാടും ചിതറുന്നു പാരിടെ
നേരിടുന്നേറെ പീഢനങ്ങൾ
നഗ്നമേനിയേ പ്രാപിച്ചു കശ്മലർ
നാടുനീളെ ചുഴറ്റുന്നു വാളുകൾ
നാഗമേറുന്ന ഘോരമാം ചോലയിൽ
നാവനക്കാതിരിക്കുന്ന രാത്രികൾ
നാരമൊട്ടില്ല കണ്ഠം നനച്ചിടാൻ
നൊമ്പരിക്കുന്നിതെത്രയോ ജന്മങ്ങൾ
നാടുനീളെ ചിതറുന്ന മേനിയേ
നായതിന്നുന്നു മൃഷ്ടാന്ന ഭോജ്യമായ്
നാലുകെട്ടിൽ സുഖിക്കുന്ന മന്നനോ
നാവെടുക്കാതിരിക്കുന്നു മൗനിയായ്
നാശകന്മാർ മദിക്കുന്നു രാപ്പകൽ
നാട്ടിലാകെ തെറിക്കുന്നു ചോരയും
നാരമേറിയ നാഥൻ്റെ പേരിനാൽ
നാശമെല്ലാം സഹിക്കുന്നു നാൾക്കുനാൾ
നീളമേറുന്ന കോലിൻ്റെ കൂട്ടരും
നീരുവീഞ്ഞാക്കി മാറ്റ്യോൻ്റെ കൂട്ടരും
നേർക്കു നേരങ്ങു കൊല്ലുന്ന വാർത്തകൾ
നെഞ്ചിടിപ്പോടെ കേൾക്കുന്ന ലോകരും
നെല്ലു കൊയ്യുന്ന പാടങ്ങളൊക്കെയും
നഗ്നമേനികൾ പൂമെത്തയാകുന്നു
നെഞ്ചിലേറുന്ന കാമകഴുക്കളോ
നക്കിയൂറ്റുന്നു കാമമാം തേൻകണം
നാടുനീളെ പറക്കുന്നു രാപ്പകൽ
നഗ്നമേനിയിൽ ചിത്രം വരച്ചിടാൻ
നാമ്പുതുല്യം കിടാങ്ങളാം നാരിയേം
നാഭിയിൽ മതചിഹ്നം വരക്കുന്നു
നന്മകെട്ടുള്ള വേതാള സന്തതി
നഗ്ന താണ്ഡവമാടുന്നു ക്രൂരരായ്
നാളിതേറെയായ്കാണുന്നു ദൈവമേ
നൽദിനങ്ങളേ ഏകണേ ഈശ്വരാ
– ജോൺസൺ എഴുമറ്റൂർ