10-40 വർഷം മുമ്പ് നടന്ന ഒരു സംഭവ കഥയാണിത്. അന്തോണിയുടെ മകൻ ജംഷഡ്പൂര് എയർഫോഴ്സിൽ ഉദ്യോഗസ്ഥനാണ്. പഠനത്തോടൊപ്പം തന്നെ സ്പോർട്സും കൊണ്ടു പോയതുകൊണ്ട് നല്ല പ്രായത്തിൽ തന്നെ മകന് ജോലികിട്ടി. ഏതൊരു പിതാവിനും അഭിമാനിക്കാവുന്ന ഒരു മകനായിരുന്നു നിക്കോളാസ്. അങ്ങനെയിരിക്കെയാണ് നിക്കോളാസ് നമ്മുടെ രാജ്യത്തിന് വേണ്ടി കളിച്ചു സ്വർണ്ണമെഡൽ നേടുന്നത്. നമ്മുടെ രാജ്യത്തിൻറെ അഭിമാനം എന്നൊക്കെ നിക്കോളാസിനെ കുറിച്ച് പറഞ്ഞു കേൾക്കുമ്പോൾ തന്നെ അന്തോണിക്ക് സന്തോഷം തോന്നാറുണ്ട്. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും എല്ലാവരും മകൻ എന്നാണ് കേരളത്തിൽ വരിക എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു. നിക്കോളാസ് സ്വർണ്ണമെഡൽ വാങ്ങുന്നത് ഒക്കെ ടിവി സ്വന്തമായി ഉള്ളവർ (അന്ന് അതൊരു അപൂർവ വസ്തു) കണ്ടിരുന്നു. അങ്ങനെയിരിക്കെ അന്തോണിയെ തേടി പള്ളി കമ്മിറ്റി പ്രസിഡൻറ് ഒരുദിവസം വീട്ടിലെത്തി.ഒരു പ്രത്യേക കാര്യം അറിയിക്കാൻ വേണ്ടിയുള്ള വരവായിരുന്നു അത്. “മകൻ ലീവിൽ വരുന്നു എന്ന് കേട്ടു, മഹാഭാഗ്യം! പിതാവ് മകനെ നേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് അത് പറയാനാണ് ഞങ്ങൾ വന്നത് എന്ന് “. അന്തോണിക്ക് ഇതിൽപരം ഇനി ഒരു സന്തോഷം വരാനില്ല. സ്വർഗ്ഗത്തിലേക്ക് നേരിട്ട് പോകാൻ ഒരു ടിക്കറ്റ് കിട്ടിയത് പോലെയായിരുന്നു. ആരൊക്കെ അനുമോദിച്ചാലും അഭിനന്ദിച്ചാലും പിതാവിന്റെ അഭിനന്ദനം കിട്ടുക അതിൽ കവിഞ്ഞു ഇനി എന്തുണ്ട്? അന്തോണി മകൻ വരുന്നതുവരെ മകനോടൊപ്പം അരമനയിൽ പോകുന്നതൊക്കെ ദിവാസ്വപ്നം കണ്ട് ദിവസങ്ങൾ തള്ളിനീക്കി. പറഞ്ഞ ദിവസം തന്നെ മകൻ എത്തി.എയർപോർട്ടിൽ നിന്ന് തന്നെ സ്വീകരണങ്ങൾ തുടങ്ങിയിരുന്നു. പൗരസമിതിക്കാർ,അവൻ പഠിച്ച സ്കൂളുകാര്, കോളേജുകാര്, പല ക്ലബ്‌കാര്, അങ്ങനെ ആരൊ ക്കെയാണ് സ്വീകരണം ഒരുക്കിയിരുന്നത് എന്ന് പറയാൻ തന്നെ വയ്യ. അതുപോലെ സ്വീകരണങ്ങൾ ആയിരുന്നു നാട്ടിലെങ്ങും. പിതാവിനെ കാണാൻ വരുമ്പോൾ അന്നത്തെ ദിവസം കളിക്കാൻ പോയിരുന്നപ്പോൾ ധരിച്ചിരുന്ന ട്രാക്ക് സ്യൂട്ടും മെഡലും അണിഞ്ഞ് വരണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു പള്ളി കമ്മിറ്റിക്കാർ.
പിതാവിനെ കാണാൻ പോകുന്ന ദിവസം എത്തി. നിക്കോളാസ് ട്രാക്ക് സൂട്ടും ധരിച്ച് സ്വർണ മെഡലും കഴുത്തിലണിഞ്ഞ് അന്തോണിയോടൊപ്പം കൃത്യസമയത്തുതന്നെ അരമനയിൽ എത്തി. രണ്ട് മൂന്ന് മണിക്കൂർ കാത്തിരുന്നു. പിതാവ് എത്തി. അരമനയിലേക്ക് സാധാരണക്കാർക്ക് ഒന്നും പ്രവേശനമില്ല. പിതാവ് നിക്കോളാസ്നെ വാനോളം പുകഴ്ത്തി. ഇടവകയിലെ മറ്റ് ആൾക്കാക്ക് ഒക്കെ ഒരു മാതൃക ആകേണ്ട ആളാണ് അന്തോണി എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെയും പുകഴ്ത്തി. രണ്ടുപേരും തിരുമേനിയുടെ കൈ മുത്തി. നിക്കോളാസിന് വരുന്ന രാജ്യാന്തര കളികൾക്ക് എല്ലാം പങ്കെടുക്കാനും സമ്മാനം വാങ്ങാനും സാധിക്കട്ടെ എന്ന് പറഞ്ഞ് കൈ തലയിൽ വച്ച് അനുഗ്രഹിച്ചു. പിന്നീട് തിരുമേനി ആവശ്യപ്പെട്ടത് ഇങ്ങനെ “സ്വർണമെഡൽ അവിടെ ഒരു ബേസിൻ വെച്ചിട്ടുണ്ട് അവിടെ അത് ഉപേക്ഷിച്ചിട്ടു നീ തിരിച്ചു പൊയ്ക്കോ, നിനക്ക് നല്ലത് മാത്രമേ വരൂ “എന്ന്. അനുമോദനവും അഭിനന്ദനവും കൈമുത്തലും അനുഗ്രഹങ്ങളും എല്ലാം കഴിഞ്ഞ് പിതാവ് പറഞ്ഞ ഈ കാര്യം കേട്ട് നിക്കോളാസ് അത്ഭുതപ്പെട്ടു. “പാവപ്പെട്ടവർക്ക് കുറച്ച് വീട് വെച്ചു കൊടുക്കുന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട് അതിലേക്കുള്ള ആദ്യത്തെ സംഭാവന താങ്കളുടെ ഈ സ്വർണമെഡൽ ആകട്ടെ എന്ന് “.
അപ്പോഴാണ് നിക്കോളാസ് പറഞ്ഞത് ഈ സ്വർണമെഡൽ എന്ന് പറയുന്നതിന് അതിൻറെ നേട്ടത്തിനാണ് വില. ഇതു മുഴുവൻ സ്വർണം അല്ല. ഒരു ഗ്രാം മാത്രമാണ് ഇതിൽ സ്വർണം ഉള്ളത്. അപ്പോഴാണ് തിരുമേനിക്കും ഈ തിരിച്ചറിവ് ഉണ്ടായത്. ഏതായാലും ട്രാക്ക് സ്യൂട്ട് അണിഞ്ഞ് എത്തിയ നിക്കോളാസ് സ്വർണമെഡലും കൊണ്ട് ജീവനുംകൊണ്ടോടി തിരിച്ച് വീട്ടിലെത്തി.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.