സാധാരണ നാലാളുളള വീട്ടിലേക്ക് കാക്കിലോ മിക്സ്ച്ചർ വാങ്ങിക്കൊണ്ടുവന്നാൽ അത് നാലു മാസം മെനക്കെട്ട് തിന്നാൽതന്നെയും പിന്നെയും കുറേബാക്കിയുണ്ടാകും. മുഴുവനും എടുക്കണോ അതല്ല പകുതി എടുത്താൽ മതിയാകുമോ. നല്ലൊരു ദിവസമായതുകൊണ്ട് എന്നോട് കൂടുതൽ പറയിപ്പിക്കാതിരിക്കലാണ് നിങ്ങൾക്ക് നല്ലത്.
ഞാനിവിടെ വെച്ചിരുന്ന ലൈറ്റർ ഇവിടെ കാണുന്നില്ലല്ലോ സക്കീനാ.. നീയത് എടുത്തുകൊണ്ടുപോയോ.
മൂത്രമൊഴിക്കാനെന്തിനാ ലൈറ്റർ.?
അതും ശരിയാണല്ലോ.
അല്ല സക്കീനാ..നമ്മൾ ഇവിടെ ഇരുന്ന് ചരിത്രം പറയാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. എനിയ്ക്കാണെങ്കിൽ മഗ്‌രിബിൻ്റെ മുൻപായി ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുമുണ്ട്. ബാക്കികാര്യങ്ങൾ ഞാൻ മറ്റൊരു ദിവസം പറഞ്ഞു തന്നാൽ മതിയോ.?
അതൊന്നും ശരിയാവില്ല. ഒന്നാമതായി ഇങ്ങനെയൊരു ഒഴിവു ദിവസം ഇനി അടുത്തൊന്നും കിട്ടിയെന്നു വരില്ല. അഥവാ കിട്ടിയാൽ തന്നെ പറയാൻ നിങ്ങൾക്കും സമാധാനത്തോടെ അതു കേട്ടിരിക്കാൻ എനിയ്ക്കും സമയം ഉണ്ടായിക്കൊള്ളണമെന്നുമില്ല.
ലൈറ്റർ കാണാത്തതാണ് പ്രശ്നമെങ്കിൽ അത് എൻ്റെ കൈയിലുണ്ട്. ബാക്കിയും കൂടി പറഞ്ഞതിനു ശേഷം നിങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം. മഗ്‌രിബാവാൻ ഇനിയും മണിക്കൂറുകൾ കുറേയുണ്ടല്ലോ.
നിൻ്റെ അഭിപ്രായം അതാണെങ്കിൽ അങ്ങിനെതന്നെ ചെയ്യാം. നമ്മൾ എവിടെയാണ് പറഞ്ഞു നിർത്തിയത്.?
നിങ്ങൾപറഞ്ഞുകൊണ്ടിരുന്നത് വയളിൻ്റെ കാര്യമാണ്. പക്ഷേ എൻ്റെ ചോദ്യം പള്ളിക്കാട്ടിൽ ഖബറാളികളെന്ന ഒരു കൂട്ടരുണ്ടെന്ന് മറ്റുള്ളവരെപ്പോലെ നിങ്ങളും വിശ്വസിച്ചിരുന്നോ എന്നായിരുന്നു.
അതേ, അതുതന്നെയാണ് ഞാൻ പറഞ്ഞുവരുന്നത്.
ഇപ്പോഴത്തെ മതപ്രഭാഷണം കേട്ടാൽ ആർക്കെങ്കിലും ഭയഭക്തികൂടുമെന്ന്
നീ കരുതുന്നുണ്ടോ. ഇല്ലല്ലോ..എന്താ കാരണം.?
എനിയ്ക്കറിയില്ല.
എങ്കിൽ ഞാൻ പറഞ്ഞു തരാം.
തെരഞ്ഞെടുക്കുന്ന വിഷയം തന്നെയാണ് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം ശബ്ദവും വെളിച്ചവുമാണ്. പത്താൾക്കുവീതം ഓരോ ഫ്ലെഡ് ലൈറ്റും നാലുകിലോമീറ്റർ ചുറ്റളവിൽ കേൾക്കാൻ പറ്റുന്ന ശബ്ദക്രമീകരണവുമാണ് രണ്ടാമത്തെ കാരണം.
ഇന്നത്തെ മതപ്രഭാഷണമെന്നുപറയുന്നത് ആസ്വാദനമായിട്ടാണ് പലരും കാണുന്നത്. പണ്ടൊന്നും അങ്ങനെ ആയിരുന്നില്ല.
പ്രഭാഷകരുടെ പേരും പ്രശസ്തിയുമൊന്നും അന്നാർക്കും ഒരു വിഷയമേ അല്ലായിരുന്നു.
റബീഉൽ അവ്വൽ പിറന്നാൽ പിന്നെ പന്ത്രണ്ട് വരെയും വയളുണ്ടാകും. പിന്നെ റമളാൻ പത്തുകഴിഞ്ഞാൽ ഇരുപത്തി ഏഴാം രാവുവരെയുള്ള ദിവസങ്ങളിലും ഉണ്ടാകും.
അൽപം ഉയർത്തിക്കെട്ടിയസ്ഥലത്ത് ഓലമേഞ്ഞതോ സാരി വലിച്ചു കെട്ടിയതോ ആയ ഒരു സ്റ്റേജുണ്ടാകും. സ്റ്റേജിലും സദസ്സിലുമായി രണ്ടോ മൂന്നോ പെട്രോമാക്സും കത്തിച്ചു വെയ്ക്കും. നമ്മുടെ പഴയങ്ങാടിയിൽ വെച്ചാണ് അന്നൊക്കെ വയള് പറയാറുണ്ടായിരുന്നത്.
ഓലച്ചൂട്ടിൻ്റെ വെളിച്ചത്തിലാണ് സ്ത്രീകളും കുട്ടികളും പഴയങ്ങാടിയിൽ എത്തിച്ചേർന്നിരുന്നത്. തിരിച്ചു പോകുന്നതും അങ്ങനെ തന്നെയായിരുന്നു. ഇന്നത്തെപ്പോലെ സ്ത്രീകൾ പള്ളിയിൽ പോകുന്നതോ നിസ്ക്കാരസമയത്ത് തലപ്പാവ് ധരിക്കുന്നതോ ഒന്നുമായിരുന്നില്ല അന്നത്തെ പ്രധാന വിഷയം. അന്നത്തെ വിഷയമെന്നത് ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളുമായിരുന്നു.
ഇന്നത്തെ പ്രഭാഷണങ്ങളിൽ എപ്പോഴെങ്കിലും സക്കാത്തിനെക്കുറിച്ചും പരദൂഷണം പറയുന്നതിനെക്കുറിച്ചും പറയുന്നത് നീ കേട്ടിട്ടുണ്ടോ, ഇല്ലല്ലോ.?
അന്ന് അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊക്കെയായിരുന്നു പ്രധാനമായും പറഞ്ഞിരുന്നത്.
കഴിവുണ്ടായിട്ടും സക്കാത്ത് കൊടുക്കാത്തവരും പരദൂഷണം പറയുന്നവരുമെല്ലാം മരിച്ചു കഴിഞ്ഞാൽ ഖബറിൽ വെച്ചു തന്നെ ശിക്ഷ അനുഭവിച്ചു തുടങ്ങുമെന്നും
അത് താങ്ങാൻ കഴിയാതെ അവർ അട്ടഹസിച്ചു കൊണ്ടിരിക്കുമെന്നുമെല്ലാം അന്നാണ് ഞാൻ മനസ്സിലാക്കിയത്. വല്ല്യുമ്മയുടെ കൂടെ വയള് കേൾക്കാൻ പോയപ്പോഴാണ് ഖബറാളികളെന്ന വാക്ക് ഞാൻ ആദ്യമായികേട്ടത്.
ഇപ്പറഞ്ഞ രണ്ടു കാര്യങ്ങൾ കൊണ്ട് പള്ളിക്കാടും ഖബറാളികളും എനിക്ക് ഭയമുളവാക്കുന്ന കാര്യം തന്നെയായിരുന്നു.
പിന്നീട് എപ്പോഴാണ് നിങ്ങൾക്കാഭയം ഇല്ലാതായത്?
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പള്ളിക്കാട്ടിലെ ഖബറുകൾക്കരികിൽ ചെന്നിരിക്കാൻ തുടങ്ങിയ കാലം മുതൽ.
നിങ്ങളുടെ ജീവിതത്തിൽ അങ്ങനെയൊരു കാലവുമുണ്ടായിരുന്നോ.?
ഉണ്ടായിരുന്നു, ഞാൻ ചാവക്കാടിനും പുത്തൻപള്ളിയുടെയും ഇടയിലുള്ള വിവിധ പള്ളിദർസുകളിൽ പഠിച്ചിരുന്ന കാലമായിരുന്നത്.
നമ്മുടെ നാട്ടിലെ ഖബർസ്ഥാൻ പോലെയല്ല അവിടെയുള്ള ഖബർസ്ഥാനുകൾ. പള്ളിക്കാടെന്ന പേരിനോട് തികച്ചും നീതി പുലർത്തുന്ന തരത്തിലുള്ളതാണ് ഞാനവിടെ കണ്ടിട്ടുള്ള ഖബർസ്ഥാനുകളേതും. മയ്യിത്ത് മറമാടുന്നതിനു വേണ്ടിയല്ലാതെ അവിടേക്കാരും കടന്നു ചെല്ലുന്നത് ഞാൻ കണ്ടിട്ടില്ല.
നമ്മുടെ നാട്ടിലെ ഏതെങ്കിലും ഖബർസ്ഥാനിൽ ഖബറിൻ്റെ മുകളിൽ താൽക്കാലികമായി ടെൻ് കെട്ടിയുണ്ടാക്കിയതിനു ശേഷം മരണപ്പെട്ടവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അതിനടുത്തിരുന്ന് രാപകൽ ഭേദമില്ലാതെ ഖുർആൻ പാരായണം ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ.?
പള്ളിയുടെ സമീപത്ത് മറമാടപ്പെട്ട ഏതെങ്കിലും മഹാൻമാരുടെ ഖബറുകളെക്കുറിച്ചല്ല, അങ്ങനെഅല്ലാത്തവരുടെ കാര്യത്തിലാണ് ഞാൻ ചോദിച്ചത്.
എന്നോട് ഈ വക ചോദ്യങ്ങൾ ചോദിച്ചാൽ
ഇല്ല എന്നല്ലാതെ മറ്റൊരു മറുപടിയും ഉണ്ടാവില്ലെന്ന് നിങ്ങൾക്കുതന്നെ നന്നായിട്ടറിയാവുന്നതല്ലേ.
അതെന്താ നിനക്കറിയാതിരിക്കാൻ കാരണം.?
ഞാനൊരുസ്ത്രീയായതുകൊണ്ട്. നിങ്ങൾ പുരുഷൻമാരെപ്പോലെ പള്ളിയിലേക്കും പള്ളിക്കാട്ടിലേക്കും പോകാത്തതുകൊണ്ട്.
അതുതന്നെ കാരണം.
അങ്ങനെയാണെങ്കിൽ ഞാൻ നിന്നോട് ഇക്കാര്യത്തിൽ ഇനിയൊന്നും ചോദിക്കുന്നില്ല. എന്നു കരുതി ഇടയ്ക്കു വെച്ച് എന്നോട് നിനക്കെന്തെങ്കിലും ചോദിക്കണമെന്നു തോന്നിയാൽ ചോദിക്കാതിരിക്കുകയും വേണ്ട.
അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം.
നമ്മുടെ നാട്ടിൽ ഖബറിൻ്റെ സമീപത്തുവെച്ചന്നല്ല മരണം സംഭവിച്ച വീടുകളിൽ പോലും അങ്ങനെയൊരു പതിവില്ല. ഒന്നോരണ്ടോ ആളുകളുടെ കാര്യമല്ല ഞാൻ പറഞ്ഞത്. പൊതുവേയുള്ള കാര്യമാണ്. അവിടുത്തെ കാര്യം അങ്ങനെയല്ല. മയ്യത്ത് മറവുചെയ്തതിനു ശേഷമുള്ള പ്രാർഥനയും മറ്റുള്ള കാര്യങ്ങളും പൂർത്തിയാക്കി ആളുകളെല്ലാം പിരിഞ്ഞുപോയിക്കഴിഞ്ഞാൽ ഉടനെ ഖബറിനു മുകളിൽ ഒരു താൽക്കാലിക ടെൻ് കെട്ടിയുണ്ടാക്കും. അപ്പോൾ വശങ്ങളിലുള്ള ഖബറുകളും ആ ടെൻ്റിനുളളിൽ അകപ്പെടും. രണ്ട് ഭാഗത്തും വീതി കുറഞ്ഞ ബെഞ്ചോ കട്ടിലോ കൊണ്ടിടും.
ഖുർആൻ പാരായണം ചെയുന്നവർക്ക് ഇരിക്കാൻ വേണ്ടിയാണത്.
രണ്ടുപേർ രണ്ടു മണിക്കൂർ എന്നരീതിയിൽ ഇരുപത്തിനാല് മണിക്കൂറും ഇടമുറിയാതെ ഖുർആൻ പാരായണം നടക്കും. പതിനാലു ദിവസം പൂർത്തിയാകുന്നതോടെയാണത് അവസാനിപ്പിക്കുന്നത്.
നാലടിയിലേറെ പൊക്കത്തിൽ ഇടതൂർന്ന് വളർന്നുപന്തലിച്ചു കിടക്കുന്ന പുല്ലാന്നിക്കാട്ടിനിടയിലൂടെ രണ്ടടിവീതിയിൽ താൽക്കാലികമായിവെട്ടിത്തെളിച്ചുണ്ടാക്കുന്ന വഴിയിലൂടെയാണ് കൂരിരുട്ടിൽപോലും പള്ളിയിൽ നിന്ന് ഖബറിനരികിലേക്കും തിരിച്ചും പോയി വരാറുള്ളത്.
ഇഴജെന്തുക്കളെയല്ലാതെ പള്ളിക്കാട്ടിൽ മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ലെന്ന തിരിച്ചറിവ് അന്നുമുതൽക്കാണ് എനിക്കുണ്ടായത്.
അപ്പോൾ ഖബറാളികളെക്കുറിച്ച് പണ്ടത്തെ ഉസ്താദുമാർ പറഞ്ഞത് കളവായിരുന്നോ.?
(തുടരും…)
– K.M സലീം പത്തനാപുരം