ശങ്കരൻകുട്ടി മരിച്ചു. ഫേസ്ബുക്കിലെ പോസ്റ്റിൽ ബഹളം!
പ്രത്യേകിച്ച് അസുഖങ്ങളൊന്നുംതന്നെയില്ലായിരുന്നു എന്ന് കീറിമുറിച്ചു പരിശോധിച്ച ഭിഷഗ്വരന്മാർ മൊഴി രേഖപ്പെടുത്തി. അതിൻ്റെയൊരു കുറവ് വേണ്ട.
ശങ്കരൻകുട്ടി സ്ഥലത്തെ പ്രധാന കേഡിയായിരുന്നു. വരയൻ മീശയും, എണ്ണ തേച്ച കുരുവിക്കൂട് മുടിയുമായി കോന്തുകടവിൽ കുളിക്കാൻ പോകുന്ന പെണ്ണുങ്ങളെ നയനഭോഗം ചെയ്യുന്ന ഉത്പതിഷ്ണു. ഭീകരൻ!
മോസ്കോയുമായി യാതൊരു പുലബന്ധവുമില്ലാത്ത ഒരു കവലയുണ്ട് കുമാരനല്ലൂരിൽ. ഏതാണ്ട് ഒരു “അധികം” എന്നു വരച്ച പോലെ വെട്ടിപ്പിളരുന്ന പഞ്ചായത്ത് വഴി. അവിടെയുള്ള ചില കടകളുടെ മതിലിലാണ് ഭീകരൻ്റെ ആവാസസ്ഥാനം.
കോങ്കണ്ണൻ സോമൻ്റെ ബാർബർ ഷോപ്പിൽ ഇടയ്ക്ക് കയറി പൌഡറും ഇട്ട്, കുരുവികളിന്നേവരെ മൈൻഡ് ചെയ്യാത്ത കൂട് പുനസ്ഥാപിച്ച് ശങ്കു വിലസി.
ആ ശങ്കുവാണ്, ഫേസ്ബുക്കിലെ വാളിൽ ആവുന്നത്ര ഗൌരവത്തിൽ ഇന്ന് ഇരിക്കുന്നത്.
യോഗമില്ലാത്ത ചില ദിവ്യന്മാർ കരകളിൽ പ്രമാണിയാവാൻ നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യത്തിൻ്റെ ഒരു മോഡൽ ആയി ശങ്കു അന്നു മുതൽ ദിവ്യനായി.
തിരുവിതാംകൂറിലെ രാജഭരണം കഴിഞ്ഞ് ആധിപത്യം പൊഴിഞ്ഞ് പയറ്റിത്തെളിഞ്ഞപ്പോൾ, പ്രിവിപഴ്സും ചില്ലറയുമില്ലാത്ത ചില പാവം നാടുവാഴികളിലൊരാൾ കുമാരനല്ലൂരമ്മയെ തൊഴാനെത്തി.
കുളിച്ചുണ്ട് താമസിച്ചു സമീപഭവനത്തിലോ പുനഃരുണ്ണിയും പിറന്നു വേഗാൽ എന്നു ബ്രാഹ്മണിപ്പാട്ടിലൂടെ ചരിത്രമെഴുതിച്ചു.
അന്ത കാലത്തിൽ, ശങ്കൂസ്, രണവീര്യം നിറയുന്ന നാണിയുടെയും ശ്രൃുണുമമ ഹൃദയം മാത്രമറിയുന്ന വർമ്മേട്ടൻ്റെയും സീമന്തപുത്രനായി തളിർത്തുല്ലസിച്ചു.
ജാതി മൂത്ത ധാർഷ്ട്യത്തോടെ ആരെയും വഹവെയ്ക്കാതെ അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ കൊടികൾ സ്വയം തുന്നിപ്പിടിപ്പിച്ച് കുത്തിനിരത്തി.
അയാളാണ്, ആ ശങ്കരൻകുട്ടിയാണ്… ഇന്ന് വെറും പോസ്റ്റായിട്ട് ഒരു ഓണലൈൻ പേജിൽ!
ഫേസ്ബുക്കിൽ, “പ്രണാമം, കൂപ്പൂകൈകൾ, പുഷ്പസഞ്ചയം, വിലാപമുഖം, ഇടറുന്ന ഹൃദയം” ഇത്യാദി ഇമോട്ടിക്കോണുകളൊക്കെ കൂമ്പാരമായി അടിഞ്ഞുകൂടി.
ലൈക്കടിച്ചാൽ സങ്കടം ആവില്ലല്ലോ എന്നു കരുതി എല്ലാവരും കണ്ണീലൊലിപ്പിക്കുന്ന മുഖപദ്മം തുടർച്ചയായി സ്കോർ ചെയ്തിരുന്നു.
ഓൺലൈൻ സർവർ ഒരു ജീവിയല്ലാത്തതിനാൽ ഫേസ്ബുക്ക് പേജ് നിരന്തരം ശങ്കുവിനെ വാഴ്ത്തി. ഇന്നേ വരെ കണ്ടിട്ടില്ലാത്ത, കണ്ടാലും മിണ്ടിയിട്ടില്ലാത്ത, പറ്റിയാൽ മറുവശത്തേക്ക് നോക്കി തുപ്പി കടന്നുപോയിരുന്നവരും വേറെ ധാരാളം അലവലാതികളും നിർലോഭം ശങ്കരൻകുട്ടിയെ വാഴ്ത്തി.
റോമിലായിരുന്നെങ്കിൽ, വാഴ്ത്തി മാർപാപ്പവരെ ആക്കിയേനേ വിലാപശൃംഖലയിലെ പരിഷകൾ!
ലൈക്കുകളും കമൻറുകളും കുമിഞ്ഞുകൂടി പേജിന് ഘനം വെച്ചു, കുറേശ്ശേ ആടാനും തുടങ്ങി.
ശങ്കൂസ് ഫോട്ടോയിലേക്ക് ആവാഹിതനായി, താഴെ മലവെള്ളംപോലെ വരുന്ന ആദരാഞ്ജലികളിൽ അന്തംവിട്ട് കണ്ണുതള്ളി.
അപ്പോഴാണ് ലൈക്ക് തൊഴിലാളികളിലൊരാൾ, ആ വിസ്മയം കണ്ടത്. ശങ്കുവിൻ്റെ ഫോട്ടോ അനങ്ങുന്നു, കണ്ണുകൾ ചലിക്കുന്നു, ഒപ്പം ചുണ്ടുകളും!
വിസ്മയം വീഡിയോയാക്കപ്പെട്ട് വാട്സാപ്പിലൂടെ ചന്നം പിന്നം പാഞ്ഞു.
ഫേസ്ബുക്കിൻ്റെ സ്വന്തം തമ്പിയാക്കും വാട്സാപ്പ്. അവർക്കെന്തുമാവാം, ആരുടെ കോലായിലും കയറാം, അടുക്കളയിലെ ഗന്ധം നുകരാം, എന്തും കാണാം എപ്പോഴും, എന്തിന് കിടപ്പറയിൽ പോലും ആക്സസ് ഗ്രാൻറഡ്.
കാരണം വിനോദത്തിനായി അച്ചാരം തീറെഴുതുമ്പോൾ വിവരങ്ങളുടെ താക്കോൽശേഖരം അടിയറ വെച്ചാലേ സുകു (സുക്കറെന്നും വിളിക്കാം) തൻ്റെ ആപ്പ് ഉപയോഗിക്കാൻ സമ്മതിക്കൂ.
ആപ്പിത്ര ആപ്പായിമാറുമെന്ന് അന്നാരും ഗണിച്ചതുമില്ല, കുറ്റം കണിയാനിരിക്കട്ടെ. വേണേല് ഒരു പരിഹാരപൂജയ്ക്ക് ഗ്രഹങ്ങളെ നിലയ്ക്കു നിർത്തുന്ന കൂടമാളൂരുള്ള പ്രച്ഛന്നവേഷവിദഗ്ധൻ താടിക്കാരൻ്റെ അടുത്തും ചെല്ലാം.
ശങ്കരൻകുട്ടിക്ക് ആധാർകാർഡു മുതൽ ഇഹലോകത്തിലെ ഒരു തരത്തിലുള്ള തിരിച്ചറിയൽ രേഖകളും ഇല്ലായിരുന്നു.
ബുദ്ധനടക്കം ചോദിച്ച ഞാനാരാണ് എന്ന ചോദ്യം ശങ്കുവിനൊട്ട് തോന്നിയിട്ടുമില്ലായിരുന്നു.
ആത്മാവ് മുട്ടിവിളിച്ചു മേലെയെത്തിയപ്പോഴാണ് എൻട്രിഗേറ്റിൽ നിന്നവൻ ഇതൊക്കെ ചോദിച്ചത്.
“സുയിപ്പായിൻ്റെ ചങ്ങായീ” എന്ന് ഒരു കോയ്ക്കോട്ടാരൻ ക്യൂവീന്ന് വിളിച്ചു കൂവി.
“കഞ്ച മാർഗ്ഗേ സ്ഥിരം നിത്യം ദ്വിചക്രേണ ചലിതം തഥാ” (സ്ഥിരമായി കഞ്ചാവടിച്ച് ബൈക്കോടിക്കുന്നവൻ എന്ന് രാമലിംഗം പിള്ളയുടെ നിഘണ്ടുവിൽ ആരും കാണാത്ത പേജിലെ വാക്യം.) എന്ന പ്രമാണത്തിൽ നുമ്മ കൊച്ചിയിലെ മുടിയൻചെക്കൻ, നിങ്ങക്ക് ഒരു എഫ്. ബീ ഐഡിപോലുമില്ലേ ഭായ് എന്നുര ചെയ്താർ.
ശങ്കരൻകുട്ടി തളർന്നു. മരിച്ചപ്പോൾ പോലും അത്ര തളർന്നിട്ടില്ലായിരുന്നു.
മോസ്കോ കവലയിലൂടെ കുളിക്കാൻ അന്നനടയുമായി പോയിരുന്ന ദമയന്തിമാരെ മുഴുവൻ മന്തിബിരിയാണിയാക്കി പുഴുങ്ങിയവൻ ശങ്കു.
മുടിവെട്ടിക്കഴിഞ്ഞ് കോങ്കണ്ണൻ സോമന് പത്തിൻ്റെ കാശ് കൊടുക്കാത്തവൻ ശങ്കു. ശങ്കുവിൻ്റെ പറ്റുകൾ പിന്നെയും ബാക്കി.
അങ്ങിനെയുള്ള കേഡി ശങ്കുവിനോടാണ് ഒരു പീക്കിരിച്ചെക്കൻ ആധാരമില്ലായ്മയുടെ കളരിപ്പയറ്റ് നടത്തിയത്.
ഒടുവിൻ മനസ്സലിഞ്ഞ്, പീക്കിരിയാണെങ്കിലും ഗേറ്റ് കീപ്പറാണ് വിഷണ്ണനായ ശങ്കുവിനെ ഉപദേശിച്ച്, വിഷാദയോഗത്തിൽ നിന്ന് എണീപ്പിച്ച് കർമ്മകാണ്ഡത്തിലേക്ക് ട്രാൻസ്ഫറടിച്ചത്.
ഇനിയുള്ളതാവുന്നു ചരിത്രം.
ഫേസ്ബുക്കിലെ ചരമകോളത്തിലിരുന്നു ശങ്കരൻകുട്ടിക്ക് കുരുപൊട്ടി.
ജീവിച്ചിരുന്നപ്പോൾ ആട്ടും തുപ്പും പാരകളും നിർലോഭം തന്ന സകല തെണ്ടികളും ഇപ്പോ വന്ന് ഗാഥകളും മണിപ്രവാളത്തിൽ ചമകവും കീച്ചി ഞെളിയുന്നത്. ആരെ കാണിക്കാൻ?!
ശങ്കുവിൻ്റെ ഫോട്ടോ വലുതായി തുടങ്ങി. സോഷ്യൽമീഡിയകളിലതു ലൈവായി.
ഗുഹപോലെ വലുതായ വായകൊണ്ട് ശങ്കരൻകുട്ടി ഒരു ആട്ട് ആട്ടി… ഫ്ഭാ….
ലൈക്കുകളൊഴിഞ്ഞ് നിതാന്തമായ നിത്യതയിൽ പുള്ളിക്കാരൻ അലിഞ്ഞ് നവമാധ്യമങ്ങളിലെ കമൻറുകളുടെ ബാഡവാഗ്നിയേയും വഹിച്ച് ചാന്ദ്രയാമങ്ങളും സപ്തലോകങ്ങളും താണ്ടി ഇരുളിൻ്റെ നിറവിലൂട ഇരുണ്ടിരുണ്ട് വെളുക്കുന്ന ആത്മാവിൻ്റെ ശൂന്യതിലേക്ക് പറന്നകന്നു.
അടുത്ത മരിപ്പിനെ ആഘോഷമാക്കാൻ അപ്പോഴും ലൈക്ക് തൊഴിലാളികൾ മൊബൈലുകൾ തിരുമ്മിക്കൊണ്ടേയിരുന്നു, ഒരു രസം, ഒരു പ്രസൻസ്.
എന്തെങ്കിലുമൊക്കെയാണെന്ന് കാണിച്ച് ബോദ്ധ്യപ്പെടുത്തണ്ടേ!
ശങ്കരൻകുട്ടിയുടെ ആട്ട് അപ്പോഴും പ്രപഞ്ചത്തിൽ പല രൂപത്തിലായി മുഴങ്ങിക്കൊണ്ടേയിരുന്നു, ഒരു ഓർമ്മപ്പെടുത്തലായി.
തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...