ഇനിയിപ്പോൾ അതൊരു പ്രയാസമുള്ള കാര്യമാണെന്നാണ് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ നമ്മുടെ പള്ളിക്കാട്ടിൽ മാത്രമാണോ കുറ്റിക്കാടുള്ളത്.
ഒട്ടുമിക്ക പള്ളിക്കാടുകളും അങ്ങനെ തന്നെയല്ലേ, ഉറ്റവരുടെ ഖബർ സിയാറത്ത് ചെയ്യാൻ അതൊരു തടസ്സമാണെന്നുണ്ടെങ്കിൽ അവനവനുതന്നെ അത് വെട്ടിക്കളയാലോ. ഏറിയാൽ അരമണിക്കൂർ സമയമല്ലേ അതിനുവേണ്ടി ചെലവഴിക്കേണ്ടതുള്ളൂ.
ഓരോരോ കാരണം പറഞ്ഞ് റോഡും തോടും വൃത്തിയാക്കാൻ പുറപ്പെടുന്നവരുടെ കൂട്ടത്തിൽ മുൻപിൽ തന്നെയാണല്ലോ നിങ്ങളെ കാണാറുളളത്.
ഒരു ദിവസം പള്ളിക്കാട്ടിൽ ചെന്ന് ഉപ്പയുടെ ഖബറിനു ചുറ്റുമുള്ള കുറ്റിക്കാടുകൾ വെട്ടിക്കളഞ്ഞുകൂടെ, അങ്ങനെ ചെയ്താൽ ഉപ്പയുടെ അടുത്തുതന്നെ ചെന്നുനിന്നുകൊണ്ട് നേരിട്ട് സംസാരിക്കുകയും പ്രാർത്ഥിക്കുകയുമെല്ലാം ചെയ്യാലോ. കാലമിത്രയേറെ കഴിഞ്ഞുപോയിട്ടും നിങ്ങളെന്തുകൊണ്ടാണങ്ങനെ ചെയ്യാതിരുന്നത്.?
മന:പൂർവം ചെയ്യാതിരിക്കുന്നതല്ല സക്കീനാ..
പിന്നെ, മറന്നു പോയതാണോ.?
അല്ല, എവിടെയാണ് വെട്ടിത്തെളിയിക്കേണ്ടതെന്ന് നിശ്ചയമില്ലാത്തതു കൊണ്ട് ചെയ്യാതിരുന്നതാണ്.
എന്നു വെച്ചാൽ ഉപ്പയുടെ ഖബർ എവിടെയാണെന്ന് നിങ്ങൾക്കറിയില്ലെന്നോ.?
അതെ. സത്യമായിട്ടും എനിയ്ക്ക് അറിയില്ല. എനിയ്ക്കെന്നല്ല, ആർക്കുമറിയില്ല.
അതെന്താ നിങ്ങളുടെ കാര്യത്തിൽ മാത്രം അങ്ങനെ ആയത്.
ഉപ്പ നാട്ടുകാരുമായി നല്ലബന്ധത്തിലായിരുന്നില്ലേ, അതല്ലെങ്കിൽ മറവുചെയ്യുന്ന സമയത്ത് നാട്ടുകാരായിട്ടുളള ഒരാളും അവിടെ ഉണ്ടായിരുന്നില്ലേ.?
ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഞാൻ ഉത്തരം പറഞ്ഞാൽ നിൻ്റെ മനസ്സിൽ മറ്റനേകം ചോദ്യങ്ങൾ ഉരുണ്ടുകൂടും.
തന്നെയുമല്ല, വ്യക്തമായി പറഞ്ഞു കൊടുക്കാമായിരുന്നില്ലേ എന്ന് എൻ്റെ മനസ്സെന്നോടു ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
എൻ്റെ മനസ്സിൽ ഇപ്പോൾ തന്നെ നൂറുകൂട്ടം ചോദ്യങ്ങളുണ്ട്. പലതും എൻ്റെ സൃഷ്ടികൾ തന്നെയാണ്.
തനിച്ചുളള യാത്രകളിലും അപരിചിതരോടൊപ്പം സമയം ചെലവഴിക്കേണ്ടി വരുമ്പോഴുമാണ് ഞാനാചോദ്യങ്ങൾക്ക് ഉത്തരം തേടിപ്പോകാറുളളത്.
മന:ക്കോട്ടകൾ കെട്ടുക എന്നൊക്കെ പല കാര്യങ്ങൾക്കും ഉദാഹരണമായി ചിലർപറയുന്നത് നീ കേട്ടിട്ടില്ലേ, തമാശയല്ലത്. വാസ്തവമാണ്.
പലപ്പോഴായി ഞാൻ കെട്ടിയുണ്ടാക്കിയ മന:ക്കോട്ടകളുടെ എണ്ണമെത്രയാണെന്നു നോക്കിയാൽ ഞാനെൻ്റെ മനസ്സിൽ സ്വയം കുറിച്ചിട്ട ചോദ്യങ്ങളുടെ അത്രയും വരുമത്.
എന്നെപ്പോലെ മന:ക്കോട്ട കെട്ടാനൊന്നും നിനക്ക് നേരം കിട്ടിയിയെന്നു വരില്ല. അതുകൊണ്ട് പെട്ടെന്ന് ഉത്തം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ കുറിച്ചിടുന്നതും നല്ലതല്ല. അടുക്കളയിലെ പണിയെല്ലാം ചെയ്തു കഴിഞ്ഞതിനുശേഷം നമുക്ക് സിറ്റൗട്ടിൽ ചെന്നിരിയ്ക്കാം.
മക്കൾ മദ്രസയിൽ നിന്നും തിരിച്ചുവരുമ്പോഴേക്കും നിൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം വിശദമായിതന്നെ ഞാൻ പറഞ്ഞു തരാം.
ചിലപ്പോൾ നിനക്കതുകൊണ്ട് ഉപകാരം കിട്ടിയെന്നും വന്നേക്കാം.
അടുക്കളയിൽ ഇനിയൊന്നും എനിക്ക് ചെയ്യാനില്ല , ഉച്ചയ്ക്കു മുൻപായി ചെയ്തു തീർക്കാനുള്ളതൊക്കെയും സംസാരത്തിനിടയിൽ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
അങ്ങനെയാണെങ്കിൽ നമുക്കങ്ങോട്ടിരിയ്ക്കാം.
കട്ടൻചായ ഉണ്ടാക്കണോ.?
നേരത്തെഉണ്ടാക്കിയത് ഫ്ലാസ്കിലുള്ളപ്പോൾ ഇനിയെന്തിനാണ് വേറെ ഉണ്ടാക്കുന്നത്.
എന്നാൽ പിന്നെ അതിൽ നിന്നും ഒരു ഗ്ലാസിൽ അൽപം എടുക്കാല്ലേ.?
അതിൽ നിന്ന് ഒരു ഗ്ലാസ്സിലേക്കല്ല, അതിൻ്റെ കൂടെ ഒരു ഗ്ലാസ്സുമെടുത്ത് വന്നാൽമതി.
കട്ടൻ ചായയുടെ അകമ്പടില്ലാതെ ഞാനെന്തു ചരിത്രം പറയാനാണ്.
എൻ്റെ കുട്ടിക്കാലത്തുതന്നെ ഉപ്പ മരണപ്പെട്ടു പോയിരുന്നെന്ന് നിനക്കറിയാലോ, എന്നാൽ എങ്ങനെയാണ് മരണപ്പെട്ടതെന്നും ബന്ധുക്കളും സഹോദരങ്ങളുമായി ആരെല്ലാമാണ് ഉണ്ടായിരുന്നതെന്നും നിനക്കറിയുമോ. ഉമ്മയോടോ, ജമീലയോടോ എപ്പോഴെങ്കിലും ആ വക കര്യങ്ങൾ നീ ചോദിച്ചിട്ടുണ്ടോ. അവരെപ്പോഴെങ്കിലും നിന്നോടതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ.?
ഉമ്മയുമായുളള സംസാരത്തിനിടയിൽ ചില കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട് എന്നല്ലാതെ കൂടുതലായൊന്നും എനിയ്ക്കറിയില്ല. അതുകൊണ്ടാണ് നേരത്തെ നിങ്ങൾ ഖബറിൻ്റെ കാര്യം പറഞ്ഞപ്പോൾ ഞാനങ്ങനെ ചോദിച്ചത്.
അങ്ങനെയാണെങ്കിൽ ഉപ്പയുടെ മരണത്തിൽ നിന്നുതന്നെ നമുക്ക് പറഞ്ഞു തുടങ്ങാം.
എനിക്ക് ഏഴു വയസുള്ളപ്പോഴാണ് ഉപ്പ മരിച്ചത്.
എന്നുവെച്ചാൽ ഞാൻ രണ്ടാം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന കാലം.
ഒരു ദിവസം ഉച്ച നേരത്ത് ക്ലാസ് മുറിയുടെ വാതിൽ പടിയിൽ ഒരാൾ വന്നു നിന്നതിനു ശേഷം ടീച്ചറെ വരാന്തയിലേക്കു വിളിച്ചു വരുത്തി എന്തൊക്കെയോ സംസാരിച്ചു. അയാൾ ആരായിരുന്നു എന്നകാര്യം അന്നും ഇന്നും എനിയ്ക്കറിയില്ല. എൻ്റെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് അയാൾ സംസാരിച്ചു തുടങ്ങിയത്.
അയാൾ തിരിച്ചുപോയ ഉടനെ എന്നെയും തൊട്ടടുത്ത ക്ലാസ്സിലുണ്ടായിരുന്ന ജമീലയെയും വീട്ടിലേക്ക് പറഞ്ഞയച്ചു.
പതിവിലും നേരത്തെ സ്കൂളിൽനിന്നും വീട്ടിലേക്കു പോകാൻ കഴിഞ്ഞതിൻ്റെ ആഹ്ലാദത്തിലായിരുന്നതു കൊണ്ട് കാര്യകാരണങ്ങളൊന്നും ഞങ്ങൾ ടീച്ചറോട് ചോദിച്ചില്ല.
കളിയും ചിരിയുമായി സാവധാനം വീട്ടിൽ ചെന്നെത്തിയപ്പോൾ മുറ്റത്ത് കുറച്ചുപേർ കൂട്ടംകൂടി നിൽക്കുന്നതാണ് ഞങ്ങൾ കണ്ടത്. അവർ ഞങ്ങളെ ശ്രദ്ധിച്ചിരുന്നോ എന്നെനിയ്ക്കറിയില്ല.
ഞങ്ങളെന്തായാലും അവരെ ശ്രദ്ധിച്ചിരുന്നില്ല. കാരണം അക്കൂട്ടത്തിൽ ഞങ്ങൾക്ക് മുൻപരിചയമുള്ള മുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എത്രയും വേഗം ഇസ്മായിൽ കാക്കയുടെ വീട്ടുമുറ്റത്ത് പടർന്നു പന്തലിച്ചുനിൽക്കുന്ന പുളിമരച്ചോട്ടിൽ എത്തണമെന്ന് തീരുമാനിച്ചു കൊണ്ടാണ് ഞങ്ങൾ അകത്തേക്കു കയറിയിരുന്നതെങ്കിലും പൊടുന്നനെ ആ തീരുമാനത്തിൽ നിന്നും ഞങ്ങൾ പിൻമാറി.
ഇക്കാ.. ഇടയ്ക്ക് ഒരു കാര്യം ചോദിച്ചോട്ടെ, എന്തിനാണ് ഇത്ര ധൃതി പിടിച്ച് ഇസ്മായിൽ കാക്കയുടെ വീട്ടിലെത്തണമെന്ന് തീരുമാനിച്ചിരുന്നത്. പിന്നീട് എന്തു കാരണത്താലാണ് അതിൽ നിന്നും പിൻമാറിയത്. ആ വക കാര്യങ്ങളൊക്കെയും ഇപ്പോൾ നിങ്ങളുടെ ഓർമയിലുണ്ടോ.?
എന്താ സംശയം. ഓർമയിലുണ്ടെന്നുമാത്രമല്ല, പതിനാലാം രാവിൻ്റെ തിളക്കത്തോടെ എൻ്റെ മനസ്സിലിപ്പോഴും തെളിഞ്ഞു നിൽക്കുന്നുമുണ്ട്. ആ വക കാര്യങ്ങളൊക്കെത്തന്നെയാണ് ഇനിപറയാൻ പോകുന്നത്.
ഞാൻ നിന്നോട് ഫ്ലാസ്ക്കും ഗ്ലാസ്സും ഇങ്ങോട്ടെടുത്തു വെക്കണമെന്നുപറഞ്ഞത് നീ കേട്ടിരുന്നില്ലേ.
ഓ.. കേട്ടിരുന്നു. ശ്രദ്ധയിൽ നിന്ന് വിട്ടു പോയതാണ്.
അതങ്ങ് ദൂരെയൊന്നുമല്ലല്ലോ, അടുക്കളയിലല്ലേ, ഉടനെഎടുത്തുകൊണ്ടുവരാം.
ഉടനെ വേണ്ട, സാവധാനം മതി. കട്ടൻ കുടിക്കുന്നതിനു മുൻപായി മറ്റൊരു പ്രധാനകാര്യം ചെയ്യാനുണ്ട്.
പ്രധാനകാര്യം ചെയ്യുന്നതൊക്കെ കൊള്ളാം. പക്ഷെ.. അത് ഇവിടെ സിറ്റൗട്ടിൽ ഇരുന്നു കൊണ്ടുവേണ്ട.
മുറ്റത്ത് ഏതെങ്കിലുമൊരു കോണിൽ ചെന്നു ചെയ്താൽ മതിയെന്നു മാത്രം.
അതൊക്കെ നീ പറയാതെ തന്നെ ഞാൻ ചെയ്യാറുള്ളതല്ലേ സക്കീനാ..
(തുടരും…)
– K.M സലീം പത്തനാപുരം