ഞാനതു മാത്രം കേൾക്കുന്നു
ഓരോ നിമിഷത്തിലും
ചെറിയൊരനക്കത്തിലും
ഹൃദയമിടിപ്പിൽ പോലും
പ്രതീക്ഷയൊട്ടുമില്ലെങ്കിലും
എല്ലാ ദിവസത്തേയും പോലെ
എല്ലാ കാര്യങ്ങളും കണിശതയോടെ
ഒന്നും വിട്ടു പോകാതെചെയ്യുന്നു
ഇത്ര ധൃതിയെന്തിനെന്ന്
ഏറ്റവും അടുത്തതിനാണ്
ഏറ്റവും ദൈർഘ്യമെന്ന് മനസ്സുപറയു-
മ്പോഴും എനിക്കും മരണത്തിനും ഇടയിൽ അല്പ-
ദൂരമാത്രമെന്ന തോന്നലുണ്ടാകുന്നു
ഊൺമേശയ്ക്കരികിലെത്തുമ്പോൾ
മരണത്തിൻ്റെ വിരുന്നു മേശയിലേ –
ക്കെന്ന് രഹസ്യങ്ങളുടെ നിഗൂഢതയിലേക്കെന്ന്
ഞാനെന്നെ തന്നെ മറക്കുന്നു
ഒരു നിമിഷം;
മരണത്തിൻ്റെ ചാരനിറത്തിൽ
ഒച്ചയറ്റ കാതിൽ
അതു മാത്രം കേൾക്കുന്നു
മരണത്തിൻ്റെ ശബ്ദം മാത്രം