ഡിസംബർ മാസം രണ്ടാം തീയതി സമയം വൈകുന്നേരം 7:00 മണി. നാരായണി വിളക്ക് കത്തിക്കലും നാമം ജപിക്കലും ഒക്കെ കഴിഞ്ഞു ‘വാനമ്പാടി’ സീരിയൽ കാണാൻ തുടങ്ങുമ്പോഴുണ്ട് മൂന്ന് നാല് പോലീസുകാർ വീട്ടുമുറ്റത്ത്. ഒരു ആക്രോശം. “ആഹാ, കച്ചവടം ഒക്കെ കഴിഞ്ഞ് അകത്തു കയറി ഇരുന്നു സീരിയൽ കാണുന്നോ? ഇങ്ങോട്ട് ഇറങ്ങി വാ തള്ളേ !!”
നാരായണി അമ്പരന്നു.
“എന്ത് കച്ചവടം? സാർ എന്താ ഉദ്ദേശിച്ചത്?”
“അയ്യോ പാവം, ഒന്നും അറിയാൻ പാടില്ല! സ്പിരിറ്റ് കച്ചവടം നടത്തി മൂന്നെണ്ണത്തിനെ ആശുപത്രിയിൽ ആക്കിയിട്ട് നിന്ന് പൊട്ടം കളിക്കുന്നോ?”
“സ്പിരിറ്റ് കച്ചവടമോ? സ്പിരിറ്റ് എന്ന വാക്ക് തന്നെ ഞാൻ ആദ്യമായി കേൾക്കുകയാണ്. സാറേ, സാറിന് ആള് തെറ്റിയതായിരിക്കും. 20 വർഷം മുമ്പ് എൻ്റെ ഭർത്താവ് മരിച്ചു പോയി. വീട്ടു ജോലിക്ക് പോയി അധ്വാനിച്ച് പേരുദോഷം കേൾപ്പിക്കാതെ മക്കളെ വളർത്തുന്ന ഒരു അമ്മയാണ് ഞാൻ”.
പോലീസ് വീണ്ടും വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങി. അപ്പോഴാണ് നാരായണിയ്ക്ക് കാര്യത്തിൻ്റെ ഗുട്ടൻസ് പിടികിട്ടിയത്.
നാരായണിയുടെ സഹോദരൻ ടാക്സിഡ്രൈവർ കുഞ്ചപ്പനെയും അവൻ്റെ രണ്ട് കൂട്ടുകാരെയും ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു തലേദിവസം. ബോധം വന്ന അവരെ ചോദ്യം ചെയ്തപ്പോൾ സ്പിരിറ്റ് സപ്ലൈ ചെയ്തത് നാരായണി ആണെന്ന് കുഞ്ചപ്പൻ പറഞ്ഞിരുന്നു. അതുകൊണ്ടാണ് പോലീസ് ഇവിടെ പാഞ്ഞെത്തിയത്.
ആറു മാസത്തിനു മുമ്പ് നാരായണി ഒരു പല്ലു ഡോക്ടറുടെ ക്ലിനിക്കിൽ ക്ലീനിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്നു. ആ ഡോക്ടർ ഈ ക്ലിനിക് എല്ലാ ഉപകരണങ്ങളോടും കൂടി നോക്കി നടത്താൻ മറ്റൊരു ഡോക്ടറെ ഏൽപ്പിച്ചു കൊടുത്ത് വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. നന്നായി ക്ലീൻ ചെയ്തിട്ട് താക്കോൽ എൻ്റെ വീട്ടിൽ കൊടുത്തേക്കണം എന്ന് പറഞ്ഞിരുന്നു ഡോക്ടർ.അഞ്ചാറ് നിറംമങ്ങിയ പ്ലാസ്റ്റിക് കസേരകളും ചൂലും ജനറേറ്ററിൽ ഒഴിക്കാൻ വെച്ചിരുന്ന മണ്ണെണ്ണയും മറ്റൊരു കുപ്പിയും ഒക്കെ നാരായണി കൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞിരുന്നു ഡോക്ടർ.നാരായണി ടാക്സിഡ്രൈവർ സഹോദരനെ സഹായത്തിന് വിളിച്ചിരുന്നു. ഈ ആക്രി സാധനങ്ങളെല്ലാം ടാക്സിയിൽ കയറ്റുന്ന കൂട്ടത്തിൽ മെഡിസിനൽ സ്പിരിട്ട് മാത്രം പുള്ളി എടുത്തു. ബാക്കിയെല്ലാം നാരായണിയുടെ വീട്ടിൽ കൊണ്ട് ഇറക്കി കൊടുത്തു. ഈ സംഭവം എല്ലാം കഴിഞ്ഞിട്ട് ആറുമാസം ആയിരുന്നു.
ഒന്നാം തീയതി ബാറുകൾ ഒക്കെ അവധി ആയതു കൊണ്ട് കുഞ്ചപ്പനും സുഹൃത്തുക്കളും ആകെ വിഷമിച്ചു നിൽക്കുകയായിരുന്നു. സാധാരണ ഒന്നാം തീയതി അവധി ആണല്ലോ എന്നോർത്ത് തലേദിവസം തന്നെ സ്റ്റോക്ക് ചെയ്യാറുണ്ട്. ഈ നവംബറിൽ 31 ദിവസം ഉണ്ടാകും എന്ന് വിചാരിച്ചു പോയതാണ് അവരുടെ കണക്കുകൂട്ടലുകൾ ആകെ പിഴച്ചത്. അങ്ങനെ എല്ലാവരും നെടുവീർപ്പിട്ടുകൊണ്ടു ഇരുന്നപ്പോഴാണ് കുഞ്ചപ്പൻ പറഞ്ഞത്. “എൻ്റെ കയ്യിൽ ഒരു കുപ്പി ഉണ്ട്. മണത്തു നോക്കിയിട്ട് എന്തോ നല്ല മണം ഒക്കെ ഉണ്ട്. എന്താണ് സംഭവം എന്ന് അറിയില്ല എന്ന്”. സീനിയറായ ദാമോദരൻ ചേട്ടൻ ഇതിൻ്റെ ഒരു എക്സ്പെർട്ട് ആണ്. പുള്ളിക്ക് ഇതിൻ്റെ മിക്സിങ്നെ കുറിച്ച് ഒക്കെ നല്ല ഗ്രാഹ്യം ഉണ്ട്. ദാമോദരേട്ടൻ്റെ നിർദ്ദേശപ്രകാരം കുഞ്ചപ്പൻ കുപ്പി എടുത്തു കൊണ്ടുവന്നു. മണത്തു നോക്കിയപ്പോൾ തന്നെ സംഭവം സ്പിരിറ്റാണ് എന്ന് ദാമോദരനു മനസ്സിലായി. എന്തെങ്കിലുമാകട്ടെ! ഒന്നുമില്ലാത്തതിനേക്കാൾ ഭേദമല്ലേ എന്ന് മറ്റുള്ളവരും പറഞ്ഞു. രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് നാരങ്ങ പിഴിഞ്ഞൊഴിച്ച് 2 സോഫ്റ്റ് ഡ്രിങ്ക്സും പൊട്ടിച്ചൊഴിച്ച് ഒരു തട്ടിക്കൂട്ട് സാധനം അവർ പെട്ടെന്ന് ഉണ്ടാക്കി. അച്ചാറും തൊട്ട് കപ്പലണ്ടിയും കൊറിച്ച് നാലുപേരും കൂടി മദ്യപാനം തുടങ്ങി. ആദ്യം ഒന്നു മിനുങ്ങി, പിന്നെ ഒന്ന് കറങ്ങി, പിന്നെ ഉറങ്ങി, ഉണർന്നപ്പോൾ വയറും പൊത്തിപ്പിടിച്ച് ആശുപത്രിയിലേക്ക് ഓടി…… നാലുപേരും ഇപ്പോൾ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.മദ്യപിച്ചു കൂടെകൂടെ ആശുപത്രിയിലാകുന്നതും ഡിസ്ചാർജ് ആകുന്നതും ഒക്കെ പതിവ് കാര്യങ്ങൾ മാത്രമായിരുന്നു കുഞ്ചപ്പനും കൂട്ടുകാർക്കും.
ഒന്നാം തീയതിയും രണ്ടാം തീയതിയും വ്യാജമദ്യം കഴിച്ച് വരുന്ന മദ്യപാനികളുടെ എണ്ണം കൂടുതലായതുകൊണ്ട് പതിവിലധികം ഡോക്ടർമാർ അന്ന് ആശുപത്രിയിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു.ഇവർക്ക് പ്രാഥമിക ശുശ്രുഷ കൊടുത്തു കഴിഞ്ഞു ബോധം വന്നാൽ ഉടനെ ഡോക്ടർമാർ പോലീസിൽ അറിയിക്കും. ഇവരെ ചോദ്യം ചെയ്താണ് സാധാരണ വ്യാജവാറ്റ് കേന്ദ്രങ്ങൾ പോലീസ് റെയ്ഡ് നടത്താറുള്ളതും അറസ്റ്റ് ചെയ്യാറുള്ളതും.
ശരിയായി സ്പിരിറ്റ് സൂക്ഷിച്ചിരുന്ന ഡോക്ടർ ഇപ്പോൾ വിദേശത്താണ്. ഇപ്പോൾ ക്ലിനിക്ക് നടത്തുന്ന ആൾ ഇത് അറിഞ്ഞിട്ടു പോലുമില്ല.നാരായണിയുടെ കദനകഥയൊക്കെ കേട്ട് പോലീസ് കേസെടുക്കാതെ തിരിച്ചുപോയി.വളരെ നിസ്സാരമെന്ന് നമ്മൾ കരുതുന്ന ഒരു സംഭവത്തിൻ്റെ ക്ലൈമാക്സ് പോയ പോക്ക് കണ്ടോ?
ഡോക്ടർ വിദേശത്തല്ല, ഇവിടെ ആയിരുന്നെങ്കിൽ ഒരുതവണയെങ്കിലും പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നേനെ.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.