വിണ്ണിലുള്ളതാം താരകങ്ങളേ
കീഴടക്കി നാം ശ്രേഷ്ഠരായി
ഭാരതാംബയാം പുണ്യ ഭൂമിയേ
ആദരിക്കുന്നു സർവ്വരും
ഉന്നമറ്റാതെ ഉന്നതങ്ങളിൽ
ചീറിയോടുന്നു പേടകം
സൂര്യചന്ദ്രാദി താരകങ്ങളിൽ
മാറ്റൊലിക്കുന്നു ഗീതികൾ
ലോകശക്തിക്ക് കേമരായി നാം
ലോകസംഖ്യക്കും മുന്നിലായ്
ലോകനാഥർക്കു മുന്നിൽ കരുത്തനായ്
ലോഭമില്ലാത്തമന്നനും
വർഗ്ഗ ഭാഷാ മതങ്ങളെ പേറിടും
പുണ്യദേശമാഭാരതാംബ
ആർത്തനാദങ്ങളേറുന്നു നിത്യവും
മൂർത്തി വാദം തഴച്ചിടുന്നു
പാതയോരം തഴച്ചങ്ങിതേറുന്നു
മണ്ഡപാദി കൊടിമരങ്ങൾ
അന്യദേവനെ തച്ചിട്ടുവേണമോ
സ്വന്തമൂർത്തിയേ വാഴിച്ചിടാൻ
ശാസ്ത്ര വിശ്വാസ വാദികളായവർ
വീര വാദം നടത്തിടുന്നു
വീണിടം വിഷ്ണുലോകമെന്നായിടാൻ
വീമ്പടിക്കുന്നു വീരസ്യരായ്
ചന്ദ്രയാൻ പിന്നെ ആദിത്യപേടകോം
വിണ്ണിലാക്കി നാം ഖ്യാതരായീ
മർത്യ മാനസം പേറി ചരിക്കുന്ന
സ്നേഹപേടകം അന്യമായോ
– ജോൺസൺ എഴുമറ്റൂർ