ഹൈദറലിയുടെ ചിന്തകൾ പലതായി.
അമ്മ പറഞ്ഞകാര്യങ്ങൾ ഉമ്മയോടുപറഞ്ഞാൽ ഉമ്മാക്കത് ഉൾകൊള്ളാൻ കഴിയുമോ,?
റംലയ്ക്കതിനു സമ്മതമാകുമോ, ?
അവർ എതിർത്തുപറഞ്ഞാൽ
അമ്മ അതെങ്ങനെ ഉൾകൊള്ളും.?
കൃഷ്ണദാസനോടെന്തു പറയും.?
ചിന്തകൾ കൂടുന്നതിനനുസരിച്ച് നടത്തത്തിനു വേഗത കൂടിയത് ഹൈദറലി അറിഞ്ഞില്ല.
വീടിനകത്തേക്കു കയറുന്നതിനു മുമ്പായി കിണറിനരികിലെത്തി കയ്യും കാലും മുഖവുമെല്ലാം കഴുകിവൃത്തിയാക്കി.
മനസ്സ് ശാന്തമായെന്നുമാത്രമല്ല, ചിന്തകൾ മനസ്സിൽനിന്നകലുന്നതായും ഹൈദറലിക്ക് അനുഭവപ്പെട്ടു.
സാവധാനം ഉമ്മയുടെ അരികിൽചെന്നിരുന്നു. അപ്പോഴേക്കും ചായയുമായി റംലയും ഉമ്മയ്ക്കരികിലെത്തി.
രണ്ടു പേരോടുമായി അമ്മപറഞ്ഞ കാര്യങ്ങളത്രയും ഹൈദലി വിശദമായിതന്നെപറഞ്ഞു.
എല്ലാം പറഞ്ഞുകഴിഞ്ഞതിനുശേഷം ഉമ്മയുടെ മുഖത്തേക്കു നോക്കിയെങ്കിലും അസാധാരണ ഭാവങ്ങളൊന്നും ഹൈദറലിയാ മുഖത്തു കണ്ടില്ല. റംലയാവട്ടെ തനിക്കൊന്നുമറിയില്ലെന്നഭാവത്തിലും.
അൽപനേരത്തെ മൗനത്തിനുശേഷം ഹൈദറലി തന്നെയാണ് സംസാരത്തിനു തുടക്കമിട്ടത്.
നമ്മളിതുവരെയും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളല്ലേ ഞാനിപ്പോൾ ഉമ്മയോടു പറഞ്ഞത്,? അമ്മ എന്നെ പറയാൻ ഏൽപിച്ചത്.? എന്നിട്ടെന്താ ഉമ്മാക്കൊന്നും പറയാനില്ലാത്തത്.?
അവർ നമ്മളോടിങ്ങനെ പറയുമെന്ന് ഉമ്മാക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടായിരുന്നോ, ? ഇങ്ങനെയൊരു കാര്യം ഉമ്മ അവരോടെപ്പോഴെങ്കിലും പറഞ്ഞിരുന്നോ.?
മോനെ, ചെറുപ്പകാലം മുതൽ ഒരുമിച്ച് കഴിഞ്ഞു കൂടിയവരാണ് ഞങ്ങൾ,
നീ ഉണ്ടായതിൽ പിന്നെ നിൻ്റെ ഉപ്പയും ഞാനും നീയുമെല്ലാം എത്രയോ ദിവസം അവരുടെ വീട്ടിൽ അന്തിയുറങ്ങിയിട്ടുണ്ട്.
ഉപ്പ മരിച്ചതിനു ശേഷവും നമ്മളവിടെ കഴിഞ്ഞിത് നിനക്കറിയാലോ, പാടത്തു പണി നിർത്തിയതിനു ശേഷമാണ് നമ്മളിവിടെ സ്ഥിരമായി താമസിക്കാൻ തുടങ്ങിയതെന്നും നിനക്കറിയാലോ.?
ഉപ്പ മരിച്ചതിനു ശേഷം നമ്മളിവിടെ ഒറ്റക്കു കഴിയുന്നതിൽ പാർവ്വതിക്ക് വല്ലാത്തസങ്കടമായിരുന്നു.
നിന്നെയും കൂട്ടി അവിടെ ചെന്നു താമസിക്കാൻ പാർവ്വതിയെന്നോടെപ്പോഴും പറയാറുണ്ടായിരുന്നു.
നിൻ്റെ കല്യാണം കഴിയുന്നതു വരെയും ഇവിടെ താമസിക്കാനാണ് ഉദ്ദേശമെന്നും അങ്ങോട്ട് താമസം മാറ്റുന്ന കാര്യം അതു കഴിഞ്ഞിട്ട് ആലോചിക്കാമെന്നുമാണ് അപ്പോഴെല്ലാം ഞാനവളോടു മറുപടി പറഞ്ഞിരുന്നത്.
നമ്മളെവിടെയായാലും അവരുടെ ചെലവിലല്ലേ മോനെ ജീവിക്കുന്നത്.? അതിനെല്ലാം പുറമെ നീ പണിയെടുക്കുന്നതിനുള്ള കൂലിയും അവർ നമുക്ക് തരാറില്ലേ. ?
റംല മോൾക്ക് വിരോധമില്ലങ്കിൽ അവിടെ ചെന്നു താമസിക്കാൻ എനിക്ക് നൂറുവട്ടം സമ്മതമാണ് മോനെ.
ഇത്രയും കാലത്തിനിടയ്ക്ക് നമ്മളെയവർ വേർതിരിച്ചു കണ്ടിട്ടില്ല.
ഒരു കാര്യത്തിലും മാറ്റി നിർത്തിയിട്ടുമില്ല. നമ്മളും അങ്ങനെ തന്നെയല്ലേ അവരോടു ചെയ്യാറുള്ളത്.?
അവരുടെ ആഗ്രഹം അങ്ങനെയാണെങ്കിൽ നമ്മളതിന് എതിരു നിൽക്കണോ മോനെ.?
എന്താ മോളെ നിൻ്റെ അഭിപ്രായം, അവിടെ ചെന്നു താമസിക്കുന്നതിൽ നിനക്കെന്തെങ്കിലും തൃപ്തിയില്ലായ്മയുണ്ടോ മോളെ.?
ഒന്നും മറച്ചു വെക്കണ്ട, ഉണ്ടെങ്കിൽ പറഞ്ഞോ, നമുക്കിവിടെ തന്നെ താമസിക്കാം.
എനിക്കല്ലല്ലോ നിങ്ങൾക്കല്ലേ അവരെക്കുറിച്ച് നന്നായിട്ടറിയുന്നത്. ഉമ്മയുടെ തീരുമാനമെന്താണോ അതാണെൻ്റെയും തീരുമാനം.
എന്നാലിനി കൂടുതലൊന്നും ആലോചിക്കണ്ട. നാളെ അവരിങ്ങോട്ടു വന്നാൽ അവരോടൊപ്പം നമുക്കങ്ങോട്ടു പോകാം.
തിരിച്ചിങ്ങോട്ടെന്നാണോ വരാൻതോന്നുന്നത് അന്ന് നമുക്കിങ്ങോട്ടു പോരാം.
ഏറെ നേരമായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ചിന്തകളത്രയും മാഞ്ഞു പോയതായി ഹൈദറലിക്ക് അനുഭവപ്പെട്ടു.
ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റംലയെ സഹായിക്കുന്നതിനുവേണ്ടി ഹൈദറലി അടുക്കളയിലേക്കു ചെന്നു.
ഭക്ഷണമുണ്ടാക്കുന്നതിനിടയിൽ തൻ്റെ കൂട്ടുകാരനെക്കുറിച്ചും അവൻ്റെ കുടുംബവുമായി തങ്ങൾക്കുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം ഹൈദറലി റംലയോടു പറഞ്ഞു കൊണ്ടിരുന്നു.
മോളേ, അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞെങ്കിൽ സമയം കളയാതെ ഭക്ഷണം കഴിച്ച് വേഗം കിടന്നുറങ്ങാൻ നോക്ക്,
സാധനങ്ങളൊക്കെ കെട്ടിയൊതുക്കി വെയ്ക്കാൻ നേരം കുറേ വേണ്ടി വരും,
എന്നെക്കൊണ്ടതിനൊന്നും സാധിക്കൂലാന്നറിയാലോ,
നേരത്തെ എഴുന്നേറ്റാലേ നിങ്ങൾക്കതിനുള്ള സമയമുണ്ടാകൂ.
എന്തൊക്കെയാണുമ്മാ എടുത്തു വെയ്ക്കാനുള്ളത്.?
കലവും പാത്രവും ഒഴിച്ച് നമുക്കെന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം എടുക്കണം. കലവും പാത്രവുമെല്ലാം അവിടെ അവശ്യത്തിലേറെയുണ്ട്.
ഉമ്മ പറഞ്ഞതുപ്രകാരം അവർ പതിവിലും നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു.
നേരംപത്തു മണിയാകുന്നതിനുമുമ്പേ കൃഷ്ണദാസനും അമ്മയും അവിടെ വന്നെത്തി.
മോനെ ഹൈദറേ.. ഉമ്മ എഴുന്നേറ്റില്ലേ,? അകത്തു തന്നെ കിടക്കാണോ, പുറത്തേക്കൊന്നും ഇറങ്ങാൻ മാത്രം സുഖമായിട്ടില്ലേ.?
പതുക്കെ ഇറങ്ങി നടക്കാനൊക്കെ പറ്റും. കാര്യമായ പണിയൊന്നുമില്ലാത്തോണ്ടാണ് പുറത്തേക്കിറങ്ങാത്തത്.
അമ്മ അകത്തേക്കുകയറിക്കോളൂ. ഞങ്ങൾക്കിവിടെ കുറച്ചു പണിയുണ്ട്.
ആമ്യേ, നമ്മളല്ലാരുംകൂടെ അങ്ങോട്ടു പോവുകയല്ലേ, കാര്യങ്ങളൊക്കെ ഞാനിന്നലെ ഹൈദറിനോടു പറഞ്ഞിരുന്നു. നിന്നോടവനതൊന്നും പറഞ്ഞില്ലേ.?
അവനെല്ലാം പറഞ്ഞിട്ടുണ്ട് പാർവ്വത്യേ, ഞങ്ങളങ്ങോട്ടു പോരാനും നിശ്ചയിച്ചിട്ടുണ്ട്.
നിനക്കതിൽ എതിർപ്പൊന്നുമുണ്ടാകില്ലെന്ന് എനിക്ക് നല്ലനിശ്ചയമുണ്ടായിരുന്നു. അതു കൊണ്ടല്ലേ നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ഞാനും കൃഷ്ണനും കൂടെ
നേരത്തെതന്നെയിങ്ങോട്ടു വന്നത്.
ആട്ടെ, സാധനങ്ങളൊക്കെ എടുത്തു വച്ചിട്ടുണ്ടോ,? അത്യാവശ്യം വേണ്ടതൊക്കെ എടുത്താൽ മതിട്ടോ,
പത്തു കുടുംബത്തിന് ഒരുമിച്ച് ഉപയോഗിക്കാവുന്നത്രയും സാധനങ്ങൾ അവിടെ തന്നെയുണ്ടെന്ന് നിനക്കറിയാലോ.?
എൻ്റേം മക്കളുടേം ഉടുപ്പും പായയും തലയണയും മുസ്ഹഫും അവരുടെ പുസ്തകവും മാത്രമേ എടുക്കുന്നുള്ളൂ.
അരിയും നെല്ലും മറ്റു സാധനങ്ങളുമൊക്കെയില്ലേ, ? അതിവിടെ വച്ചാൽ ചീത്തയായി പോകില്ലേ,? അതും കൂടെയെടുക്കാം.
മോനെ ഹൈദറേ.
എന്താ അമ്മേ.?
കൃഷ്ണനും നീയും കൂടെ തെക്കേകരയിൽ ചെന്ന് ഒരു കാളവണ്ടി വിളിച്ചോണ്ടുവാ, കാളവണ്ടിക്കാരെ കണ്ടില്ലേൽ ഉന്തുവണ്ടിആയാലും വിരോധല്ല. വേഗംവരണട്ടോ.
റംല മോളെ..
എന്താ ഉമ്മാ.?
മോളെക്കൊണ്ട് എടുക്കാൻ പറ്റുന്ന സാധനങ്ങളൊക്കെ മുറ്റത്തേക്ക് എടുത്തു വെച്ചേക്ക്,
കൂടുതൽ ഭാരമുള്ളതൊന്നും മോളെടുത്ത് വെക്കണ്ടട്ടോ,
അതെല്ലാം അവര് വന്നതിനുശേഷം അവർ എടുത്തു വച്ചോളും.
കുറച്ചുനേരം കഴിഞ്ഞതിനു ശേഷം കൃഷ്ണദാസനും ഹൈദലിയും കാളവണ്ടിയുമായി തിരിച്ചെത്തി.
നിങ്ങൾ മൂന്നാളും ആദ്യം അതിനകത്തേക്കു കയറി ഇരിക്കുന്നതാ നല്ലത്.
സാധനങ്ങളെല്ലാം പിറകെ എടുത്തു വെയ്ക്കാം. ഞങ്ങളിതിൻ്റെ പിന്നാലെ നടന്നുവരാം.
ഏതാനും സമയത്തിനകം അവർ പാർവ്വതിയമ്മയുടെ വീട്ടിൽ എത്തിച്ചേർന്നു.
കാളവണ്ടിയുടെ ശബ്ദം കേട്ട പാടെ ദേവകി മുറ്റത്തേക്കിറങ്ങിച്ചെന്നു.
ഹൈദറലിയും വണ്ടിക്കാരനും ചേർന്ന് സാധങ്ങളെല്ലാം വീടിൻ്റെ വരാന്തയിലേക്കെടുത്തുവച്ചു.
പാർവ്വതിയമ്മയും ആമിനഉമ്മയും ദേവകിയും റംലയും കൂടെ വീടിനത്തേക്കു കയറി നേരെ അടുക്കളയിൽ ചെന്നിരുന്നു.
കൃഷ്ണദാസൻ വണ്ടിക്കാരനു കൂലി കൊടുത്തെങ്കിലും അയാളതു വാങ്ങാൻ കൂട്ടാക്കാതെ വണ്ടിയിലേക്കുകയറി.
നിങ്ങൾ പോവുകയാണോ.?
അതെ.
എങ്കിൽപോകല്ലെ, അവിടെനിൽക്കുട്ടോ.
കൃഷ്ണദാസൻ വീടിനകത്തേക്കു ചെന്ന് ഹൈദറലിയോട് കാര്യങ്ങൾ പറഞ്ഞു.
ചിലപ്പോൾ അയാൾ ഞാൻ കൊടുത്ത പണം കുറവായിരിക്കുമെന്നു കരുതിയാവാം വാങ്ങാതിരിന്നത്. നീ അയാളോട് വണ്ടിക്കൂലി എത്രയാവേണ്ടെതെന്നു ചോദിച്ചുവാ,
ഞാനത് നിൻ്റെ കയ്യിൽ തരാം.
ഹൈദറലി വണ്ടിക്കാരൻ്റെ അടുത്തു ചെന്നു.
ദാസൻ തിരുമേനി വണ്ടിക്കൂലി തന്നിട്ട് നിങ്ങളെന്താ വാങ്ങാതിരുന്നത്,?
പൈസ കുറവായിരിക്കുമെന്നു കരുതിയതു കൊണ്ടാണോ,?
അങ്ങനെയ്യാണങ്കിൽ നിങ്ങൾക്കെത്രയാവേണ്ടതെന്ന് എന്നോടു പറഞ്ഞോളു,
എത്രയാണങ്കിലും തരാൻ എന്നോടു പറഞ്ഞിട്ടുണ്ട്.
തിരുമേനി തരാനുദ്ദേശിച്ച പണം കുറവായിരിക്കുമെന്നു തോന്നിയതുകൊണ്ടൊന്നുമല്ല
ഞാനാ പണം വാങ്ങാതിരുന്നത്. അതു വാങ്ങാനുള്ള അർഹത എനിക്കില്ലാത്തതു കൊണ്ടാണ്.
അർഹത ഇല്ലാത്തതു കൊണ്ടാണെന്നോ,? എന്താ അങ്ങനെപറയാൻ കാരണം.?
പറയാം,
ഈ വണ്ടിയും കാളയും എൻ്റേതാണങ്കിലും ഇതൊന്നും എൻ്റെ പണം കൊണ്ടുവാങ്ങിയതല്ല, ആരും കടമായിതന്നതുമല്ല, ദാസൻതിരുമേനിയുടെ അച്ഛൻ തിരുമേനി വാങ്ങിതന്നതാ,
കാളയെ മാറ്റിവാങ്ങിയെങ്കിലും വണ്ടി മാറ്റിയിട്ടില്ല.
അച്ഛൻ തിരുമേനിയുടെ ആവശ്യങ്ങൾക്കുവേണ്ടി വണ്ടി വിളിച്ചപ്പോഴൊക്കയും കൂലിയും തരാറുണ്ട്.
വാങ്ങാതിരുന്നാൽ തിരുമേനി ദേഷ്യപ്പെടും. അതു കൊണ്ടതു വാങ്ങും.
തിരുമേനി എനിക്കു ചെയ്തുതന്ന ഉപകാരത്തിന് തിരിച്ചെന്തെങ്കിലും ചെയ്യണമെന്നത് എൻ്റെ ആഗ്രഹമായിരുന്നു,
തിരുമേനിയുള്ളപ്പോഴതിനു അവസരമുണ്ടായില്ല. ഇപ്പോഴാണതിന് അവസരമുണ്ടായത്,
ഇനിയും വണ്ടിയുടെ ആവശ്യം വന്നാൽ ദയവായി എന്നെ തന്നെ വിളിയ്ക്കാൻ പറയണം,
കൂലി വാങ്ങിയില്ലെന്നുകരുതി എന്നെ വിളിക്കാതിരിക്കരുതെന്നും തിരുമേനിയോടു പറയണം.
സഹായിച്ചവരെ തിരിച്ചു സഹായിക്കാൻ കിട്ടുന്ന അവസരം പാഴാക്കുന്നത് നന്ദികേടല്ലേ.
നമ്മളതു ചെയ്യാൻ പാടില്ലല്ലോ.?
തിരുമേനി എന്നോടിവിടെ നിൽക്കാൻ പറഞ്ഞത് മറ്റൊന്നിനുമല്ലങ്കിൽ ഞാൻ പോയ്ക്കോട്ടെ.?
നിങ്ങളു ആഗ്രഹം അതാണങ്കിൽ എനിക്കു മറിച്ചൊന്നും പറയാനില്ല, നിങ്ങൾക്കു പോകാം.
ഹൈദറലി കൃഷ്ണദാസനോട് കാര്യങ്ങളെല്ലാംപറഞ്ഞു. ഹൈദറലിയും കൃഷ്ണദാസനും തമ്മിലുള്ള സംസാരം പാർവ്വതിയമ്മയും കേൾക്കുന്നുണ്ടായിരുന്നു.
മക്കളേ.. ആ കുട്ടിയുടെകാര്യത്തിൽമാത്രമല്ല, ഈ നാട്ടിലുള പലരെയും അച്ഛൻ സഹായിച്ചിട്ടുണ്ട്.
ചിലർക്ക് കാലികളെയാണു വാങ്ങിക്കൊടുത്തതെങ്കിൽ വേറെ ചിലർക്ക് വണ്ടിയാണു വാങ്ങിക്കൊടുത്തത്.
കുടിലുകൾ കെട്ടിമേയാനും, പണിയായുധങ്ങൾ വാങ്ങാനുമൊക്കെ അച്ഛൻപണം കൊടുക്കാറുണ്ട്.
അതൊന്നും എവിടെയും കുറിച്ചു വെയ്ക്കാറില്ല. എന്നോടും പറയാറില്ല. അച്ഛനതൊന്നും തിരിച്ചു വാങ്ങാറില്ല.
ഇതു പോലെ ആരെങ്കിലും പറയുമ്പോഴാ ഞാനതെല്ലാം അറിയാറുള്ളത്.
നേരം ഉച്ചകഴിഞ്ഞു, മക്കള് വാ,
ഇനിയെന്തെങ്കിലും പറയുന്നതും ചെയ്യുന്നതുമൊക്കെ ഊണ് കഴിച്ചതിനു ശേഷമാവാം.
ദേവകി തീൻമേശയിൽ ഭക്ഷണമെടുത്തു വച്ചു. ആറുപേരും മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പാർവ്വതിയമ്മ ഇടയ്ക്കിടെ കണ്ണു തുടയ്ക്കുന്നത് ഹൈദറലിയുടെ ശ്രദ്ധയിൽപെട്ടു.
അമ്മ എന്തിനാ കരയുന്നത്. ? എന്താണിത്ര സങ്കടപ്പെടാൻ കാരണം.?
ഞാൻ കരയുന്നൊന്നുമില്ല മോനെ, എനിക്കൊരു സങ്കടവുമില്ല.
പിന്നെ എന്തുകൊണ്ടാണ് അമ്മയുടെ കണ്ണു നിറഞ്ഞിരിക്കുന്നത്.?
ഞാൻ പഴയതോരോന്ന് ഓർത്തുപോയതാണ് മോനെ.
ഞങ്ങൾ മൂന്നുപേർക്കു പുറമെ മറ്റൊരാൾ ഞങ്ങളോടൊപ്പം ഈ മേശക്കുചുറ്റും ഇതു പോലെ ഇരുന്ന് ഭക്ഷണം കഴിച്ചിട്ട് വർഷം ഒന്നുകഴിഞ്ഞു.
അച്ഛനുണ്ടായിരുന്നപ്പോൾ എത്ര ആൾക്കാരാണ് അകത്തും പുറത്തുമെല്ലാമായി ഇവിടെ ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്, ?
എന്തൊരുഉൽസാഹമായിരുന്നു അന്നൊക്കെ മനസ്സിനുണ്ടായിരുന്നത്.?
അന്നൊക്കെ ഓരോ ദിവസവും കഴിഞ്ഞുപോകുന്നത് അറിഞ്ഞിരുന്നേയില്ല.
നമ്മളിങ്ങനെയിരുന്നു ഭക്ഷണം കഴിച്ചപ്പോൾ ഞാനതെല്ലാം ഓർത്തു പോയതാമോനെ, സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയതാ, സങ്കടം കൊണ്ടല്ല.
പച്ചക്കറികൾ മാത്രമായതുകൊണ്ട് റംല മോൾക്ക് ഇവിടത്തെ ഭക്ഷണം ഇഷ്ടായില്ലെന്നു തോന്നുന്നു. എന്താമോളെ ഇഷ്ടായില്ലേ.?
ഇഷ്ടമല്ലാത്തതു കൊണ്ടല്ലമ്മേ, വിശപ്പില്ലാത്തതു കൊണ്ടാ. വയറു നിറയെ കഞ്ഞിയും കുടിച്ചല്ലേ ഇങ്ങോട്ടു പോന്നത്. അതുകൊണ്ടാ.
മോളെ, നീ വിചാരിക്കുന്നതു പോലെയൊന്നുമല്ല ഇവിടത്തെ രീതികൾ.
ഞങ്ങൾ മൂന്നുപേരും മത്സ്യമോ, മാംസമോ കഴിക്കാറില്ല. അച്ഛൻ അങ്ങനെആയിരുന്നില്ലട്ടോ,
അച്ഛന് പുഴ മത്സ്യം ഏറെ ഇഷ്ടമായിരുന്നു. വാളയോ മറ്റുവലിയ മത്സ്യമോ ചൂണ്ടയിടുന്നവർക്കു കിട്ടിയാൽ
അവരത് ഇവിടെകൊണ്ടുതരും, അച്ഛൻ അവർക്കതിനുള്ള പൈസയും കൊടുക്കും. പൈസവാങ്ങാൻ കൂട്ടാക്കാത്തവരോട് പിന്നീട് മത്സ്യം വാങ്ങിക്കില്ല.
കഴിക്കാറില്ലങ്കിലും ഞാനാണതെല്ലാം പാകം ചെയ്തു കൊടുത്തിരുന്നത്.
ദേ, ആ അടുപ്പിൽതന്നെയാണതു പാകം ചെയ്തിരുന്നത്.
അച്ഛൻ വർഷത്തിൽ രണ്ടു ദിവസം മാംസവും കഴിക്കാറുണ്ടായിരുന്നുട്ടോ,
വർഷത്തിൽ രണ്ടു ദിവസമോ.? റംലയ്ക്ക് ആശ്ചര്യമായി.
ഏതാണമ്മേ ആ രണ്ടു ദിവസം,? എന്താണാ ദിവസത്തിൻ്റെ പ്രത്യേകത,?
(തുടരും…)
– K.M സലീം പത്തനാപുരം