കർക്കിടക മാസത്തിലെ തിരുവോണനാളിൽ മഹാബലിയെ നിഗ്രഹിക്കാൻ മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് എത്തിയത്. അതുകൊണ്ടാണ് കർക്കിടകത്തിലെ തിരുവോണത്തിനെ ‘പിള്ളേരോണം’ എന്ന വിളിപ്പേരിൽ ആഘോഷിച്ചു വന്നിരുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടെത് ആണെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റതാണെന്നു ഒരു പക്ഷമുണ്ട്. ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങുന്ന ദിവസമാണ് അന്ന്. മുറ്റത്ത് പൂക്കളം ഒരുക്കിയും ഉണ്ണിയപ്പം തിന്നുമാണ് പിള്ളയോണം ആഘോഷിച്ചിരുന്നത്. ഓണത്തിൻറെ വരവ് അറിയിച്ചു കൊണ്ടുള്ള ഈ ഓണം എന്തെന്ന് ഇന്നത്തെ പുതുതലമുറയ്ക്ക് അറിവുണ്ടാകില്ല.
ഓഗസ്റ്റ് 2- 2023 ഒരിക്കൽക്കൂടി പിള്ളയോണം എത്തിയപ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമകളിലേക്ക് ഷഷ്ടിപൂർത്തിയോട് അടുക്കുന്ന എൻറെ മനസ്സ് പുറകോട്ട് പാഞ്ഞു.
1970 കാലഘട്ടം, കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻറെ ജോലിസംബന്ധമായി ഞങ്ങൾ അന്ന് പാലക്കാട് ചന്ദ്രനഗർ കോളനിയിലാണ് താമസം. കോളനിയിലെ എല്ലാ കുട്ടികളും, നിറയെ മുറ്റം ഉള്ള ഞങ്ങളുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ കളിക്കാൻ ഒത്തുകൂടുക പതിവായിരുന്നു. അക്കുകളി, ഒളിച്ചുകളി, ബാഡ്മിൻറൺ….. അങ്ങനെ പത്തിരുപത് പേരുകൂടി ആറുമണിവരെ നല്ല തിമിർത്തുള്ള കളിയാണ്. ആ കാലഘട്ടത്തിൽ എൻറെ സഹോദരൻ എല്ലാ കൂട്ടുകാരെയും ചേർത്ത് ‘സേവിക ക്ലബ്’ എന്നൊരു ക്ലബ് രൂപീകരിച്ചു. ഞങ്ങളെല്ലാവരും അതിലെ അംഗങ്ങളാണ്. ഇടയ്ക്കിടെ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനദാനം നടത്തുകയും ഒക്കെ ചെയ്യാറുണ്ട്. വെള്ളിയാഴ്ച തോറും ക്ലബ് മീറ്റിംഗ് ഉണ്ട്. അന്ന് മീറ്റിങ്ങിൽ തിരുവോണസദ്യ ഉണ്ട് കഴിഞ്ഞു അന്ന് വൈകുന്നേരം നടത്തേണ്ട കലാപരിപാടിയുടെ ലിസ്റ്റ് തയ്യാറാക്കി. ഡാൻസ്, പാട്ട്, പ്രസംഗം, കവിത പാരായണം, തിരുവാതിരകളി…അങ്ങനെ എല്ലാവരും പേരു കൊടുത്തു. അവസാനം നാടകം. നാടകത്തിലെ പ്രധാന അഭിനേതാക്കൾ പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന എൻറെ സഹോദരനും സഹോദരിയും തന്നെ. പ്രസിഡൻറും സെക്രട്ടറിയും കരടുരൂപം വായിച്ച് എല്ലാ അംഗങ്ങളും കൈയ്യടിച്ച് തീരുമാനമാക്കി. മീറ്റിംഗ് കഴിഞ്ഞു. അപ്പോഴാണ് പുതിയൊരു പ്രശ്നം. പ്രസംഗവും ഡാൻസും പോലെയല്ല നാടകം. പേര് കൊടുത്തവർ ഓരോരുത്തരായി വന്നു പ്രസംഗം ഡാൻസ് ഒക്കെ ചെയ്ത് പൊയ്ക്കോളും. പക്ഷേ നാടകത്തിന് റിഹേഴ്സൽ വേണം. കോളനിയിലെ ഏറ്റവും അധികം മുറ്റം ഉള്ള വീട് ഞങ്ങളുടേത് ആയതുകൊണ്ട് ഞങ്ങളുടെ വീട്ടിൽ തന്നെയാണ് ഇതൊക്കെ നടത്താറുള്ളത്. ഓണപരീക്ഷ അടുത്തുവരുന്നു. പരീക്ഷയ്ക്ക് ഉള്ളത് പഠിക്കുമോ ? നാടകത്തിൻറെ ഡയലോഗ് കാണാതെ പഠിക്കുമോ? അവസാനം നാടകം വേണ്ടെന്ന് വച്ചാലോ എന്ന് ചിന്തിച്ചു. പക്ഷേ കലാകാരനും കലാകാരിയും ആയ സഹോദരങ്ങൾക്ക് അത് ചിന്തിക്കാൻപോലും പറ്റില്ല. കാരണം ആ കോളനിയിലെ പത്തിരുപത് കുട്ടികളുടെ മാതാപിതാക്കളും ഈ പരിപാടി അന്നേദിവസം കാണാൻ വരും. കിട്ടാവുന്ന നല്ലൊരു അവസരം കളയാൻ പറ്റില്ല എന്ന് അവർ രണ്ടുപേരും തീർത്തു പറഞ്ഞു. കാര്യങ്ങളൊക്കെ അമ്മയുടെ മുൻപിൽ അവതരിപ്പിച്ചപ്പോൾ ഇത് നടപ്പില്ല എന്ന് അമ്മയുടെ സുഗ്രീവാജ്ഞ. പത്തു വയസ്സുകാരിയായ എനിക്ക് ഒരു അനാഥ ബാലികയുടെ വേഷമാണ് നാടകത്തിൽ. ഒന്നോ രണ്ടോ ഡയലോഗ് മാത്രമേ ഉള്ളൂ.അത് പഠിച്ചെടുക്കാൻ സമയം കുറച്ചുമതി. അധികസമയവും സങ്കടത്തോടെ കുനിഞ്ഞു നിൽക്കുന്നതായിട്ടാണ്. വലിയ പ്രശ്നമില്ല.പക്ഷേ സഹോദരിക്ക് ക്രൂരയായ വീട്ടമ്മയുടെ റോളാണ്. നിറയെ ഡയലോഗുകൾ ഉണ്ട്. സഹോദരനും അതുപോലെ തന്നെ. പഠിത്തത്തിൽ അതിസമർത്ഥനായ സഹോദരൻ ഇതെല്ലാം ഒരുമിച്ച് ഭംഗിയായി ചെയ്യും എന്ന കാര്യത്തിൽ അമ്മയ്ക്ക് സംശയം ഇല്ല.ഞങ്ങളുടെ രണ്ടുപേരുടെ കാര്യത്തിലാണ് അമ്മയ്ക്ക് പേടി. ഓണപരീക്ഷയ്ക്ക് മൂന്നുപേരും നല്ല മാർക്ക് വാങ്ങി കാണിക്കും എന്നൊക്കെ സഹോദരൻ വീരവാദം മുഴക്കുന്നുണ്ടെങ്കിലും എനിക്കും സഹോദരിക്കും അമ്മയ്ക്ക് അങ്ങനെ ഒരു ഉറപ്പ് കൊടുക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. കാരണം ഓണം കഴിഞ്ഞ് പരീക്ഷാപേപ്പറുമായി അമ്മയുടെ മുമ്പിലുള്ള നിൽപ്പ് ഓർത്താൽ, ആ അടിയുടെ ചൂട് ഓർത്താൽ വലിയ ഡയലോഗിന് അവിടെ പ്രസക്തിയില്ല.
“സേവിക ക്ലബ്ബിൻറെ പ്രസിഡൻറ് ആണ് ഞാൻ. അംഗങ്ങൾ അടക്കം കൈയ്യടിച്ചു പാസാക്കിയ ഒരു കാര്യത്തിൽ നിന്ന് ഞാനെങ്ങനെ പിന്മാറും? പിന്നെ എന്നെ ആരെങ്കിലും വക വയ്ക്കുമോ? എൻറെ വാക്കിന് എന്ത് വിലയാണുള്ളത്? അമ്മ എന്ത് പറഞ്ഞാലും ഞങ്ങളുടെ തീരുമാനത്തിന് മാറ്റമില്ല. “ എന്ന് പ്രസിഡൻറും സെക്രട്ടറിയും ഒന്നിച്ചു പറഞ്ഞതോടെ അമ്മയ്ക്കും വാശിയായി. “ങ്ഹാ അത്രയ്ക്ക് അഹങ്കാരമോ?എന്നാൽ നാടകം എന്നല്ല ഒരു പരിപാടിയും നടത്താൻ ഞാൻ അനുവദിക്കില്ല” എന്ന് അമ്മയും.
ഞങ്ങൾ മൂന്നു പേരും കൂടി കൂലംകഷമായി ഒരു പോംവഴി ചിന്തിക്കാൻ തുടങ്ങി. മറ്റു കുട്ടികളുടെ മുഖത്ത് ഇനി എങ്ങിനെ നോക്കും? അപ്പോഴാണ് ഉന്നതനിലയിൽ ചിന്തിക്കുന്ന സഹോദരൻ ഒരു ഐഡിയ പറഞ്ഞത്. നല്ലൊരു കാര്യത്തിനു വേണ്ടി നമ്മൾ ഇന്നത്തെ ദിവസത്തെ (ശനിയാഴ്ച) ഊണ് ഉപേക്ഷിക്കുന്നു.രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നു. ഭാഗ്യം! പ്രസിഡണ്ടും സെക്രട്ടറിയും തീരുമാനം അമ്മയെ അറിയിച്ചു. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പത്ത് വയസ്സുകാരിയായ ഞാനും അവരോടൊപ്പം കൂടി. “ആയിക്കോട്ടെ” എന്ന് അമ്മയും.
ഉച്ചക്ക് ഒരു മണിയായി അമ്മ ചോറ് വിളമ്പി എല്ലാവരെയും വിളിച്ചു. എന്നെ പ്രത്യേകം ഒന്നിലധികം പ്രാവശ്യം വിളിച്ചു. കാരണം ഞാൻ ഭാരവാഹി ഒന്നും അല്ലല്ലോ? സാധാരണ ഒരു മെമ്പർ മാത്രം അല്ലേ? കരിങ്കാലിപണി കാണിക്കാൻ ഞാൻ ഇല്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. അമ്മ 4 വയസ്സുള്ള അനിയത്തിക്ക് മീൻ വറുത്തത് കൂട്ടി ചോറു വാരികൊടുക്കുന്നതൊക്കെ ഞങ്ങൾ ദൂരെ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. അമ്മയും അനിയത്തിയും ഉച്ചമയക്കത്തിനു പോയി. വയറു ചിന്നംവിളി തുടങ്ങി. മുറ്റത്തിറങ്ങി കുറച്ചു കായകളൊക്കെ പൊട്ടിച്ചു തിന്ന് വിശപ്പടക്കി.
വൈകുന്നേരം ആറു മണിയായിട്ടും അമ്മയുടെ മനസ്സ് അലിയുന്നില്ല. സ്ഥിരമായി അടയോ കൊഴുക്കട്ടയോ മുട്ട ദോശയോ പീച്ചോoപിടിയോ പാച്ചോറോ ഉണ്ടാക്കുന്ന അമ്മ അന്ന് ഒന്നും ഉണ്ടാക്കിയതും ഇല്ല. നിങ്ങളെല്ലാവരും നിരാഹാരം അല്ലേ അതുകൊണ്ട് ഒന്നും ഉണ്ടാക്കിയില്ല എന്ന്. അനിയത്തി മാത്രം സമയാസമയത്തിന് പാല്, ബിസ്ക്കറ്റ് ഒക്കെ കഴിക്കുന്നുണ്ട്.
ആറുമണിയോടെ അച്ഛൻ വരും, കോടതി കൂടും. ഞങ്ങൾക്ക് അനുകൂലവിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ അടുത്തേക്ക് അമ്മ വന്നു പറഞ്ഞു. “അച്ഛൻ ഓഫീസിൽ നിന്ന് സഹപ്രവർത്തകരോടൊപ്പം ഇൻസ്പെക്ഷൻ ആയി ടൂർ പോയി രണ്ട് ദിവസം കഴിഞ്ഞേ വരൂ, ഡ്രൈവറെ വിട്ടു പെട്ടി എടുപ്പിച്ചു എന്ന്. “
വിശന്നു തളർന്നിരുന്ന ഞങ്ങളുടെ അവസാന പ്രതീക്ഷയും അറ്റു. രാവിലെ എട്ടുമണിക്ക് കഴിച്ച രണ്ടു ദോശ അല്ലാതെ മറ്റൊന്നും വയറ്റിൽ ഇല്ല.പിന്നെ ഇടയ്ക്കിടെ അമ്മയുടെ മുൻപിലൂടെ നടന്നു ചെന്ന് കൂജയിലെ വെള്ളം കുടിക്കും അമ്മയാണെങ്കിൽ നാടകത്തിലെ ക്രൂരയായ വീട്ടമ്മയെക്കാൾ ക്രൂരമായ മുഖവുമായാണ് നിൽപ്പ്. ഞാനും സഹോദരിയും കീഴടങ്ങാം എന്ന തീരുമാനത്തിൽ എത്തിയിരുന്നു. മാക്സിമം അച്ഛൻ വരുന്ന സമയം വരെ മാത്രമേ ഉണ്ണാവൃതം വേണ്ടി വരികയുള്ളൂ എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. കെഎസ്ഇബി ഞങ്ങളെ ഈ വിധത്തിൽ ചതിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴും സഹോദരൻ നാടകത്തിനു വേണ്ടി ജീവൻ പോലും ത്യജിക്കാൻ തയ്യാറായിട്ടാണ് നിന്നിരുന്നത്. സാധാരണ രാത്രി എട്ടരയോടെയാണ് അത്താഴം കഴിക്കുക. അച്ഛൻ ഇല്ലാത്തതുകൊണ്ട് അനിയത്തിക്ക് ചോറും കൊടുത്ത് അമ്മ ഊണും കഴിച്ച് അനിയത്തിയെയും കൊണ്ട് ട്രാൻസ്സിസ്റ്റർ റേഡിയോയുമായി മുകളിലെ ബെഡ്റൂമിലേക്ക് പോയാൽ പിന്നെ ഞങ്ങളുടെ കാര്യം കട്ടപ്പൊക അടുക്കള പൂട്ടി താക്കോലും കൊണ്ട് ആണ് സാധാരണ അമ്മ മുകളിലത്തെ നിലയിലേക്ക് പോവുക തന്നെ. എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. എട്ടുമണി ആയപ്പോൾ എല്ലാവരോടും പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടു അമ്മ. ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്നല്ലേ? ദൈവമേ ഞങ്ങൾ ഉറക്കെ നെഞ്ചുരുകി അമ്മയുടെ മനസ്സു മാറാൻ പ്രാർത്ഥിച്ചു. അന്നാണ് ഞാൻ വിശപ്പിൻറെ വില ശരിക്ക് അറിഞ്ഞത്. “നിങ്ങളുടെ തീരുമാനത്തിൽ മാറ്റം ഉണ്ടോ? നിങ്ങൾക്ക് ചോറു വേണോ? “എന്നൊരു അശ:രീരി അടുക്കളയിൽ നിന്ന് കേട്ടു. ആർക്കും മറുപടി പറയാൻ പോയിട്ട് മിണ്ടാൻ പോലും വയ്യാതെ കുഴഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ മൂന്നുപേരും.
ഏതായാലും പരീക്ഷകൾക്ക് ഉന്നത വിജയം നേടിക്കോളാം എന്ന ഉറപ്പിന്മേൽ അമ്മ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസാനം സമ്മതം തന്നു. ഹോ!! അന്നത്തെ ആ വിശപ്പോർത്താൽ ജീവിതത്തിൽ പിന്നെ ഞാൻ ഇന്നോളം അന്നം മുടക്കി പ്രതിഷേധിക്കാൻ ഒരുമ്പെട്ടിട്ടില്ല.
വിശപ്പിൻറെ വിളിയെ കുറിച്ചോ പിള്ളേരോണത്തെ കുറിച്ചോ തീർത്തും അജ്ഞരായ പുതുതലമുറയ്ക്ക് എൻറെ ഈ ഓർമ്മക്കുറിപ്പുകൾ തികച്ചും പുതിയൊരു അറിവായിരിക്കും എന്ന് കരുതുന്നു. എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ട്. നന്ദി! നമസ്കാരം!
– മേരി ജോസി മലയിൽ, തിരുവനന്തപുരം.