നിങ്ങൾ ‘ഏസി’യിലിരുന്നു കുളിരു കോരുമ്പോൾ
ഞങ്ങൾ പൊരിവെയിലിലലഞ്ഞു
കരിയുകയായിരുന്നു !
നിങ്ങൾ ഉള്ളം തുറന്ന് ചിരിക്കുമ്പോൾ,
ഇവിടെ കുന്നോളം സങ്കടങ്ങൾ
ഉള്ളിലുരുകി തിളയ്ക്കുകയായിരുന്നു. വിയർപ്പൊഴുകി വറ്റി ഉപ്പു നിറയും
വിളറി വെളുത്തു വെറുങ്ങലിച്ച കരിമുഖങ്ങളിൽ
പ്രഭയടർന്നു മിഴി കൂമ്പിയ കൃഷ്ണമണികളെ
തെല്ലൊന്നു കാണാതെ കടന്നു പോയവർ… നിങ്ങൾ,
എത്ര വിലയേറിയെന്നാലും,
മുന്തിയ മദ്യം
ആസ്വദിച്ചാസ്വദിച്ച് നുകരുമ്പോൾ,
ഇവിടെയീ പ്ലാസ്റ്റിക് കുപ്പിയിൽ
തുരുമ്പു ചുവയ്ക്കും പച്ചവെള്ളത്തിന് മധുരമേറുന്നുണ്ടായിരുന്നു; ലഹരിയും..!
– സജി കൂറ്റാംപാറ