ഹരിതമാം മേലാടക്കുള്ളിൽ ചരിക്കുന്ന
പച്ചക്കിളികളുണ്ടേറെ നാട്ടിൽ
ശൂന്യങ്ങളാകുന്ന പ്ലാസ്റ്റിക്കിനെത്തിയാൽ
ചീട്ടൊന്നുതന്നിടും കാശിനായി
പ്ലാസ്റ്റിക്കു ദോഷമാ രോഗങ്ങളെത്തിടും
പൊല്ലാപ്പു ചൊല്ലുന്ന നേതാക്കളും
പാവം പിടിച്ചോൻ്റെ കയ്യീന്നൊരൻപത്
കീശയിലാക്കി കിളിപറക്കും
ലാഭം കൊടുക്കണം ജിഎസ്സ്റ്റിയേകണം
കൂരേലിതെത്യാലും ശാന്തിയില്ല
ശൂന്യങ്ങളാകുന്ന കൂടും കൊടുത്തിട്ട്
കപ്പം കൊടുക്കണം സേനകൾക്ക്
കാശും കൊടുക്കണം ചാക്കും നിറക്കണം
ഇതെന്തോന്നു കാലമാ നാരായണാ
പാവങ്ങളാകുന്ന പാണ്ടിക്കിതേകിയാൽ
കൈകൂപ്പി കാശിങ്ങു തന്നിട്ടുപോം
ഏകുന്ന ശൂന്യങ്ങളെങ്ങോട്ടു പോകുന്നു
എന്തോന്നു ചെയ്യുന്നിതാർക്കറിയാം
കത്തിച്ചു കൂട്ടുന്നദേശത്തിതാകവേ
മർത്ത്യൻ്റെ പാർപ്പിടം ഏറെയില്ലേ
നാശം ഭവിക്കാത്ത പ്ലാസ്റ്റിക്കു ദോഷിയേ
കാണുന്നിതെത്രയോ പീടികയിൽ
ഉദ്യോഗ വൃന്ദങ്ങളാകവേ നോക്കുന്നു
പാമരക്കൈകളിൽ പ്ലാസ്റ്റിക്കിനേ
പുഞ്ചിരിച്ചീടുന്ന പച്ചപനം തത്ത
പേറുന്നു കേവുതൻ തോളുകളിൽ
പാടീലുഴന്നിടും പച്ചക്കിളികൾടെ
പ്രാരാബ്ധമെത്രയോ കഷ്ടമാണ്
പ്ലാസ്റ്റിക്ക് ദോഷിയും നാശമാണെങ്കിലോ
നിർമ്മാണ കേന്ദ്രങ്ങൾ നിർത്തിടേണ്ടേ
നിർമ്മാണ കേന്ദ്രങ്ങളൂറ്റി കൊടുക്കുന്നു
മേലാള കീശയിൽ കോടികളായ്
നിർമ്മാണ കേന്ദ്രവും കപ്പം കൊടുത്തിടും
വാങ്ങുന്ന പാവവും തുട്ടു നൽകും
മേലാള ജീവിതം മൃഷ്ടാന്നമാക്കിടാൻ
പച്ചപനം തത്ത പാറിടുന്നൂ
– ജോൺസൺ എഴുമറ്റൂർ