പാർവ്വതിയും ആമിന ഉമ്മയും ചേർന്ന് അവരെ വീടിനകത്തേക്ക് ക്ഷണിച്ചിരുത്തി.
ഉണ്ണികൃഷ്ണൻതിരുമേനിയും താനും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു പറഞ്ഞു കഴിഞ്ഞതിനു ശേഷം മന്ത്രി എന്ന നിലയിൽ സർക്കാറിൻ്റെ ഭാഗത്തു നിന്നും ഈ ഗ്രാമത്തിൻ്റെ ന്യായമായ ഏതൊരു ആവശ്യത്തിലും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പാർവ്വതിയമ്മയ്ക്ക് അദ്ദേഹം ഉറപ്പു നൽകി.
സംസാരം അവസാനിപ്പിച്ച് മന്ത്രിയും, കൂടെ വന്നവരും തിരിച്ചു പോകാൻ ഒരുങ്ങവേ, ഇവിടെ ഒത്തുകൂടിയർക്കെല്ലാം ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടെന്നും അതു കഴിച്ചിട്ടു പോകണമെന്നും പറഞ്ഞതിനുശേഷം പാർവ്വതിയമ്മ അടുക്കളയിലേക്കു പോയി.
ആ സമയം ഹൈദറലിയും ഉമ്മർക്കയും ചേർന്ന് ഭക്ഷണം വിളമ്പി തയ്യാറാക്കിവച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ മന്ത്രിയും മമ്മദ് ഹാജിയും തമ്മിൽ പല കാര്യങ്ങളും സംസാരിച്ചു. ഏറെയും അത്താണിക്കലെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് കൃഷ്ണദാസൻ മനസ്സിലാക്കി.
മോനെ, ദാസാ..
എന്താ ഹാജിയാരെ.?
നാലാഴ്ച കഴിഞ്ഞ് നിങ്ങൾ നാലുപേരും കൂടെ എന്നെ വന്നു കാണണം.
അദ്ദേഹം നമ്മളോടുപറഞ്ഞ കാര്യങ്ങളിൽ എന്തൊക്കെ തീരുമാനങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന വിവരം അന്നു ഞാൻ നിങ്ങളെ അറിയിക്കാം.
നേരിട്ടു കാണാൻ കഴിഞ്ഞതിൽ സന്തോഷം അറിയിച്ചു കൊണ്ട് മന്ത്രിയും കൂടെ വന്നവരും തിരിച്ചു പോയി.
രണ്ടു ദിവസം കഴിഞ്ഞ് കൃഷ്ണദാസനും ഹൈദലിയും ചേർന്നു പാടത്തേക്കു പോയി.
പലയിടത്തായി കൊയ്തിട്ട കറ്റകൾ ഒരിടത്ത് ഒരുമിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഹൈദറലിയും കൃഷ്ണദാസനും ചേർന്ന് പാടവരമ്പിലൂടെ നടന്നു വരുന്നത് ഗോവിന്ദൻ്റെ ശ്രദ്ധയിൽ പെട്ടു.
ഗോവിന്ദൻ അവരുടെ സമീപത്തേക്കു ചെന്നു.
എന്താ ഗോവിന്ദേട്ടാ, നമ്മൾ പ്രതീക്ഷിച്ചതു പോലെ നൂറുമേനി വിളവു തന്നെയല്ലേ നമുക്കു കിട്ടിയത്.?
കൊയ്തേടത്തോളം വച്ചു നോക്കിയാൽ നൂറുമേനി കിട്ടിയിട്ടുണ്ടെന്നുതന്നെ പറയാം ഹൈദറേ.
ഉമ്മർക്ക ഇങ്ങോട്ടു വന്നിട്ടില്ലേ.?
വന്നിരുന്നു. പത്തുമണിക്കഞ്ഞിയും കൊണ്ടുവരാമെന്നുപറഞ്ഞു പോയതാണ്.
ഞങ്ങളോടുവല്ലതും പറയണമെന്നുദ്ദേശിച്ചാണോ ഗോവിന്ദേട്ടനിങ്ങോട്ടു വന്നത്.?
അതേ, പാടം പകുതി കൊയ്തു കഴിഞ്ഞിട്ടുണ്ട്. മൂന്നാഴ്ചക്കക്കം കൊയ്ത്തുപൂർത്തിയാകും.
അതിനു മുമ്പായി ഇവിടെ കൂട്ടിയിട്ട കറ്റ മുഴുവൻ അത്താണിക്കലേക്ക് എത്തിച്ചാൽ കുറച്ചുപേർക്ക് അവിടെ ചെന്ന് അതല്ലാം മെതിയ്ക്കാം.
വൈക്കോല് ആവശ്യക്കാർക്കു കൊടുക്കുകയും, നെല്ല് ചാക്കിൽ കെട്ടിവെയ്ക്കുകയും ചെയ്യാം.
പാടം മുഴുവനായും കൊയ്തു കഴിഞ്ഞതിനുശേഷം അതെല്ലാം കൂടെ ഒരുമിച്ചു ചെയ്യാൻ കാത്തു നിൽക്കാതിരിക്കലാണ് നല്ലത്.
അഥവാ വേനൽ മഴയെങ്ങാനും പെയ്താൽ നെല്ല് മൊത്തം ചീത്തയാകും.
ഗോവിന്ദേട്ടാ, ഈ വക കാര്യങ്ങളൊന്നും മേലിൽ പറയരുത്, ചോദിക്കുകയും ചെയ്യരുത്.
ഈ വക കാര്യങ്ങൾ നിങ്ങൾ തമ്മിൽ കൂടി ആലോചിച്ച് നിങ്ങൾക്ക് കൂടുതൽ ഗുണകരമെന്നു തോന്നുന്നതെന്താണോ, അതങ്ങ് ചെയ്യുക. അതിൽ വല്ല പാളിച്ചയും വന്നാൽ നമുക്കൊരുമിച്ചങ്ങ് സഹിക്കാം.
അത്താണിക്കലേക്ക് കൊണ്ടുപോകുന്നതിനു മുമ്പായി അവിടെ ഇതെല്ലാം കൂട്ടിയിടാനുള്ള സ്ഥല സൗകര്യം ഉറപ്പു വരുത്തുന്നത് നന്നാവും.
അവിടെ ഇപ്പോൾ മുമ്പത്തെ പോലെയൊന്നുമല്ലല്ലോ,? അടയ്ക്കയും നാളികേരവുമെല്ലാമുള്ളതല്ലേ ഗോവിന്ദേട്ടാ.?
ഈ വക കാര്യങ്ങൾ പറയണമെന്ന ഉദ്ദേശത്തോടെയല്ല ഗോവിന്ദേട്ടാ ഞങ്ങളിങ്ങോട്ടു വന്നത്,
ദാസൻ തിരുമേനിക്ക് ഇതൊക്കെയൊന്നു കണ്ടു മനസ്സിലാക്കാനുള്ള ആഗ്രഹംകൊണ്ടാണ്.
ഉച്ചവരെയും ഞങ്ങളിവിടെയുണ്ടാകും. അതു കഴിഞ്ഞാൽ അത്താണിക്കലും. വല്ലതും പറയാനുണ്ടെങ്കിൽ നമുക്കവിടെ വച്ചു പറയാം.
ഉമ്മർക്ക ഇവിടെ എത്തിയാൽ ഞങ്ങൾക്കുള്ള കഞ്ഞിയും ചമ്മന്തിയും മാറ്റി വെയ്ക്കാൻ പറയണം,
വെറുതെയുള്ള നടത്തമാണെങ്കിലും വിശപ്പിനൊരു കുറവുമില്ല ഗോവിന്ദേട്ടാ.
കൊയ്ത്തു കാലം ഒരു ഉത്സവക്കാലം തന്നെയാണല്ലേ ഹൈദറേ.?
അതെന്താ ദാസാ ഇപ്പോൾ നിനക്കങ്ങനെ തോന്നാൻ കാരണം.?
ഉത്സവത്തിനല്ലേ ഇതുപോലെ ആളുകൾ ഒരുമിച്ചു കൂടാറുള്ളത്.? എത്രമനുഷ്യരാണ് പാടത്ത് നിര നിരയായി പണിയെടുത്തു കൊണ്ടിരിക്കുന്നത്.
അടുക്കും ചിട്ടയോടെയുമുള്ള അവരുടെ ജോലി കാണാൻ തന്നെ നല്ല ഹരമാണ് ഹൈദറേ.
അതിലേറെ മനോഹരമാണ് അവരുടെ പിന്നാലെ കൂടിയിരിക്കുന്ന കൊറ്റിക്കൂട്ടങ്ങൾ, യാതൊരു തരത്തിലുള്ള ഭയവും ഇല്ലാതെയല്ലേ
അരിവാളിനരികിൽ നിന്ന് അവർ ആഹാരം തേടിക്കൊണ്ടിരിക്കുന്നത്.?
പാടം പുല്ലു മൂടിക്കിടന്ന സമയയത്ത് ഈ കൊറ്റികളെല്ലാം എവിടെ പോയിരിക്കുകയായിരുന്നോ ആവോ ?
പാടത്തു നെല്ലില്ലെന്നുകരുതി അവർക്കു ജീവിക്കാതിരിക്കാനാവുമോ കൃഷ്ണദാസാ,?
അവർ മറ്റേതെങ്കിലും പാടം തേടി പോയിട്ടുണ്ടാകും, മനുഷ്യരും അങ്ങിനെ തന്നെയല്ലേ.?
ഒരിടത്ത് തൊഴിൽ ഇല്ലാതാകുമ്പോൾ മറ്റൊരിടത്തേക്ക് തൊഴിൽ തേടിപ്പോകും.
പ്രാരാബ്ദമെന്തന്നറിയാത്തതു കൊണ്ട് നിനക്കതൊന്നും അത്ര വേഗം മനസ്സിലാക്കാൻ കഴിയണമെന്നില്ല.
സംസാരത്തിനിടയിൽ നമ്മൾ പാടത്തിൻ്റെ അറ്റത്തെത്താറായല്ലോ ഹൈദറേ.? തിരിച്ചങ്ങോട്ടും ഇത്ര തന്നെ ദൂരം നടക്കണമെന്ന് ആലോചിക്കുമ്പോഴാണ് ഇത്ര ദൂരം നടക്കേണ്ടിയിരുന്നില്ലെന്ന് എനിക്കു തോന്നുന്നത്.
നിനക്കങ്ങനെ തോന്നിത്തുടങ്ങിയെങ്കിൽ നമുക്കിനി തിരിച്ചു പോകാം ദാസാ.
പാടത്തെ കാഴ്ച്ചകൾ അവസാനിപ്പിച്ച് അത്താണിക്കലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വൈകുന്നേരഞ്ഞോടെ അവർ വീട്ടിലേക്കു തിരിച്ചു പോയി.
(തുടരും…)
– K.M സലീം പത്തനാപുരം