മനുഷ്യമാംസം തിന്നുന്നുവോ?
മുഖമൂടിധാരികൾ നിലത്ത് കിടക്കുന്ന ശവമെടുത്ത് വാനിൽ കയറ്റി.
ശവത്തിൻ്റെ ചുറ്റുമുള്ളവരിൽ ഭയവും നിസ്സഹായതയും.
ദിവസങ്ങൾ കൊഴിയവേ ശവമോഷണത്തിൻ്റെ പരമ്പര നീളുകയും നിയമപാലകർക്ക് ശവമോഷണ സംഘത്തിനെതിരെ നടപടികൾ എടുക്കാത്ത അവസ്ഥ സംജാതമാകുകയും ചെയ്ത സാഹചര്യത്തിൽ അമർഷം പൂണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ ശവമോഷണ സംഘത്തെ പിടികൂടുവാൻ തിരുമാനിച്ചു.
അന്നു മരണമടഞ്ഞ ശവശരീരത്തേയും വഹിച്ച് നീങ്ങുന്ന മുഖമൂടിധാരികളുടെ വാഹനത്തെ ചെറുപ്പക്കാർ വിദഗ്ദ്ധമായി പിൻതുടരുകയും വിജന പ്രദേശത്തെത്തുകയും ചെയ്തു. അവിടെ ഒരു കൂടാരത്തിൽ കടക്കുകയും ചെയ്തു. ചെറുപ്പക്കാർ ഒളിഞ്ഞ് ഉള്ളിലെ പ്രവൃത്തികൾ വീക്ഷിച്ചു.
മുഖം മൂടികൾ ശവത്തെ തീ കനലിന് മുകളിൽ കിടത്തി.
ആ ശവശരീരം കഷണങ്ങളാക്കി.
എന്നിട്ട് അവർ ഭക്ഷിച്ച് തുടങ്ങി.
പുറത്ത് നിൽക്കുന്ന ചെറുപ്പക്കാർക്ക് ഈ പ്രവൃത്തി കണ്ട് നിൽക്കുവാനായില്ല.
അവർ ആ കുടരത്തിനകത്ത് കടന്ന് പറഞ്ഞു. ” ഇത് നീചപ്രവൃത്തിയാണ്.അനീതിയാണ്. തോന്നിവാസമാണ്. ഇനിയും ഞങ്ങളിതു അനുവദിക്കില്ലാ”
ഇത് കേട്ട് മുഖം മുടിധാരികളിലൊരുവൻ പറഞ്ഞു:
“സുഹൃത്തേ ഞങ്ങൾ മനുഷ്യമാംസം തിന്നുന്നത് ആനന്ദിക്കുന്നതിന് വേണ്ടിയല്ല. വിശന്നിട്ട് ഞാനും സുഹൃത്തുക്കളും പൊരിയുകയാണ്. ശവങ്ങളെ പുഴുക്കൾ തിന്നുന്നതിനു മുൻപേ ഞങ്ങൾ ഭക്ഷിച്ചു കൊള്ളട്ടെ. ഒരു പുഴുവിനേക്കാൾ വിലയില്ലേ മനുഷ്യന്?…. ”
ഭീഷണിയുടെ സ്വരം പ്രതീക്ഷിച്ച ചെറുപ്പക്കാർക്ക് തെറ്റുപറ്റി.
പരിസര ബോധമുണ്ടായപ്പോൾ സ്വപ്നമാണല്ലോ എന്നോർത്ത് സമാധാനിച്ചു.
– ആന്റോ കവലക്കാട്ട്