നിത്യവും വേലിക്കപ്പുറം
നിന്നന്നെന്നെ എത്തിനോക്കിടും
കുറുമ്പിയാം ബാലികേ,
ചൊല്ലിടാമൊ നിൻ
നാമമെന്നോട് നീ.
കാടുകാണാൻ വന്ന
നാട്ടുപ്രമാണി അമ്മക്കു,
നൽകിയ സമ്മാനമാണു ഞാൻ.
പത്തുമാസം ചുമന്നെന്നെ
പെറ്റിട്ടെങ്ങോ മറഞ്ഞു പോയി.
കണ്ടില്ല ഞാനെന്നമ്മയെ,
കണ്ടില്ല ഞാനെൻ താതനെ,
കണ്ടു ഞാൻ കനിവേകും കരങ്ങളാൽ,
കോരിയെടുത്തൊരെൻ
കാടിൻ മുത്തശ്ശിയെ.
വറ്റിയ അമ്മിഞ്ഞ ചപ്പിക്കുടിച്ചു
ഞാനമ്പിളി മാമനെ നോക്കി ചിരിച്ചു.
മന്ദസമീരനെത്തിടും നേരം
താളം പിടിക്കുന്നു ദലങ്ങൾ,
അമ്മതൻ കരങ്ങളാലെന്ന പോലെ.
താരാട്ടു പാട്ടുമായ് രാക്കിളികൾ,
പാടിയുറക്കിടുമെന്നും എന്നെ.
കാത്തു സൂക്ഷിച്ചു വളർത്തിയ മുത്തശ്ശി
ഒരുനാളുണരാതെ കിടന്നീടവേ,
പൊട്ടിക്കരഞ്ഞു ഞാന്‍ തട്ടി വിളിച്ചു,
കേട്ടില്ല മുത്തശ്ശി നിത്യനിദ്രയായ്.
നിബിഡമാം വനത്തിലനാഥയായി.
വിശപ്പിൻ വിളിയാലന്നം കൊതിച്ച്,
നാട്ടിൻ പുറത്തേക്കു വന്നതാണേ.
വിജനമാം വീഥിയും
താഴിട്ടവാതിലും
മുഖകവചമിട്ടങ്ങിങ്ങോരൊ മനുഷ്യരും
കണ്ടു ഭയചകിതയായ് നിന്നു ഞാൻ.
ഇനിയെങ്ങു പോകുമെന്നറിയാതെ നിൽക്കുന്ന,
പേരറിയാത്തൊരു ബാലികയാണു ഞാൻ.
നിസ്സഹായതതൻ വിരൽത്തുമ്പുപോൽ
കാരുണ്യഹസ്തങ്ങൾ നൽകിടുമന്നം ഭുജിക്കുവാനായ്
താഴിട്ടവാതിലിന്നകത്തുണ്ടേറെപ്പേർ.
അന്നപ്പൊതിക്കായ് കാതോർത്തിരിപ്പവർ.
വരിക വരികെന്നോമനേ
കാരുണ്യഹസ്തങ്ങൾ നൽകിടുമന്നം നിനക്കും നൽകിടാം.
അവനിയോടു മാനുഷർ ചെയ്ത,
അപരാധത്തിൻ ശിക്ഷയാണുകുഞ്ഞേ
ഈ വിജനമാം വീഥി.
മടങ്ങുകമടങ്ങുക കാനനബാലികേ….
അടവിതൻ ഐശ്വര്യം കാത്തീടുക,
തിന്മെക്കെതിരായ് പോരാടുക,
നന്മതൻ ലോകം ലഭിക്കുവാനായ്.
– കോമളം പരമേശ്വരൻ, പാലക്കാട്.