ഹൈദരാബാദ് എന്നാൽ റാമോജി റാവു ഫിലിം സിറ്റി ഉള്ള സ്ഥലം എന്നത് മാത്രമായിരുന്നു എനിക്ക് ഈ സിറ്റിയെ കുറിച്ചുള്ള അറിവ്. എന്നാൽ ‘പ്രേമലു’ കണ്ടതോടെയാണ് ആ സിറ്റി ഇത്ര മനോഹരമാണോ എന്ന ചിന്ത വന്നത്.
അയാം ഫാളിങ് ഫോർ യു(I’m falling for u) എന്ന നായികയുടെ നായകനോട് ഉള്ള ഡയലോഗ്- പ്രണയം തുറന്നു പറയുമ്പോൾ ‘ഇങ്ങനെയൊന്നും പറഞ്ഞാൽ അവനു മനസ്സിലാകില്ല. അത്രയ്ക്ക് ഇംഗ്ലീഷ് ഒന്നും അവന് അറിഞ്ഞുകൂടാ’ എന്ന് പറയുന്ന നായകൻ്റെ സുഹൃത്തിൻ്റെ കമൻറ്…. തീയറ്റർ ഒന്നടങ്കം കൈയടിച്ചു ചിരിച്ചു.😀😀😀😀
‘ബെസ്റ്റി ‘ , ‘ബ്രേക്ക് അപ്പായി’, ‘റിലേഷൻഷിപ്പിലാണ്’…. അങ്ങനെ ഒരുപാട് “Gen. Z വാക്കുകൾ ഞാനുൾപ്പെടുന്ന ബേബി ബൂമേഴ്‌സ് ആദ്യമായി കേൾക്കുന്നു. അങ്ങനെ പല പുതിയ വാക്കുകളും പഠിക്കാനൊത്തു. 😜
മറ്റ് Gen. Z സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകൻ വാ തുറന്നു സംസാരിക്കുന്നത് വലിയൊരു അനുഗ്രഹമായി. പിന്നെ ഇരുട്ടത്തു കൂടി നീങ്ങുന്ന സീനുകളും അധികം ഇല്ല എന്നതും ആശ്വാസം. സോഷ്യൽ മീഡിയയിലെ സുപരിചിതയായ നിഹാരിക എന്ന കഥാപാത്രം ചെയ്ത പെൺകുട്ടിക്ക് സിനിമയിൽ തുണിയോട് അധികം അലർജി കാണിച്ചില്ല എന്നതും സന്തോഷം തന്നു.
നായികക്ക് വയറിളക്കം പിടിപെട്ടതും പച്ച മരുന്നുമായി നായകൻ റെയിൽവേ സ്റ്റേഷനിലേക്ക് ഓടുന്നതും നായകൻ്റെ അടിവസ്ത്രത്തെ കുറിച്ചുള്ള അമ്മയുടെ കമന്റും… ഒക്കെയായ സീനുകൾ ഒഴിവാക്കിയിരുന്നെങ്കിൽ സിനിമ ഒന്നുകൂടി നന്നാവുമായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട്. കോമഡിയ്ക്കു വേണ്ടി കോമഡി ഉണ്ടാക്കിയപ്പോൾ അത് മുഴച്ചു തന്നെ നിന്നു. ടോയ്‌ലറ്റ് സംബന്ധമായ കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ എന്തോ സിനിമയ്ക്ക് ഒരു പൂർണത കൈവരില്ല എന്നാണ് ഇപ്പോഴത്തെ ഫിലിം മേക്കേഴ്സ്ന്. ജ്യൂസും പോപ്‌കോണും കഴിച്ചിരുന്ന് തിയേറ്ററിൽ സിനിമ കാണുന്നവരാണ് പ്രേക്ഷകർ എന്ന് ഓർക്കുന്നത് നന്നായിരിക്കും.
നസ്ലിനും മമിതയും സംഗീതും മത്സരിച്ചഭിനയിച്ച ചിത്രം. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ ആണ് ’ജസ്റ്റ് കിഡ്ഡിംഗ് ‘ എന്ന് കൂടെ കൂടെ പറയുന്ന ആദിയും ഗേറ്റിൻ്റെ കോച്ചിങ് സാറും. ഏതായാലും രണ്ടരമണിക്കൂർ പ്രേക്ഷകരെ ബോറടിപ്പിക്കാതെ നർമ്മം വിതറി വിതറി പോകുന്ന സിനിമ കണ്ടിരിക്കാൻ രസമുണ്ട്. പോസ്റ്ററുകളിലെ പരസ്യവാചകം പോലെ സിനിമ ആസ്വാദകരെ…. നിങ്ങൾ രണ്ടരമണിക്കൂർ “ചിരിച്ച് മറയലൂ” കാരണം “പ്രേമലു –ബഹു കേമലു “😀
– മേരി ജോസി മലയിൽ, തിരുവനന്തപുരം.