പ്രഭാത സവാരിയും പത്രം വായനയും കഴിഞ്ഞ് ജോലിക്ക് പോകാൻ തയ്യാറാകുമ്പോൾ ആണ് റോയിയുടെ മുറ്റത്ത് ഒരു വണ്ടി പോലീസ് എത്തിയത്.
നിങ്ങളാണ് ബോഡി ആദ്യം കണ്ടത് എന്ന് പറഞ്ഞു കേട്ടല്ലോ. ബോഡി കമിഴ്ന്നു കിടക്കുകയായിരുന്നോ? തുണി ഉണ്ടായിരുന്നോ? ഒറ്റശ്വാസത്തിൽ ഉള്ള പോലീസിൻ്റെ ചോദ്യം കേട്ട് റോയിഅമ്പരന്നു. ആരുടെ ബോഡി, എന്ത്, ഏത്? എന്താണ് സംഭവം? സുദേവൻ്റെ വീട്ടിലെ സെക്യൂരിറ്റി മരിച്ചുകിടക്കുന്നത് നിങ്ങളാണ് ആദ്യം കണ്ടതെന്ന് അദ്ദേഹം പറഞ്ഞല്ലോ എന്ന് പോലീസ്.
അപ്പോഴാണ് റോയി രാവിലെ സതീഷിനോട് ഇക്കാര്യം പറഞ്ഞത് ഓർത്തത്. റോയിയും സതീഷും സുദേവനും സുഹൃത്തുക്കളാണ്. രാവിലെ നടക്കാനിറങ്ങി ചന്തയിൽ വന്ന് അത്യാവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി തിരികെ പോകുന്ന കൂട്ടുകാരാണ് റോയും സതീഷും. സുദേവൻ്റെ വീട് കുറച്ച് ഉള്ളിലേക്ക് കയറിയാണ്. അവിടെ ഒരു സെക്യൂരിറ്റി സ്ഥിരമായി നിൽക്കാറുണ്ട്. റോയ് അന്ന് രാവിലെ നടന്നു വരുമ്പോൾ സെക്യൂരിറ്റി പിറന്നപടി അവിടെ കമിഴ്ന്നു കിടപ്പുണ്ട്. ചെറിയ മദ്യപാനശീലം ഉള്ള സെക്യൂരിറ്റി മദ്യപിച്ച് ബോധമില്ലാതെ കിടക്കുകയാണു എന്നാണ് കരുതിയത്. റോയ് ചന്തയിൽ എത്തി സതീഷിനെ കണ്ടപ്പോൾ പറഞ്ഞു “എടാ നമ്മുടെ സുദേവൻ്റെ കണി ഇന്ന് ജോറാകും. സാധിച്ചാൽ ഇന്ന് തന്നെ അവൻ്റെ സെക്യൂരിറ്റിക്ക് ഒരു പ്രമോഷൻ കിട്ടും.” എന്തുപറ്റി എന്ന് ഉറ്റ കൂട്ടുകാരൻ സതീഷ് ചോദിച്ചു. ഈ വിവരം സതീഷിനോട് റോയ് പറഞ്ഞിരുന്നു.
അയ്യോ!!! അയാൾ മരിച്ചു കിടക്കുകയിരുന്നോ? ഞാൻ നടക്കാൻ പോയപ്പോൾ ആ സെക്യൂരിറ്റി അവിടെ കമിഴ്ന്നു കിടക്കുന്നത് കണ്ടു അത്രയേ ഉള്ളൂ എന്ന് പറഞ്ഞു റോയ്. “ഏതായാലും നിങ്ങൾ അവിടം വരെ ഒന്ന് വരണം. നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലായിരിക്കും. നിങ്ങൾ ഇന്ന് ഓഫീസിൽ പോകേണ്ട ലീവ് വിളിച്ച് പറ. പോലീസ് ജീപ്പിൽ കയറാൻ ബുദ്ധിമുട്ടാണെങ്കിൽ നിങ്ങളുടെ കാറിൽ ഉടനെ സുദേവൻ്റെ വീട്ടിലേക്ക് വരിക. “ ഇതും പറഞ്ഞ് പോലീസ് പോയി. പുറകെ റോയ് സുദേവിൻ്റെ വീട്ടിലെത്തി സുദേവിനെ കെട്ടിപ്പിടിച്ച് ഉണ്ടായ കാര്യം തൊഴുകയ്യോടെ തുറന്നുപറഞ്ഞു.“ഒന്നും പേടിക്കേണ്ട, ഇതിൽ ഭയപ്പെടാൻ ഒന്നുമില്ല, സതീഷ് ഇങ്ങനെ പറഞ്ഞപ്പോൾ ഞാനത് പോലീസിനോട് പറഞ്ഞെന്നേയുള്ളൂ” എന്ന് സുദേവൻ.
പൂട്ടിയ ഗേറ്റ് തട്ടുന്ന ശബ്ദം കേട്ടാണ് സുദേവൻ ഉണർന്നത്. ഉണർന്നപ്പോൾ സെക്യൂരിറ്റി നൂൽ ബന്ധമില്ലാതെ മുറ്റത്ത് കമിഴ്ന്നു കിടക്കുന്നു. വീട്ടിലെ ജോലിക്കാരി ആയിരുന്നു ഗേറ്റിൽ തട്ടി വിളിച്ചത്. കുറേനേരം സെക്യൂരിറ്റിയെ വിളിച്ചു നോക്കിയിട്ട് ഒരു അനക്കവുമില്ല. സുദേവൻ ഗേറ്റ് തുറന്ന് വേലക്കാരി അകത്തു കടന്നു. അകത്തു നിന്ന് ഒരു മുണ്ട് കൊണ്ടുവന്നു സെക്യൂരിറ്റിയെ പുതപ്പിച്ചു.
അനക്കം ഒന്നും ഇല്ലാത്തതുകൊണ്ട് ഉടനെ പോലീസിനെ വിളിച്ചു. അതോടൊപ്പം ഉറ്റസുഹൃത്തായ സതീഷിനെയും വിളിച്ചു. അപ്പോൾ സതീഷ് പറഞ്ഞു ഞാനറിഞ്ഞു രാവിലെ ചന്തയിൽ വെച്ച് റോയ് എന്നോട് പറഞ്ഞിരുന്നുവെന്ന്. അങ്ങനെയാണ് അവർ റോയിയെ ചോദ്യം ചെയ്യാൻ റോയിയുടെ വീട്ടിലെത്തിയത്.
സെക്യൂരിറ്റി ആത്മഹത്യചെയ്തത് ആയിരിക്കുമോ? കൊലപാതക സാധ്യതയുണ്ടോ? അദ്ദേഹം സന്തോഷവാനായിട്ടാണോ ഇവിടെ നിന്നിരുന്നത്? തൊഴിൽ സ്ഥലത്ത് എന്തെങ്കിലും പീഡനം നേരിട്ടിരുന്നുവോ? സുദേവൻ കൃത്യമായി ശമ്പളം കൊടുത്തിരുന്നുവോ? ഈ വിധത്തിലുള്ള ചോദ്യം ചെയ്യലുകൾ ഒക്കെ നാട്ടുകാരുടെ ഇടയിൽ നടത്തിക്കൊണ്ടിരിക്കുകയാണ് പോലീസ്. ഈ സെക്യൂരിറ്റിയും റോയിയും തമ്മിൽ എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നുവോ? റോയിയും ഈ സെക്യൂരിറ്റിയും തമ്മിൽ എന്ത് ബന്ധം? നാട്ടുകാർ അത്ഭുതപ്പെട്ടു. അഞ്ചാറു കിലോമീറ്റർ അപ്പുറത്ത് താമസിക്കുന്ന ഈ റോയ് എന്തിനാണ് ഇവിടെ വന്നു നിൽക്കുന്നത് എന്നതാണ് നാട്ടുകാർക്ക് തീരെ മനസ്സിലാകാത്തത്. ഇനി റോയി അദ്ദേഹത്തെ കൊന്നത് ആയിരിക്കുമോ? നമ്മൾ അറിയാത്ത എന്തെങ്കിലും അന്തർനാടകങ്ങൾ ഇവിടെ നടന്നിരുന്നുവോ? നാട്ടുകാർ ഓരോരുത്തരും അവരുടെ ഭാവനയ്ക്കനുസരിച്ച് ഓരോ കഥ മെനയാൻ തുടങ്ങി. മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി.
പരമ സാത്വികനായ റോയ് ആ വീട്ടിലെ ഒരു കസേരയിൽ തളർന്നിരുന്നു. വൈകുന്നേരമായപ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു. പുലർച്ചെ മൂന്നു മണിയോടെ ഹൃദയസ്തംഭനം മൂലം ആണ് സെക്യൂരിറ്റി മരിച്ചത്. അതിനുമുമ്പ് വന്ന മരണവെപ്രാളത്തിൽ തുണി അഴിഞ്ഞു പോയതായിരിക്കും.
ഹാവൂ!!! റോയി ഒരു ദീർഘനിശ്വാസം വിട്ടു. പോലീസ് സ്റ്റേഷനിൽ പോയി ബോഡി ആദ്യം കണ്ട ആൾ എന്ന നിലയിൽ ഒപ്പിട്ടു രാത്രിയോടെ റോയ് തളർന്ന് അവശനായി വീട്ടിലെത്തി. രണ്ടുദിവസം പനിച്ചു തുള്ളി വീട്ടിൽ തന്നെ കിടന്നു. നാല് ദിവസത്തേക്ക് കൂടി ലീവ് എക്സ്റ്റൻഡഡ് ചെയ്തു. സെക്യൂരിറ്റിയുടെ ബോഡി അന്നുതന്നെ നെടുമങ്ങാട് കൊണ്ടുപോയി എന്നും അവിടെ സംസ്കരിച്ചു എന്നുമൊക്കെയുള്ള വിവരങ്ങൾ റോയി പിന്നീട് അറിഞ്ഞു. നിർദോഷമായ ഒരു ഫലിതം വരുത്തിവെച്ച വിന.
ആ വഴിയിലൂടെ ഉള്ള പ്രഭാതസവാരി അന്നത്തോടെ റോയി അവസാനിപ്പിച്ചു.
– മേരി ജോസ്സി മലയിൽ തിരുവനന്തപുരം