ക്രിസ്തുമസിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ലോകമാകെ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികളുമായി ഡിസംബറിൻ്റെ തണുപ്പിൽ ‘ജിംഗിൾ ബെൽസ്’ പാടി നൃത്തം ചെയ്തെത്തുന്ന ക്രിസ്മസ് പാപ്പയെയാണ്.
തുർക്കിയിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്താക്ലോസ് എന്ന ഇതിഹാസം ആയി മാറിയത്. ജീവിതകാലത്ത് തൻ്റെ ചുറ്റുമുള്ള എല്ലാ അവശരേയും ദരിദ്രരേയും അളവറ്റ് അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കും എല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു. ലോകത്തിലെ എല്ലാ കുട്ടികളെയും വികൃതിക്കുട്ടികൾ, നല്ല കുട്ടികൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ക്രിസ്മസ് തലേരാത്രി നല്ല കുട്ടികൾക്ക് മിഠായിയും കളിപ്പാട്ടങ്ങളും ബലൂണും പോലുള്ള സമ്മാനങ്ങൾ നൽകും. വികൃതി കുട്ടികൾക്ക് കൽക്കരിയും ചുള്ളിക്കമ്പ്, മരക്കഷണം പോലുള്ള സമ്മാനങ്ങളും. എട്ടോ ഒമ്പതോ പറക്കും റെയിൻഡിയറുകൾ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസ് വരിക.
ബാൻഡ്മേളത്തിൻ്റെ അകമ്പടിയോടെ ഡിസംബർ മാസത്തിൻ്റെ തുടക്കം മുതൽ വെളുത്ത താടിയും ചുവന്ന തൊപ്പിയും കയ്യിൽ ഒരു ചാക്ക് നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ്. വിശുദ്ധ നിക്കോളാസ് എന്ന ബിഷപ്പിനെ ഇന്ന് നാം കാണുന്ന തരത്തിൽ അമാനുഷികനായ സാന്താക്ലോസ് ആക്കി മാറ്റിയതിൽ കൊക്കകോള കമ്പനിക്കും പങ്കുണ്ട്. കച്ചവട താൽപര്യങ്ങൾക്കായി ആദ്യം സാന്തായെ ഉപയോഗപ്പെടുത്തുന്നത് ഈ കമ്പനിയാണ്. ഇന്ന് നാം കാണുന്ന സാന്തക്ലോസ് കൊക്കകോള കമ്പനിയുടെ സൃഷ്ടിയാണ്.
ഇന്നും വർഷത്തിലെ 365 ദിവസവും ഏവരെയും സ്വീകരിക്കാനായി ഫിൻലാൻഡിലെ പ്രതീകാത്മക സാന്താക്ലോസ് കാത്തിരിക്കുന്നുണ്ട്. സന്ദർശകരെ സ്വീകരിക്കുകയും കത്തുകൾക്ക് മറുപടി അയക്കുകയും ചെയ്യും. മഞ്ഞുമൂടിയ സാന്താക്ലോസിൻ്റെ വീട്, റെയ്‌ൻഡിയർ വലിക്കുന്ന വണ്ടി എല്ലാം അവിടെ ഉണ്ട്. Santha Clauce, Rovanienni, Finland. എന്ന വിലാസത്തിലേക്ക് ക്രിസ്മസ് സമയത്ത് 192 രാജ്യങ്ങളിൽനിന്നായി 7 ലക്ഷത്തിലധികം കുട്ടികളുടെ ആശംസകാർഡുകൾ ലഭിക്കും.
1964 കാലഘട്ടം. അക്കാലത്ത് ക്രിസ്തുമസ് കരോൾ ആയി കുറച്ചു കുട്ടികൾ കരി കൊണ്ട് എന്തെങ്കിലും ചെറിയ രീതിയിലുള്ള മേക്കപ്പുകൾ ചെയ്ത് ഒരു പെട്രോമാക്സും തബലയും മൺകുടവും ഹാർമോണിയവും ആയി രാത്രി ഏഴുമണിയോടെ സമീപത്തെ വീടുകളിൽ കയറി ഇറങ്ങും. ക്രിസ്മസ് ഫാദറിൻറെ ചുമന്ന വേഷം പോലും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ തൃശ്ശൂർ പുത്തൻ പള്ളിയുടെ സമീപപ്രദേശത്തുള്ള വീടുകളിലെ ചെറുപ്പക്കാർ ചേർന്ന് ഒരു ക്രിസ്തുമസ് കരോൾ ഗ്രൂപ്പിന് രൂപം കൊടുത്തു. 20 വയസ്സുള്ള ഇ. ഒ. പീറ്റർ (തൃശ്ശൂർ നഗരസഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിത്തീർന്നു പിന്നീട് ഇദ്ദേഹം) ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തിരുന്നത്. ഓട്ടി വർക്ക്ഷോപ്പ് ഉടമ ശ്രീ ലൂയിസ്, സ്ത്രീ വേഷം അണിഞ്ഞത് ടെക്സ്റ്റൈൽസ് ഉടമ ശ്രീ തരകൻ സണ്ണി, ഗാനമേള ട്രൂപ്പുകളിലെ സജീവസാന്നിധ്യമായിരുന്ന തിമു എന്ന പേരിൽ അറിയപ്പെടുന്ന തബലിസ്റ്റ്, സിനിമാനടൻ ആയിത്തീർന്ന സി. ഐ. പോൾ, ചാക്കുണ്ണി, ഫ്രാഞ്ചി, അന്തു, ജോസഫ്….. ..ക്രിസ്മസ് പാപ്പയായി പൈലുണ്ണി, പോൾ – ചക്രവർത്തി, ലൂയിസ്- പ്രധാനമന്ത്രി, ചാക്കുണ്ണി- സൈന്യാധിപൻ എന്നിങ്ങനെ പോകുന്നു വേഷങ്ങൾ…….. …… ഇക്കൂട്ടരെയൊക്കെ മേക്കപ്പ് ചെയ്യിച്ച് ഒരുക്കിയെടുത്തത് മേക്കപ്മാൻ രാമകൃഷ്ണൻ. (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജോലി ചെയ്തിരുന്നു) തൃശൂരിലെ ബിസിനസ് മുതലാളിമാരുടെ മക്കളും പീടികയിലെ ജോലിക്കാരും ചുമട്ടു തൊഴിലാളികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ആണ് ഈ പരിപാടി ഇത്രയും ഗംഭീരവും ജനകീയമായതും. ഇവർ എല്ലാവരും ബാൻഡ് സെറ്റ് അകമ്പടിയോടെ രാത്രി ഏഴു മണിക്ക് തൃശൂർ നഗരത്തിലേക്ക് ഇറങ്ങി. അന്നുവരെ ഇങ്ങനെയൊരു കാര്യം ആരും കണ്ടിരുന്നില്ല. മിന്നുന്ന പ്രകടനം കാഴ്ച വച്ച് കരോൾ സംഘം കടകൾ തോറും നീങ്ങി. അന്തം വിട്ട ജനം കുറെ പേർ ഇവരുടെ പിന്നാലെ കൂടുകയും ചെയ്തു. എല്ലാ പ്രമുഖ വ്യാപാരികളും ഇഷ്ടം പോലെ സംഭാവനയും കൊടുത്തു. ക്രിസ്മസ് പാപ്പാ കയ്യിൽ കരുതിയിരുന്ന ബലൂണും പീപ്പിയും മിഠായിയും അടങ്ങുന്ന സമ്മാനപ്പൊതികൾ അവർക്കും തിരികെ കൊടുത്തു. കരോൾ സംഘം രാത്രി 10 മണിയോടെ വീടുകൾ സന്ദർശിക്കാൻ എത്തിയപ്പോഴേക്കും ഒരു ജാഥയ്ക്ക് ഉള്ള ആൾക്കൂട്ടമായി പുറകെ. തൃശ്ശൂർ നിവാസികൾക്ക് ഇത് വേറിട്ടൊരു അനുഭവമായിരുന്നു. ഇന്നീ ഈ ഫോട്ടോയിൽ കാണുന്ന ജീവിച്ചിരിക്കുന്നവർക്ക് എല്ലാം 80 വയസ്സിനുമേൽ പ്രായമായി കാണും. പരേതനായ സി.ഐ.പോളി (എൻറെ മാതൃസഹോദരൻ) ൻ്റെ അഭിനയ ജീവിതത്തിൻ്റെ തുടക്കം ഇവിടെനിന്ന് ഒക്കെ ആകാം. പലരും വിട്ടുപിരിഞ്ഞു. ഓർമ്മകൾ അടക്കം ചെയ്ത ഇളയ അമ്മാവൻ്റെ ആൽബത്തിൽ നിന്ന് കണ്ടെടുത്ത ഒരു ഫയൽ ചിത്രം താഴെ കൊടുക്കുന്നു.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.