ഒരേ നാട്ടിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടുപേരുടെ വ്യത്യസ്ത അനുഭവങ്ങൾ ആണിത്. പ്രാഞ്ചിയും പൈലിയും സമപ്രായക്കാരും അടുത്തടുത്ത വീടുകളിലും ആയിരുന്നു താമസമെങ്കിലും പണത്തിൻ്റെ അന്തരം കാരണം രണ്ടുപേരും സുഹൃത്തുക്കൾ എന്നല്ല മുഖത്തോടുമുഖം പോലും നോക്കില്ലായിരുന്നു. പള്ളിയിൽനിന്നും കുടികിടപ്പ് ആയി കിട്ടിയ 3 സെൻറ് സ്ഥലത്തെ ഒരു ചെറിയ വീട്ടിലാണ് പ്രാഞ്ചിയുടെ താമസം. പ്രാഞ്ചിക്ക് താഴെയും മുകളിലുമായി എട്ട് സഹോദരങ്ങൾ. അപ്പന് കൂലിപ്പണി. ഒരുനേരമെങ്കിലും വയറുനിറച്ച് ആഹാരം കിട്ടിയാൽ ഭാഗ്യം. അതായിരുന്നു സ്ഥിതി. ഉപ്പുമാവ് കഴിക്കാൻ വേണ്ടിയാണ് പ്രാഞ്ചി പള്ളിക്കൂടത്തിൽ കൃത്യമായി പോയിരുന്നത് തന്നെ. ശനിയും ഞായറും അടുത്തുള്ള തോട്ടിൽ പോയി കൂട്ടുകാരുമായി മീൻ പിടിച്ചുകൊണ്ടുവന്ന് പറമ്പിൽ അടുപ്പുകൂട്ടി ചുട്ടു തിന്നും. പിന്നെ വീടിന് ചുറ്റുമുള്ള വലിയ വീടുകളുടെ പറമ്പുകളിലെ മാങ്ങ, പേരക്ക, ജാമ്പക്ക, പപ്പയ്ക്ക, കൈതച്ചക്ക, ഇരുമ്പൻ പുളി, നെല്ലിക്കാ….. അങ്ങനെ വിശപ്പുമാറ്റാൻ എന്തും പറിച്ചു തിന്നും. പലതവണ തോറ്റും ജയിച്ചും ഉന്തിത്തള്ളി പത്താംക്ലാസ് വരെ പഠിച്ചു. കൂടെ പഠിച്ചവർ അധ്യാപകരായി എത്താൻ തുടങ്ങിയപ്പോൾ പഠിപ്പു നിർത്തി. ആഴ്ചയിൽ രണ്ടു ദിവസം മാത്രം അയലത്തുള്ളവർക്ക് ശല്യം ആയിരുന്ന പ്രാഞ്ചി ഒരു നിത്യ ഉപദ്രവമായി തുടങ്ങി. പിന്നീട് നാട്ടുകാരുടെ പരാതി കൂടി വന്നപ്പോൾ പ്രാഞ്ചിയുടെ അമ്മ അവരുടെ അനുജത്തി നടത്തുന്ന തട്ടുകടയിലേക്ക് പ്രാഞ്ചിയെ നാടു കടത്തി. അവനെ കൊണ്ട് എന്ത് ജോലി വേണമെങ്കിലും ചെയ്യിച്ചോ വിശപ്പിന് ആഹാരം മാത്രം കൊടുത്താൽ മതി, കൂലി കൊടുക്കണ്ട എന്നായിരുന്നു പറഞ്ഞിരുന്നത്. വലിയ സമ്പന്നരല്ലെങ്കിലും തട്ടുകട നടത്തി ഇവരെക്കാൾ ഭേദപ്പെട്ട നിലയിൽ ജീവിക്കുന്ന ചിറ്റമ്മ പ്രാഞ്ചിയുടെ സംരക്ഷണം ഏറ്റെടുത്തു. പാചക ജോലികളൊക്കെ ചിറ്റപ്പനും ചിറ്റമ്മയും കൂടി പ്രാഞ്ചിയെ പഠിപ്പിച്ചു. ദോശയും മുട്ട റോസ്റ്റും പൊറോട്ടയും കോഴി തോരനും ബീഫുകറിയും ഒക്കെ മിച്ചം വരുന്നത് കൊതിയോടെ ജീവിതത്തിൽ ആദ്യമായി പ്രാഞ്ചി കഴിച്ചു. രുചികരമായ ഭക്ഷണം പ്രാഞ്ചിയുടെ വലിയൊരു വീക്നെസ് തന്നെയായിരുന്നു. ‘എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം’ എന്ന ചിറ്റമ്മയുടെ ഉപദേശം കൂടിയായപ്പോൾ പ്രാഞ്ചി കഠിനാധ്വാനം ചെയ്യാൻ തയ്യാറായി. താമസിയാതെ ചിറ്റമ്മയുടെ ശിക്ഷണത്തിൽ പ്രാഞ്ചി മികച്ചൊരു പാചകക്കാരനായി. അവർക്കും ഗുണമായി. ബിസിനസ് നന്നായി പച്ചപിടിച്ചു.ഭക്ഷണം മാത്രം കൂലിയായി കൊടുത്തുകൊണ്ട് ജോലി ചെയ്യാൻ ആരെങ്കിലും തയ്യറാകുമോ? രുചിഭേദങ്ങൾ തേടി അടുത്ത ജില്ലയിൽനിന്ന് വരെ ആളെത്തി. പോകപോകെ പ്രാഞ്ചി ഒഴിവുസമയം അടുത്ത കള്ളുഷാപ്പിൽ ഒക്കെ പോയി അവിടുത്തെ മീൻ തലക്കറിയുടെ കൂട്ട് ഒക്കെ പഠിച്ചു കൊണ്ടുവന്ന് ഇവിടെ പരീക്ഷിക്കാൻ തുടങ്ങി. അഞ്ചാറു വർഷം കൊണ്ട് പ്രാഞ്ചി മികച്ച ഒരു കുക്കായി. യാദൃശ്ചികമായി ആ തട്ടുകടയിൽ കഴിക്കാനെത്തിയ ഒരു ബാംഗ്ലൂർകാരൻ അദ്ദേഹത്തിൻറെ ഹോട്ടലിലേക്ക് കുക്കായി വലിയ ശമ്പളത്തിന് പ്രാഞ്ചിയെ ക്ഷണിച്ചു. എട്ടുവർഷം ഭക്ഷണം മാത്രം കൂലിയായി കൊടുത്ത ചിറ്റമ്മയുടെയും ചിറ്റപ്പൻ്റെയും അനുഗ്രഹത്തോടെ പ്രാഞ്ചി ബാംഗ്ലൂരിലേക്ക് വണ്ടി കയറി. ആദ്യം അവിടെ കുക്ക് ആയിരുന്നെങ്കിലും പിന്നെ പടിപടിയായി ഉയർന്ന ശമ്പളം ഉള്ള ജോലിയിലേക്ക് പ്രമോഷൻ കൊടുത്തിരുന്നെങ്കിലും കുക്കിംഗ് തന്നെയാണ് തനിക്ക് താല്പര്യം എന്ന് അറിയിച്ച് അങ്ങോട്ട് തന്നെ മാറി. അത്യാവശ്യം ഇംഗ്ലീഷും കന്നടയും ബാംഗ്ലൂരിൽനിന്ന് പ്രാഞ്ചി പഠിച്ചെടുത്തിരുന്നു.പിന്നെ അവിടെ നിന്ന് ഫൈവ്സ്റ്റാർ ഹോട്ടലിലേക്ക്….. എന്തിനു പറയുന്നു കാറ്ററിംഗിന് ക്ലാസ്സ് എടുക്കാൻ കേറ്ററിങ് കോളേജ്കാർ മണിക്കൂറിന് ഇത്ര രൂപ എന്ന് പറഞ്ഞ് ഗസ്റ്റ് ലെക്ചർർ ആയി പ്രാഞ്ചിയെ വിളിച്ചു കൊണ്ടു പോകാൻ തുടങ്ങി. വിദേശ ചാനലുകളിൽ വരെ പ്രാഞ്ചിയുടെ പാചക ക്ലാസും ഇന്റർവ്യൂവും ഉണ്ട്. പ്രാഞ്ചി ഇപ്പോൾ ഇംഗ്ലണ്ടിൽ സസുഖം കുടുംബമായി കഴിയുന്നു. പുതിയതും പഴയതും ആയ കേരള ഡിഷ്നെ കുറിച്ച് പഠിക്കാൻ പ്രാഞ്ചി ഇടയ്ക്ക് കേരളത്തിൽ എത്താറുണ്ട്. ആ നാടിൻറെ തന്നെ അഭിമാനമായി മാറി പ്രാഞ്ചി. വന്ന വഴി മറക്കാത്ത പ്രാഞ്ചി ആദ്യം ചെയ്തത് തൻ്റെ ചിറ്റമ്മക്ക് നല്ലൊരു ഹോട്ടൽ തുടങ്ങാനുള്ള എല്ലാ സഹായവും ചെയ്തുവെന്നതായിരുന്നു.
മറുഭാഗത്ത് പൈലി. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ഭാഗ്യവാൻ. സമ്പന്നതയുടെ മടിത്തട്ടിൽ ആയിരുന്നു ജീവിതം. പഠിച്ചതും വളർന്നതുമൊക്കെ ഊട്ടിയിലെ സമ്പന്നരുടെ മക്കളോടൊപ്പം. ചിരിക്കുന്നതും കരയുന്നതും സംസാരിക്കുന്നതും എല്ലാം ഇംഗ്ലീഷിൽ. പ്രീഡിഗ്രി പഠനം കഴിഞ്ഞപ്പോൾ പൈലിയ്ക്ക് കേറ്ററിംഗ് പഠിക്കണമെന്ന് ഒരു മോഹം. ആ കുടുംബത്തിലെ ആരും പുറത്ത് ജോലിക്കോ സർക്കാർ ഉദ്യോഗത്തിനോ ശ്രമിക്കാറില്ല. ഇഷ്ടമുള്ളത് എന്തെങ്കിലും പഠിച്ചുകഴിഞ്ഞാൽ കാരണവന്മാരായി ഉണ്ടാക്കി ഇട്ടിരിക്കുന്ന ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിലേക്ക് കയറും. വിവാഹപ്രായം എത്തുമ്പോൾ സമ്പന്ന കുടുംബങ്ങളിൽ നിന്ന് ആഘോഷമായി വിവാഹം നടത്തും.കാറ്ററിംഗ് പഠിക്കാൻ ആഗ്രഹം ഉണ്ടെന്ന് അറിയിച്ചപ്പോൾ തന്നെ ബാംഗ്ലൂരിലെ പ്രശസ്തമായ കേറ്ററിംഗ് കോളേജിൽ അഡ്മിഷൻ നേടി. അവിടെ ഒറ്റയ്ക്ക് ഒരു വീട് എടുത്ത് പൈലിയുടെ കാര്യങ്ങൾ മാത്രം നോക്കാനും ഭക്ഷണം പാചകം ചെയ്തു കൊടുക്കാനും പൈലി വഴിതെറ്റി പോകാതിരിക്കാനും ഒരു സംരക്ഷകനടക്കം അവിടെ താമസം തുടങ്ങി പഠനമാരംഭിച്ചു. പഠനത്തിൽ ഒന്നാം ക്ലാസിൽ പാസായി വലിയൊരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ക്യാമ്പസിൽ നിന്ന് ജോലിയും തരപ്പെട്ടു. ആ ജോലി ചെയ്യാൻ തനിക്ക് താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോൾ കാരണവന്മാർ സമ്മതിച്ചു. വയസ്സ് 22അല്ലേ ആയിട്ടുള്ളൂ കുറച്ചുകാലം അടിച്ചുപൊളിക്കട്ടെ എന്ന് കരുതി. വിവാഹപ്രായം എത്തിയതോടെ ജോലി മതിയാക്കി തിരികെ വരാൻ വീട്ടിൽ നിന്ന് എല്ലാവരും ആവശ്യപ്പെടാൻ തുടങ്ങി. അതിനിടയിൽ ഇവരുടെയൊക്കെ തന്നെ ബന്ധുക്കൾ ഫൈവ്സ്റ്റാർ ഹോട്ടലിൽവെച്ച് ഇദ്ദേഹത്തെ കണ്ട്
“അയ്യോ!, എന്താ ഇവിടെ ജോലി ചെയ്യുന്നത്? നാണമില്ലേ അപ്പനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? ഞങ്ങളെയൊക്കെ നാണംകെടുത്താൻ ഇറങ്ങിയിരിക്കുകയാണോ? “
“കൊള്ളാവുന്നിടത്തുനിന്നു എവിടുന്നേലും ചെറുക്കന് ഇനി പെണ്ണ് കിട്ടുമോ? “
“അവനെ അവിടെ കണ്ടപ്പോൾ ഞങ്ങളുടെ തൊലിയുരിഞ്ഞു പോയി” എന്നൊക്കെ ഉള്ള ചില പെങ്ങമ്മാരുടെ പരദൂഷണം കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
അത്യാവശ്യം നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പൈലി വീട്ടിലെത്തി.വീട്ടുകാർ നിർദേശിച്ച സമ്പന്ന കുടുംബത്തിൽ നിന്ന് വിവാഹവും കഴിച്ചു.
കണ്ണടച്ച് തുറക്കുന്നത് പോലെ 30 വർഷം കടന്നുപോയി.
തൊഴിൽ സമരങ്ങളും മറ്റു പല പ്രതിസന്ധികളും കൊണ്ട് ബിസിനസ് പഴയപോലെ ഒന്നും മെച്ചം ഇല്ലാതായി. സ്ഥാപനങ്ങൾ ഒക്കെ ഒന്നൊന്നായി പൂട്ടിക്കെട്ടി, പലതും വില്ക്കേണ്ട അവസ്ഥ തന്നെ വന്നു. സമ്പന്നതയിൽ മാത്രം ജീവിച്ചു പരിശീലിച്ചത് കാരണം താഴെക്കിടയിൽ ഉള്ളവർ എങ്ങനെയാണ് ജീവിക്കുന്നതെന്ന് പോലും അവർക്ക് അറിഞ്ഞുകൂടാ. കുറെ നാൾ പിടിച്ചു നിൽക്കാൻ കാരണവന്മാർ ഉണ്ടാക്കിയിട്ടതൊക്കെ വിറ്റ് ജീവിച്ചു. താമസിക്കുന്ന വീട് കൂടി ബാങ്കുകാർ ജപ്തി ചെയ്താൽ എങ്ങോട്ട് പോകണം എന്ന് ഒരു എത്തും പിടിയും ഇല്ല. അപ്പോഴാണ് പൈലിയോട് ഒരാൾ പറഞ്ഞത്. “നിൻ്റെ കൂടെ താഴ്ന്ന ക്ലാസ്സിൽ പഠിച്ചതല്ലേ പ്രാഞ്ചി, അവൻ അടുത്ത ആഴ്ച ഇംഗ്ലണ്ടിൽ നിന്ന് വരുന്നുണ്ട്. അവന് ഇവിടെ കേരളത്തിൽ വരുമ്പോൾ മാത്രം താമസിക്കാൻ ഒരു ബംഗ്ലാവ് പണിതിട്ടുണ്ട്. അതിൻ്റെ ഔട്ട് ഹൗസിൽ സാധാരണ ഒരു കുടുംബത്തെ അവൻ താമസിപ്പിക്കും. ആ ബംഗ്ലാവും പൂന്തോട്ടവും ഭംഗിയായി സംരക്ഷിക്കുക. മാസം ചെലവിനുള്ള എന്തെങ്കിലും തരും. താമസത്തിന് വാടക ഒന്നും കൊടുക്കണ്ട. നിനക്ക് വയസ്സുകാലത്ത് ഒരു പണിയും ആകും. പിന്നെ അവനു ദയ തോന്നിയാൽ നിനക്ക് ഒരു ഹോട്ടലോ മറ്റോ തുടങ്ങാൻ വേണ്ട സഹായവും ചെയ്തുതരും. നീ ഏതാണ്ടൊക്കെ പണ്ട് ഇതൊക്കെ പഠിച്ചതല്ലേ. പ്രാഞ്ചി നല്ലവനാ. വിശപ്പിൻറെ വില അറിഞ്ഞ് വളർന്നവൻ. അതുകൊണ്ടു തന്നെ നിൻറെ സങ്കടം അവൻ കേൾക്കും. അവന് വേഗം മനസ്സിലാകും. നിങ്ങളൊരു നാട്ടുകാരല്ലേ? നേരിട്ട് ചെന്ന് സങ്കടം ബോധിപ്പിക്കുക.” എന്ന്.
പണ്ട് ഇവനെ നാടുകടത്താൻ മുൻപന്തിയിൽ നിന്നിരുന്ന പൈലിയുടെ അമ്മയുടെ മുഖം ഓർമ്മ വന്നു പൈലിയ്ക്ക്. ബാങ്ക് ജപ്തി നടപടികൾ തുടങ്ങുന്നതിനു മുമ്പേ പൈലി പ്രാഞ്ചിയെ കാണാൻ പുറപ്പെട്ടു. തൻറെ വീടിനടുത്ത് താമസിച്ചിരുന്ന, തൻ്റെ സമപ്രായക്കാരനായിരുന്ന, ഒരിക്കൽ പോലും അവൻ്റെ മുഖത്തു നോക്കാത്ത പ്രാഞ്ചിയെ പോയി കാണാൻ തന്നെ പൈലി തീരുമാനിച്ചു. അഹങ്കാരത്തിന് കയ്യും കാലും വെച്ച് ജീവിച്ചിരുന്ന പൈലിയെ പ്രാഞ്ചി തിരിച്ചറിയുമോ? സഹായിക്കുമോ? അതോ പ്രതികാരം ചെയ്യുമോ? നമുക്ക് കാത്തിരുന്ന് കാണാം!!!
“കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ –
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ!”
– മേരി ജോസി മലയിൽ, തിരുവനന്തപുരം.