തെക്കേകരയിലെ പ്രധാന വ്യക്തികളെയെല്ലാം നേരിട്ടുകണ്ടു ക്ഷണിക്കുന്ന കാര്യം ഹൈദറലി ഏറ്റെടുത്തു.
ഏറെ താമസിയാതെ ഹൈദറലി തെക്കേ കരയിലേക്കും ഉമ്മർക്കയും ഗോവിന്ദനും നാട്ടുകാരെ വിവരമറിയിക്കുന്നതിനും പുറപ്പെട്ടു.
അൽപ്പനേരം അവിടെ തന്നെ ചെലവഴിച്ചതിനു ശേഷം കൃഷ്ണദാസൻ വീട്ടിലേക്കു തിരിച്ചുപോയി.
മോനെ, അച്ഛനും മന്ത്രിയും തമ്മിൽ പരിചയമുണ്ടെന്നല്ലേ ഹാജിയാര് പറഞ്ഞിരുന്നത്. അങ്ങനെയാണങ്കിൽ അത്താണിക്കലെ പരിപാടിക്കു ശേഷം അദ്ദേഹം ഇങ്ങോട്ടുവരാതിരിക്കാൻ വഴിയില്ലല്ലോ.?
അക്കാര്യത്തിൽ എന്താ അമ്മേ സംശയം.?
അവിടുത്തെ പരിപാടി കഴിഞ്ഞാൽ അദ്ദേഹത്തെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരാമെന്ന് മമ്മദാജി ഉറപ്പു പറഞ്ഞിട്ടുണ്ട്.
അവരെല്ലാം കൂടെ പത്തുപേരെങ്കിലും ഉണ്ടാകില്ലേ മോനെ,? കൂട്ടത്തിൽ തെക്കേ കരയിൽ നിന്നു വരുന്ന പ്രധാനികളും കാണില്ലേ,?
എന്താ അമ്മേ ഇപ്പോൾ ഇങ്ങനെയെല്ലാം ചോദിക്കാൻ കാരണം?
മോനെ, അകലെ നിന്നും മന്ത്രി ഉൾപ്പടെ ഒരു കൂട്ടം ആൾക്കാർ നമ്മുടെ വീട്ടിലേക്കുവരുമ്പോൾ അവരെ മോരും വെള്ളംനൽകി തിരിച്ചയക്കുന്നത് ശരില്ലല്ലോ.?
മോൻ നാളെ രാവിലെ ഹൈദറിനേയുംക്കൂട്ടി തെക്കേ കരയിൽ ചെന്ന് മത്സ്യവും മാംസവുമെല്ലാം വാങ്ങിക്കൊണ്ടുവരണം.
അൻപതുപേർക്കെങ്കിലും കഴിക്കാനാവശ്യമായത് വാങ്ങണം.
ദോശയും പത്തിരിയും ഞങ്ങളിവിടെവച്ച് തയ്യാറാക്കിക്കോളാം. സഹായത്തിന് നാരായണിയമ്മയോട് നാളെയിങ്ങോട്ടുവരാൻ പറയണം.
അവരെപ്പോഴാണുമോനെ ഇങ്ങോട്ടുവരുന്നത്.?
കൃത്യസമയമൊന്നും ഹാജിയാര് പറഞ്ഞിട്ടില്ലമ്മേ, ഉച്ചയ്ക്കു ശേഷം ഏതു സമയത്തും പ്രതീക്ഷിക്കാം. എങ്കിൽ നമുക്ക് ഉച്ചയോടെ തന്നെ എല്ലാം തയ്യാറാക്കാം.
ഗ്രാമത്തിലുള്ളവരെല്ലാം ഉച്ചയോടകം സ്കൂൾ കെട്ടിടത്തിനു സമീപം എത്തിച്ചേർന്നു.
മന്ത്രിയെ നേരിട്ടുകാണുന്നതിനുവേണ്ടി തെക്കേ കരയിലുള്ളവരും കൂട്ടത്തോടെ വന്നുകൊണ്ടിരുന്നു.
നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും സമയമൽപം വൈകി വൈകുനേരം നാലുമണിയോടെ മന്ത്രിയും സംഘവും അവിടെ എത്തിച്ചേർന്നു.
സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നേരിട്ടുകണ്ടു വിലയിരുത്തിയതിനു ശേഷം അൽപം ഉയരത്തിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിലേക്കു
കയറി ഇരുന്നു. കൃഷ്ണദാസനെയും ഹൈദറലിയേയും മമ്മദ് ഹാജി സ്റ്റേജിലേക്കു ക്ഷണിച്ചിരുത്തി.
ഉമ്മർക്കയുടെ സ്വാഗത പ്രസംഗത്തിനു ശേഷം കാതടപ്പിക്കുന്ന കരഘോഷത്തിനിടയിൽ മന്ത്രി പ്രസംഗിച്ചുതുടങ്ങി.
പ്രിയപ്പെട്ട നാട്ടുകാരെ, സഹോദരങ്ങളേ.
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഔദ്യോഗിക പരിപാടിയല്ല. ഒരു സ്വകാര്യ സന്ദർശനമാണ്.
വല്യങ്ങാടിയിൽ ഒരു യോഗത്തിൽ സംബന്ധിച്ചതിനു ശേഷമാണ് ഞാനിങ്ങോട്ടു വരുന്നത്.
മമ്മദലിഹാജിയാണ് നിങ്ങളുടെ ഈ ഗ്രാമത്തെക്കുറിച്ചും ഇവിടെ നിങ്ങളുണ്ടാക്കിയ സൗകര്യങ്ങളെക്കുറിച്ചും എന്നോടു പറഞ്ഞത്.
അക്കൂട്ടത്തിൽ ഈ ഗ്രാമത്തിലുള്ള സ്കൂൾ കുട്ടികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസത്തെക്കുറിച്ചും അതിൻ്റെ പരിഹാരമെന്ന നിലയിൽ
നിങ്ങൾ ഇവിടെ നിർമ്മിച്ച സ്കൂൾ കെട്ടിടത്തെക്കുറിച്ചും എന്നോടു പറയുകയുണ്ടായി.
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കുടുംബമാണ് ഈ വക കാര്യങ്ങൾക്കെല്ലാം സൗകര്യമൊരുക്കിയതെന്നും അദ്ദേഹമെന്നോടു പറഞ്ഞു.
ഉണ്ണികൃഷ്ണൻ തിരുമേനിയെ എനിക്ക് നേരിട്ടറിയാം. തിരുമേനിയും ഞാനും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.
എൻ്റെ പാർട്ടിയെ അദ്ദേഹം സാമ്പത്തികമായി ഏറെ സഹായിച്ചിട്ടുണ്ട്. ഞാൻ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു കൊണ്ടിരുന്ന സമയത്ത്
വല്യങ്ങാടിയിൽ വരുമ്പോഴെല്ലാം ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്.
തിരുമേനിയുടെ ഗ്രാമത്തിൽ ഇത്തരത്തിലൊരു സന്ദർശനം നടത്താൻ കഴിഞ്ഞതിൽ എനിക്കതിയായ സന്തോഷമുണ്ട്.
ഹാജിയാർ സൂചിപ്പിച്ചതു പോലെ അടുത്ത അദ്ധ്യയന വർഷം തന്നെ നിങ്ങൾ നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ പഠനം തുടങ്ങുന്നതിനാവശ്യമായ എല്ലാ തരത്തിലുള്ള സർക്കാർ തലനടപടികളും പൂർത്തിയാക്കുമെന്ന് ഈ അവസരത്തിൽ നിങ്ങൾക്കു ഞാൻ ഉറപ്പു നൽകുന്നു.
അതോടൊപ്പം തെക്കേ കരയിൽ നിന്നും ഇവിടെ വരെയുള്ള റോഡിൻ്റെ കാര്യത്തിലും ബന്ധപ്പെട്ട മന്ത്രിയുമായി സംസാരിച്ചതിനു ശേഷം അനുകൂലമായ നടപടികൾ കൈക്കൊള്ളുമെന്ന് നിങ്ങളെ അറിയിക്കുകയും ചെയ്യുന്നു.
ഞാൻ എൻ്റെ പ്രസംഗം നിർത്തുന്നു. ഏവർക്കും നന്ദി, നമസ്കാരം.
സ്റ്റേജിനു ചുറ്റും തടിച്ചു കൂടിയവർക്കിടയിൽ നിന്നും പരാതികൾ കേൾക്കുന്നതിനും അപേക്ഷകൾ സ്വീകരിക്കുന്നതിനുമായി അവരോടൊപ്പം അൽപ സമയം ചെലവിട്ടതിനു ശേഷം മന്ത്രിയും സംഘവും കൃഷ്ണദാസൻ്റെ വീട്ടിലേക്കു പുറപ്പെട്ടു.
(തുടരും…)
– K.M സലീം പത്തനാപുരം