‘തിന്മ ഭാഷണം ‘ രാജ്യത്തിലെ രാജാവ് ആയിരുന്നു ദയ വർദ്ധനൻ: അദ്ദേഹം ദയാലുവായിരുന്നു. ജനങ്ങൾക്ക് വേണ്ടി അനേകം നന്മ കാര്യങ്ങൾ അദ്ദേഹം ചെയ്തു പോന്നു.
പക്ഷേ ‘തിന്മഭാഷണം’ രാജ്യത്തിലെ ജനങ്ങൾ രാജാവ് നന്മ പ്രവൃത്തി ചെയ്താലും അതിൽ തിന്മയുടെ കറ പുരട്ടുവാൻ ശ്രമിയ്ക്കും. രാജാവിന് ജനങ്ങളുടെ മനസ്ഥിതിയോർത്ത് വളരെ സങ്കടമുണ്ടായിരുന്നു. നോം എത്രയോ നല്ല കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തതാണ് എന്നിട്ട് പോലും പ്രജകൾ തൻ്റെ നന്മയെ കുറിച്ച് പറയുന്നില്ലല്ലോ.
ഒരിക്കൽ രാജാവ് തൻ്റെ പ്രജകളുടെ വിവരങ്ങൾ അറിയുവാൻ ‘പരിഹാസ’ താഴ് വരയിലൂടെ സഞ്ചരിക്കുകയായിരുന്നു. രാജാവിനെ ഇപ്പോൾ കണ്ടാൽ ഒരു സാധാരണക്കാരനാണെന്ന് തോന്നിപോകും ലുങ്കിയും ബനിയനും തോളിലൊരു തോർത്തുമാണ് വേഷം.
രണ്ട് തൊഴിലാളികളുടെ സംഭാഷണം രാജാവ് കേട്ടു.” രാജാവ് നല്ലവനാണെങ്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പെൻഷൻ അനുവദിച്ചതു പോലെ എന്തുകൊണ്ട് കുട്ടികൾക്ക് പെൻഷൻ അനുവദിച്ചില്ല ?”
അപരൻ തൻ്റെ പരുപരുത്ത ശബ്ദത്തിൽ മറുപടി പറയുന്നു. അവരുടെ സംഭാഷണം കേട്ടപ്പോൾ രാജാവിന് ദേഷ്യം വന്നുവെങ്കിലും അതു കടിച്ചമർത്തി. ” സത്രീകൾക്കും പുരുഷൻമാർക്കും പെൻഷൻ അനുവദിച്ചാൽ പോരാ കുട്ടികൾക്കും വേണമത്രെ മറ്റു രാജ്യങ്ങളിൽ അതും ഇല്ലല്ലോ ‘
ജനങ്ങളുടെ സംസാരം രാജാവിനെ ദുഃഖത്തിലാഴ്ത്തി എവിടേയും തന്നേക്കുറിച്ച് താഴ്ത്തി പറയുന്നു. രാജാവിന് അന്ന് ഉറക്കം വന്നില്ല. പള്ളി അറയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.
പിറ്റേ ദിവസം രാജാവ് ഒരു നിയമം വിളംബരം ചെയ്തു. ” മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും സംസാരിക്കാതെ നല്ലതിനെ കുറിച്ച് സംസാരിക്കുക ”
പുതിയ നിയമം” തിന്മ ഭാഷണം’ രാജ്യത്തിലെ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ നടപ്പിലാക്കി. മറ്റുള്ളവരുടെ നന്മ പ്രവൃത്തികൾ പറയുവാൻ ജനങ്ങളുടെ നാവ് ആദ്യം മുതിർന്നില്ല. എങ്കിലും തല പോകുന്ന കാര്യമാണ് അതുകൊണ്ട് അവർ മറ്റുള്ളവരുടെ നല്ല പ്രവൃത്തികൾ പറഞ്ഞു തുടങ്ങി.
ഇപ്പോൾ എല്ലാവരും ദയവർദ്ധനൻ രാജാവിനെ കുറിച്ച് മാത്രമാണ് പറയുന്നത്. കാരണമെന്ത്? ആ രാജ്യത്തിൽ ഏറ്റവും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്തത് ദയവർദ്ധന രാജാവ് ആയിരുന്നു.
പലരും രാജാവ് ഇത്ര നല്ലവനാണെന് അപ്പോഴാണ് അറിയുന്നത്.
രാജാവ് ഒരു സായംസന്ധ്യയിൽ തണുത്ത കാറ്റേറ്റ് മാർദ്ദവമേറിയ കല്ലിനു മുകളിലൂടെ “പരിഹാസ’ താഴ് വരയിലൂടെനടന്നു നീങ്ങുമ്പോൾ ജനങ്ങളുടെ സംസാരം കേട്ട് ആഹ്ളാദ ചിത്തനായ്.
ദയവർദ്ധനൻ രാജാവ് മറ്റൊരു പ്രസ്താവന വിളംബരം ചെയ്തു.
ഇനി മുതൽ നമ്മുടെ രാജ്യം’ നന്മ ഭാഷണം’ എന്ന പേരിൽ അറിയപ്പെടും.
– ആന്റോ കവലക്കാട്ട്